" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Saturday, March 19, 2016

37. അമ്മേടെ നാട്ടീന്ന്...










ഇന്നലത്തെ അവധി ദിവസം കൊണ്ടോന്നും ഉറക്കം മതിയായില്ല... ഇന്ന് രാവിലെ കമ്പനിയുടെ മുന്നില്‍ ചെന്നുനിന്ന കാറില്‍നിന്ന് ഇറങ്ങുമ്പോഴും അത് തോന്നിയിരുന്നു... പാതി അടഞ്ഞ കണ്ണുകളോടെ മടിച്ച് മടിച്ച് നടന്ന് നീങ്ങുമ്പോഴും ഉറങ്ങാനുള്ള ആവേശം അതീവമായിരുന്നു...

അടുത്ത് കണ്ടവരോടൊക്കെ മോര്‍ണിംഗ് പറഞ്ഞ് ആ ചെയറില്‍ ചെന്നിരുന്ന് ടേബിളില്‍ തലചായ്ച്ചു... ഇത്തിരിനേരം... പിന്നെ എഴുന്നേറ്റിരുന്ന്‍ ഒരു തുടക്കം എന്നത് ഇന്നിനി എങ്ങനാ എന്നാലോചിക്കുമ്പോ ദാ ടേബിളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന RFIകള്‍... അതെടുത്ത് ഓരോന്നും നോക്കിയപ്പോ “ഇന്ന് നിനക്ക് നല്ല പണിയുണ്ട്” എന്ന് മനസ്സുപറഞ്ഞു...

എന്തായാലും വെയില്‍ ചൂടെറും മുന്നേ കഴിയുമെങ്കില്‍ എല്ലാം ചെയ്തു തീര്‍ക്കാം എന്ന ബുദ്ധിപരമായ തീരുമാനത്തോടെ എല്ലാ RFIയും ഒരു ഫയലില്‍ എടുത്ത് വേണ്ട മാര്‍ക്കര്‍ പെന്നുകള്‍ പോക്കറ്റിലും തിരുകി ഞാന്‍ ഇറങ്ങി നടന്നു... രാത്രിയുടെ തണുപ്പ് അപ്പോഴും അന്തരീക്ഷത്തില്‍ നിന്നും വിട്ടുപോയിട്ടില്ലായിരുന്നു അതുകൊണ്ടാവാം ഉറങ്ങാനുള്ള കൊതി പിന്നെയും അടുത്തുവന്നു...

തണുപ്പും ആസ്വദിച്ച് നടന്ന് നടന്ന് പ്ലാന്റിന്റെ ഗേറ്റ് എത്താന്‍ നേരം അവിടെ ആരെയോ കാത്തുനില്‍ക്കുന്ന പോലെ ഒരാളെ കണ്ടൂ... അയാള്‍ അടുത്തുവന്ന് ഹിന്ദിയില്‍ എന്‍റെ പേരുചോദിച്ച് ആളെ ഉറപ്പുവരുത്തിയ ശേഷം കാര്യം പറഞ്ഞു.. “Sir am from “RISAL”… Yesterday I was send a RFI to you.” കേട്ടപാടെ ഞാന്‍ ഫയലിലെ RFIകള്‍ പരിശോധിച്ചു... ഉണ്ട് “RISAL” എന്നൊരു കമ്പനിയുടെ റിക്വസ്റ്റ് ഉണ്ട്... ആ ഉറപ്പില്‍ ഞാന്‍ അയാള്‍ടെ കൂടെ പോകാന്‍ തയ്യാറായി...

“ബിന്‍ ഹസാല്‍” എന്ന് പേരുപറഞ്ഞ അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നിലും തൊട്ടു പുറകില്‍ അയാള്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ട് എന്ന്‍ തോന്നുംവിധം ഓരോ മൂളലുകളോടെ മറ്റെന്തോക്കെയോ ആലോചിച്ച് ഞാനും,  എന്‍റെ പുറകെ കുറച്ച് മുന്നേ ഞാന്‍ നിര്‍ത്തിവച്ച എന്‍റെ ഉറക്കവും... ഞങ്ങള്‍ അങ്ങനെ ഒരു വരിയായി ലൈവ് പ്ലാന്റിലെ പ്രഭാതത്തിലൂടെ നടന്നു...

ഈ സൈറ്റില്‍ പുതിയതായതുകൊണ്ട് “RISAL”ന്‍റെ Inspection തീരാന്‍ 3 മണിക്കൂറിലധികം സമയമെടുത്തു... ഇനി ഇല്ല!... എല്ലാം കഴിഞ്ഞു എന്ന ആ ഉറപ്പില്‍ അവര്‍ എനിക്ക് തിരിച്ച് പോക്കാന്‍ ഗേറ്റില്‍ ഒരു കാര്‍ അറേഞ്ച് ചെയ്തു തന്നു... അവിടെന്ന് അവരുടെ നന്ദി വാക്കും സ്വീകരിച്ച് ഞാന്‍ തിരിച്ച് നടന്നു..

അവിടെ ഗേറ്റില്‍ “RISAL” എന്നെഴുതിയ ഒരു കാര്‍ കാത്ത് കിടപ്പുണ്ടായിരുന്നു... ഞാന്‍ ചെന്ന് അതില്‍ കയറിയതും ഡ്രൈവര്‍ ചോദിച്ചു...

“ഭായ് ഓഫീസിലേക്കാണോ?”

(അത് കേട്ടപാടെ എന്‍റെ മനസ്സില്‍ “മലയാളി” എന്നൊരു ബള്‍ബ്‌ തെളിഞ്ഞു...)

“അതെ” എന്ന മറുപടിയോടെ “താന്‍ മലയാളി ആണല്ലേ? നാട്ടില്‍ എവിടെയാ?” എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു...

“ആലത്തൂര്‍... പാലക്കാട്”

ആലത്തൂര്‍... അത് ചെറുപ്ലശ്ശേരി അടുത്താണോ?”

“അല്ല... ചെറുപ്ലശ്ശേരി കുറച്ച് പോണം...”

“ഉം... അവിടെ ചെറുപ്ലശ്ശേരിയില്‍ എനിക്ക് ഒന്നുരണ്ട് ഫ്രണ്ട്സ് ഉണ്ട്... "ആലത്തൂര്‍" എന്ന് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്... ഞങ്ങള്‍ടെ നാട്ടില്‍ ഈ മീനമാസം ആകുമ്പോള്‍ ആലത്തൂര്‍ നിന്നെല്ലാം ഒരുപാട് വണ്ടികള്‍ വരും... അതില്‍ ബസ്സുകല്ടെ പുറകിലെ അഡ്രെസ്സില്‍ കാണാം ആലത്തൂര്‍, പാലക്കാട് എന്നൊക്കെ സ്ഥലപേരുകള്‍...”

“അപ്പൊ ഭായിടെ നാട് എവിടാ?”

“തൃശ്ശൂര്‍... കൊടുങ്ങല്ലൂര്‍... കേട്ടിടുണ്ടോ?”

“ഭായീ... ഞാന്‍ വരാറിണ്ട് കൊടുങ്ങല്ലൂര്‍ ഭരണിക്ക്...”

“ആണോ?... അമ്പലത്തിന്‍റെ അടുത്താ എന്‍റെ വീട്..”

“എന്നാലും ഭായീ..”

“എന്തെ?”

“ഏയ്‌”

പുറകിലെ സീറ്റില്‍ ഇരുന്ന് എനിക്ക് അവന്‍റെ മുഖം കാണാനാവുന്നില്ലായിരുന്നു എങ്കിലും അവന്‍റെ ശബ്ദം എന്തോ ഒരു അത്ഭുതം കേട്ടതുപോലെ ആയിരുന്നു..

ഒഫീസിനു മുന്നില്‍ ഞാന്‍ ഇറങ്ങുബോള്‍ അവനും ഇറങ്ങി എന്‍റെ നേരെ വന്നു... അപ്പോഴാണ് ഞാന്‍ അവനെ ശരിക്കും കാണുന്നത്... ഒരു പയ്യന്‍... അവന്‍റെ കണ്ണുകളില്‍ കൗതുകം നിറഞ്ഞു നിന്നിരുന്നു... അവന്‍ എന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു...

“എന്നാലും ഭായി... ഭായി അമ്മേടെ നാട്ടിന്നാല്ലേ... വിശ്വാസാവണില്ല... കണ്ടത്തില്‍ ഏറെ സന്തോഷം”

ഞാന്‍ പകച്ചുപോയി... അടിമുടി ഒരു തരിപ്പോടെ എന്തോന്ന് ഇവനീ പറയണത് എന്നായി എന്‍റെ ചിന്ത... ഇവന് എന്‍റെ നാടിനോടും ആ നാടുകാരനോടും ഇത്രക്ക് സ്നേഹോ? ഒരു ഭ്രാന്ത് പോലെ... അത്രക്കും പ്രിയപെട്ടതാണോ അതെല്ലാം... എനിക്കാണെങ്കില്‍ ആദ്യായിട്ടാ ഒരാള് ഇത്രയും വിലതരുന്നെ... ഒന്നും ഒന്നും മനസ്സിലാക്കാനാവാതെ അങ്ങനെ ഇത്തിരി നേരം നിന്നുപോയി...

യാത്ര പറഞ്ഞ് തിരിച്ച് പോകുന്ന അവനെ നോക്കി ഇവിടെ കൊണ്ടുവിട്ടത്തില്‍ ഒരു നന്ദി എന്നോണം ഒരു പുഞ്ചിരിയോടെ കയ്യുയര്‍ത്തി കാണിച്ചു... തിരിച്ച് അവനും... 

തിരിഞ്ഞ് നടക്കുമ്പോള്‍ നിറയെ ആല്‍മരങ്ങള്‍ ഉള്ള ഒരു അമ്പലം എന്‍റെ ഉള്ളില്‍ നിറഞ്ഞു കണ്ടൂ... മീനമാസത്തില്‍ മഞ്ഞള്‍ മണക്കുന്ന ഭരണികാവ്... ഏറെ പരിചിതമായ അമ്മയുടെ തട്ടകം... ഒരു കൊടുങ്ങലൂര്‍കാരനായി ജനിച്ചതില്‍ അഭിമാനം തോന്നുകയായിരുന്നു... കൂടെ അവന്‍റെ സ്നേഹത്തോട് ഒരു ബഹുമാനവും അവന്‍റെ വിശ്വാസത്തോട് ഒരു ആദരവും.

Friday, March 4, 2016

36. ബസ്സ്‌ യാത്ര...











ഒരുപാട് കാലങ്ങള്‍ക്കു ശേഷമാണ് ഇന്നൊരു യാത്രയുടെ ഭാഗമായി വീണ്ടും ബസ്സില്‍ കയറിയത്... സ്റ്റോപ്പില്‍നിന്നും പതിയെ ഓടിതുടങ്ങിയ ബസ്സില്‍ നിലയുറപ്പിക്കാന്‍ അവിടവിടെ പിടിച്ചുകൊണ്ട് ആളൊഴിഞ്ഞൊരു സൈഡ് സീറ്റില്‍ ചെന്നിരുന്നപ്പൊ ഞാനോര്‍ത്തു “എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഈ ഒരു അനുഭവം...”

കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ടുള്ള ആ യാത്ര ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തി... മുന്നിലൂടെയും പിന്നിലൂടെയും ഹോണ്‍ മുഴക്കിയെത്തുന്ന വാഹനങ്ങളെ പേടിച്ചും, വളവും തിരിവും, കുണ്ടും കുഴിയും സിഗ്നലുകളും ശ്രദ്ധിച്ച് കണ്ച്ചിന്മാതെയുള്ള സെല്‍ഫ് ഡ്രൈവിങ്ങില്‍നിന്നും ഒരു മോചനം! അത് തന്നെ വലിയ ആശ്വാസമായി തോന്നി...

