" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Saturday, June 16, 2012

22. Once a-gain...

അമ്മയുടെ തണലില്‍നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയ ആ കൊച്ചു പ്രായത്തില്‍  "അറിവ്" എന്നത് ഉള്ളില്‍ ഒന്നുമില്ലാത്ത ഒരു കുടമായിരിക്കെ, "അറിവിന്‍റെ നിറകുടമായിതീരണേ" എന്ന പ്രാര്‍ത്ഥനയോടെയാവും അന്ന് വീട്ടുകാര്‍ പഠിക്കാന്‍ വിട്ടത്... അങ്ങനെ വിദ്യഭ്യാസത്തിനിറങ്ങി അറിവാകും മഹാസാഗരത്തില്‍ നിന്നും എന്തോക്കെ കോരിയെടുത്തു? എന്ന് ചോദിച്ചാല്‍ പറയാനും മാത്രം ഒന്നും  ഇല്ല... എന്തായാലും അന്നോത്തിരിപേര്‍ എന്നിലേക്കായി ഒത്തിരി കാര്യങ്ങള്‍ പകര്‍ന്നുതന്നു... പക്ഷെ എന്നിലെ അലസതയും അശ്രദ്ധയും ഒന്നും പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സമ്മതിച്ചില്ല... ഒരുകണക്കിനത് നന്നായി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ബുദ്ധിജീവിയോ മറ്റോ ആയിപോയെനെ...

ആദ്യാക്ഷരങ്ങള്‍ പറഞ്ഞ് പഠിപ്പിച്ചുതന്ന അമ്മതന്നെയാണ് ആദ്യത്തെ ടീച്ചര്‍... പിന്നെ കാലാനുശ്രിതമായി പലസ്ഥലങ്ങളിലായി പലപേരില്‍ ഒത്തിരി ടീച്ചര്‍മാര്‍... അവരെല്ലാം എനിക്ക് ചുറ്റും എനിക്ക് അറിയാതിരുന്ന ഒത്തിരി കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു, പഠിപ്പിച്ചുതന്നു... അതില്‍ പലകാര്യങ്ങളും എന്തിന് പഠിക്കുന്നുവെന്നോക്കെ അന്ന് തോന്നിയിരുന്നുവെങ്കിലും ഒന്ന് പാസ്സാകാന്‍ വേണ്ടി മാത്രമുള്ള പഠനമായിരുന്നു അന്നെല്ലാം... ഈ പഠിപ്പോന്നു കഴിഞ്ഞെങ്കില്‍ എന്നെപ്പോഴും ആശിച്ചിരുന്നോരു മനസ്സും, ഹോം വര്‍ക്ക്‌ ചെയ്യ്തു സഹായിക്കാന്‍ ഒരു കൂട്ടുകാരിയും കൂടിയായപ്പോള്‍ ഒരു കുഴിമടിയന്‍റെതായ എല്ലാ ലക്ഷണവും എന്നില്‍ തികഞ്ഞു...

പഠിപ്പിന്‍റെ ഒരു ഘട്ടം എത്തിയപ്പോ ഫിസിക്സ്‌ ആയിരുന്നു ഇഷ്ട്ട വിഷയം... അത് പഠിക്കാന്‍ എളുപ്പമായതുകൊണ്ടല്ലട്ടോ... അന്ന് എന്തോ മനസ്സില്‍ ടെക്നിക്ക്സിനോട്‌ തോന്നി തുടങ്ങിയ ഒരു താത്പര്യം, കാഴ്ച്ചയില്‍ കൗതുകം തോന്നിപ്പിച്ച എല്ലാത്തിനു പുറകിലെയും ടെക്നിക്കല്‍ വശങ്ങള്‍ അറിയാനുള്ള മനസ്സിന്‍റെ അതിയായ ഒരു ഒരു ആഗ്രഹത്തിന്‍റെ ഭാഗമായരുന്നു അത്... ആ ശ്രമങ്ങള്‍ക്കിടയില്‍ പലപ്പോഴും മനസ്സില്‍ ജനിച്ച സംശയങ്ങള്‍കെല്ലാം അന്ന് ഫിസിക്സില്‍ ഞാന്‍ ഉത്തരം കണ്ടു... ഇന്ന് എന്ത്കാര്യവും Wiki how പറഞ്ഞുതരും പോലെ... എന്തായാലും ആ വിഷയത്തോടുള്ള താത്പര്യം ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു...

ഇന്ന് കുറച്ചുമുമ്പ് ചെയ്ത ഒരു എസ്റ്റിമേറ്റില്‍ പലസ്ഥലങ്ങളിലും Ohm's Law യും Power Calculation സും ഉപയോഗിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു... പണ്ട് ഫിസിക്സ്‌ ക്ലാസ്സില്‍ അതെല്ലാം ആദ്യമായി പഠിച്ചതും, പഠിപ്പിച്ചുതന്ന ടീച്ചറെയും,   ക്ലാസ്സ്‌റൂമും എല്ലാം... പിന്നീടും പല ടീച്ചര്‍മാരും അതെല്ലാം വീണ്ടും പഠിപ്പിച്ചുതന്നുവെങ്കിലും അന്ന് ആദ്യമായി "ദീപ" ടീച്ചര്‍ പഠിപ്പിച്ചുതന്നതാ ഇന്നും ഓര്‍മ്മയില്‍... ടീച്ചര്‍ടെ "എടോ ലീഡറെ" എന്നുള്ള ആ വിളിയും, അന്നൊരിക്കല്‍ ബോര്‍ഡില്‍ Power Calculation ചെയ്യിച്ചപ്പോള്‍ തെറ്റിയതിനു അടികൊള്ളാന്‍ പോയതും എല്ലാം ഇന്നൊരു നിമിഷം ഞാനോര്‍ത്തുപോയി...

എന്തായാലും പണ്ട് പഠിച്ച പലകാര്യങ്ങളും വെറുതെയായിലെന്ന് ഞാനിന്നും തിരിച്ചറിഞ്ഞു... എനിക്ക് തോന്നുന്നു ചെറുപ്പത്തില്‍ എന്തെങ്കിലും ഒരു വിഷയത്തോട് തോന്നുന്ന അതീവ താത്പര്യം, അല്ലെങ്കില്‍ എന്തെങ്കിലും ഒന്നിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാനുള്ള ശ്രമങ്ങള്‍ അതിനെല്ലാം പിന്നീട് എന്നെങ്കിലും ഒരു അര്‍ത്ഥമുണ്ടാകും... അങ്ങനെ ജീവിതത്തില്‍ അതെല്ലാം ഉപകാരപെടുന്ന ആ നിമിഷങ്ങളില്‍ മനസ്സില്‍ ഇതുപോലെ പഴയകാല ഓര്‍മ്മകള്‍ തെളിയും... 

ഒരു സുഖമാണ് അത്തരം സഹാചര്യങ്ങള്‍ സമ്മാനിക്കുന്ന  ഓര്‍മ്മകള്‍ നിറഞ്ഞ നിമിഷങ്ങളില്‍...

Tuesday, April 17, 2012

21. Moments Comes true...

തനിച്ചായെന്ന തോന്നലുണ്ടാക്കിയ പ്രവാസത്തിന്‍റെ ആദ്യ നാളുകള്‍... പുതിയ ജീവിതശൈലികള്‍ തുടങ്ങിയ നിമിഷങ്ങള്‍... സ്വപ്നങ്ങളില്‍ ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയ കാലം... മള്‍ട്ടി നാഷണല്‍ കമ്പനികളെ അടുത്തറിയാന്‍ തുടങ്ങിയ കാലം... പുതിയ പുതിയ മോഹങ്ങള്‍ മനസ്സിലുദിച്ചു തുടങ്ങിയ കാലം... ഇനിയും പഠിക്കണം എന്നാദ്യമായി തോന്നാന്‍ തുടങ്ങിയ കാലം...

അന്ന് പലപ്പോഴും അതിരാവിലെ ഡ്യൂട്ടിക്ക് പോകാന്‍ റെഡിയായി ഇറങ്ങുമ്പോള്‍ സെമി സ്ലീപ്പര്‍ വോള്‍വോ കോച്ചുകളില്‍ QP സ്‌റ്റാഫുകള്‍ ഡ്യൂട്ടിക്ക് പോകുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്... വല്ലാത്ത ഒരു അസൂയയായിരുന്നു അന്നെനിക്ക് അവരോട്... അവരുടെ ആ പോസിഷനോട്... QP ലോഗോ പ്രിന്‍റ് ചെയ്യ്ത പെര്‍ഫെക്റ്റ്‌ യുണിഫോം... ദി മോസ്റ്റ്‌ വാല്യൂഡ് ഐടെന്‍ടിറ്റി ബാഡ്ജ്... സ്റ്റാന്‍ടെഡ് ഫെസിലിറ്റിസ്‌... അതെല്ലാം എല്ലാം എന്നെ ഏറെ കൊതിപ്പിച്ചിരുന്നു... അത് ചിലപ്പോ കയ്യില്‍ ഉള്ളതിനേക്കാള്‍ വലുത് അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ വേണമെന്ന മനുഷ്യ മനസ്സിന്‍റെ അടങ്ങാത്ത ആത്യാഗ്രഹമായിരുന്നിരിക്കാം...

അന്ന് വെറുതെയിരിക്കുമ്പോഴെല്ലാം QP യില്‍ ഒരു ജോലി കിട്ടാന്‍ എന്താ ചെയ്യ? എന്നായിരുന്നു ചിന്ത... "QP യില്‍ ഒരു ജോലി" അതെന്‍റെ ഉള്ളില്‍ ഒരു ആഗ്രഹമായി വളരുകയായിരുന്നു... പലരോടും ഞാന്‍ അവിടത്തെ അവസരങ്ങളെ പറ്റി അനേഷിച്ചു... ഇനിയും പഠിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ QP പോലെ ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്ന് അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു... ശ്രമങ്ങള്‍ക്കൊടുവില്‍ ഒന്നും നടക്കില്ലെന്നു മനസ്സിലായപ്പോള്‍ ആ ആഗ്രഹം മെല്ലെ ഉപേക്ഷിച്ചു... അതോടെ മനസ്സില്‍നിന്നും QP മായാന്‍ തുടങ്ങി...

നാളുകള്‍ കടന്നുപോയി... മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടപ്പോള്‍ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നു... സാഹചര്യങ്ങള്‍ മാറി... ജോലിയും ജോലിചെയ്യുന്ന നാടും കമ്പനിയും മാറി... ഇന്ന് രാവിലെ ഞങ്ങള്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ വഴിയരികില്‍ ഞങ്ങളെ വല്ലാതെ നോക്കിനില്‍ക്കുന്ന മറ്റു കമ്പനി സ്‌റ്റാഫുകളെ ഞാന്‍ ശ്രദ്ധിച്ചു... പണ്ട് QP സ്‌റ്റാഫുകളെ ഞാന്‍ നോക്കിനിന്ന അതേ നില്‍പ്പിലായിരുന്നു അവര്‍... ആ കണ്ണുകളിലൂടെ അവരുടെ മനസ്സ് അപ്പോ എനിക്ക് എളുപ്പം വായിക്കാന്‍ കഴിഞ്ഞിരുന്നു... സത്യത്തില്‍ ആ കൂട്ടത്തില്‍ ഒരു നിമിഷം ഞാന്‍ എന്നെ കണ്ടൂ... പണ്ട് എനിക്ക് തോന്നിയ അതേ ആഗ്രഹം ഇന്ന് അവര്‍ക്കും തോന്നിയിരികാം എന്നെനിക്ക് തോന്നി...