സ്വതന്ത്രനായിരുന്ന്‍ കാഴ്ച്ചകള്‍ കാണാനും, ചിന്തിക്കാനും, പാട്ടുകേള്‍ക്കാനും, പകല്‍കിനാവുള്‍ കാണ്ടാസ്വദിക്കാനും, ഏറെ അനുയോജ്യമായതുകൊണ്ടുതന്നെ ബസ്സ്‌യാത്രകള്‍ പണ്ടും ആസ്വാദ്യമായിരുന്നു... കൈപിടിച്ച് നടക്കുന്ന പ്രായത്തില്‍ അമ്മയുടെ വീട്ടിലേക്കുള്ള യാത്ര അതാണ്‌ ഓര്‍മ്മയില്‍ ആദ്യത്തെ ബസ്സ്‌യാത്ര... ആദ്യമായി തനിച്ച് യാത്ര ചെയ്തത് സ്കൂളില്‍ പഠിക്കുന്ന കാലത്തും, “ഒന്ന് ഒതുങ്ങി നില്ക്ക്... അങ്ങട്ട് കേറി നില്ക്ക്” എന്നീ ശകാരങ്ങള്‍ അന്ന് സ്ഥിരം കേട്ടിരുന്നു... 

തോള്ളില്‍ ബാഗും തൂക്കിയിട്ട് ഓരോ സീറ്റിലെയും പുറകിലെ കമ്പികളില്‍ രണ്ടു കൈയ്യും മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍ മുകളില്‍ കാണുന്ന വലിയ കമ്പി അന്ന് കൈയെത്താ ദൂരത്തെ ഒരു ലക്ഷ്യമായിരുന്നു... “എന്നാ വലിയ ആളുകളെപോലെ അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാ... അതിനിയെന്നാ...” എന്ന ചിന്തകള്‍ അന്നെല്ലാം ഒരു ദീര്‍ഘ നിശ്വാസത്തിലാണ് അവസാനിച്ചിരുന്നത്...

പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ പഠിക്കാനും ജോലിക്കായും വേണ്ട യാത്രകള്‍ക്കായി എന്നും ആശ്രയിച്ചിരുന്ന ബസ്സുകള്‍... അതിന്‍റെ സമയം നോക്കി ഓടിപിടഞ്ഞ്‌ സ്റ്റോപ്പിലെത്തുബോള്‍ എന്നും കാണാറുള്ള മുഖങ്ങള്‍... അവിടെ ബസ്സിന്‍റെ വരവും പ്രതീക്ഷിച്ചുള്ള കാത്തുനില്‍പ്പ്... നേരം കഴിഞ്ഞും കാണാതാകുമ്പോള്‍ തോന്നിയിരുന്നൊരു ടെന്‍ഷന്‍... അകലേന്നു വരുന്നുണ്ടോ എന്നറിയാനായി ആ ശബ്ദത്തിനായുള്ള കാതോര്‍ക്കല്‍... ദൂരെ ബസ്സിന്‍റെ മുഖം കണ്ടുതുടങ്ങുബോള്‍ തോന്നുന്ന ഒരു ഉണര്‍വും അതില്‍ കയറാനുള്ള തയ്യാറെടുപ്പും... ആ ശീലങ്ങളെല്ലാം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു...

പണ്ട് ഏകദേശം ഒരുവര്‍ഷത്തോളം എന്നും രാവിലെ PA ട്രാവല്‍സില്‍ ചലക്കുടിയിലെക്കുള്ള യാത്ര ഇന്ന് നല്ല ഓര്‍മ്മകളായെത്തി... ഒരുപാട് നല്ല സുഹൃത്തുക്കളെ തന്നതാണ് ആ യാത്ര... കണ്ടക്ടര്‍ ടോമിചേട്ടന്‍ ഇന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍പ്പുണ്ട്... അങ്ങനെ പലരും... അന്നൊക്കെ KSRTC  ബസ്സില്‍ കയറിയാല്‍ പെട്ടെന്ന് ഉറങ്ങിപോകുമായിരുന്നു ഒരുപക്ഷെ ഇന്നും... വായു സഞ്ചാരം കൂടുതലായതുകൊണ്ടുള്ള നല്ല കാറ്റും പിന്നെ TATA എന്‍ജിന്‍റെ താരാട്ട് പോലുള്ള ശബ്ദവും.. എപ്പോ ഉറങ്ങി എന്നറിയാനാവില്ലായിരുന്നു...

M S മേനോന്‍, S N ട്രാവെല്‍സ്, K K മേനോന്‍, ശ്രീകൃഷ്ണ, വീണാമോള്‍... എല്ലാം ഒരുകാലത്തെ ചെറുതും വലുതുമായ എല്ലാ യാത്രകളുടെയും ഭാഗമായ ബസ്സുകളായിരുന്നു... കാഴ്ച്ചയിലെ അവയുടെ നിറങ്ങളും ആ നിറങ്ങളാല്‍ അവയില്‍ തീര്‍ത്ത ഡിസൈന്‍കളും ഇന്നും ഒരു പഴയ ചിത്രംപോലെ മനസ്സില്‍ മായാതെ കിടക്കുന്നു... പിന്നെ ആ കണ്ടക്ടര്‍മാരുടെ കയ്യിലെ പല നിറത്തിലുള്ള ടിക്കറ്റ്സ്, അതില്‍നിന്നും തുപ്പല്‍ തൊട്ട് ഓരോന്ന് കീറി തന്നപ്പോഴൊക്കെ വാങ്ങാന്‍ അറച്ചതും, ചില്ലറ ഇല്ലെന്നും പറഞ്ഞ് ടിക്കറ്റ്നു പുറകില്‍ എഴുതി തന്നതുമെല്ലാം ഇന്നൊര്‍ത്തുപോയി...

അങ്ങനെ ഇന്നത്തെ യാത്രയുടെ അവസാനം എന്നപോലെ ആ സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ എന്നെ ഇറക്കിവിട്ട് അകന്നുപോയ ആ ബസ്സിനെ ഞാന്‍ കുറച്ചു സമയം നോക്കിനിന്നു... ബസ്സുകള്‍ പണ്ടത്തേക്കാള്‍ കൂടുതല്‍ സുന്ദരികളായിരിക്കുന്നു... പുതിയ ടെക്നോളജി ബസ്സിലും കുറെയേറെ മാറ്റങ്ങള്‍ വരുത്തി കണ്ടുവെങ്കിലും ബസ്സ്‌യാത്രിയില്‍ ഇന്നും ഒരു സുഖംതോന്നി... കണ്മുന്നില്‍ നിന്നും മറയും മുന്നേ അതിനൊരു നന്ദി ഞാന്‍ ആ ബസ്സിനോട്‌ പറഞ്ഞു....

മാറ്റങ്ങള്‍ എന്ന ഒറ്റ കാരണത്താല്‍ ഇങ്ങനെ ഓരോ കാലഘട്ടങ്ങളിലായി അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഒരു ഒഴുക്കിലെന്നപോലെ അകന്നുപോയിട്ടുണ്ട്... അതില്‍ പലതും ഒരിക്കലും തിരിച്ചു വരാത്തവിധം ഏറെ പുറകിലേക്ക് പോയികഴിഞ്ഞിരിക്കുന്നു... ഒരു കാലഘട്ടത്തിന്‍റെ ഭാഗമായി ഇനി ശേഷിക്കുന്ന ഓര്‍മ്മകളെന്നപോലെ എല്ലാം ചെറിയ ഓര്‍മ്മകള്‍ മാത്രമാക്കികൊണ്ട് അങ്ങു ദൂരെക്ക്...

Tuesday, January 5, 2016

35. കണ്ണാടിയിലൂടെ...


ശ്രദ്ധിച്ചിട്ടുണ്ടോ? ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നമ്മള്‍ അഭിമുഖീകരിച്ച അപരിചിതരായ ചിലരെ... എവിടെയോ കണ്ടൊരു പരിജയം തോന്നിപ്പിച്ച മുഖമുള്ളവര്‍... അവിചാരിതമായി കണ്ട അവരില്‍ ചിലര്‍ നമ്മളെ ഏറെ സ്വാധീനിച്ചവരായി മാറിയ നിമിഷങ്ങള്‍... ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തവരായി മാറിയവര്‍... അങ്ങനെ ചിലരില്ലേ നമുക്കിടയില്‍?... ഉണ്ട്.
 
തളര്‍ന്നു കിടകുന്ന ഒരാള്‍ക്ക് എഴുന്നേറ്റ് നില്‍കാന്‍ വേണ്ടുന്നത്ര പോസിറ്റീവ് എനര്‍ജിയാണ് അവര്‍... ഒരിക്കലും മടിച്ചു നില്‍ക്കാത്ത സഹായ ഹസ്തങ്ങള്‍... അവര്‍ ചിലനേരം വഴികാട്ടിയായി എവിടുന്നോ വന്നുപോകുന്നു... ചില അപകട ഘട്ടങ്ങളില്‍ ഒരു കൈതാങ്ങായും തണലായും എത്തുന്നു... അങ്ങനെ അവിടം മുതല്‍ എന്നും ഒരു നന്ദിയോടെ ഓര്‍ക്കേണ്ടുന്ന വ്യക്തികളുണ്ട്...

പണ്ടത്തെ കലണ്ടറിലോക്കെ കണ്ടിട്ടിലെ ഒരു ചെറുപുഞ്ചിരിയോടെ നമ്മളെ നോക്കിയിരിക്കുന്ന ദൈവങ്ങളുടെ പടങ്ങള്‍.. ആ ഒരു മുഖച്ഛായയാണ് അവരില്‍ മിക്കവര്‍ക്കും എന്നെനിക്ക് തോന്നിയിട്ടുണ്ട്... അതൊരുപക്ഷെ അവരുടെ ഉള്ളിലെ നന്മയുള്ള പ്രതിഫലനമാകാം.
  
ഒരു അനുഭവത്തിലൂടെ നമ്മള്‍ അറിയുന്ന “അവര്‍” നമ്മുടെ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാനാവില്ല... അറിയാം എന്നതിനപ്പുറത്തേക്ക് പറയത്തക്ക ഒരു റിലെഷന്‍ അവിടെ കാണില്ലെന്നതാണ് കാരണം... എന്നിരുന്നാലും ഒരടുപ്പം തോന്നും നമ്മുടെ ഒരു ബന്ധുവിനോടോ സുഹൃത്തിനോടോ തോന്നുന്നത്ര അല്ലെങ്കില്‍ അതിലേറെ... നമ്മള്‍ ഈ “മുന്‍ജന്മ ബന്ധം” എന്നൊക്കെ പറഞ്ഞുപോകുന്ന നിമിഷങ്ങള്‍... അവരിലെ നന്മയോടുള്ള ഒരു ആകര്‍ഷണമാകാം അത്.

എന്നാല്‍ ആയാള്‍ എതിര്‍ലിംഗത്തില്‍ പെടുന്ന ഒരാളാണെങ്കില്‍ “ആണും പെണ്ണും” എന്ന് കേട്ടാല്‍ സെക്സ് എന്നുമാത്രം ചിന്തിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്, എവിടെയും അവിഹിതം കേള്‍ക്കാന്‍ കാതോര്‍ത്തും കണ്ണുനട്ടും നില്‍ക്കുന്ന ഒരു വലിയ കൂട്ടര്‍ക്ക് മുന്നിലാണ് നിക്കുന്നതെന്നൊക്കെയുള്ള തിരിച്ചറിവുകളില്‍ അയാളെകുറിച്ച് മറ്റൊരാളോട് പറയാനും അയാളെ വേണ്ടപോലെ പരിഗണിക്കാനും മടിക്കേണ്ടിവരുന്നു.

എല്ലാവര്‍ക്കും എല്ലാ ബന്ധങ്ങളെയും അതിന്‍റെ യഥാര്‍ത്ഥരൂപത്തില്‍ കാണാനും ഉള്‍ക്കോള്ളാനുമാവുന്നില്ല എന്നതാണ്‌ കാരണം, അതിന്‍റെ കാരണം നമ്മുടെയൊക്കെ ചിന്തകള്‍ അത്ര വെടിപ്പല്ല എന്നത് തന്നെ.. നല്ല ചിന്തകള്‍ വളര്‍ത്താന്‍ അധികം ആരും ശ്രമിക്കാറില്ല, അതിന് താല്‍പര്യം കാണിക്കാറില്ല എന്നതാണ്‌ സത്യം... അങ്ങനെ വേറൊരാളറിയാതെ സ്വന്തം ഉള്ളില്‍ ഒതുങ്ങുന്ന ബന്ധങ്ങള്‍... അത്തരം ബന്ധങ്ങള്‍ക്ക് പറയാന്‍ ഒരു പേര് പോലുമില്ല.