കാലം വരുത്തിയ മാറ്റങ്ങളാല്‍ ഞാന്‍ ഇന്ന് ഒരു മള്‍ട്ടി നാഷണല്‍ EPC കമ്പനിയിലെ സ്‌റ്റാഫാണെന്നും, പണ്ട് ഞാന്‍ ഇതുപോലൊരു ജോലി സ്വപ്നം കണ്ടിരുന്നുവെന്നും വര്‍ഷങ്ങള്‍ക്കുശേഷം ഇന്നത്‌ സംഭവി ച്ചിരിക്കുന്നു എന്നെല്ലാം അവരുടെ ആ ഒറ്റനോട്ടം ഇന്നെനിക്ക് മനസ്സിലാക്കിതന്നു... ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ് മനസ്സില്‍ നിന്ന് മഞ്ഞാലും കാലങ്ങള്‍ക്ക് ശേഷം അതെല്ലാം സഫലമാകും... അത് കാത്തിരുന്നാല്‍ കാണാം...

Friday, March 16, 2012

20. Trip to...

സ്കിക്ക്ദ... മഞ്ഞും മഴയും ഒരുപോലെ പെയ്യ്തിറങ്ങുന്ന ഒരു താഴ്വര... നോര്‍ത്ത് ആഫ്രിക്കയുടെ ഒരറ്റത്ത് മെഡിറ്ററെനിയന്‍ സീയെ ചുംബിച്ചുകിടക്കുന്ന ഒരു തീരം... ചുറ്റും മേഘപാളികള്‍ തഴുകി തലോടുന്ന മലനിരകള്‍... പച്ച പുല്‍മേടുകളും, പൂക്കളും, പഴങ്ങളും നിറഞ്ഞ ഒരു നാട്... കഴിഞ്ഞ ജനുവരിയില്‍ 18 മണിക്കൂര്‍ നീണ്ട എന്‍റെ ഒരു യാത്രയുടെ അവസാനം ഇവിടെയായിരുന്നു...

അന്ന് സൂര്യകിരണങ്ങള്‍ "Silver Mountains" എന്ന പ്രയോഗത്തെ സത്യമാക്കുന്നത് ഞാനിവിടെ കണ്ടൂ... മഞ്ഞു മൂടിയ മലനിരകള്‍ ആദ്യമായി നേരില്‍ കാണുകയായിരുന്നു ഞാന്‍... ആ കാഴ്ച എന്‍റെ കണ്ണുകളില്‍ ഏറെ കൗതുകം നിറച്ചു... മഞ്ഞുകണങ്ങള്‍ കയ്യില്‍ വാരിയെടുക്കുമ്പോഴും, മഞ്ഞുവീണ പാതയോരങ്ങളിലൂടെ നടക്കുമ്പോഴും ഞാന്‍ സ്വപ്നം കാണുകയാണോ? എന്നൊരു തോന്നലും... ഓറഞ്ച് തോട്ടങ്ങളും, പൂത്തു നില്‍ക്കുന്ന മുന്തിരി വള്ളികളും ഇവിടത്തെ സര്‍വ്വസാധാരണമായ കാഴ്ച്ചയായി എനിക്ക് തോന്നി... ഒട്ടുമിക്ക വീടിന്‍റെ മുന്നിലും മുന്തിരി വള്ളികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു...

സ്പെയിനും, പോര്‍ചുഗ്ഗലും, ഇറ്റലിയും, ഫ്രാന്‍സും, ജെര്‍മ്മനിയുമെല്ലാം ഇവിടെ വളരെ അടുത്താണ്... എല്ലാം ഫുട്ബാള്‍ രാജാക്കമാരുടെ സാമ്രാജ്യങ്ങള്‍... പണ്ട് ഇവിടം ഒരു ഫ്രഞ്ച് കോളനിയായിരുന്നു, അതുകൊണ്ടു തന്നെ ഇന്നും ഇവിടത്തുകാര്‍ ഒരു ഫ്രഞ്ച് സ്റ്റൈലിലാണ് ജീവിക്കുന്നത്... സംസാരവും ഫ്രഞ്ച് തന്നെ കൂടെ ഇത്തിരി അറബിക്കും... ഇവിടത്തെ കൊച്ചു കുട്ടികളാണ് ഏറ്റവും സുന്ദരം...  കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല അത്ര ഭംഗിയ... ചെബന്‍ മുടിയുള്ള പാവക്കുട്ടികളെ പോലെ... ഇനി ഇവരെ കണ്ടാണോ അതെല്ലാം ഡിസൈന്‍ ചെയ്തത് എന്നുവരെ തോന്നിപോയി... പത്ത് അക്കങ്ങള്‍ ഉള്ളതായിരുന്നു എല്ലാ വണ്ടികളുടെയും നമ്പര്‍ എന്നതും ഒരു കൗതുകമായിരുന്നു...

ലോകത്തിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നും അത് നേരില്‍ കാണാന്‍ കഴിയുമെന്നും ഞാന്‍ ഒരിക്കല്‍പോലും പ്രതീക്ഷിച്ചതല്ല... ഈ നാട്ടിലേക്ക് ഒരു ജോബ്‌ ഓഫര്‍ കിട്ടി വരുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ കണ്ട ഈ നാട് ഇങ്ങനെ അല്ലായിരുന്നു... ആഫ്രിക്ക- കറുത്ത വര്‍ഗ്ഗക്കാര്‍- കാട്- മൃഗങ്ങള്‍ അതോകെയായിരുന്നു മനസ്സില്‍... എന്നാല്‍ ഇവിടെ വന്നിറങ്ങിയ ആ നിമിഷം മുതല്‍ അതെല്ലാം മാറി മറയാന്‍ തുടങ്ങി...  അന്നെനെ ആദ്യം ഇവിടേക്ക് സ്വാഗതം ചെയ്ത ആ നല്ല തണുത്ത കാറ്റ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...

നാടിന്‍റെ ശാപമായ ദാരിദ്ര്യം അതെനിക്ക് തെറ്റിയില്ല... കാഴ്ച്ചയില്‍ തോന്നില്ല എങ്കിലും ഇവിടത്തുകാര്‍ ദരിദ്രരാണ്... ആ ദാരിദ്ര്യം കൊണ്ടാവാം മോഷ്ട്ടിക്കാനുള്ള പ്രവണത ഇവരുടെ ജന്മവാസനയാണ്... നാട്ടില്‍ വികസനം ഇഴഞ്ഞു നീങ്ങുന്നതുകൊണ്ട് ടെക്നോളജിയുടെ കാര്യത്തിലായാലും മറ്റേതു കാര്യത്തിലായാലും ഇവര്‍ പുറകിലാണ്... എന്നാലും പ്രകൃതി സൗന്ദര്യംകൊണ്ട് ഈ നാടൊരു സുന്ദരി തന്നെ...

Saturday, June 4, 2011

19. Back to School...

 

അങ്ങനെ മറ്റൊരു വേനലവധിയുമായി മെയ്‌മാസം വിടപറഞ്ഞു... ഇത്തവണയും ആര്‍ത്തിരമ്പുന്ന മഴയുമായാണ് ജൂണിന്‍റെ വരവ്... ആദ്യദിവസം തന്നെ ആദ്യമഴയെന്ന ആ പതിവ് ഇത്തവണയും തെറ്റിക്കാതെ ഇന്ന് നല്ല മഴയാണ്... വെന്തുണങ്ങിയ മണ്ണിലേക്ക് പെയ്യ്തിറങ്ങുന്ന പുതുമഴ... പണ്ട് ഈ മഴനനഞ്ഞ് സ്കൂളില്‍പോയിരുന്ന ആ കാലം ഞാന്‍ ഓര്‍ത്തു... നാളെ അതുപോലെ മറ്റൊരു അദ്യയനവര്‍ഷം തുടങ്ങുകയാണ്... കൂട്ടുകാര്‍ക്കൊപ്പം കളിയും ചിരിയുമായി ആര്‍ത്തുല്ലസിച്ചു നടന്ന ആ കുട്ടികാലം ഇന്നെനിക്കും ഒരു ഓര്‍മ്മ മാത്രം... ആ കാലത്തോടുംആ പ്രയത്തോടും ഇന്ന് അതിയായ കൊതിതോന്നിയപ്പോ വെറുതെ ഒരു യാത്ര വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പഠിച്ച ആ വിദ്യാലയത്തിലേക്ക്...

ഇന്നലെകള്‍ വരുത്തിയ മാറ്റങ്ങള്‍ പലതും ഞാന്‍ അവിടെ ശ്രദ്ധിച്ചു... അതില്‍ അധികവും പുതിയ കെട്ടിടങ്ങളുടെ   രൂപത്തിലായിരുന്നു... അവിടെ ഞങ്ങള്‍ക്ക് തണല്‍ വിരിച്ചിരുന്ന വലിയ മരങ്ങളില്‍ പലതും ഇന്ന് തീര്‍ത്തും അപ്രത്യക്ഷമായി കണ്ടപ്പോ ഉള്ളില്‍ എന്തോ ഒരു വിഷമം... പിന്നെ എല്ലാം അതുപോലെ തന്നെ... ഓഫീസ്സിനരികിലെ ആ കോറിഡോറിലൂടെ നടന്നപ്പോ "പണ്ട് ഞാനിതിലെത്രയോ നടന്നിരുന്നു" എന്നുഞാനോര്‍ത്തു... അവിടെനിന്നും നേരെ കാണുന്ന ആ ക്ലാസ്സ്‌റൂം അതിലാണ് ഞാനവിടെ അവസാനമായി പഠിച്ചത്... ഇന്ന് ആ ക്ലാസ്സ്‌റൂമിന് നേരെ നടക്കുമ്പോ എന്‍റെ  നെഞ്ചിടിപ്പിന്‍റെ താളം മാറുന്നതായി ഞാന്‍ ശരിക്കും അറിഞ്ഞു...

ആ വാതിക്കല്‍ ചെന്നുനിന്നപ്പോ പണ്ട് "May I Come In Teacher???" എന്ന് ചോദിച്ചുള്ള അതേ നില്‍പ്പിലാണ് ഞാനെന്ന് എനിക്ക് തോന്നി... ചാരികിടന്നിരുന്ന ആ വാതിലുകള്‍ മെല്ലെ തുറന്ന് അകത്തേക്ക് കടന്നു ചെല്ലവേ അവിടെ എനിക്ക് സുപരിചിതരായ ആ ബ്ലാക്ക്‌ ബോര്‍ഡും, ചുവരുകളും, ബെഞ്ചുകളും എന്നെ സ്വാഗതം ചെയ്യ്‌തു... ഇന്നും ഒരു മാറ്റമില്ലാതെ നില്‍ക്കുന്ന അവര്‍ എന്‍റെ വിശേഷങ്ങള്‍ തിരക്കി... കൂട്ടുകാരെ തിരക്കി... ആ ഓരോ നിമിഷവും എന്നോ കഴിഞ്ഞുപോയ ഒരുകാലം എന്‍റെ മനസ്സില്‍ മിന്നിമറയുകയായിരുന്നു... 

അവിടെ ഒഴിഞ്ഞു കിടന്നിരുന്ന ആ ബെഞ്ചുകളുടെ കൂട്ടത്തില്‍ എന്നെ മാടിവിളിച്ച ആ ഒരു ബെഞ്ചില്‍ ഞാന്‍ മെല്ലെ ചെന്നിരുന്നു... അവിടിരുന്നാണ് ഞാന്‍ എന്‍റെ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചത്... "ഞാന്‍" എന്ന ആ കുട്ടിയില്‍ നിന്നും ഇന്ന് ഞാന്‍ എത്രയോ മാറിയിരിക്കുന്നു എന്ന സത്യം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു... പണ്ട് ഞാന്‍ ആ ബെഞ്ചില്‍ കുറിച്ചിട്ട എന്തെങ്കിലും ഇന്നും അതിലുണ്ടോ എന്നു ഞാന്‍ വെറുതെ തിരഞ്ഞുനോക്കി... അതിനിടയില്‍ പലപ്പോഴും എനിക്ക് ചുറ്റും എന്‍റെ സഹപാഠികളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ഞാന്‍ ഒരേ സമയം അറിയുന്നുണ്ടായിരുന്നു... "അവരെല്ലാം ഇന്നെവിടെയാവും" എന്നായി ചിന്ത...