“ജീവിതം എങ്ങനെയെന്ന്‍ ആരും ആര്‍ക്കും പറഞ്ഞു പഠിപ്പിച്ചുതരില്ല! അത് സ്വന്തം ചുറ്റുപാടില്‍ നിന്ന് സ്വയം കണ്ടുപഠിക്കണം.” എന്നെനിക്ക് പറഞ്ഞുതന്നയാളും... പകച്ചുനിന്ന നിമിഷങ്ങളില്‍ മുന്നോട്ടുള്ള വഴി ചൂണ്ടികാണിച്ചുതന്നയാളും... ജീവിതത്തില്‍ എന്തിനെകാളും മൂല്യം എന്തിനായിരിക്കണം എന്ന് മനസ്സിലാക്കിതന്നയാളും എന്‍റെ ആരുമല്ലായിരുന്നു... അവിടെ ആ നിമിഷങ്ങളില്‍ ആ വ്യക്തികളെയല്ല ആ നല്ല വ്യക്തിത്വത്തെ തിരിച്ചറിയുകയായിരുന്നു ഞാന്‍...

ഒരു പേരിനും അപ്പുറത്തേക്ക് അവരില്‍ പലരും ആരാണെന്ന് എനിക്കിന്നും അറിയില്ല... ഞാന്‍ അന്വേഷിച്ചിട്ടില്ല!  കാരണം പേരിലും പ്രായത്തിലും, ഭംഗിയിലും ഭാവങ്ങളിലും ഒരു വ്യക്തിയെ കാണുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ആ വ്യക്തിതിത്വത്തെമാത്രം കണ്ടറിയുന്നത് എന്ന് തോന്നിയതുകൊണ്ടാണ്... അല്ലെങ്കിലും "എനിക്കറിയാത്ത എന്നെ അറിയുന്ന ഒരാള്‍ എന്നെപറ്റി എവിടെനിന്നോ എന്നോട് സംസാരിക്കുന്നു" അതൊരു ത്രില്ലിംഗ് കോണ്‍സെപ്റ്റ് അല്ലെ? അങ്ങനെയുള്ള ഒരാള്‍ പറയുന്ന കൊച്ചു വാക്കുകള്‍ മതിയാവും ഏതൊരു സഹാചര്യതിലും ഒരു ഉണര്‍വെകാന്‍ വലിയ സ്വന്തനമേകാന്‍... വലാത്തൊരു ശക്തിപോലെയാണ് അത്.

മറ്റുളവര്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുകളെ ഇന്ന് കണ്ടുകിട്ടാനേ പാടാ... അങ്ങനെയുള്ളവരില്‍ ഒരാളാകണമെങ്കില്‍ ഒരു നല്ല മൈന്‍ഡ് ക്വാളിറ്റി തന്നെ വേണം... ജീവിതത്തില്‍  എപ്പോഴേങ്കിലും അതുപോലുള്ളവരെ നമ്മള്‍ ഓരോരുത്തര്‍ക്കും കാണാനായെക്കും... അന്ന് അവരെയൊന്ന് ശ്രദ്ധിച്ചുവെങ്കില്‍, ഒരുനിമിഷം അവരോട് അസൂയ തോന്നിയെങ്കില്‍ അതുവരെ ഇലാത്ത നന്മയുടെ ചിന്തകള്‍ നമ്മളില്‍ വന്നുതുടങ്ങും... നല്ല നല്ല കാഴ്ച്ചപാടുകള്‍ ജനിക്കും.

ആരോടെന്നില്ല നല്ല ആളുകളെ നല്ല ബന്ധങ്ങളെ എപ്പോഴും നല്ലതുപോലെ സൂക്ഷിക്കാന്‍ പഠിക്കാം... അത് മറ്റുള്ളവരെ കാണിക്കാനല്ല! അവരിലൂടെ നമ്മളില്‍ വരുന്ന മാറ്റങ്ങളാല്‍ നമ്മളെ അറിഞ്ഞു തുടങ്ങുന്നവര്‍ പറഞ്ഞുപോകും “അയാള്‍ നല്ലൊരു മനുഷ്യനാണ്”... അവിടെ യഥാര്‍ത്ഥത്തില്‍ നമ്മളും അപൂര്‍വ്വം ചിലരില്‍ ഒരാളായി മാറിയിട്ടുണ്ടാകും.

നിങ്ങള്‍ നല്ലൊരു വ്യക്തിയായാല്‍ നാളെ നിങ്ങള്‍ അറിയാതെ നിങ്ങളെ മാതൃകയാക്കി നിങ്ങളിലൂടെ നിങ്ങളെകാല്‍ നല്ലൊരു വ്യക്തിയും വ്യക്തിത്വവും ഉണ്ടാക്കും... അത് ചിലപ്പോ സ്വന്തം മകനോ മകളോ ആയെക്കാം... അതാരായാലും ആ നല്ല വ്യക്തിത്വത്തിന് നിങ്ങള്‍ കാരണമായെങ്കില്‍ അഭിമാനിക്കാം... കാരണം മനസ്സിന്‍റെ നന്മതന്നെയാണ് ഏറ്റവും വലിയ ഹ്യുമണ്‍ ക്വാളിറ്റി അത് നിങ്ങള്‍ക്കും ഉണ്ടെന്ന ആ തിരിച്ചറിവില്‍... ആ ഒരു ഉറപ്പില്‍.

Sunday, November 29, 2015

34. ഓലേഞ്ഞാലി കുരുവി...











"1983"ല്‍ "സാഗര സംഗമം" എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ മനോഹര ഗാനങ്ങളില്‍ ഒരു ഗാനത്തിന്‍റെ തുടക്കം മൗനം പോലും മധുരം ഈ മധുനിലാവിൻ മഴയിൽ...എന്നായിരുന്നു... ആ വരികൾ നമ്മൾ മലയാളികൾ തേൻതുള്ളികളായാണ് ആസ്വദിച്ചത്.

ആ പാട്ടിന്‍റെ അതേ ഛായയിൽ ഈ അടുത്തകാലത്ത് "1983" എന്ന ചിത്രത്തില്‍ ഓലഞ്ഞാലിക്കുരുവീ ഇളം കാറ്റിലാടി വരു നീ...എന്ന ഗാനമുണ്ടായതും നമ്മൾ ഏറെ ആസ്വദിച്ചു... ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയെന്നോണം അത് കേള്‍ക്കുമ്പോഴൊക്കെ സ്കൂള്‍ ജീവിതവും അന്നത്തെ സുഹൃത്തുക്കളും മനസ്സില്‍ ഓര്‍മ്മകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടാക്കുന്നു... 

ഓലഞ്ഞാലിക്കുരുവീ പാടികേട്ട ആ നല്ല ശബ്ദവും ആ സുന്ദര ഈണവും ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു.

ആ പാട്ടിന്‍റെ വീഡിയോ കാണുന്ന ഓരോ നിമിഷവും സ്കൂള്‍ ജീവിതം ഇന്നും  അവസാനിച്ചിട്ടിലായിരുന്നുവെങ്കില്‍, ഇനിയൊന്നു മടങ്ങി വന്നെങ്കില്‍ എന്നൊക്കെ ഏതൊരാളും വെറുതെ ആശിക്കും.

പണ്ട് ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ഒരു വലിയ ചാമ്പമരം ഉണ്ടായിരുന്നു.. അന്ന് അതില്‍നിന്നും പറിക്കാറുള്ള ചുവന്ന ചാമ്പക്ക! അതിന്‍റെ സ്വാദിനുമുപരി ഇന്നെന്നെ ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നാണ്... അവളുടെ മുഖം!

അന്ന് ചമ്പക്ക പറിക്കുമ്പോതന്നെ ഞാന്‍ കഴിച്ചു നോക്കിയിട്ടുണ്ട്... പക്ഷെ അത് അവളുടെ കൂടെ പങ്കിട്ടു കഴിച്ചപ്പോള്‍ അതിന് അതിലേറെ രുചിയായിരുന്നു...

ഒന്ന് ഉറപ്പാണ് അന്ന് ആ പ്രായത്തില്‍ അതൊരു പ്രണയമായിരുന്നില്ല... മറിച്ച് ചമ്പക്കയുടെ രുചിയില്‍ വന്ന മാറ്റം പോലെ എന്തോ ഒന്ന്... എല്ലാം അവളുടെ മുഖത്ത് വിരിയുന്ന ആ ഒരു പുഞ്ചിരിക്ക് വേണ്ടി മാത്രമായിരുന്നു...

പിന്നെയും ഉണ്ട് ഓര്‍മ്മകള്‍... വെയില്‍ചൂടില്‍ സ്കൂള്‍ മൈതാനത്തെ ക്രിക്കറ്റ് കളിയുടെ ഹരംഅന്നത്തെ വികൃതികള്‍കളിച്ച് ആകെ അഴുകായ യുണിഫോം, ബെല്ലടിക്കുമ്പോള്‍ ക്ലാസ്സിലേക്കുള്ള ഓട്ടം, ടീച്ചര്‍ടെ തുറിച്ചുനോട്ടം, "എന്തിത് ചന്തെ?" എന്ന ആ ഒരു ചോദ്യം, പുതിയ നോട്ടുബുക്കിന്‍റെ മണം... അങ്ങനെ അങ്ങനെ...

ഒടുവില്‍ ഇന്ന് ഒന്നും ഒന്നിനും പകരമാവില്ലെന്ന തിരിച്ചറിവ്...

സ്കൂള്‍ പോയിരുന്ന ആ കാലത്തെ കുറെയേറെ മധുരസ്മരണകള്‍ ഉണര്‍ത്തിയ അതി സുന്ദരമായ ഒരു ഗാനം തന്നെയാണ് "ഓലഞ്ഞാലിക്കുരുവീ..."
സംശയം ഉണ്ടെങ്കില്‍ ഒന്ന് കേട്ടുനോക്കൂ.

Monday, February 16, 2015

33. വെളുത്ത ഭാഗ്യം...


പണ്ടൊരിക്കെ വീട്ടിലിലെ ആ വലിയ കണ്ണാടിയെ സ്നേഹിക്കുന്നതിനിടയില്‍ അന്ന് ആദ്യമായി തലയില്‍ ഒരു നരച്ച മുടി കണ്ടൂ... കുറെയേറെ കറുത്ത മുടികള്‍ക്കിടയിലെ ആ ഒരു വെളുത്ത മുടി അന്നൊരു കൗതുകമായിരുന്നു... അപ്പോതന്നെ അമ്മയെവിളിച്ച്  അത് കാണിച്ചു കൊടുത്തു... "ഇത് ഭാഗ്യനരയാടാ" എന്നാ അമ്മ അന്നെന്നോട് പറഞ്ഞത്... ആ പുതിയ അറിവില്‍ "ആണോ?" എന്നൊരു അതിശയത്തിലായി ഞാന്‍... അത് വെറുമൊരു തുടക്കം മാത്രമായിരുന്നു.

പിന്നെ പയ്യെ പയ്യെ ആ ഭാഗ്യം എന്നില്‍ നിറയാന്‍ തുടങ്ങി... അതങ്ങനെ ഒന്നില്‍നിന്നും ഒന്ന് എണ്ണി തിട്ടപെടുതാനാവാത്തത്രയും പെരുകി... അത് കണ്ടപ്പോ അമ്മ പറഞ്ഞു "ഇത് ഭാഗ്യത്തിന്‍റെ ഒന്നും അല്ലാട്ടോ" അമ്മയുടെ അപ്പോഴത്തെ ആ മുഖഭാവവും, ആ പറച്ചിലും അന്നെന്നെ കുറച്ച് നിരാശനാക്കിയിരുന്നു... ആത്മവിശ്വാസം എന്നത് എന്നില്‍ മെല്ലെ ഇടറിയപോലെ ഒരു തോന്നലും.

അന്ന് ഈ ഭാഗ്യം എനിക്ക് മാത്രമാണോ എന്ന് അന്വേഷിച്ചു നടന്ന എന്‍റെ കണ്ണുകള്‍ സമപ്രായക്കാരായ പലരിലും അതേ ഭാഗ്യം കണ്ടെത്തിയപ്പോ ഒരു ആശ്വാസം... ചിലരില്‍ അത് എന്നേക്കാള്‍ കൂടുതലായി കണ്ടപ്പോ ചെറിയൊരു സന്തോഷവും, സമാധാനവും.