പിന്നെ  ഒത്തിരി ഓര്‍മ്മകള്‍ക്ക് നടുവില്‍ അവിടെ തനിച്ചിരുന്ന ഒത്തിരി നിമിഷങ്ങള്‍... സമയം കടന്നു പോയതറിഞ്ഞില്ല... ഒടുവില്‍ "ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍ ഞാന്‍ ഇനിയും വരാം" എന്ന വാക്കുകളാല്‍ ആ പ്രിയപ്പെട്ട ക്ലാസ്സ്‌റൂമിനോട് യാത്രപറഞ്ഞ്‌ ഞാന്‍ തിരികേ നടന്നു... ആരോ എന്നെ ആ വാതില്‍ക്കല്‍ വരെ യാത്രയാക്കാന്‍ വന്നപോലെ എനിക്ക് തോന്നി... എന്‍റെ എന്തോകെയോ ഇന്നും അവിടെ അവശേഷിക്കുന്നു എന്നൊരു തോന്നല്‍ അപ്പോഴും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു... 

ആ പടികള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു..."സ്കൂളും, മഴയും, മരങ്ങളും ഇന്നും ഇവിടെ അതുപോലുണ്ട്... പക്ഷെ ഞാനും, എന്‍റെ കൂട്ടുകാരും, ഞങ്ങളുടെ ടീച്ചര്‍മാരും ഇന്നിവിടെയില്ല... പകരം നാളെ പുതിയ കുട്ടികള്‍ വരും... പുതിയ പാഠങ്ങള്‍ പഠിക്കാന്‍... പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍മാരും കാണും... പിന്നെ അവരും ഈ വിദ്യാലയത്തോട് വിടപറയും... വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ഞാനിവിടെ വന്നപോലെ അവരിലാരെങ്കിലും ഒരുനാള്‍ വീണ്ടും ഇവിടെ വരാതിരിക്കില്ല..." കാരണം "ചില കാര്യങ്ങള്‍ ചിലര്‍ക്കെന്നും പ്രിയപ്പെട്ടതാണ്..." എനിക്കും..

Saturday, May 14, 2011

18. TakeOff Moments...

പ്രവാസ ജീവിതത്തിന്നൊരു ഇടവേള... ഡിസംബര്‍ അവസാനത്തിലെ ഒരു സൂര്യോദയത്തിന് സാക്ഷിയായി ഞാന്‍ ഇത്തവണ നാട്ടിലെത്തി... സ്വന്തം നാട്ടില്‍ ചെന്നിറങ്ങിയപ്പോഴുള്ള ആ സന്തോഷം ഹോ! അത് പറഞ്ഞറിയിക്കാനാവില്ല... കാലങ്ങള്‍ ഏറെയായി അകലെയായിരുന്ന പ്രിയപ്പെട്ടതെല്ലാം വീണ്ടും അരികില്‍... "പിക്ക്" ചെയ്യാന്‍ വന്ന അച്ഛനെയും, അമ്മയെയും അടുത്തു കണ്ടപ്പോ ശരിക്കും കണ്ണുനിറഞ്ഞു... അവര്‍ക്ക് വന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍ എന്‍റെ കണ്ണുകള്‍ തീരെ തയ്യാറാവുന്നില്ലായ്യിരുന്നു... 

എല്ലാം ഏറെ മാറിയിരുന്നു... നാടുതന്നെ ഒത്തിരി മാറിപോയി...അവര്‍ മാത്രമല്ല...കഴിഞ്ഞ ഒരു ചെറിയ കാലയളവിനുള്ളില്‍ ഇത്രയേറെ മാറ്റങ്ങള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... അതുകൊണ്ടാവാം "ഞാനെല്ലാതില്‍നിന്നും വേറിട്ടു നില്‍ക്കുന്നു" എന്നൊരു തോന്നല്‍ എന്നില്‍ നിറഞ്ഞു നിന്നിരുന്നു... കുറച്ച് സമയമെടുത്തു എല്ലാം ഒന്നിണങ്ങിവരാന്‍... അപ്പോഴേക്കും അവന്‍ എത്തി... അനിയന്‍... ഞങ്ങള്‍ തമ്മില്‍ കാണുന്നതും ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു...

അടുത്ത സുഹൃത്തുക്കള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായതിനാല്‍ ഏറെ നാളുകള്‍ക്കുശേഷം വീണ്ടും എല്ലാവരെയും ഒരുമിച്ച് കാണാന്‍ സാധിച്ചു... കഴിയാവുന്നത്ര ആഘോഷങ്ങളെല്ലാം അവര്‍ക്കൊപ്പം തന്നെയായിരുന്നു... കൂടെ അനിയന്മാരും ചേട്ടന്മാരും... പാതിരാത്രിയോളം ഉത്സവപറമ്പുകളില്‍ കറങ്ങിനടന്നു... ഒരുമിച്ച് ഭക്ഷണം കഴിച്ചു... കള്ളുകുടിച്ചു... ഒരു രാത്രിയില്‍ എല്ലാവരും കൂടിയിരുന്ന്‍ കോഴിയിറച്ചി ചുട്ടുതിന്നു ഒപ്പം ബിയറും ജിന്നും... പിന്നെ അവിടിരുന്ന് പഴയ ഓര്‍മ്മകള്‍ പങ്കിട്ടു... പുതിയ വിശേഷങ്ങള്‍ പറഞ്ഞു... അതിനിടയില്‍ ആരോ അനിയന്ന് "പോലീസ്ക്കാരന്‍" എന്നൊരു പേരും സമ്മാനിച്ചു... അങ്ങനെ ചിരിച്ചും കളിച്ചും ഒത്തിരി നിമിഷങ്ങള്‍... എല്ലാവരുടെയും ആ ഒരു ഒത്തുചേരല്‍ തന്നെയായിരുന്നു ആ ഓരോ നിമിഷത്തിനും മാറ്റുകൂട്ടിയത്...

ദിവസങ്ങള്‍ ഓരോന്നും കടന്നുപോകുന്നത് അറിഞ്ഞിരുന്നില്ല... അങ്ങനെ ഉത്സവങ്ങളും ആഘോഷങ്ങളും ആര്‍പ്പുവിളികളും കഴിഞ്ഞ് ഉത്സവപറമ്പും ഒഴിഞ്ഞു തുടങ്ങിയപ്പോ "എല്ലാം കഴിഞ്ഞു ഇനി അടുത്തതവണയാവാം" എന്നൊരു മനസ്സുമായിട്ടാവാം അനിയന്‍ തിരിച്ചുപറന്നു... അവനെ യാത്രയാക്കാന്‍ പോയിവരുമ്പോ ഞാന്‍ ഓര്‍ത്തു "എനിക്കും ഇനി ദിവസങ്ങളില്ല... അടുത്തു തന്നെ ഈ വഴിയിലൂടെ എനിക്കും തിരിച്ചു പോകേണ്ടതാണ്..." പിന്നെയുണ്ടായിരുന്ന എണ്ണപ്പെട്ട ദിവസങ്ങള്‍കൊടുവില്‍ "വിഷു"... കണികണ്ടും, പടക്കം പൊട്ടിച്ചും, ഇഷ്ട്ടവിഭവങ്ങള്‍ ഉണ്ടാക്കിയും വീട്ടുകാര്‍ക്കൊപ്പം വിഷു ആഘോഷിച്ചു...

അങ്ങനെ വിഷുനാളില്‍ അച്ഛനും അമ്മക്കുമൊപ്പം ഒരു നല്ല സദ്യ കഴിച്ച്, കൂട്ടുകാര്‍ക്കൊപ്പം ബാക്കിയുണ്ടായിരുന്ന പടക്കങ്ങളും പൊട്ടിച്ച്, ഒരു കുളിയും കഴിഞ്ഞ്, പെട്ടന്നൊരു ഒരുക്കവും കഴിഞ്ഞ്, ഞാന്‍ എന്‍റെ ബാഗുകളുമായി ഒരു യാത്രക്കൊരുങ്ങി... 110 ദിവസത്തെ അവധിക്കാലം കഴിഞ്ഞ് ഒരു മടക്കയാത്ര... ആരുടെയും മുഖഭാവങ്ങളില്‍ തെല്ലും ശ്രദ്ധകൊടുക്കാതെ "അപ്പോ ഇനി അടുത്ത വരവില്‍ കാണാം" എന്ന ഒറ്റ വാചകത്തില്‍ എല്ലാവരോടും യാത്രപറഞ്ഞു... പിന്നെ ഓരോനിമിഷവും പ്രിയപ്പെട്ട ഓരോന്നും എന്നില്‍നിന്നും അകലുകയായിരുന്നു...

ബോഡിംഗ് പാസ്സുമായി വെയ്റ്റിങ്ങിലിരിക്കുമ്പോ പുറത്ത് നല്ല മഴയും മിന്നലും... ഇനിയെന്ന ഇങ്ങനെ മഴകാണാന്‍ പറ്റുക എന്നായിരുന്നു അപ്പോ മനസ്സിലെ ചിന്ത... മഴമൂലം ഫ്ലൈറ്റ് ഡിലെ എന്ന് കേട്ടപ്പോ ഉള്ളില്‍ ഒരു ചെറിയ സന്തോഷം തോന്നി... പക്ഷെ അധികം വൈകാതെ ആ യാത്ര ആരംഭിച്ചു... "TAKEOFF" കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഒരു മയക്കം... 

"ഇന്നലെവരെ നാട്ടില്‍ നടന്ന സംഭവങ്ങളായിരുന്നു മനസ്സുമുഴുവന്‍" ഉറക്കമുണരുമ്പോള്‍ കടല്‍ കടന്ന് ഞാന്‍ മറ്റൊരു നാട്ടിലേക്ക് അടുത്തു തുടങ്ങിയിരുന്നു.. ലാന്‍ഡിംഗ് കഴിഞ്ഞ് ബാഗുമായി ഇറങ്ങുമ്പോ നല്ല ചൂടുകാറ്റ് എന്നെ സ്വാഗതം ചെയ്യ്തു "വരേണ്ടിയിരുന്നില്ല" എന്നുതോനിച്ചു... ഇന്നിപ്പോ ഇവിടെനിന്നും മറ്റൊരു "TAKEOFF" നുള്ള കാത്തിരിപ്പുമായി പ്രവാസികള്‍ക്കിടയില്‍ ഞാനും...

Thursday, March 17, 2011

17. എന്‍റെ ചങ്ങാതി...

ഇന്നെല്ലാവരും തിരക്കിലാണ്... ജോലിത്തിരക്ക്, വീട്ടിലെ കാര്യങ്ങള്‍, യാത്രകള്‍, പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍ അങ്ങനെ അങ്ങനെ ഒത്തിരി സംഭവവികാസങ്ങള്‍ നിറഞ്ഞതാണ് ഓരോരുത്തര്‍ക്കും ഓരോദിവസവും... അതിനിടയില്‍ വീണു കിട്ടുന്ന കൊച്ചു കൊച്ചു നിമിഷങ്ങള്‍... ഇങ്ങനെ എഴുതാനും, പാട്ട് കേള്‍ക്കാനും, കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കാനും, ഭാവിയെ സ്വപ്നം കാണാനും കിട്ടുന്ന സമയം... എന്നാല്‍ സാഹചര്യങ്ങള്‍ ഇപ്പോ അതിനും അനുവദിക്കാറില്ല...

തിരക്കിലായിരുന്നുവെങ്കിലും ഇന്നലെ അവന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ എല്ലാം മറന്ന് വര്‍ഷങ്ങള്‍ക്ക് പുറകിലെ ഞങ്ങളുടെ കുട്ടികാലത്തിലേക്ക് ഒരു യാത്രപോയി... ഇടിമിന്നല്‍ വേഗത്തില്‍ ഒരു യാത്ര... "ഓര്‍മ്മയുണ്ടോ നിനക്ക് നമ്മള്‍ ഒരുമിച്ചു പഠിച്ചകാലം?" അവന്‍റെ ആ ഒരു ചോദ്യം തന്നെ എന്നെ ഒരുപാട് കാര്യങ്ങള്‍ ഒര്‍മ്മപ്പെടുത്തി...

അന്ന് മഴനനഞ്ഞും അല്ലാതെയും സ്കൂളില്‍ പോകാന്‍ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍... അതിരാവിലെ ട്യൂഷന്‍ ക്ലാസ്സില്‍ ഒരേ ബഞ്ചില്‍ അടുത്തടുത്തിരുന്നു പഠിച്ചവര്‍... പിന്നെ സ്കൂളില്‍ അടുത്തടുത്ത ക്ലാസ്സില്‍... എപ്പോഴും മറന്നുപോകുന്ന ഹോം വര്‍ക്ക് ചെയ്യാന്‍ എന്നെ സഹായിച്ചിരുന്നവന്‍... പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ കൂട്ടുണ്ടായിരുന്നവന്‍... അങ്ങനെ എന്നും എന്തിനും ഏതിനും എപ്പോഴും കൂടെയുണ്ടായിരുന്നവന്‍... ഞങ്ങളെ എപ്പോഴും ഒരുമിച്ചു കാണുന്നതുകൊണ്ടാവം "നിങ്ങള്‍ സഹോദരങ്ങളാണോ?" എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്... പേരിലുമുണ്ടായിരുന്നു ആ ഒരു സാമ്യം... അന്നെന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവന്‍... 

പിന്നീട് സ്കൂള്‍ ജീവിതം അവസാനിച്ച്  എല്ലാവരും പലവഴിക്ക് പോയകൂട്ടത്തില്‍ ഞങ്ങളും അകന്നു... ഇന്നത്തെപോലെ മൊബൈലും ഒര്‍ക്കൂട്ടും വിരല്‍തുമ്പില്‍ ഇല്ലാത്തതിനാലാവാം ആ അകലം മെല്ലെ മെല്ലെ കൂടുകയായിരുന്നു... പിന്നെ തമ്മില്‍ യാതൊന്നും അറിയില്ല എന്നൊരവസ്ഥയിലെത്തി...

ഇന്ന് മറ്റൊരു രാജ്യത്ത് ഒരേ സിറ്റിയില്‍ അടുത്തടുത്ത് ഞങ്ങളുണ്ടെന്നറിയുന്നത് ഈയിടെയാണ്... അന്ന് ഞങ്ങളറിഞ്ഞില്ല ഇനി വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു രാജ്യത്താണ് തമ്മില്‍ കാണുകയെന്ന്... ഇന്ന് ഇടക്കുള്ള ആ വിളികള്‍ തന്നെ അതിയായ സന്തോഷം തരുന്നു... ഇന്ന് ഈ തിരക്കുകള്‍ക്കിടയിലും തമ്മില്‍ ഓര്‍ക്കുന്നു എന്നറിയുമ്പോഴുള്ള സന്തോഷം... മാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ ആ സൗഹൃദം ഇന്നും അതുപോലെ നിലനില്‍ക്കുന്നു എന്ന തിരിച്ചറിവില്‍ തോന്നുന്ന അതിയായ സന്തോഷം...

Monday, February 14, 2011

16. Valentine Moments...

ഇന്നെല്ലാവരും ജീവിതത്തിലെ കഴിഞ്ഞ പലകാര്യങ്ങളും ഓര്‍മ്മയില്‍ നിന്നും തീര്‍ത്തും മാഞ്ഞുവെങ്കിലും ആദ്യാനുരാഗത്തിന്‍റെ ആ നല്ല നാളുകള്‍ ഇന്നും അതുപോലെ ഓര്‍മ്മയിലുണ്ട്... ആഗ്രഹിച്ചാലും ഇല്ലെങ്കിലും അത് പലപ്പോഴും മനസ്സില്‍ തെളിഞ്ഞുവരും... പ്രത്യേകിച്ച് ഇന്നത്തെ ഈ ദിവസം... കാരണം ഇന്ന് വീണ്ടും ഒരു പ്രണയദിനമാണ്... പ്രണയിച്ചവരുടെ, പ്രണയിക്കുന്നവരുടെ, പ്രണയിക്കാന്‍ കൊതിക്കുന്നവരുടെ, അങ്ങനെ മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാവരുടെയും ദിവസം... Valentine's Day...

ഇന്നും Valentine's Day എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് ആ മുഖമാണ്... നിഷ്കളങ്കമായ  ചിരിയാണ്... പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ആദ്യമായി പ്രണയമനുഭവിച്ചറിഞ്ഞ ആ ഒരു കാലഘട്ടത്തിലെ ഒരു ദിവസമെങ്കിലും ഒന്ന് തിരികെവന്നെങ്കില്‍... അവളെ അതേരൂപത്തില്‍ ഒന്നൂടെ ഒന്ന് കാണാന്‍ കഴിഞ്ഞുവെങ്കില്‍... ഒരിത്തിരിനേരമെങ്കിലും അവളോട് മാത്രമായി ഒന്ന് സംസാരിചിരിക്കാന്‍  കഴിഞ്ഞുവെങ്കില്‍... പറയാനുണ്ടായിരുന്നു പറഞ്ഞാല്‍ തീരാത്തത്രയും കാര്യങ്ങള്‍... ഇതോന്നും ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങളാണെന്നറിയാം എങ്കിലും എന്നും കാണാന്‍ സുഖമുള്ള സ്വപ്നങ്ങളാണ് അതെല്ലാം... നിറങ്ങള്‍ നിറഞ്ഞ സ്വപ്നങ്ങള്‍... അല്ലെങ്കിലും പ്രണയത്തിന്‍റെ നല്ലോരുഭാഗം സ്വപ്നങ്ങളാണ്... സ്വപ്നങ്ങളിലാണ്... സ്വപ്നങ്ങള്‍ മാത്രമാണ്...

അങ്ങനെ എന്നോകണ്ട ഒരു സ്വപ്നത്തില്‍ നിന്നു കൊണ്ടാണ് ഞാന്‍ അന്ന് അവള്‍ക്ക് അവസാനമായി എഴുതിയത്... ""ഇനിയൊരു ജന്മങ്ങളുണ്ടെങ്കില്‍ നമുക്കിനിയും കാണാം... അന്ന് ഞാനുണ്ടാകും  സരയൂതീരത്ത്... മുന്‍ ജന്മങ്ങളിലെന്നപോലെ എന്‍റെ പ്രണയസാഫല്യത്തിനായി അന്നും നീയെന്നരികില്‍ വരുമെന്ന വിശ്വാസത്തില്‍ ഞാന്‍ അവിടെ കാത്തിരിക്കാം കാലമെത്രയായാലും നിനക്കായി മാത്രം... കാരണം എനിക്ക് ഇനിയും നിന്നെ പ്രണയിച്ച് കൊതിതീര്‍ന്നില്ല""... അങ്ങനെ അന്ന് ആ സ്വപ്നവാക്യങ്ങളില്‍ അവസാനിച്ചു ആ പ്രണയം... ഇന്നതെല്ലാം ഓര്‍മ്മകള്‍ മാത്രമാണ്... പുലര്‍കാല വേളയിലെ ഇളം മഞ്ഞുപോലെ കുളിരുന്ന ഓര്‍മ്മകള്‍...

Thursday, November 18, 2010

15. Radhaa-maadhavam...


രാധാമാധവം... പ്രാണയാര്‍ദ്രമായ ഒത്തിരി നിമിഷങ്ങള്‍ വരച്ചു കാട്ടിയ അതി മനോഹരമായ ഒരു CONCEPT... സുന്ദരമായ പ്രകൃതിയില്‍ ലയിച്ചു നില്‍ക്കുന്ന രാധയും മാധവനും... പ്രണയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍... ഹൃദ്യമായ പുഞ്ചിരി... പ്രിയങ്കരമായ ഒരു സാന്നിദ്ധ്യം... അവിടെ ഇണക്കത്തിന്‍റെയും, പിണക്കത്തിന്‍റെയും, വിരഹത്തിന്‍റെയും തന്മയ ഭാവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു... എല്ലാം അടുത്തറിഞ്ഞവര്‍ക്കും, അനുഭവിച്ചറിഞ്ഞവര്‍ക്കും എളുപ്പം മനസ്സിലാവുന്ന ഭാവങ്ങള്‍...
എല്ലാ കലാകാരന്മാരെയും ഇങ്ങനെ ഒരുപോലെ സ്വാധീനിച്ച  മറ്റൊരു CONCEPT ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... ഇന്നുവരെ നമ്മള്‍ കണ്ട ഓരോ കലാകരന്‍റെയും, കലാകാരിയുടെയും മനസ്സില്‍ എവിടെയെങ്കിലും ഒരു രാധയോ, ഒരു മാധവനോ കാണാതിരിക്കില്ല... കാരണം ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന കല എന്ന കഴിവിനെ സ്വയം ഉണര്‍ത്തുന്നത് പ്രണയമാണ്... എന്തിനും തനതായ രൂപം കൊടുക്കാന്‍ കഴിയുന്ന ഒരു മനസ്സിനെ പ്രണയം രൂപപ്പെടുത്തുന്നു... അതിനെയാകാം കലാകാരന്‍റെ  മനസ്സ് എന്നു പറയുന്നത്...

സത്യത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒരു സാങ്കല്പിക ലോകം മനസ്സില്‍ ജനിക്കുകയാണ്... അവര്‍ക്കുമാത്രം അറിയുന്ന, അവരുടെതുമാത്രമായ ആ ഒരു ലോകത്തില്‍ നിന്നുകൊണ്ട് പലതും കാണാനും, പലരീതിയില്‍ ചിന്തിക്കാനും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കുന്നു... അതുകൊണ്ട് തന്നെ അതിമനോഹരമായ സൃഷ്ട്ടികള്‍ക്ക് രൂപം കൊടുക്കാനും അവര്‍ക്ക് എളുപ്പം കഴിയുന്നു... അതൊരു ഗാനമാകാം... ഒരു ചിത്രമാകാം... ഒരു ശില്പ്പമാകാം... എന്ത് തന്നെയായിരുന്നാലും അവരുടെ ആ സൃഷ്ട്ടികളിലെല്ലാം പ്രാണയാര്‍ദ്രമായ ഒരു ഭാവം ഉണ്ടാവും...

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം എന്ന ആ അനുഭൂതി അനുഭവിച്ചറിയാന്‍ കഴിഞ്ഞുവെങ്കില്‍... ഒരു രാധയോ, ഒരു മാധവനോ ആകാന്‍ കഴിഞ്ഞുവെങ്കില്‍... എന്നും ഓര്‍ക്കാന്‍ നല്ല ഓര്‍മ്മകള്‍ തന്നെയായിരിക്കും ആ ഓരോ നിമിഷങ്ങളും... ഈ ലോകത്തോട്‌ വിടപറയുന്നതിനു തൊട്ടു മുമ്പുവരെ ഉള്ളില്‍ ഓര്‍മ്മകളായി അവശേഷിക്കുന്ന ആ നിമിഷങ്ങള്‍ തന്നെയാകാം ഒരുപക്ഷെ ഒരു പുഞ്ചിരിയോടെ അന്നും മനസ്സില്‍ തെളിയുന്നത്... ആ പ്രണയം സത്യമയിരുന്നുവെങ്കില്‍ മാത്രം...