ആ സമയത്ത് ഒരു കല്യാണവീട്ടില്‍ വച്ചാണ് ഈ വെളുത്ത ഭാഗ്യത്തിന് വേറെ നിറങ്ങള്‍ കൊടുക്കാനുള്ള വഴികളുണ്ട് എന്ന് ഒരു അടുത്ത കൂട്ടുകാരന്‍ പറഞ്ഞുതന്നത് ... "Burgundy" കളറില്‍ അന്ന് നടത്തിയ പരീക്ഷണം വിജയിച്ചു... അതോടെ മുഖത്ത് ഒരു തെളിച്ചം വന്നു... നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "ഇമ്മള് ഒരു ചുള്ളനായി".

അങ്ങനെ തിളങ്ങി നടക്കുന്നതിനിടയിലാണ് അടുത്ത ഒരു തലവേദന... എന്നിലെ ഭാഗ്യം ചെറുതായി പൊഴിയുന്നുണ്ടോ എന്നൊരു സംശയം... അടുത്തുകണ്ട പലരും അന്നത്  ശരിവച്ചു! അവരുടെ പിന്നീടുള്ള സംസാരം എന്‍റെ ആത്മവിശ്വാസം തല്ലികെടുത്തുന്ന പോലെയായിരുന്നു... അന്ന് അവര് പറയുന്നതൊന്നും കേള്‍ക്കാന്‍ മനസ്സ് കൂട്ടാക്കിയില്ല.

അന്ന് ഓരോ തവണയും ചീകിയെടുക്കുന്ന ചീപില്‍ കണ്ടിരുന്ന ആ കാഴ്ച്ച എന്നെകൊണ്ട് അതിന്‍റെ തമിഴ് പേര് വിളിപ്പിച്ചു... അപ്പോഴെല്ലാം അനുഭവിച്ചിരുന്ന നിരാശയില്‍ തോന്നി വെളുത്തുനിന്നിരുന്ന ഭാഗ്യം ഇതിലും എത്രയോ ഭേദമായിരുന്നുനെന്ന്... അതിനു നിറം കൊടുത്ത് കൊണ്ടുനടാക്കാം എന്നൊരു പ്രതിവിധിയും ഉണ്ടായിരുന്നു... ഇതിപ്പോ എന്ത് ചെയ്യാനാ... ഒന്നും ചെയ്യാനില്ലാതെ കയ്യും കെട്ടി നോക്കി നിന്നു വേനല്‍ മരങ്ങളില്‍നിന്നും ഇലകള്‍ പൊഴിയും പോലുള്ള ആ കാഴ്ച്ച.

ആകുറവ് ഒരു സ്റ്റെയിലാക്കിയ സിനിമാനടനും, ഇനി ഒന്നും പോകാന്‍ ബാക്കിയില്ലെന്ന് ഫേസ് ബുക്കിലൂടെ കാണിച്ചുതന്ന ചേട്ടന്മാരും, ഇതേ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കൂട്ടുകാരും, ഇതിന്‍റെ പേരില്‍ "പെണ്ണ് കിട്ടാതാവോ?" എന്ന ടെന്‍ഷന്‍ പറയുന്ന അനിയന്മാരും ഇന്ന്‍ ചുറ്റുമുള്ളതാണ് ഏക ആശ്വാസം.

എന്നാലും എല്ലാര്ക്കും ഒരുപോലെ ഈ ഭാഗ്യം ഇല്ലലോ എന്നതാണ്‌ പലരുടെയും വിഷമം... ഉണ്ടായിരുന്നുവെങ്കില്‍ ഇത് ആര്‍ക്കും ഒരു വിഷയമാവില്ലായിരുന്നു... അതല്ലെങ്കില്‍ തുല്ല്യ ദുഖിതരാണ് എന്നു പറഞ്ഞു തമ്മില്‍ ആശ്വസിക്കാമായിരുന്നു!.

ഹാ... ഇവിടെ ഇങ്ങനെയൊക്കെ ചുമ്മാ പറഞ്ഞുന്നെഉള്ളു ഇങ്ങനെ ഉള്‍കൊള്ളാന്‍ മടിക്കുന്ന മാറ്റങ്ങള്‍ വേറെയുമുണ്ട് ആ കൂട്ടത്തില്‍ ഇതും പെടും എന്നതാണ് സത്യം.

Thursday, August 14, 2014

32. School days...

കാലംപോകുന്നത് വളരെ വേഗത്തിലാണ്... പഴയ സുഹൃത്തിനോട് സംസാരിക്കുമ്പോൾ അത് ശരിക്കും അറിയാനാവും... ആ കാലത്തിനനുസരിച്ച് ഏറിവരുന്ന പ്രായത്തിനൊപ്പം ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ധവും ഏറിവരുന്നു, അങ്ങനെ ഇന്ന് ഒന്നിനും സമയമില്ലാത്ത ഒരവസ്ഥയായി... ആ ഒരു അവസ്ഥയിലും പഴയ സുഹൃത്തിനോട് പഴങ്കഥകൾ പറഞ്ഞിരിക്കുമ്പോൾ എന്തെന്നിലാത്ത ഒരു സുഖമുണ്ട് അതിപ്പോ ഫോണിലൂടെയായാലും നേരിട്ടായാലും... ഇന്ന് അവനോട് സംസാരിക്കുമ്പോൾ ഞാനത് തിരിച്ചറിയുകയായിരുന്നു.

മറന്നുവെന്ന് കരുതിയ പലതും മറന്നിട്ടിലെന്ന് തിറിച്ചറിഞ്ഞ നിമിഷങ്ങൾ... സത്യത്തിൽ എല്ലാം ചിതലരിച്ചുപോയി എന്നുകരുതിയതാണ്, വെറുതെ ഒന്ന് പൊടിതട്ടിയെടുകേണ്ടിയെ വന്നുളൂ എല്ലാത്തിനും ഇന്നും ജീവനുണ്ടെന്നറിയാൻ... അല്ലെങ്കിലും സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾക്ക് കഴിഞ്ഞ ജീവിതത്തെ കുറിച്ച് സന്തോഷത്തോടെ ഓർത്ത് പറയാൻ സ്വന്തം നാടും, വീടും, കൂട്ടുകാരും, സ്കൂളും ഒരുകൊച്ചു നാടാൻ പ്രണയവുമൊക്കെ തന്നെയാണ്... ആ കൂട്ടത്തിൽ ഇന്ന് സ്കൂളായിരുന്നു ഞങ്ങൾക്ക് സംസാരവിഷയമായത്.

ഒരു സുവർണ്ണകാലം പോലെയാണ് ഇന്ന് സ്കൂൾ ലൈഫിനെ കാണാനാവുന്നത്, എന്നാൽ അന്ന് അത് ഏറ്റവും വെറുക്കപ്പെട്ട ഒരു കാലമായിരുന്നു പഠിക്കാനുള്ള മടികൊണ്ട് മാത്രം... ഓർക്കുമ്പോൾ അന്നത്തെ ഓരോ സാഹചര്യങ്ങൾ എനിക്കിന്ന് തീർത്തും അന്ന്യമായി തോന്നുന്നു... അങ്ങനെ ഒരു കാലഘട്ടം എൻറെ ജീവിതത്തിലൂടെ കടന്നുപോയോ? എന്നൊരു സംശയം പോലെ... അത്രമാത്രം മാറ്റങ്ങൾ വന്നിട്ടുണ്ടിന്ന്... എല്ലാരീതിയിലും.

ഇന്ന് ഓർമ്മകളിൽ അന്നത്തെ നീലയും വെള്ളയും യൂണിഫോം... 50 പൈസ്സ കൊടുത്തുകൊണ്ടുള്ള സ്കൂളിലേക്കുള്ള ബസ്‌യാത്ര... സ്കൂളിൽ ഒറ്റ നിരയിൽ ഒരുപോലെ ഇരിക്കുന്ന സൈക്കിളുകളെന്ന ആ കാഴ്ച്ച... കാതിൽ മുഴങ്ങുന്ന സ്കൂളിലെ ബെല്ലടി... ടീച്ചറില്ലാത്ത ക്ലാസ്സിലെ കുട്ടികളുടെ കലപില ശബ്ദം (ടീച്ചർമാരുടെ ഭാഷയിൽ പറഞ്ഞാൽ "കക്കാകൂട്ടിൽ കല്ലിട്ടപോലെ")... പിന്നെ ബാക്ക് ബെഞ്ചിലേക്ക് തിരിഞ്ഞിരുന്നുകൊണ്ടുള്ള കഥപറച്ചിൽ... ക്ലാസ്സിൽ വർത്താനം പറയുന്നവരുടെ പേരെഴുതാൻ നിയോഗിക്ക്യപ്പെട്ട അഹങ്കാരിയായ ക്ലാസ്സ്‌ ലീഡർ... എന്നും അവിടെയുള്ള "Black Board + White Chalk + Duster" പിന്നെ ഒരു ചൂരൽ... ക്ലാസ്സിലെ കാണാൻ കൊള്ളാവുന്ന പെണ്‍കുട്ടി സ്വപ്നത്തിലെ നായികയായത്... പേനകൊണ്ടും കൊമ്പസ്സുകൊണ്ടും മുന്നിലെ ഡെസ്ക്കിൽ കുത്തികുറിച്ച പേരും പടങ്ങളും.

കറികൾ പരസ്പ്പരം പങ്കുവച്ചുകൊണ്ടുള്ള ഉച്ചഭക്ഷണം... ടീച്ചറുടെ ശബ്ദവും പഠിപ്പിക്കുന്ന വിഷയവും തരുന്ന ബോറടിയിൽ ഇരുന്നുള്ള ഉറക്കം തൂങ്ങൽ... കയ്യിലെ പേന തെളിയാതാകുമ്പോൾ വേറെ പേന അന്വേഷിക്കലും, കടം വാങ്ങലും... അത് മിക്കവാറും ഏതെങ്കിലും പെണ്‍കുട്ടിയിൽ നിന്നെ കിട്ടൂ... പിന്നെ ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ എന്ന പാരകൾ... ഹോംവർക്ക്‌ എന്ന തലവേദന... അത് ചെയ്യാതെ വരുമ്പോഴുള്ള ക്ലാസ്സിലെ എഴുനേറ്റുനിൽക്കലും, അടിവാങ്ങളും... അത് കണ്ടു ചിരിക്കുന്ന പെണ്‍കുട്ടികളെ കാണുമ്പോ തോന്നിയിരുന്ന ഒരു ചമ്മൽ... കാതോർത്തിരുന്നു കേൾക്കുന്ന 4 മണിക്കുള്ള കൂട്ട മണിയടി... കളർ ഡ്രെസ്സിൽ വരാവുന്ന സ്പെഷ്യൽ ക്ലാസ്സുകൾ... കൂട്ടുകാരനോടൊപ്പം സൈക്കിളിലെ യാത്ര...

പിന്നെ ഓണം ക്രിസ്മസ് എന്നൊക്കെ പേരിട്ട പരീക്ഷാകാലം... അത് ഓർക്കുമ്പോതന്നെ "അവ്"... അങ്ങനെ സ്കൂൾ പാതി ഉറങ്ങിയപോലുള്ള പരീക്ഷാ ദിവസങ്ങൾ... നിശബ്ദത നിറഞ്ഞ പരീക്ഷാഹാളിലിരിക്കുമ്പോൾ ഇടക്കിടെ കേൾക്കുന്ന കാക്കയുടെ ശബ്ദം... ടീച്ചർടെ കണ്ണുവെട്ടിച്ച് കോപ്പിയടിക്കാനുള്ള ശ്രമങ്ങൾ... മാനംകാക്കാൻ വേണ്ടി പരീക്ഷാ ഹാളിലിരുന്ന് ആൻസർ പേപ്പറിന്റെ എണ്ണം കൂട്ടാനുള്ള പെടാപാട്... ചോദ്യങ്ങൾക്ക്‌ ഉത്തരം അതെ ചോദ്യങ്ങളൊക്കെ തന്നെ എഴുതി ഒരു കണക്കിന് ഒപ്പികുന്ന 2 അല്ലെങ്കിൽ 3 ഷീറ്റ് പേപ്പർ... അതിപ്പോ 10 മിനിറ്റുകൊണ്ട് തീരുമാനമാകുന്ന പരീക്ഷയാണെങ്കിൽ പേപ്പറുകൾ കൂട്ടികെട്ടുന്ന നൂൽ ആവശ്യം വരാറില്ല... എന്നാലും നാണം മറക്കാൻ എന്നപോലെ വെറുതെ ഒരു പേപ്പർകൂടെ വാങ്ങി ചേർത്തുവച്ച് ഒറ്റകെട്ട്...