Sunday, October 17, 2010

14. Evergreen Moments of...

നിനച്ചിരിക്കാതെ ഇന്ന് മരുഭൂമിയില്‍ വീണ്ടും "മഴ"... ഒരുപാട് കാലങ്ങള്‍ക്ക് ശേഷമെങ്കിലും ഇന്നിവിടെ ഈ പെയ്യുന്ന മഴയും എന്നില്‍ "നീ" യെന്ന ഓര്‍മ്മകള്‍ നിറക്കുന്നു... മനസ്സില്‍ എവിടെയോ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്ന ഒരുപിടി നല്ല ഓര്‍മ്മള്‍... ആ ഓര്‍മ്മകളിലെന്നും ഇതുപോലെ മഴയാണ്... അരികില്‍ എന്‍റെ എല്ലാമെല്ലാമായി നീയും... അനശ്വരമായ പ്രണയം തളിരിട്ട ആ നാളുകളിലെല്ലാം ഒരു പശ്ചാത്തല സംഗീതം പോലെ... ഹൃദ്യമായ ഒരു സിംഫണി പോലെ... മഴയെന്നും നിറഞ്ഞു നിന്നിരുന്നു...

മഴയെ ഞാനിത്രയേറെ സ്നേഹിച്ചിരുന്നില്ല, അന്നാദ്യമായി ആ പുതുമഴയില്‍ നിന്നെ കാണും വരെ... ഇരുളിന്‍റെ നിശബ്ദതയില്‍ പെയ്യ്‌തിറങ്ങുന്ന രാത്രിമഴ ഞാന്‍ അറിഞ്ഞിരുന്നേയ്യില്ല, അന്നുനിന്‍ പുഞ്ചിരിയെന്നില്‍ പതിയുംവരെ... പിന്നെ എനിക്കായി പെയ്യുന്നതായിരുന്നു ഓരോ മഴയും... അന്നെന്‍റെ സ്വപ്നങ്ങളിലും മഴ ഒരു താരമായിരുന്നു... പലരൂപത്തിലും, പല ഭാവത്തിലും അവിടെയും മഴ നിറഞ്ഞു നിന്നിരുന്നു... എന്നിലേക്ക് പുതിയ പുതിയ ശീലങ്ങള്‍ കടന്നുവന്ന കാലമായിരുന്നു അത്...

വെറുതെ മഴ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍... വിദൂരതയില്‍ പെയ്യ്‌തോഴിയുന്ന മഴയെ അറിയാതെ നോക്കിനിന്നുപോയ നിമിഷങ്ങള്‍... മഴയില്ലെങ്കിലും പുറത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... ഉറക്കമില്ലാത്ത രാത്രികളില്‍ മഴയുടെ കുളിരില്‍ ചൂടു ചായക്കൊപ്പം രാത്രിമഴയെ പ്രണയിക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍... എനിക്ക് വട്ടാണെന്ന് എനിക്കുതന്നെ തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... അങ്ങനെ അങ്ങനെ എല്ലാ രീതിയിലും പ്രണയം തലക്ക്‌ പിടിച്ച നാളുകള്‍...

സത്യത്തില്‍ പെയ്യ്‌തിറങ്ങുന്ന മഴയിലൂടെ ഞാന്‍ എന്നും പ്രണയിച്ചത് നിന്നെത്തന്നെയായിരുന്നു... നിന്‍റെ ചിരി... നിന്‍റെ സ്നേഹം... നിന്‍റെ വാശികള്‍... നിന്‍റെ പിണക്കങ്ങള്‍... അങ്ങനെ നിന്‍റെതായ എല്ലാ ഭാവങ്ങളും ഞാനന്ന് മഴയിലും കണ്ടു... ഒരു പക്ഷെ അതാകാം ഞാന്‍ മഴയെ ഇത്രയേറെ സ്നേഹിക്കാന്‍ കാരണം... ഇന്ന് നിന്‍റെ അഭാവത്തിലും ഒരു സാന്ത്വനം നിറഞ്ഞ തലോടലായി മഴയെന്‍റെ അടുത്തെത്തുന്നു... ആ നിമിഷങ്ങളിലെല്ലാം നിന്‍റെ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്...

ഇന്നും ഓരോ മഴയും എന്നിലെ നീയെന്ന ആ പ്രണയത്തിനെന്നും പുതുജീവന്‍ നല്‍കുന്നു... ഇന്ന് ഈ പെയ്യുന്ന മഴയിലും ഉള്ളില്‍ എവിടെയോ പ്രണയത്തിന്‍ നാമ്പുകള്‍ വീണ്ടും തളിര്‍ക്കുന്നതും ഞാനറിയുന്നു... ഇനിയും ഇങ്ങനെ മഴകാണാന്‍ കഴിയുന്ന കാലമത്രയും ആ പ്രണയം ഇതുപോലെ നിലനില്‍ക്കുമായിരിക്കും... മാറ്റങ്ങള്‍ക്ക് വഴിമാറാതെ... എന്നെന്നും നിത്യഹരിതമായി...

Saturday, September 18, 2010

13. Moments with Cronies...

ജീവിതത്തിലെ ചില നിമിഷങ്ങള്‍ നമുക്കെന്നും പ്രിയങ്കരമാണ്... അതില്‍ ഏറ്റവും മനോഹരം നമ്മുടെ അടുത്ത ഫ്രണ്ട്സിനൊപ്പം ചിലവഴിക്കുന്ന ആ നല്ല നിമിഷങ്ങള്‍ തന്നെയാണ്... എന്നും എപ്പോഴും നമ്മുക്കുചുറ്റും ഒരു പോസ്സിറ്റീവ് എനര്‍ജി ക്രിയേറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ് അവരെല്ലാം... അല്ലെങ്കില്‍ അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മാജിക്കാണ് അത്...

ഈ ലോകത്തില്‍ എവിടെ ചെന്നാലും നമ്മള്‍ അറിയുന്ന, നമ്മളെ അറിയുന്ന ഒത്തിരി ഫ്രണ്ട്സ് ഉണ്ടായിരുന്നുവെങ്കില്‍... അതൊരു വലിയ നേട്ടമായിരിക്കും എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... അത്രക്കൊന്നും ഇല്ലെങ്കിലും നാളിന്നുവരെ ഓരോ യാത്രയും, ഓരോ ജീവിത സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ച ഒത്തിരി സൗഹൃദങ്ങളുണ്ട്... എല്ലാം നല്ല ഫ്രണ്ട്സ്...

എനിക്ക് ഏറ്റവും നല്ല ഫ്രണ്ട്സ്സിനെ കിട്ടിയത് എന്‍റെ സ്കൂള്‍ ലൈഫില്‍ നിന്നാണ്... ചിലപ്പോ എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കാം... ലൈഫില്‍ ആരും ഒന്നും ആയിട്ടിലാത്ത ആ ഒരു പ്രായം... അന്ന് കണ്ടെത്തിയ സൗഹൃദങ്ങളാണ് കാലാനുശ്രിതമായി എല്ലാം മാറിയിട്ടും ഇന്നും ഒരു മാറ്റമില്ലാതെ നിലനില്‍ക്കുന്നത്... അവര്‍ തന്നെയാ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട്സ്... എനിക്ക് ആരോടെങ്കിലും ഒന്ന് മനസ്സുതുറന്ന് സംസാരിക്കമെങ്കില്‍ അത് അവരോടുമാത്രമാണ്... അവരോടുമാത്രം എന്തും തുറന്നു പറയാം... ഈ ലോകത്തിലെ എന്തിനെ കുറിച്ചും...

ഇന്ന് എത്ര അകലെയാണെങ്കിലും അവരെ ഓര്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ്... PEARS സോപ്പിന്‍റെ മണമുള്ള കൂട്ടുകാരനും, മുല്ലപൂ മണക്കുന്ന കൂട്ടുകാരിയും, എപ്പോഴും നഖം കടിക്കുന്ന കൂട്ടുകാരനും, എന്നെ കണ്ടാല്‍ പേടിയാകും എന്നു പറഞ്ഞ കൂട്ടുകാരിയും, കുസൃതി വിട്ടുമാറാത്ത കൂട്ടുകാരനും... അങ്ങനെ ആ ഓരോ മുഖങ്ങളും എന്നും ഓര്‍ക്കാന്‍ ഓരോരോ കാരണങ്ങള്‍...

ഇനിയെല്ലാവരും വീണ്ടും ഒത്തുചേരുന്ന "ഒരു ദിവസം" അതൊരു സ്വപ്നമാണ്... അത് സംഭവിക്കുന്ന ആ ഒരു ദിവസം ഇനിയും എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും... ആ നല്ല നിമിഷങ്ങളില്‍ എല്ലാവരുടെയും പ്രായം വീണ്ടും 15നു താഴെയായിരിക്കും... അന്ന് കാലം വരുത്തിയ മാറ്റങ്ങളെല്ലാം വഴിമാറും... കാരണം ബാല്യകാലം തിരിച്ചു കിട്ടുന്നത് ബാല്യകാല സുഹൃത്തിനെ കാണുമ്പോള്‍ മാത്രമല്ലേ???

Monday, August 16, 2010

12. Longing Moments...











ഇന്നാണ് ഈ പ്രവാസ ജീവിതത്തോട് എനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നിയ ദിവസം... ഉറക്കമുണരുമ്പോള്‍ അമ്മയെ കാണാതെ കരയുന്ന ഒരു കൊച്ചു കുട്ടിയുടെ മനസ്സുമായാണ് ഞാന്‍ ഇന്ന് രാവിലെ എഴുന്നേറ്റത്ത്... ഉറ്റവരെ ഒന്നുകാണാന്‍ മനസ്സാഗ്രഹിക്കുമ്പോ അതിനു കഴിയാതെ വരുന്ന ഒരവസ്ഥ... അയ്യോ അതൊരു വലാത്ത അവസ്ഥതന്നെയാണ്‌... 

ഇനി എന്നാ എല്ലാവരേം ഒന്നു കാണാന്‍ പറ്റുക???... അതിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കണം... അടുത്തെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഓടിച്ചെന്ന് കാണാമായിരുന്നു... പക്ഷെ ഇത് ഒരുപാട് അകലെയല്ലേ... ഒരു പക്ഷെ അതുകൊണ്ടാകാം ഉള്ളില്‍ എന്തോ ഒരു വലാത്ത വിഷമം... ഒന്നും മറ്റൊനിന്നു പകരമാവില്ലെന്ന ആ സത്യം ഇന്ന് വീണ്ടും എന്‍റെ മുന്നില്‍ വന്നു... എന്തും നമ്മളില്‍ നിന്ന് അകലുമ്പോഴാണല്ലോ "അതിത്രയും കാലം നമ്മുടെ കൂടെ ഉണ്ടായിരുന്നുവെന്നു" നമ്മള്‍ തിരിച്ചറിയുന്നത്... അപ്പോഴാ അതിന്‍റെയെല്ലാം വിലയറിയുന്നതും...  

ഇന്ന് അരികില്‍ ഇല്ലാത്തതിനോടെല്ലാം എനിക്കെന്തോ ഒരു വല്ലാത്ത കൊതിയാണിപ്പോ... അമ്മയെ കാണാന്‍ എപ്പോഴും ഒരു കൊതിയുണ്ട്... ചില ദിവസങ്ങളില്‍ അമ്മയുണ്ടാക്കുന്ന ദോശ തിന്നാന്‍ ഒത്തിരി കൊതി തോന്നാറുണ്ട്... പിന്നെ എന്‍റെ പള്‍സര്‍ ഓടിക്കാന്‍... ഫ്രണ്ട്സ്സിനോപ്പം കറങ്ങിനടക്കാന്‍... ചില സമയങ്ങളില്‍ നാട്ടില്‍ ഒരു കല്യാണം കൂടാന്‍ കൊതിതോന്നും... നല്ലൊരു സദ്യ കഴിക്കാം, ഒരുപാട് നിറങ്ങള്‍ ഒരുമിച്ചു കാണാം... നല്ല ചുരിദാറിട്ട പിള്ളേരെ കണ്ട കാലം മറന്നു... ഹാ... എല്ലാം വന്‍ നഷ്ട്ടങ്ങള്‍...