10 ദിവസത്തെ അവധികാലം... അത് കഴിഞ്ഞെത്തുമ്പോൾ മാർകൊക്കെ ഇട്ട ഉത്തരകടലാസിന്റെ കെട്ടുമായി ക്ലാസ്സിൽ വരുന്ന ടീച്ചർ... അത് കണ്ട് ടെൻഷൻ ആകുന്ന പഠിപ്പിസ്റ്റുകൾ... പേരുവിളിച്ച് തോറ്റ മാർക്കും വിളിച്ചുപറഞ്ഞ്‌ ടീച്ചർ ആ പേപ്പർ തരുമ്പോഴുള്ള നാണക്കേട്‌... കുറെയേറെ പേപ്പറിൽ എഴുതികൂട്ടി അതുമുഴുവൻ ടീച്ചറെകൊണ്ട് നോക്കിച്ച് ഞങ്ങൾ ബുദ്ധിമുട്ടിച്ചില്ലലോ എന്ന ആശ്വാസത്തോടെ ബാക്ക് ബെഞ്ചെന്ന ഒരു കൂട്ടം... പിന്നെ പതിവുപോലെ നേരം കിട്ടുമ്പോഴൊക്കെയുള്ള ടീച്ചർടെ ശകാരം, ഉപദേശം... വീട്ടിൽനിന്ന് ആളെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കേറിയാമതിയെന്ന പറച്ചിൽ... അങ്ങനെ അങ്ങനെ എന്തൊക്കെയായിരുന്നു... ഇപ്പോഴും ഈവക സമ്പ്രദായങ്ങളൊക്കെ ഉണ്ടോ ആവോ?

എന്തായാലും ആ കാലമത്രയും ഇന്ന് കടലിന്നക്കരെയായി... ഇന്ന് ഇതോരോന്നും ഓർത്തപ്പോ ശരിക്കും ചിരിവന്നിരുന്നു അന്നത്തെ മാനസികാവസ്ഥ അല്ലലോ ഇന്ന് അതുകൊണ്ടാകാം... എന്തായാലും സ്കൂൾ എന്ന ഈ ഓർമ്മകൾ ഇന്നെന്നിൽ ഒരു ഉണർവും സന്തോഷവും നിറച്ചു... ഇന്നിതെല്ലാം ഓർക്കാനും പറയാനും ഇങ്ങനെ എഴുതാനും സാഹചര്യമൊരുക്കിയ പ്രിയസുഹൃത്തും സഹപാഠിയുമായ ഷെഫീക്കിന് നന്ദി...

Monday, August 4, 2014

31. ഞാന്‍...











ഇന്ന് ഈ ഒരു നിമിഷം എന്നിൽ നിന്നും "ഞാൻ" എന്ന "അച്ഛനെ" ഒന്ന് മാറ്റി നിർത്തിയാൽ... 
ഞാൻ എന്ന "മകനെ" മാറ്റി നിർത്തിയാൽ...
കൂടെ ഞാനെന്ന "ഭർത്താവിനെയും"... ഞാനെന്ന "സുഹൃത്തിനെയും"... ഞാനെന്ന "സഹോദരനെയും" മാറ്റിനിർത്തിയാൽ പിന്നെ അവശേഷിക്കുന്നത് കുറച്ചറിവും, കൊച്ചു സ്വപ്നങ്ങളും മാത്രമുള്ള പച്ചയായ "ഞാൻ" എന്ന ഒരു ഞാൻ മാത്രമാണ്... 

അവിടെ പതിരെന്നപോലെ അസൂയയും അന്ധവിശ്വാസവും അഹങ്കാരവും കള്ളത്തരവുമെല്ലാം എന്നിൽ നിന്നും വേറിട്ടുനിൽക്കുന്നു... വെറുതെ അങ്ങനെയൊന്ന് സങ്കല്പ്പികുമ്പോൾ ഞാൻ കാണുന്ന എന്നെ എനിക്ക്  മുൻപരിജയമില്ല... എന്നിരുന്നാലും ആ "ഞാൻ" എന്ന എന്നോട് എനിക്കിന്നൊരു ചെറിയ ഇഷ്ട്ടം തോന്നുന്നുണ്ട്... അതെന്തുകൊണ്ടാകും???

"ഞാൻ" എന്ന ഈ ഞാൻ പെർഫെക്റ്റ്‌ അല്ലാത്തതു കൊണ്ടാകാം...

Friday, July 4, 2014

30. യാത്ര...

നിശബ്ദവും ഒരു യാത്രയിലാണ് ഞാൻ... ദിനരാത്രങ്ങളെ അറിയാതെ, ദിശയറിയാതെ, എവിടെക്കെന്നറിയാതെയുള്ള ഒരു യാത്രയിൽ... കൂടെയുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് തെല്ലും ക്ഷീണമറിയിക്കാതെ ഇന്നും മുന്നിലേക്ക് നയിക്കുന്നത്... 

ഒരുനാൾ നാളും സമയവും കുറിച്ചിറങ്ങിയ  യാത്രക്കിടയിൽ ഇന്നിപ്പോ ഇതെഴുതുമ്പോഴും കൂടെ ആരൊക്കെയുണ്ട് എന്നെനിക്ക് അറിയാനാവുന്നില്ല... പലപ്പോഴും തോന്നും തനിച്ചാണെന്ന്... ചിലപ്പോഴൊക്കെ തനിച്ചാവാൻ കൊതിച്ചിട്ടുമുണ്ട്... ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ പൂർണ്ണ സ്വതന്ത്രനായ് പറക്കുന്ന ഒരു പക്ഷിയെ പോലെയാകാൻ...

കാലം മായ്ച്ചതുകൊണ്ടോ, ശ്രദ്ധയില്ലാഞ്ഞിട്ടോ അതോ യാത്രക്ക് വേഗതകൂടിയതുകൊണ്ടോ എന്നറിയില്ല പിന്നിട്ട ഓരോ വഴികളിലായ് കണ്ടുമുട്ടിയ പല  മുഖങ്ങളും എൻറെ ഓർമ്മയിൽ ഇന്നില്ല... എന്നാൽ എനിക്ക് അടുത്തറിയാവുന്ന, ഞാൻ എന്ന പേരിനെയും വ്യക്തിയെയും അറിയുന്ന പ്രിയപ്പെട്ട പലരും അവരവരുടെ യാത്രകൾ അവസനിച്ചും, അവസാനിപ്പിച്ചും അകന്നു പോയിരിക്കുന്നു... വേർപാട് എന്ന ആ തിരിച്ചറിവ് എപ്പോഴും എനിക്കൊരു വേദന സമ്മാനിക്കാറുണ്ട്...

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിപ്പൊക്കെ കഴിഞ്ഞ് വെറുതെ നടക്കുന്ന മുതിർന്ന ചേട്ടൻമാരെ കാണുമ്പോഴൊക്കെ ഉള്ളിൽ തോന്നിയിരുന്ന ഒരു കാര്യമാണ് "അവൻമാർ ഭാഗ്യവാൻമാർ ഇനി പഠിക്കണ്ടലോ" യെന്ന്... അതുപോലെ എല്ലാം നേരത്തെ കഴിയുന്നവർ ഭാഗ്യവാൻമാരാണെന്ന് തോന്നും...

ചിലപ്പോ അവരെല്ലാം അവരുടെ യാത്രയുടെ അവസാന നിമിഷങ്ങളിൽ ഒരുപക്ഷെ ഒന്ന് മോഹിച്ചിട്ടുണ്ടാകാം കവി കൊതിച്ചപോലെ "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...".

എൻറെ  യാത്ര അതിപ്പോ എവിടെയെത്തിനിൽകുന്നു  എന്നെനിക്കറിയില്ല... എത്ര ദൂരം പിന്നിട്ടു എന്നും അറിയില്ല... എനിക്കിനി എത്ര ദൂരം താണ്ടുവാനുണ്ടെന്നും അറിയില്ല... എന്നാൽ ഒന്ന്‌ ഉറപ്പല്ലെ എൻറെ യാത്രക്കും ഒരു അവസാനം ഉണ്ടെന്നത്... ഒരു ദീർഘ നിശ്വാസത്തിൽ അവസാനിക്കുന്ന ആയൊരു യാത്ര... എന്‍റെ സ്വന്തം ജീവിതയാത്ര...

Tuesday, November 5, 2013

29. നിന്ദ്ര...

പകലെന്ന ഉണര്‍വിലെ യാത്രകള്‍, ജോലികള്‍... എല്ലാം കഴിഞ്ഞ ക്ഷീണത്താല്‍ മടിപിടിച്ചിരുന്നൊരു സന്ധ്യയും പിന്നിട്ടു... വേണ്ടായിരുന്നിട്ടും വെറുതെ ഒരല്പ്പം അത്താഴം കഴിച്ചതോടെ ഇരുളിന്‍ മറയിലേക്കൊരു വിളിയുമായ് മെല്ലെ ഉറക്കമെത്തി... പാതിയടഞ്ഞ മിഴികളാല്‍ ഞാനങ്ങനെ നിദ്രതന്‍ നിശബ്ദമാം പടവുകളിറങ്ങവെ എന്നോ എന്നില്ലേക്ക് വന്നകന്നൊരാ നിമിഷങ്ങള്‍ ഓരോന്നായ് വന്നുവെന്‍ മിഴികളില്‍... കാലം പഴക്കം ഏറെ പൂശിയിരുന്നെങ്കിലും അതില്‍ പലതും പതിവിലുമേറെ തിളങ്ങി കണ്ടു... എന്തെന്നില്ലാതൊരു ചന്തമായിരുന്നു അവയില്‍ പലതിനും... അല്ലെങ്കിലും നല്ല ഓര്‍മ്മകള്‍ക്കെല്ലാം പഴകുന്തോറും കൂടുന്നൊരു ചന്തമുണ്ട്... താനേ കൂടുന്നൊരു ചന്തം...

ഉള്ളിലുറങ്ങുന്ന അത്തരം ഓര്‍മ്മകളെല്ലാം ഒരു വലിയ പുസ്തകത്തിന്‍ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്... ഒന്ന് ശ്രമിച്ചാല്‍ എപ്പോ വേണമെങ്കിലും വ്യക്തമായി കാണാവുന്നവയാണ് അവയോരോന്നും... ആ താളുകള്‍ ഓരോന്നായ് മറിക്കുമ്പോള്‍ അവിടെ ഞാന്‍ മഴയെ സ്നേഹിച്ച് തുടങ്ങിയ ഒരുകാലം കാണാം, അതെനിക്കിന്നും ഏറെ സുന്ദരമായി തോന്നി... 

പിന്നെ പാടത്തും പറമ്പിലും ഓടിചാടി കളിച്ചിരുന്ന കുട്ടികാലവും, അന്ന് കണ്ട മാവിലും പേരയിലും കല്ലെറിഞ്ഞു നടന്നതും... ഐസ്സുകാരന്‍റെ ഡിങ്ങ്... ഡിങ്ങ്...ഡിങ്ങ്...എന്ന വിളിക്ക് കാതോര്‍ത്തിരുന്നതും... പിന്നെ ചൂണ്ടയുമായി മീന്‍പിടിക്കാന്‍ നടന്നതും... കുളിക്കാന്‍ ഇറങ്ങിയ കുളത്തില്‍ മണിക്കുറുകള്‍ ചിലവഴിച്ചതും... മഴയത്ത് വെള്ളംനിറഞ്ഞ പറമ്പില്‍ ക്രിക്കറ്റ്‌ കളിച്ചതും... അതിനെല്ലാം അന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാരും... ഇന്ന് ഇവിടെവരെയുള്ള യാത്രക്കിടയില്‍ അതെല്ലാം എവിടെയോവച്ച് നിന്നുപോയി... ആ കാലങ്ങള്‍ വളരെ പുറകിലായപ്പോ ഇന്നറിയാനാകുന്നു അതെല്ലാം ഒരു സുവര്‍ണ്ണകാലമായിരുന്നുവെന്ന്...

പിന്നെ സ്കൂളില്‍ പോയി തുടങ്ങിയ കാലം... ആദ്യത്തെ ടീച്ചറെ ഓര്‍ത്തതും കണ്ണട വച്ച ആ പാവം "രാധ" ടീച്ചറെ ഓര്‍മ്മവന്നു... അന്നൊക്കെ പഠിക്കാനുള്ള മടികൊണ്ട് അമ്മയോട് ഓരോ കള്ളങ്ങള്‍ പറഞ്ഞ് ക്ലാസ്സില്‍ പോകാതിരുന്ന ദിവസങ്ങള്‍... പിന്നെ ഓരോരോ ഘട്ടങ്ങളിലായി മാറേണ്ടി വന്ന സ്കൂളുകള്‍... ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ പുതിയ കൂട്ടുകാര്‍... ഓരോ വര്‍ഷവും ജയിച്ചുചെന്ന ക്ലാസ്സ് മുറികള്‍... ആദ്യമായി അറിയാതെ ഒരിഷ്ട്ടം തോന്നിയ പെണ്‍കുട്ടി, അവളുടെ പേര്, പ്രത്യേകതകള്‍... പിന്നെ അസൂയ തോന്നിപ്പിച്ച വ്യക്തിത്വങ്ങള്‍.. അവരെപോലെ ആകാന്‍ കൊതിച്ച നിമിഷങ്ങള്‍... ക്ലാസ്സിലെ പഠിപ്പിസ്റ്റ്കളോടു തോന്നിയിരുന്ന അസൂയ വിരോധം... പിന്നെ ഒരു തിരിച്ചറിവാകുംവരെ കൂടെ ഉണ്ടായിരുന്ന ദുശീലങ്ങള്‍... 

പിന്നെ പലപ്പോഴായി അറിഞ്ഞും അറിയാതെയും സംഭവിച്ച അബദ്ധങ്ങള്‍, അതിലെ മണ്ടത്തരങ്ങള്‍... അതില്‍ പലതും ഇന്ന് ഒന്നുടെ സംഭവിച്ചുവെങ്കില്‍ അന്നത്തെ കുറ്റങ്ങളും കുറവുകളും നികത്തി ഒന്നൂടെ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നി... അങ്ങനെ എന്നിലൂടെ കടന്നുപോയ ഓരോ നിമിഷങ്ങളും സംഭവങ്ങളും സാഹചര്യങ്ങളുമെല്ലാം വീണ്ടും ഒന്നുടെ കാണുകയായിരുന്നു ഞാനാ നിദ്രയില്‍... എല്ലാം ഇന്ന് ഓര്‍മ്മയില്‍ മാത്രമാണെങ്കിലും ഇന്നെല്ലാം ഇങ്ങനെ ഓര്‍ക്കുന്നതിലുണ്ടൊരു സുഖമെന്ന് ഞാന്‍ അറിഞ്ഞു...

പിന്നെ ജൂണിലെ ആ നല്ല മഴയുള്ളദിവസം അവിചാരിതമായി ആ ഒരാളെ ആദ്യമായ് കണ്ടതും... പിന്നീട് എന്നും കണ്ട് കണ്ട ഒന്നും പറയാതെ അറിയാതെ തമ്മിലടുത്തതും, അന്നൊന്നു കേള്‍ക്കാന്‍ ഏറെ കൊതിച്ച ആ വാക്കുകള്‍ അതയാള്‍ പറഞ്ഞുകേള്‍ക്കവെ ഒരു നറു പുഞ്ചിരി എന്നില്‍ വിടര്‍ന്നതും, അനുരാഗത്തിന്‍ സ്വപ്നങ്ങള്‍ക്ക് അന്നെന്നില്‍ ആദ്യമായ് ചിറകുമുളച്ചതും, സങ്കല്‍പ്പ സുന്ദരമായൊരു ലോകത്ത് മതിവരാതെ അന്നേറെ പാറിപറന്നതും, ഉറക്കമില്ലാത്ത രാത്രികളില്‍ രാത്രിമഴക്ക് കൂട്ടിരുന്നതുപോലുള്ള ഒത്തിരി ഒത്തിരി ഭ്രാന്തുകള്‍ ഒരുകാലത്ത് എന്നിലുണ്ടായിരുന്നുവെന്ന ഓര്‍മ്മകള്‍ ഇന്നെനില്‍ വന്നൊരു ചിരിനിറച്ചു...

പിന്നെ വളര്‍ച്ചയുടെയും പഠനത്തിന്‍റെയും ഓരോ ഘട്ടങ്ങള്‍... കലാനുശ്രിതമായിവന്ന മാറ്റങ്ങള്‍... പടിപ്പു കഴിഞ്ഞ് "ഒരു ജോലി കിട്ടാനുണ്ടോ?" എന്ന് അന്വേഷിച്ചു നടന്നകാലം... ആദ്യമായി "വിശപ്പ്‌" എന്താണ് അനുഭവിച്ചറിഞ്ഞ മറക്കാനാവാത്ത ദിവസം... പിന്നെ വിരഹം അനുഭവിച്ചറിഞ്ഞ നാളുകള്‍... കള്ള് കള്ള് എന്ന് കേട്ടറിവുമാത്രമുള്ള ആ കള്ളിന്‍റെ രുചിയറിഞ്ഞ, അതിലൊരു സുഖമുണ്ടെന്നറിഞ്ഞ ആ ഒരു ദീപാവലി... 

പിന്നെ അമ്മയെ പിരിഞ്ഞ പൈതലിന്‍ കണ്ണീരും നൊമ്പരവുമായ് പ്രവാസത്തിലേക്ക് പറന്നതും... യന്ത്ര തുല്യമായ പ്രവാസ ജീവിതത്തോട് വെറുപ്പ് തോന്നി തുടങ്ങിയപ്പോ നാടിനെ സ്നേഹിക്കാന്‍ തുടങ്ങിയതും, ഇനിയും പഠിക്കാനും പ്രണയിക്കാനും കൊതിതോന്നിയതും, "എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ..." എന്നത് ഒരു സത്യമാണെന്ന് മനസ്സിലാക്കിയതുമെല്ലാം ഇന്നലെയെന്നപോലെ തോന്നി...

പിന്നെയും വന്നു വരി വരിയായി ഒത്തിരി ഓര്‍മ്മകള്‍... അപ്പോഴെല്ലാം ഇന്നോളമറിഞ്ഞതില്‍ പലതും അതുപോലെ ഒന്നുടെ കണ്ടു കണ്ടറിഞ്ഞു കിടന്നു... പിന്നെയാ കൂരിരുളിന്‍ നിശബ്ദതയില്‍ എപ്പോഴോ അറിയാതെ ഒരു ഗാഡനിദ്രയില്‍ ഞാന്‍ മുഴുകി... അതങ്ങനെ പുതിയൊരു പുലരിയെതുംവരെ... പിന്നെ പിന്നെയും പകലെന്ന ഉണര്‍വിലെ യാത്രകള്‍, ജോലികള്‍...

"ജീവിതത്തിലെ പഴയ കഥകളും കഥാപാത്രങ്ങളും ചുറ്റുപാടുകളുമെല്ലാം ഇന്ന് ഒരുപാട് മാറിയെന്നറിയാം എങ്കിലും വല്ലപ്പോഴും അതൊക്കെ ഇങ്ങനെ ഓര്‍ക്കുമ്പോള്‍ വെറുതെ ആശിച്ചുപോകുന്നു...' ഒന്നും ഒട്ടും മാറാതിരുന്നെങ്കില്‍ മറക്കാതിരുന്നുന്നെങ്കില്‍, അകലാതിരുന്നെങ്കില്‍ അവസാനിക്കാതിരുന്നെങ്കില്‍' എന്നൊക്കെ... ആഗ്രഹാനുസരണം ഇതില്‍ യാതൊന്നും തിരിച്ചുവരില്ലെന്ന തിരിച്ചറിവിലും വെറുതെ ഇങ്ങനെ കൊതിക്കുന്നു... ഹാ...ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതും സുഖമുള്ള നേരംപോക്ക് തന്നെ."

Tuesday, February 12, 2013

28. Silence...

നിശബ്ദത... മനസ്സിന്‍റെ താളംതെറ്റുമ്പോള്‍ കൂട്ടിനെത്തുന്ന നിശബ്ദത... ഏകാന്തതയില്‍ താനേജനിക്കുന്ന നിശബ്ദത... ഉറങ്ങുകയാനെന്നറിയിക്കുന്നതും നിശബ്ദത... പ്രതികരണശേഷി നഷട്ടപ്പെടുമ്പോഴുള്ള ഏകഭാവവും അതുതന്നെ... ഇതിലെതെന്നറിയാതെ ഇന്ന് ഞാന്‍ എന്നിലറിയുന്നു ഒരു നിശബ്ദത... ചിലപ്പോ എന്‍റെ ഉള്ളുറങ്ങുകയാവാം... അതല്ലെങ്കില്‍ എനിക്കുചുറ്റും ഇന്നെന്താണ് സംഭവിക്കുന്നതെന്നും, എല്ലാം ഇതെവിടെക്കാ പോക്കുന്നതെന്നും മനസ്സിലാക്കാനാവാതെ മരവിച്ചുനില്‍ക്കുന്ന മനസ്സിന്‍റെ മൗനമാകാം...

നാളയെകുറിച്ചുള്ള വലിയ ചിന്തകളില്ല... എന്നാല്‍ നാളെയെന്നത് ഉള്‍കൊള്ളാനാവാത്തത്രയും ഭീകരമാകുമെന്ന തിരിച്ചറിവിലും, ഇന്നതെല്ലാം ചോദ്യചിഹ്നങ്ങളായി മുളച്ചുതുടങ്ങിയെന്നറിയുംമ്പോഴും ഒന്നും കാണാനും ചെയ്യാനും വയ്യെന്ന നിസഹായവസ്ഥയില്‍ ഏറെ ഭീതിയോടെ കണ്ണുകള്‍ ഇറുക്കിയടച്ചിരുന്ന്‍ സ്വയം പാലികേണ്ടിവരുന്ന നിശബ്ദത ചിലപ്പോ എന്നിലും ഉടലെടുക്കുന്നതാകാം...

നേട്ടങ്ങളായും നഷ്ട്ടങ്ങളായും കാലമിന്നുവരെ എനിക്ക് വച്ചുനീട്ടിയതെല്ലാം എന്തിന്? അതെല്ലാം എങ്ങനെ സംഭവിച്ചു? എന്നൊക്കെ സ്വയം ചോദിക്കുമ്പോള്‍ ഒന്നിനും എന്നിലുത്തരമില്ല... അവിടെ ഒന്നും സ്വന്തം കഴിവിനാല്‍ മാത്രമെന്ന് പറയാനാവാത്ത ആ ഒരവസ്ഥയും ഒരുതരത്തില്‍ തീര്‍ത്തും നിശബ്ദം എന്ന അവസ്ഥയാണ്... ആ നിമിഷങ്ങളില്‍ എനിക്കറിയാനാകുന്നു സംഭവിക്കുന്നതൊന്നും ഒന്നും സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ചല്ല എന്ന സത്യം... 

"എന്താണ് നിന്‍റെ ഈ ജീവിതത്തിന്‍റെ അര്‍ത്ഥം?" എന്ന ആ വലിയ ചോദ്യം എന്നിലിന്നും മൗനം പാലിക്കുന്നു... ""ബലിപെരുനാളിന് തറവാട്ടില്‍ എല്ലാവരും ഒത്തുകൂടിയപ്പോഴാണ് ബോധം വന്നത്. ഇഴഞ്ഞും, കരഞ്ഞും, പിച്ചവച്ചും, വീണുമൊക്കെ ഒരു കുട്ടിപട്ടാളം തന്നെയുണ്ട്. ഞങ്ങളെ വകഞ്ഞുമാറ്റി ഒരു പുതിയ തലമുറ. അവര്‍ക്ക്‌ കൊടുക്കാന്‍ എന്താണുള്ളതെന്ന് ആശ്ചര്യപ്പെടുകയായിരുന്നു ഞാന്‍...""