പിന്നെയുമുണ്ട് ഒത്തിരി കാര്യങ്ങള്‍... അച്ഛന്‍... അനിയന്‍... ഫ്രണ്ട്സ്... അങ്ങനെ എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്... അനിയനോട് വഴക്കിടാന്‍ നല്ല രസായിരുന്നു... ഇപ്പോ അതും പറ്റുന്നില്ല... എല്ലാം സ്വന്തമായുള്ളവനോട് "ഒന്നും ഉപയോഗിക്കരുത്" എന്നു പറഞ്ഞു വിലക്കിയപോലാ എന്‍റെ ഇപ്പോഴത്തെ ഒരവസ്ഥ... ഇവിടിങ്ങനെ എന്തോക്കെ സൗകര്യങ്ങളുണ്ടായിട്ടും എന്താ കാര്യം... ഒന്നും മറ്റൊന്നിനു പകരമാവില്ലല്ലോ?.....

Monday, July 12, 2010

11. Moments of Reminiscence...

ഉത്തരവാദിത്തങ്ങള്‍ എന്തെന്നറിഞ്ഞിട്ടില്ലാത്ത, സ്വപ്നങ്ങളെ മാത്രം സ്നേഹിച്ചിരുന്ന ഒരു പ്രായത്തിലാണ് ഞാന്‍ അവളെ കാണുന്നതും പരിജയപ്പെടുന്നതും... ഒരുപാട് ഇഷ്ടടമായിരുന്നെനിക്ക് അവളെ... ഒരു നല്ല സൗഹൃദത്തിനപ്പുറം പ്രണയം എന്ന വികാരത്തെ ഞാന്‍ അടുത്തറിയുന്നത് അവളിലൂടെയായിരുന്നു... ഒരു പക്ഷെ അതുകൊണ്ടാകാം വര്‍ഷങ്ങള്‍ കടന്നുപോയിട്ടും മനസ്സില്‍ എവിടെയോ ഇപ്പോഴുമുണ്ട് അവള്‍... അതെ രൂപത്തില്‍... അതെ ഭാവങ്ങളില്‍...

എന്നാല്‍ ഇന്ന് യാഥാര്‍ത്യങ്ങള്‍ക്ക് നടുവില്‍ അവയോടു മല്ലിട്ടാണെന്‍റെയും ജീവിതം, അതിനിടയില്‍ ഇതിനൊന്നും യാതൊരു പ്രസക്തിയും ഇല്ലായിരിക്കാം... എങ്കിലും എന്തോ ആ ഓര്‍മ്മകളോട് അങ്ങനെ തീര്‍ത്തും ഗുഡ്ബൈ പറയാനാവുന്നില്ല... ഇന്നും ചില നിമിഷങ്ങളില്‍ അവള്‍ എന്ന ആ നല്ലോര്‍മ്മകള്‍ എന്നെ തേടിയെത്താറുണ്ട്... പ്രവാസത്തിലെ ഉറക്കമിലാത്ത രാത്രികളില്‍ പലപ്പോഴും അവ എന്നെ വേട്ടയാടുന്നു...

എന്നിരുന്നാലും ഒരു സുഖം തന്നെയാണ് പണ്ടെന്നോ മരുഭൂമിയില്‍ പെയ്തൊഴിഞ്ഞ ആ നല്ലൊരു മഴയെകുറിച്ചോര്‍ക്കാന്‍... അതിനുമപ്പുറം നല്ലൊരു പ്രജോദനമാണ് കള്ളുകുടിക്കാന്‍... അവള്‍ എന്ന എന്നിലെ ഒരു നഷ്ട്ടബോധവും, അവള്‍ എന്ന എന്‍റെ നടക്കാതെപോയ സ്വപ്നവും... ഒരു പാവം നിരാശാകാമുകന്‍റെ റോള്‍... ഹി..ഹി...ഹി...കാലം എത്ര മാറിയാലും ആര്‍ക്കായാലും എപ്പോഴായാലും വെള്ളമടിക്കാന്‍ ഇതിലും നല്ലൊരു പ്രജോദനം വേറെ എന്താടോവേ?

Saturday, June 5, 2010

10. Lovely Moments in Rain...











ഒരു ജൂണ്‍ ഫസ്റ്റ്... നല്ല മഴ... പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണമായിരുന്നു അന്നു ചുറ്റും... മഴയുടെ കുളിരുന്ന തണുപ്പും ആസ്വദിച്ച്, ആരവത്തോടെ പെയ്യ്തിറങ്ങുന്ന ആ മഴയെ ഏറെ കൗതുകത്തോടെ നോക്കി നില്‍ക്കവേ... ആ നനുത്ത മഴത്തുള്ളികള്‍ക്കിടയിലൂടെ അന്ന് ഞാന്‍ അവളെ ആദ്യമായി കണ്ടു... കൂട്ടുകാരിക്കൊപ്പം ഒരു കുടക്കീഴില്‍ മഴനനയാതെ വരികയായിരുന്നു അവള്‍...

ഒരു റെഡ് ബാഗും കെട്ടിപ്പിടിച്ച്, കൊറിഡോറിലൂടെ കണന്‍കാലിലെ കൊലുസ്സുകളുടെ മൃദുതാളവുമായി അവള്‍ അന്നെന്‍റെ അരികിലൂടെ കടന്നുപോയി... ചന്ദനകുറിയിട്ട, മുല്ലപൂച്ചൂടിയ ഒരു സുന്ദരിക്കുട്ടി... ആ ചിരിയോ "ഹോ" എന്നാ സ്റ്റൈലായിരുന്നു... അവളറിയാതെ ഞാന്‍ പോലുമറിയാതെ ഒരു രാത്രി മഴപോല്‍ അവള്‍ അന്നെന്‍റെ ഉള്ളില്‍ പെയ്യ്തിറങ്ങി...

പിന്നെ പിന്നെ അവളെ കാണാന്‍ വേണ്ടിയായിരുന്നു എന്‍റെ ഓരോ പകലും... എന്നും എപ്പോഴും എവിടെയും അവളെ തിരയുകയായിരുന്നു എന്‍റെ കണ്ണുകള്‍... കാണുന്ന ഓരോ നിമിഷവും അവള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാവുകയായിരുന്നു... അരികില്‍ വന്നപ്പോഴെല്ലാം ആ കഥപറയുന്ന കണ്ണുകളോട് ഞാന്‍ എന്തൊകെയോ പറയാന്‍ ശ്രമിച്ചിരുന്നു... അങ്ങനെ അങ്ങനെ അടുത്തറിയും മുമ്പേ... അടുത്തു സംസാരിക്കും മുമ്പേ... ആരാരുമറിയാതെ കണ്ണുകള്‍ തമ്മില്‍ പറഞ്ഞു എല്ലാം... എല്ലാം...

പിന്നീട് ആ ഭാവങ്ങളില്‍... ആ ചിരിയില്‍... ആ കണ്ണുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു മാറ്റം അത് എന്‍റെ പ്രണയമായിരുന്നു... ഒരു മഴക്കാലം എനിക്ക് സമ്മാനിച്ച, മഴയെക്കാള്ളും സുന്ദരമായ പ്രണയം... My First Love...

Sunday, May 9, 2010

9. Annual Moments of...














ഇന്ന് വാര്‍ഷികമാണ്... ഈ മരുഭൂമിയിലേക്ക് ഒത്തിരി സ്വപ്നങ്ങളുമായ് ഞാന്‍ പറന്നിറങ്ങിയ ദിവസം... അങ്ങനെ ഒട്ടകങ്ങളുടെയും ഈന്തപ്പനകളുടെയും സ്വന്തം നാട്ടില്‍ ഞാന്‍ വീണ്ടുമൊരു വര്‍ഷംകൂടി പിന്നിടുന്നു...

എന്നും ഒരേ ടൈം ടേബിള്‍ ഫോളോ ചെയ്യുന്ന ഈ ലൈഫിനോട്‌ എനിക്ക് എന്തോ ഒരു വെറുപ്പ് തോന്നാന്‍ തുടങ്ങിയിട്ടുണ്ട്... അമ്മ പറയാറുള്ളപോലെ ഞാന്‍ ഇപ്പോ ഒരു കുഴിമടിയനായി മാറിയിട്ടുണ്ടോ? എന്നൊരു സംശയവും ഇല്ലാതില്ല... കാരണം ഈയിടെയായി പലപ്പോഴും പിക് ചെയ്യാന്‍ വരുന്ന കാറിന്‍റെ ഹോണ്‍ ആയിട്ടുണ്ട് എന്‍റെ ഉണര്‍ത്തുപാട്ട്...

ഈ എണ്ണ പാടങ്ങളുടെ നടുവില്‍ ഇരുപതും, മുപ്പതും വര്‍ഷങ്ങള്‍ ജീവിച്ച പ്രവാസികളെ സമ്മതിക്കണം... എന്നും ഒരേ ടൈമില്‍ എഴുനേല്‍ക്കുന്നു... ഒരേ വാഹനം... ഒരേ വഴികള്‍... ഒരേ മുഖങ്ങള്‍... ഒരേ ജോബ്‌... "ഹോ" എനിക്ക് മതിയായി... സ്വന്തം നാടിന്‍റെയും വീടിന്‍റെയും വിലയറിയുന്നത് ശരിക്കും ഇപ്പോഴാ... ഹരിതാഭമായ നമ്മുടെ നാടുതന്നാ ഏറ്റവും സുന്ദരം... പക്ഷെ അതുതിരിച്ചറിയണമെങ്കില്‍ ഇവിടെ വരണം...

എന്തായാലും ഇവിടെ വന്ന ശേഷം ആ ഒരു സത്യം ഞാന്‍ അനുഭവിച്ചറിഞ്ഞു... "Gods Own Country" അത് നമ്മുടെ കൊച്ചു കേരളം തന്നാണെ... അതിനിനി ആരൊക്കെ എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും അത് അതുതനാ.....

Tuesday, April 20, 2010

8. Cute Moments of...














പലപ്പോഴും ജീവിതത്തിന്‍റെ ഇന്നലെകളിലേക്ക് തിരികെ പോകാന്‍ തോന്നാറുണ്ട്... ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെവരെയെത്തിയതെങ്കിലും മനസ്സിലോരാഗ്രഹം എല്ലാം ഒന്നു തിരികെ വന്നെങ്കില്‍... മനസ്സിലെ ആ ഒരു ആഗ്രഹത്തിന് തീവ്രതയേറുമ്പോ മനസ്സിലൂടെ തന്നെ ഒരു മടക്കയാത്ര... അല്ലാതെ അതിന് വേറൊരു വഴിയില്ലലോ...

ആ യാത്ര ചെന്നുനില്‍ക്കുന്നത് ഞാന്‍ എന്ന ഒരു കൊച്ചു വാവയിലാണ്... അമ്മ എന്നെ എടുത്തു നടന്നിരുന്ന ആ ഒരു പ്രായം... നിലത്തു വയ്ക്കാതെ അമ്മ എന്നെ ലാളിച്ചും കൊഞ്ചിച്ചും കൊണ്ടുനടന്ന കാലം... അന്ന് അച്ഛന്‍റെ വിരല്‍ തുമ്പില്‍ പിടിച്ച് ആദ്യമായി പിച്ചവച്ച നാളുകള്‍... ഇടറി വീണ നിമിഷങ്ങള്‍... അച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍... അമ്മയുടെ സാരിതുമ്പില്‍ പിടിച്ചു നടന്ന വഴികള്‍...