ഒരിക്കല്‍ ലിഷാനയുടെ ബ്ലോഗില്‍ വായിച്ച ഈ വരികള്‍ അന്നെന്നില്‍ ഒരുപാട് ചിന്തകളുണര്‍ത്തി... എനിക്കും ഒന്നുമില്ലല്ലോ എന്‍റെ പുറകിലൂടെ വരുന്ന തലമുറക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ എന്ന യാഥാര്‍ത്ഥ്യം അന്നാണ് മനസ്സിലാക്കിയത്‌... ഈ ഒരു ജീവിതംകൊണ്ട് ഒരാള്‍ക്കും ഗുണമില്ലെന്നറിയുമ്പോ അവിടെയും സ്വന്തം ജീവിതം തന്നെ ഒരു വലിയ നിശബ്ദതയാണെന്ന് തിരിച്ചറിയുന്നു...

ഒരിക്കല്‍ എവിടെയോ എഴുതികണ്ടു "Silence is Beautiful" എന്ന്... അതിന്ടെ അര്‍ത്ഥം എങ്ങിനെയാന്നു ഞാന്‍ അന്ന് ചിന്തിച്ചു... ആര്‍ത്തുവിളിച്ച് പോരിനെതുന്നവന്‍റെ മുന്നില്‍ കാണിക്കുന്ന നിശബ്ദത അവന്‍റെ ആവേശവും, ആയുധത്തിന്‍റെ മൂര്‍ച്ചയും കുറയ്ക്കുമെന്നപോലെ ചിലപ്പോഴൊക്കെ സ്വയം പാലിക്കുന്ന ഒരു നിശബ്ദത ഏറെ നല്ലതായും തോന്നിയിട്ടുണ്ട്... അവിടെയാണ് നിശബ്ദത സുന്ദരം എന്ന് തോന്നിയ നിമിഷങ്ങള്‍...

മാറ്റങ്ങളാല്‍ കാലം ഇങ്ങനെ ഇനിയും മുന്നോട്ടുപോകും... അതികം മുന്നിലല്ലാതെ അവിടെ വല്ലാത്തൊരു കാലഘട്ടം എല്ലാവരെയും കാത്തിരിപ്പുണ്ട് എന്ന് ആരറിയുന്നു... അവിടെയെത്തുമ്പോള്‍ നിലനില്‍പ്പിനായി ഉള്ളത് വെട്ടിപിടിക്കാന്‍ വെല്ലുവിളിച്ചും, വേട്ടയാടിയും തമ്മില്‍ തമ്മില്‍ മുന്നേറും... പരസ്പരം ജീവനുകള്‍ കയ്യേറും...അന്ന് എല്ലാവരും എന്നെന്നേക്കുമായി നിശബ്ദവും നിശ്ചലവുമായി മാറും... അന്ന് പതിയെ അടയുന്ന മിഴികളാല്‍ ജീവിതമെന്ന വലിയൊരു യാത്രയുടെ അവസാനവും നിശബ്ദം!.

Wednesday, December 12, 2012

27. Life is going On...

നിശബ്ദവും നിശ്ചലവുമാകുന്ന ഇരുട്ടില്‍ ആശ്രയിക്കുന്നവര്‍ക്കെല്ലാം വെട്ടം പകര്‍ന്നുനില്‍ക്കുന്ന മെഴുകുതിരി കാണുമ്പോഴോക്കെ ഞാനോര്‍ക്കും പണ്ടോരിക്കല്‍ ഒരു സര്‍വ്വെ റിപ്പോര്‍ട്ടില്‍ വായിച്ച ആ വരികള്‍... "സ്വയം ഉരുകിതീരുന്ന മെഴുകുതിരികളെന്നപോലെ പ്രവാസികള്‍..." അന്നത് വായിക്കുമ്പോള്‍ സത്യത്തില്‍ എനിക്കറിയില്ലായിരുന്നു ആരാണ്, എന്താണ് ഈ പ്രവസിയെന്ന്... എന്നാല്‍ ഇപ്പോ ഞാനറിയുന്നു... ശരിക്കും അറിയുന്നു... കാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാനും ഒരു പ്രവാസിയാണ്... പ്രവാസികള്‍ എന്ന അനേകായിരങ്ങള്‍ക്കിടയില്‍ ഒരാളായനാള്‍ മുതല്‍ അങ്ങനെ അറിയാതിരുന്ന ഒത്തിരി അര്‍ത്ഥങ്ങള്‍ ഞാന്‍ മനസ്സിലാക്കി... അവിടെ സ്വന്തം അനുഭവങ്ങളില്‍നിന്നും പഠിക്കുകയായിരുന്നു ജീവിതത്തിലെ പലകാര്യങ്ങളും...

എന്തിനും ഏതിനും ആവശ്യമായ "പണം" അതിനുവേണ്ടിമാത്രം പ്രിയപ്പെട്ടതും, സ്വന്തമെന്ന്‍ പറയാവുന്നതുമായ എല്ലാത്തിനെയും പിരിഞ്ഞ്, ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം അന്ന്യനാട്ടില്‍ ആര്‍ക്കോവേണ്ടി ജോലിചെയ്ത് ജീവിക്കേണ്ടിവരുന്നവര്‍... 'എന്‍റെ നഷ്ട്ടങ്ങള്‍' ഏന്നെറെ കണക്കുകള്‍ പറയാനുള്ളവര്‍... ഏതൊരു അവസ്ഥയിലും, തനിച്ചാണ് എന്ന തോന്നലിലും പ്രതീക്ഷകളോടെ കേരള ലോട്ടറിയുടെ പരസ്യംപോലെ നാളെ... നാളെ... നാളെ എന്നുമാത്രം സ്വപ്നം കാണുന്നവര്‍... പക്ഷെ നാളെ...നാളെ... നീളെ...നീളെയാകുന്നു പലപ്പോഴും... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലലോ... അതിങ്ങനെ ഒന്നിനുപുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരിക്കും...

ഇന്ന് രാവിലെ പുറത്തുപോയപ്പോ അവിചാരിതമായി പരിജയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഒരു ഭായി... ഞങ്ങള്‍ തമ്മില്‍ ചിലവഴിച്ച കുറച്ചു സമയം... പറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍... അതാണ് ഇന്ന് ഇതിങ്ങനെ എഴുതാനുണ്ടാക്കിയ പ്രേരണ... അദ്ദേഹത്തെ 'കണ്ടാല്‍ തോന്നിക്കുന്ന പ്രായം' എന്ന കണക്ക്‌ എനിക്കവിടെ തെറ്റി... അദ്ദേഹംപറഞ്ഞു "വരുന്ന മാസം 60 തികയും, അതിനിടയില്‍ ഇത് പ്രവാസത്തിന്‍റെ 36 മത്തെ വര്‍ഷം"... അതുകേട്ടതും ഞാനൊന്നു സ്തംഭിച്ച്നിന്നു... 36 വര്‍ഷങ്ങള്‍ ഇവിടെയെങ്ങനെ... ആ ഒരു അവിശ്വസനീയതയെ തുടര്‍ന്നുള്ള നിശബ്ദ്തയില്‍ ഞാന്‍ കുറച്ചുസമയം എന്തൊക്കെയോ ചിന്തിച്ചുപോയി... ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു "മതിയായില്ലേ ഭായി ഇവിടുത്തെ ഈ ജീവിതം?" ഒരു പൊട്ടിച്ചിരിയോടെ എന്‍റെ ആ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി ഇങ്ങനെയായിരുന്നു...

"ഗള്‍ഫില്‍ പോകണമെന്ന വലിയൊരു ആഗ്രഹം കൊണ്ട് വന്നതല്ല ഞാന്‍ ഇവിടെ... പണ്ട് വീട്ടിലെ കഷ്ട്ടപ്പാടുകളില്‍ സ്വയം കണ്ടെത്തിയൊരു വഴി... അല്ലെങ്കില്‍ അന്ന് ഉള്ളിലുണ്ടായ ഒരു പ്രേരണ അതാണ്‌ എന്നെ ഇവിടെയെത്തിച്ചത്... പക്ഷെ ഇവിടെവന്നപ്പോ അതിനേക്കാള്‍ വലിയ കഷ്ട്ടപ്പാടായിരുന്നുവെനിക്ക്... 2 വര്‍ഷം ഇവിടെനിന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമാകും അത് കഴിഞ്ഞ് നാട്ടില്‍ തന്നെ  നില്‍ക്കാമെന്ന കണക്കുകൂട്ടലില്‍ ആദ്യത്തെ 2 വര്‍ഷം പിടിച്ചുനിന്നു... പിന്നെതോന്നി ഒരു വര്‍ഷംകൂടി നില്‍കാം... അങ്ങനെ വീണ്ടും വീണ്ടും തോന്നിയപ്പോ ഇന്ന് വര്‍ഷം 36 ആയി... ഇനിയിപ്പോ നാട്ടില്‍ ചെന്ന് എന്തുചെയ്യാനാ? നല്ലകാലം മുഴുവനും ഇവിടെ തീര്‍ന്നിലെ... എങ്കില്‍ പിന്നെ ഓടുന്നിടത്തോളം ഇനി ഇവിടതന്നെ ഓടട്ടെയെന്നാ... അല്ലെങ്കിലും ഇനി ഇവിടുന്ന് അതികകാലം ഓടേണ്ടിവരുമെന്ന് തോന്നുന്നില്ല...ഹി..ഹി..ഹി..."

എല്ലാം ഒരു തമാശപോലെ അദ്ദേഹം നിര്‍ത്താതെ പറഞ്ഞു തീര്‍ത്തു... അതിനിടയില്‍ ഇടയ്ക്കിടെയുള്ള അദ്ദേഹത്തിന്‍റെ ആ നല്ല ചിരിയുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ഒത്തിരി സങ്കടങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു... അതൊരുപക്ഷേ അദ്ദേഹത്തിന്‍റെ ആരും ഇതുവരെ കണ്ടുകാണില്ല... ഒരിക്കലും കാണെണ്ടവര്‍ അതൊന്നും കാണില്ല അല്ലെങ്കില്‍ അവരെ കാണിക്കില്ല... ഇനി അത് കണ്ടവരാണെങ്കില്‍ അത് കണ്ടതായി ഭാവിക്കില്ല... അതാണ് പ്രവാസികളുടെ ഏറ്റവും വലിയ വേദന... എന്നെ അല്ലെങ്കില്‍ എന്‍റെ അവസ്ഥയെ ആരും മനസ്സിലാക്കുന്നില്ലലോ എന്നൊരു സങ്കടം എന്നും തോന്നിക്കും... പ്രവാസിയുടെ നിസഹായവസ്ഥകളും വേദനകളും മറ്റൊരു പ്രവാസിക്കെ അറിയാനാവൂ എന്നതും ഒരു സത്യമാണ്... അദ്ദേഹം പറഞ്ഞ വേറൊരു കാര്യംകൂടിയുണ്ട് "ഇത് എന്‍റെ മാത്രം അവസ്ഥയല്ലല്ലോ?" എന്ന്... അതാവും ഓരോരുത്തരും സ്വയം കണ്ടെത്തുന്നൊരു ആശ്വാസം... അദ്ദേഹത്തെപോലെ അങ്ങനെ എത്രയോ പ്രവാസികള്‍ ഉണ്ടാകും... ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കേണ്ടിവന്നവര്‍...

ഇവിടെ നില്ക്കുമ്പോള്‍ "നാട്" എന്ന നല്ലോര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍... അറിയാതെ നാടിനെ ഒത്തിരി സ്നേഹിച്ചുപോകും... നാട്ടിലുള്ളപ്പോഴോന്നും സ്വന്തം നാടിന് ഇത്രയേറെ ഭംഗി കണ്ടുകാണില്ല... അല്ലെങ്കിലും എന്തും ഓര്‍മ്മകളാകുമ്പോള്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ വരുമ്പോഴാണല്ലോ ഭംഗി കൂടുന്നതും അതിന്‍റെയെല്ലാം വിലയറിയുന്നതും... ഇവിടെയിരുന്ന് എന്നും ഓര്‍മ്മകളിലെ ആ പച്ചപ്പുനിറഞ്ഞ നാട്ടുവഴികളോര്‍ക്കും... അപ്പോഴോക്കെ "നാട്ടില്‍ ചെന്ന്" എന്ന ഒത്തിരി ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സില്‍ കൂട്ടിവെക്കും... അങ്ങനെ ഇഴഞ്ഞ് ഇഴഞ്ഞ് കടന്നുപോകുന്ന ദിവസങ്ങക്കും മാസങ്ങക്കും ഒടുവില്‍ നാളെണ്ണി നാളെണ്ണി കാത്തിരുന്ന ആ ഒരു ദിവസം വരുമ്പോള്‍ അതുവരെ കൂട്ടിവച്ച ഒരുപിടി സ്വപ്നങ്ങളുമായി നാട്ടിലേക്ക്‌ ഒരു പറക്കല്‍... അത് 30 ദിവസത്തെ അവധിക്കാണെങ്കില്‍ 60 ദിവസവും മതിയാകാത്തത്രയും പദ്ധതികളാകും അപ്പോ മനസ്സില്‍...