മുട്ടിലിഴയാന്‍ തുടങ്ങിയ പ്രായത്തില്‍ LIFEBOUY സോപ്പ് എനിക്ക് വലിയ ഇഷ്ടടമായിരുന്നുവെന്ന്‌ അമ്മ പറയാറുണ്ട്... കണ്ണുതെറ്റിയാല്‍, അപ്പോ സോപ്പ് എടുത്തു തിന്നുമായിരുന്നത്രേ... സോപ്പ് മാത്രമല്ല, എന്നാലും സോപ്പായിരുന്നു ഏറ്റവും ഇഷ്ട്ടം... അതുകൊണ്ടുതന്നെ അന്ന് അമ്മ എപ്പോഴും എന്‍റെ പുറകെയായിരുന്നു... ആ കുസൃതി ചെക്കനെകൊണ്ട് അമ്മ തോറ്റുകാണും... എന്തായാലും "LifeBouy is the secret of my energy"... ഒരുപാട് കഴിച്ചിട്ടുണ്ടെന്നാ പറഞ്ഞുകേട്ടത്...

ഇന്നും ആ പ്രായത്തിലെ എന്‍റെ ഫോട്ടോ കാണുമ്പോള്‍ കൊതിയാകും... "ഈശ്വര ഇത് ഞാന്‍ തനെയാണോ" എന്നു മനസ്സു ചോദിക്കുമെങ്കിലും അസൂയ തോന്നാറുണ്ട് ആ എന്നോട്... എന്നും എപ്പോഴും അമ്മ അരികിലുണ്ടാകും... നേരാ നേരത്തിനു ഭക്ഷണം അതും അമ്മ വാരി വായില്‍ വച്ചുതരും... പിന്നെ സുഖനിദ്ര... അപ്പോഴും ആരും ശല്യം ചെയ്യാതെ അമ്മ നോക്കും... അങ്ങനെ എന്നും എപ്പോഴും അമ്മയുടെ അരികില്‍... ആ തണലില്‍...

അന്നാദ്യമായി ഗുരുവായൂരില്‍ എനിക്ക് ചോറുതരാന്‍ പോയപ്പോ അമ്മ എന്‍റെ കൊച്ചു കൈകള്‍ കൊണ്ട് മഞ്ചാടി വാരിച്ചു... അന്നുരാത്രി എന്‍റെ ഉറക്കത്തില്‍ നിവര്‍ന്നിട്ടില്ലാത്ത എന്‍റെ കൊച്ചു കൈ അമ്മ നിവര്‍ത്തിനോക്കിയപ്പോ രാവിലെ വാരിയ മഞ്ചാടിയില്‍ ഒരെണ്ണം അപ്പോഴും എന്‍റെ ഉള്ളം കയ്യിലുണ്ടായിരുന്നുവെന്ന്‌ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്... അറിയാതെ കയ്യില്‍ പെട്ടുപോയതാവും എന്നാലും എത്ര അതിശയതോടെയ അമ്മ അതിപോഴും പറയുന്നെ... അത് കേട്ടിരിക്കാനും ഒരുസുഖാ...

അന്നെനിക്ക് സ്നേഹം വാരികോരിതരാനും ലാളിക്കാനും ചുറ്റിലും ഒരുപാടു പേരുണ്ടായിരുന്നു... എല്ലാം ഓര്‍ക്കുമ്പോ വലുതാവേണ്ടിയിരുന്നില്ല എന്നു തോന്നും... അങ്ങനെയെങ്കില്‍ അച്ഛനും അമ്മയും ഇന്നും ചെറുപ്പമായിരുന്നെനെ... ഇന്ന് കൊതിതോനുന്നു എന്‍റെ ആ പ്രായത്തോട്... ശരിക്കും.....

Saturday, March 20, 2010

7. Weak Moments of Weekend...














ഒരേ അച്ചില്‍ വാര്‍ത്തപോലുള്ള ദിവസങ്ങള്‍ക്കുശേഷം ഇന്നലെ വീണ്ടും ഒരു വീക്ക്‌-എന്‍ഡ്... പ്രവാസികളുടെ ഉറക്കമിലാത്ത ഒരു രാത്രികൂടി കടന്നുപോയി... പ്രിയപ്പെട്ട "ബാകാര്ടി" ആയിരുന്നു ഇന്നലത്തെ താരം... കളിയും, ചിരിയും, കഥയും, കഥനകഥയും, പിന്നെ ഇത്തിരി ഫീലിങ്ങ്സും, ഒടുവില്‍ ഒരു കരച്ചിലും... അങ്ങനെ പതിവുപോലെ നേരം പുലരുവോളം നീളുന്ന ആഘോഷം... ഒരു കമ്പനിക്ക് ശകലം ഞാനും കഴിച്ചു... പിന്നെ കഴിക്കാവുന്നത്രയും കഴിച്ചു... ഇന്നലെ ആ നല്ല മൂഡില്‍ പറഞ്ഞ കഥകളും, പാടിയ പാട്ടുമെല്ലാം ബാകാര്ടി സ്പോണ്‍സര്‍ ചെയ്യ്തതായിരുന്നു...

എല്ലാം പറഞ്ഞും കേട്ടും സമയം പാതിരാത്രി പിന്നിട്ടപ്പോഴേക്കും പലരും ഉറക്കത്തിലേക്ക്‌ വീണു തുടങ്ങിയിരുന്നു... അങ്ങനെ നേരം പുലരാറായപ്പോഴേക്കും പാട്ടും, കഥകളും, ഒപ്പം ബാകാര്ടിയും തീര്‍ന്നു... പിന്നെ അവിടന്നങ്ങോട്ട്‌ കത്തിവക്കാന്‍ ആരെയും കിട്ടാതായപ്പോ ഞാന്‍ മെല്ലെ മൊബൈലിലെ എന്‍റെ ഇഷ്ട്ടഗാനങ്ങളെ ശരണം പ്രാപിച്ചു... അതില്‍നിന്നും ഒഴുകിയെത്തിയ ഓരോ പാട്ടിനും, ഓരോ വരികള്‍ക്കും കാതോര്‍ത്ത്, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി ഞാന്‍ അങ്ങനെ അവിടെ കിടന്നു...

ആ മിന്നിമറയുന്ന താരങ്ങള്‍ എന്നോടെന്തോക്കെയോ ചോദിച്ചു... അതിനെല്ലാം ഞാന്‍ എന്തോക്കെയോ മറുപടിയും പറഞ്ഞു... അതിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ആ ഒരു പാട്ട് എന്‍റെ തലക്കടിച്ചു... അതോടെ മനസ്സിടറി... വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടതും, പിന്നിട്ട വഴികളില്‍ എന്നോ മറന്നുവെന്നു ഞാന്‍ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ അവളുടെ മുഖമായിരുന്നു പിന്നെ മനസ്സില്‍... ആ ശബ്ദം... ആ ചിരി... ആ കണ്ണുകള്‍... ആ ഭാവങ്ങള്‍... എല്ലാം മനസ്സില്‍ അങ്ങനെ നിറഞ്ഞു നിന്നു...

പെട്ടെന്നൊരു മിസ്സ്‌കോള്‍... ബോസ്സായിരുന്നു... "പോയി കിടന്നുറങ്ങടാ" എന്നാ ഈ മിസ്സ്‌കോളിന്‍റെ അര്‍ത്ഥം... "ഈശ്വര ഇയാള്‍ക്കും ഉറക്കമില്ലേ" എന്നു ഞാന്‍ മനസ്സിലോര്‍ത്തു... ഫിറ്റാകുമ്പോ മാത്രം കാടുകയറുന്ന ഓര്‍മ്മകളോട് വീണ്ടും ഗുഡ്ബൈ പറഞ്ഞു കൊണ്ട്, പുലരാന്‍ തുടങ്ങുന്ന വേളയില്‍ ഉറങ്ങാന്‍ ഞാന്‍ റൂമിലേക്ക്‌ നടന്നു...

Sunday, February 14, 2010

6. Colourful Moments of...














എന്‍റെ കയ്യില്‍ ഒരു PEARL ഉണ്ടായിരുന്നു... വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതോ ഒരു സുന്ദരനിമിഷം എനിക്ക് സമ്മാനിച്ച ഒരു PRECIOUS PEARL... മറ്റെവിടെയും കണ്ടിട്ടിലാത്ത എന്തോക്കെയോ പ്രത്യേകതകള്‍ ഞാന്‍ അതില്‍ കണ്ടു... അതുകൊണ്ട് തന്നെ എന്‍റെ എല്ലാമെല്ലാമായി ഞാന്‍ അതിനെ എന്‍റെ ഉള്ളംകയ്യില്‍ സൂക്ഷിച്ചു... കുട്ടിക്കാലത്ത് പുസ്തകതാളിനിടയില്‍ സൂക്ഷിച്ചുവച്ച ഒരു മയില്‍പീലിയെന്നപോലെ ഒരുപാട് ലാളിച്ചും, കൊഞ്ചിച്ചും ഒരു നിധിപോലെ കാത്തു... കാരണം ഞാന്‍ അതിനെ അത്രയേറെ സ്നേഹിച്ചിരുന്നു...

ഒരുകാലത്തെ എന്‍റെ സ്വപ്നങ്ങളുടെ നിറക്കൂട്ടായിരുന്നു അത്... അതിലൂടെയാണ് ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചത്... നിറങ്ങളെ ശ്രദ്ദിക്കാനും സ്നേഹിക്കാനും പഠിച്ചു... പാട്ടുകളുടെ ജീവന് കാതോര്‍ക്കാനും, അവയെ മനസ്സില്‍ താലോലിക്കാനും പഠിച്ചു... മുല്ല പൂവിന്‍റെ സുഗന്ധം അടുത്തറിഞ്ഞതും, പൂക്കള്‍ക്കാണ്‌ ഈ ഭൂമിയില്‍ ഏറ്റവും സൗന്ദര്യം എന്നു തിരിച്ചറിഞ്ഞതും അന്നാണ്...

മഴക്ക് ഇത്രയേറെ ഭംഗിയുണ്ടെന്നറിയുന്നതും, രാത്രി മഴയെ പ്രണയിക്കാന്‍ തുടങ്ങിയതും അന്നുതന്നെ... ചില കാര്യങ്ങള്‍ പറഞ്ഞറിയിക്കാനാവില്ലെന്നും, എന്നാല്‍ കണ്ണുകള്‍ക്ക്‌ മറ്റാരുമറിയാതെ തമ്മില്‍ സംസാരിക്കാന്‍ കഴിവുണ്ടെന്നും അന്നുഞാന്‍ മനസ്സിലാക്കി... നിറമാര്‍ന്ന ഒരുപാട് നിമിഷങ്ങള്‍ അതെനിക്ക് സമ്മാനിച്ചു... കൂടെ ഒത്തിരി സ്വപ്നങ്ങളും... ഒടുവില്‍ ഒരുനാള്‍ "വിരഹം" എന്താണെന്നും അതിലൂടെ ഞാന്‍ അറിഞ്ഞു...

എന്നാല്‍ ഇന്ന് അതെല്ലാം എന്നോകണ്ട ഒരു നല്ല സ്വപ്നംപോലെ തോന്നുന്നു... ഓര്‍മ്മയില്‍ എവിടെയോ മായാതെ കിടക്കുന്ന എന്‍റെതു മാത്രമായ ഒരു പിടി സ്വപ്നങ്ങള്‍... എങ്കിലും നീ അറിയുന്നുവോ... ഇന്ന് ഈ ദിവസം ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു... ഒരുപാട്... Because today "Valentine's Day".....