ചെന്നിറങ്ങുമ്പോള്‍ സ്വീകരിക്കുന്നത് ഒട്ടേറെ മാറ്റങ്ങള്‍ നിറഞ്ഞൊരു നാടാകും... അവിടെ കാണുന്ന ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍തന്നെ 2 ദിവസം വേണം... പിന്നെ ചൂടിനും ഖുബൂസിനുമിടയില്‍ നിന്നും കിട്ടിയ മോചനത്തില്‍ നാട്ടിലിറങ്ങി ഓരോരോ ആശകള്‍ തീര്‍ത്തു നടക്കുമ്പോള്‍ നാട്ടുകാര്‍ക്കത് "ഗള്‍ഫുകാരന്‍റെ ജാഡ"... അത് വീട്ടിലുള്ളവര്‍ കാണുമ്പോള്‍ "ഹോ! ഇവന്‍ അവിടെയും ഇങ്ങനെയാവും ജീവിക്കുന്നേ, കൊള്ളാം ഗള്‍ഫ് അപ്പോ ഒരു സ്വര്‍ഗ്ഗം തന്നെ"... അത് തിരുത്താനാകാത്ത വീട്ടുകാരുടെ തെറ്റിദ്ധാരണ... മൊത്തത്തില്‍ ഒരു സെറ്റപ്പും ലുക്കും കാണുമ്പോള്‍ അനിയന്മാരുടെയും ചങ്ങാതിമാരുടെയും മനസ്സില്‍ "എങ്ങനെയെങ്കിലും എനിക്കും പോണം ഗള്‍ഫില്‍" അത് അറിയാത്ത പിള്ള ചൊറിയുമ്പോഴെ അറിയൂ എന്ന് പറയുംപോലെ... അങ്ങനെ അങ്ങനെ എല്ലാതവണയും കാണുന്ന അതേ സംഭവങ്ങളുമായി ദിവസങ്ങള്‍ വേഗത്തില്‍ പോയ്മറയും...

അറിയാതെ രാത്രിയും പകലും മാറിമാറയുമ്പോള്‍ അവസാനദിവസം വന്നതുമാത്രം ശരിക്കും അറിയും... അന്ന് കഴിഞ്ഞ അവധി ദിവസങ്ങള്‍ ഇത്രവേഗം എവിടെപോയെന്ന്‍ തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ല... ഒടുവില്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ സ്വയം പ്രാകികൊണ്ട് തിരിച്ചു പറക്കും... ആ യാത്രയില്‍ മുഖഭാവം മാറും... ചിരിയും കളിയും പോകും... ഒരു ഉറക്കമുണരുമ്പോള്‍ കടലും കടന്ന്‌ വീണ്ടും വിജനമായ ആ മണലാരണ്യത്തിനു മുകളിലെത്തിയിട്ടുണ്ടാകും... പിന്നെ അടുത്ത അവധിക്കായുള്ള കാത്തിരിപ്പിന്‍റെ നാളുകളുമായി അങ്ങനെ ജീവിതം മുന്നോട്ട്... ചിലപ്പോഴൊക്കെ തോന്നും "ഇതെന്തൂട്ട് ജീവിതിഷ്‌ട്ടാ? എല്ലാം ഇട്ടെറിഞ്ഞു പോക്കൂടെ?"യെന്ന്... പക്ഷെ ഓരോരോ ആവശ്യങ്ങള്‍ ഓര്‍ക്കുമ്പോള്‍...... ഹാ... ഒരുവര്‍ഷംകൂടി കഴിയട്ടെ!.

Saturday, November 10, 2012

26. Someone...











"ആരോ ഒരാള്‍" ഒരു കാലഘട്ടമത്രയും ചോദ്യചിഹ്നങ്ങളാല്‍ ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നൊരു വാക്കായിരുന്നു അത്... ആദ്യമായി മനസ്സിലേക്ക് അസ്വസ്ഥതകള്‍ കയറിക്കൂടിയ കാലം... "Someone... Somewhere..."എന്ന പ്രയോഗം ഒരു ജീവിതാനുഭവമായി മാറിയ നിമിഷങ്ങള്‍... അന്നോരിക്കല്‍ വീട്ടില്‍ കയറിചെന്നപ്പോള്‍ " ടാ നിനക്കൊരു കത്തുണ്ട്!" എന്ന അമ്മയുടെ ആ വാക്കുകളില്‍നിന്നായിരുന്നു അതിന്‍റെ തുടക്കം... അന്നത് കേട്ടപ്പോ എനിക്ക് വലിയ അതിശയമായിരുന്നു... "കത്തോ? എനിക്കോ? ആരുടെ? "എന്നീ ചോദ്യങ്ങള്‍ക്കൊപ്പം അന്നേറെ ആകാംക്ഷയോടെയാണ് അമ്മയുടെ കയ്യില്‍നിന്നും ഞാനതുവാങ്ങിയത്... 

നല്ല ഭംഗിയുള്ള ഒരു ഗ്രീറ്റിംഗ് കാര്‍ഡായിരുന്നു അത്... "എന്‍റെ മനസ്സില്‍ വിരിയുന്ന പൂക്കളെന്നും നിനക്കായ് മാത്രം" എന്നൊരു കുറിപ്പല്ലാതെ അയച്ച ആളെ തിരിച്ചറിയാവുന്നതരത്തില്‍ യാതൊന്നും ഇല്ലാത്ത ഒരു കാര്‍ഡ്‌... അതാരോ എനിക്കുതന്നൊരു പണിയായി തോന്നി... ആരീതിയിലെ ഞാനതിനെ കണ്ടുളൂ... പക്ഷെ ആദ്യാനുഭവമായതുകൊണ്ടോ എന്തോ എനിക്കതയച്ച ആളെ കണ്ടെത്തണം എന്നോരാഗ്രഹമുണ്ടായിരുന്നു... എന്നാലെനിക്ക് ആ കാര്‍ഡിന്‍റെ കവറിലെ പോസ്റ്റ്‌ഓഫീസ് സീലില്‍ നിന്നുകിട്ടിയ സ്ഥലപേരല്ലാതെ വേറൊന്നും അറിയില്ലായിരുന്നു... 

കിട്ടിയ സമയങ്ങളിലെല്ലാം പലരീതിയിലും പലവട്ടം ശ്രമിച്ചിട്ടും എനിക്ക് ആരെയും കണ്ടെത്താനായില്ല... ഒരുതരത്തില്‍ ഞാനവിടെയെല്ലാം തോല്‍ക്കുകയായിരുന്നു... എങ്കിലും ഞാനാകാര്‍ഡ്‌ സൂക്ഷിച്ചുവെച്ചു എന്നെങ്കിലും ആ ഒരാളെ കണ്ടെത്താനാവും എന്നൊരു വിശ്വാസത്തില്‍... അവിടുന്ന് കാലങ്ങള്‍ പിന്നിട്ടപ്പോഴും മനസ്സില്‍ ആ കാര്‍ഡ്‌ മായാതെകിടന്നിരുന്നു...

അങ്ങനെ നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം... ഇന്നലെ രാവിലെ ചാറ്റ് ബോക്സ്സില്‍ അവിചാരിതമായിവന്ന ഒരാള്‍ എന്നോട് "ഹായ്" എന്ന് പറഞ്ഞു... അവിടെ അയാള്‍ ഒരുപാട് പഴയ പരിജയം പറഞ്ഞുതുടങ്ങിയ ചാറ്റിംഗ്... ആളെ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ഒത്തിരി പാടുപെട്ടുവെങ്കിലും തിരിച്ചറിഞ്ഞപ്പോ ഞാനും സംസാരിച്ചുതുടങ്ങി... വിശേഷങ്ങള്‍ പറഞ്ഞു...

അങ്ങനെ കുറച്ചു സമയം നീണ്ടുനിന്ന ആ ചാറ്റിംഗില്‍ പെട്ടെന്ന് എന്‍റെ മറുപടികള്‍ക്ക് തെല്ലും കാത്തുനില്‍ക്കാതെ അവരവിടെ ടൈപ്പ് ചെയ്തുകൂട്ടിയ ആ വരികളില്‍ ഞാന്‍ ആ ഒരാളെ കണ്ടൂ... കാലങ്ങളായി എന്‍റെ ഉള്ളിലുള്ള ഒരു ചോദ്യത്തിന്‍റെ ഉത്തരമായിരുന്നു അത്... ഒട്ടും പ്രതീക്ഷിക്കാത്ത ആളാണലോ അതെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ "അത് നീയായിരുന്നോ?" എന്നൊരു അവിശ്വാസതയില്‍ ഒന്നിനും യാതൊരു മറുപടിയുമില്ലാതെ സ്തംഭിച്ചിരിക്കുകയായിരുന്നു ഞാന്‍...

ആവരികളിലൂടെ അവള്‍ പറഞ്ഞ "അന്ന് ഞാന്‍ തിരിച്ചറിയാതെപോയ അവളുടെ സ്നേഹം" അതെന്‍റെ കഴിവുകേടായി ഇന്നെനിക്കുതോന്നി... ഏറെ പറഞ്ഞ നഷ്ടസ്വപ്നങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊടുവില്‍ ഒരു യാത്രപറച്ചിലെന്നപോലെ "വൈകിയാണെങ്കിലും
 ഈ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍മതിയെനിക്ക്... ഇനി നമ്മളെവിടെയും കാണില്ല, എങ്കിലും എന്‍റെ സ്നേഹമുണ്ടാകും ഈ ജന്മംമുഴുവനും..." എന്നും പറഞ്ഞവള്‍ എവിടേക്കോ മാറിമറഞ്ഞുപോയി... ഒന്നും ഒന്നും ഉള്‍ക്കൊള്ളനാവാതെ ഒരു വിസ്മയലോകതെന്നപോലെ ആ വരികളില്‍ നോക്കിയിരുന്നു ഞാനാ നിമിഷങ്ങളിലെല്ലാം... കാലങ്ങളായുള്ള മനസ്സിലെ ഒരു കാത്തിരിപ്പിന്‍റെ അവസാനമായിരുന്നു അത്... അതവിടെ അവസാനിച്ചപ്പോ സത്യത്തില്‍ ഒരു വിഷമമായിരുന്നു...

അവള്‍ പറഞ്ഞപോലെ അന്നോരിക്കെപോലും അവളില്‍ അങ്ങനെ ഒരു ഭാവം ഞാന്‍ കണ്ടില്ല... ഒരു സൂചനപോലും എവിടെയും ഉണ്ടായില്ല... ചിലപ്പോഴോക്കെ ചില പ്രണയങ്ങള്‍ ഇങ്ങനെയുമാകും... അല്ലെങ്കിലും
 ഒരു അട്ട്രാക്ഷനുമപ്പുറത്തേക്ക് തോന്നുന്ന ആ ഒരു വികാരം അതാര്‍ക്ക് ആരോട് എപ്പോതോന്നും എന്നൊന്നും ആര്‍ക്കും പറയാനാവില്ലലോ... അപ്പോചിലപ്പോ നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മുടെ സ്നേഹം കണ്ടെന്നുവരില്ല... നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും... അങ്ങനെ അര്‍ത്ഥമില്ലാതെ പോകുന്ന പ്രണയങ്ങള്‍ എത്രയോകാണും... ഇനിയൊരു ജന്മമുണ്ടെങ്കിലെന്നു കൊതിച്ച മനസ്സുകളും കാണും... കാണാതിരിക്കില്ല!... അല്ലെ?.