Saturday, January 16, 2010

5. Crazy Moments of...














ഇന്നലെ ആദ്യ സിപ്പില്‍ ഞാന്‍ എന്നെ ഓര്‍ത്തൊന്ന് ചിരിച്ചു. കാരണം കഴിഞ്ഞ ദിവസം ഞാന്‍ എല്ലാം നിർത്തിയതായിരുന്നു എന്നിട്ട് ദാ ഇപ്പോ വീണ്ടും... "നീ നന്നാവില്ല" എന്ന് മനസ്സ് പറഞ്ഞു...

ചെറുതോരണ്ണം ഫിനിഷ് ചെയ്തപ്പോൾ പരിചയമില്ലാത്ത ആ നീല ബോട്ടിലിന്‍റെ ലേബല്‍ നോക്കി ഞാന്‍ പറഞ്ഞു "കൊള്ളാം"... 

2nd ഫിനിഷ് ചെയ്തപ്പോൾ പെട്ടെന്ന് നാട്ടിലെ ഫ്രണ്ട്സിനെ ഓര്‍മ്മ വന്നു.. എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു എന്നൊരു തോന്നല്‍.. അതങ്ങനെ ആത്മാവിന് പുക കൊടുക്കുവാൻ പ്രേരിപ്പിച്ചു, അതിനു വേണ്ടത് ചുണ്ടിൽ വെച്ച് തീ പകര്‍ന്നു...

3rd ഫിനിഷ് ചെയ്തപ്പോൾ ഞാന്‍ അറിയാതെ അവളെ ഓര്‍ത്തു.. മനസ്സില്‍ എവിടെയോ ആ മുഖം മിന്നിമറയാന്‍ തുടങ്ങി..

4th ഫിനിഷ് ചെയ്തപ്പോൾ എന്തോ വല്ലാത്തൊരു വിഷമം.. എല്ലാം ഒരിക്കല്‍ക്കൂടി അരികില്‍ വന്നെങ്കിലെന്ന് വെറുതേ ആശിച്ചു..

5th ഫിനിഷ് ചെയ്തപ്പോൾ വല്ലാത്ത ഒരു നഷ്ടബോധം.. സങ്കടം.. ആരൊക്കെയോ എന്നെ കുറ്റപ്പെടുത്തും പോലെ ഒരു തോന്നല്‍...

6th ഫിനിഷ് ചെയ്തപ്പോൾ എരിഞ്ഞമരുന്ന സിഗ്ഗരറ്റ് നോക്കി നെടുവീര്‍പ്പിട്ടു.. ഒന്നും തിരിച്ചു വരില്ലെന്ന തിരിച്ചറിവ്..

7th ഫിനിഷ് ചെയ്തപ്പോൾ സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു "മതി മച്ചൂ.. ഞാന്‍ നിർത്തി..."

8th ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചു പറ്റിയില്ല.. ഞാന്‍....... പിന്നെ ഒന്നും ഓര്‍മ്മയില്ല...

* നിയമ പ്രകാരമുള്ള അറിയിപ്പ് :  "മദ്യപാനം ആരോഗ്യത്തിന് ഹാനീകരം"

Thursday, December 24, 2009

4. Moments of Absence...














ഡിസംബറിലെ ഈ കൊടുംതണുപ്പില്‍ വിറക്കുന്നു മിഡില്‍ ഈസ്റ്റ്‌... അങ്ങു ദൂരെ ആകാശം നിറയെ കണ്‍ച്ചിമ്മുന്ന ഒരായിരം നക്ഷത്രങ്ങള്‍... ഇന്നേറെ തിളക്കത്തോടെ അവരറിയിക്കുന്നു ""ഇന്ന് ക്രിസ്തുമസ് രാത്രിയാണ് "" അങ്ങനെ നല്ല നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് നിറമാര്‍ന്ന ഒരു നല്ല ക്രിസ്തുമസ്കാലം കൂടി കടന്നുപോകുന്നു... കൂടെ ഒരു വര്‍ഷവും...

ഈ ആഘോഷവേളയില്‍ ഒത്തുചേരാന്‍  നിങ്ങള്ളിന്നെന്‍ അരികിലില്ലെങ്കിലും ഓര്‍ക്കുന്നു ഞാന്‍ എല്ലാവരെയും... നല്ല സൗഹൃദം പങ്കിട്ട ആ നല്ല മനസ്സുകളെ... ചിരിക്കുന്ന, ചിരിപ്പിക്കുന്ന മുഖങ്ങളെ... ഇന്നും ഓര്‍മ്മയില്‍നിന്നും മാഞ്ഞു മറിഞ്ഞിട്ടിലാത്ത ചിലരെ... അങ്ങനെ എല്ലാവരെയും ഒരുപാട് മിസ്സ്ചെയ്യുന്നുണ്ട്... ഇനിവരുന്ന ആഘോഷങ്ങളെങ്കിലും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞുവെങ്കില്‍... എന്നാശിക്കാനെപറ്റു, കാരണം സംഭവിക്കുന്നതെല്ലാം നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചല്ലലോ...

ഈ തിരക്കിനിടയില്‍ ആരെയും നേരത്തിനു വിഷ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല... എന്നിരുന്നാലും ഉള്ളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്  ""ശാന്തിയും, സമാധാനവും നിറഞ്ഞ നല്ല നാളുകള്‍ക്കു മുന്നോടിയാകട്ടെ എല്ലാവര്‍ക്കും ഈ ക്രിസ്തുമസും വരുന്ന ന്യൂയറും..."" വരാനിരിക്കുന്ന ആ നല്ല നാളുകള്‍ക്കായി കാത്തിരിക്കാം... നല്ല നല്ല വാര്‍ത്തകള്‍ക്കായി നമുക്ക് കാതോര്‍ക്കാം.....

Thursday, November 5, 2009

3. Moments of Something back...














ഇന്നെന്തോ ഒരു തോന്നല്‍... അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇന്നു ടീച്ചറെ വിളിച്ചൂ... പറഞ്ഞറിയിക്കാനാവില്ല ആ നിമിഷമനുഭവിച്ച ഒരു സന്തോഷം... എന്നോ അവസാനിച്ച പ്രിയപ്പെട്ട ആ ഒരു സ്കൂള്‍ലൈഫ് ഒരു നിമിഷം തിരികെ വന്നപോലെ തോന്നി... ഒപ്പം അന്ന് കണ്ടുമറന്ന പലമുഖങ്ങളും വീണ്ടും മനസ്സിലോടിയെത്തി... ആ യൂണിഫോം... ആ ക്ലാസ്സ്‌റൂം... ഒരുകാലത്തെ എന്‍റെ ക്ലാസ്സ്മേറ്റ്സ്... ടീച്ചേര്‍സ്... അവിടെ ഞാന്‍ മനസ്സോടു ചേര്‍ത്തുവച്ച നല്ല സൗഹൃദങ്ങള്‍... അങ്ങനെ എല്ലാം ഒരിക്കല്‍ക്കൂടി അരികില്‍ വന്നപോലെ...

നീണ്ട ആ സ്നേഹസംഭാഷണം അവസാനിച്ചപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചൂ... "എവിടെയായിരുന്നു നീ ഇത്രയും കാലം??? നിന്‍റെ ആ സ്കൂള്‍ഡയ്സ്‌... ടീച്ചേര്‍സ്... ഫ്രണ്ട്സ്... അങ്ങനെ എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ക്കാന്‍ നിനക്ക് ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വന്നോ???"... എന്തോ തിരക്കിട്ട ഒരു യാത്രയിലായിരുന്നു ഞാന്‍ ഇതുവരെ... അതിനിടയില്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല... ആരെയും ഒട്ടും  അന്വേഷിച്ചിലെന്നതാ സത്യം... ഒടുവില്‍ ഇന്ന് ഇപ്പോഴാ എല്ലാം ഒന്നു തിരിഞ്ഞു നോക്കുന്നത്... ഇന്നിവിടെവരെയെത്തിയ വഴികളിലേക്ക്...  

അന്നോരിക്കല്‍ ജീവിതത്തിലെ യാഥാര്‍ത്യങ്ങളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് അതുവരെ ജീവിച്ചിരുന്നത് ഒരു സ്വപ്നലോകത്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത്... പിന്നെ അധികം വയ്യ്കാതെ തന്നെ ആ ലോകത്തോടും, നടക്കാത്ത എന്‍റെ ഒത്തിരി സ്വപ്നങ്ങളോടും എനിക്ക് തീര്‍ത്തും ഗുഡ്ബൈ പറയേണ്ടിവന്നു... ഇനി അവിടേക്ക് ഒരു തിരിച്ചുപോക്കില്ല എന്ന് തീരുമാനിച്ചതോടെ, അന്നവിടെ എന്‍റെ കൂടെയുണ്ടായിരുന്നവരോടും, അന്നെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നവരോടും ഞാന്‍ യാത്ര പറഞ്ഞൂ... എന്നെനേക്കുമായി...

പിന്നീടവിടന്ന് അങ്ങനെ ഒരു കാലഘട്ടത്തെ തന്നെ കണ്ടില്ലെന്നു നടിച്ചു... ചുരുക്കി പറഞ്ഞാല്‍ ഒരുതരം ഒളിച്ചോട്ടം തന്നെ... എല്ലാവരില്‍ന്നിനും, എല്ലാത്തില്‍നിന്നും... ഒരുപക്ഷെ അതുകൊണ്ടാകാം ഇതുവരെ ആരെയും അന്വേഷിക്കാതിരുന്നതും, ഏറെ പ്രിയപ്പെട്ടവരെപോലും വീണ്ടും കാണാതിരുന്നതും... അങ്ങനെ അങ്ങനെ ഒന്നും അറിയാതെയും പറയാതെയും ഞാന്‍ എല്ലാവരില്‍നിന്നും ഒരുപാട് അകന്നു... ഇല്ലായിരുന്നുവെങ്കില്‍ മരവിച്ച മോഹങ്ങളുമായി ഞാന്‍ ഇന്ന് നരകിച്ചു ജീവിക്കേണ്ടിവന്നേനെ...

ഇന്ന് വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടുവെങ്കിലും ഇപ്പോ എന്തോ ഒരു വലാത്ത നഷ്ടബോധം തോന്നുന്നു... അതെന്തിനാണെന്നോ, എന്തുകൊണ്ടാണെന്നോ എനിക്കറിയില്ല... ഒരു പക്ഷെ അകാലത്തില്‍ ഒരുപിടി നല്ല സൗഹൃദങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടുവെന്ന ഒരു തോന്നലാകാം... കാരണം കാലം പിന്നിട്ടപ്പോള്‍ അന്നരികിലുണ്ടായിരുന്നതെല്ലാം ഇന്നോരുപാട് അകലെയായി, മാത്രമല്ല എല്ലാം ഒരുപാട് മാറിയിരിക്കുന്നു... പഴയ ഫ്രണ്ട്സില്‍ ചിലരെ orkut ലൂടെയും മറ്റും വീണ്ടും കാണുമ്പോള്‍, ഒരു ഞെട്ടലോടെയാണെങ്കിലും ഞാന്‍ തിരിച്ചറിയുന്നു കാലം ഓരോരുത്തരിലും വരുത്തിയ ഓരോ മാറ്റങ്ങള്‍... ചിലപ്പോ എന്നിലും ഉണ്ടായിട്ടുണ്ടാകാം... 

എന്തോക്കെയായിരുന്നാലും എന്നോ എപ്പോഴോ അകന്നുപോയതെല്ലാം വര്‍ഷങ്ങള്‍ക്കുശേഷം മാറ്റങ്ങളാല്‍ മറ്റൊരു രൂപത്തിലാണെങ്കില്‍ കൂടി, അരികില്‍ വരുമ്പോള്‍ തമ്മില്‍ തിരിച്ചറിയുന്ന ആ ഒരു നിമിഷം സുന്ദരമല്ലേ... മറ്റെന്തിനെക്കാളും... Surely that is one of the Beautiful Moment of life....