" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Thursday, November 18, 2010

15. Radhaa-maadhavam...


രാധാമാധവം... പ്രാണയാര്‍ദ്രമായ ഒത്തിരി നിമിഷങ്ങള്‍ വരച്ചു കാട്ടിയ അതി മനോഹരമായ ഒരു CONCEPT... സുന്ദരമായ പ്രകൃതിയില്‍ ലയിച്ചു നില്‍ക്കുന്ന രാധയും മാധവനും... പ്രണയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍... ഹൃദ്യമായ പുഞ്ചിരി... പ്രിയങ്കരമായ ഒരു സാന്നിദ്ധ്യം... അവിടെ ഇണക്കത്തിന്‍റെയും, പിണക്കത്തിന്‍റെയും, വിരഹത്തിന്‍റെയും തന്മയ ഭാവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു... എല്ലാം അടുത്തറിഞ്ഞവര്‍ക്കും, അനുഭവിച്ചറിഞ്ഞവര്‍ക്കും എളുപ്പം മനസ്സിലാവുന്ന ഭാവങ്ങള്‍...
എല്ലാ കലാകാരന്മാരെയും ഇങ്ങനെ ഒരുപോലെ സ്വാധീനിച്ച  മറ്റൊരു CONCEPT ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... ഇന്നുവരെ നമ്മള്‍ കണ്ട ഓരോ കലാകരന്‍റെയും, കലാകാരിയുടെയും മനസ്സില്‍ എവിടെയെങ്കിലും ഒരു രാധയോ, ഒരു മാധവനോ കാണാതിരിക്കില്ല... കാരണം ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന കല എന്ന കഴിവിനെ സ്വയം ഉണര്‍ത്തുന്നത് പ്രണയമാണ്... എന്തിനും തനതായ രൂപം കൊടുക്കാന്‍ കഴിയുന്ന ഒരു മനസ്സിനെ പ്രണയം രൂപപ്പെടുത്തുന്നു... അതിനെയാകാം കലാകാരന്‍റെ  മനസ്സ് എന്നു പറയുന്നത്...

സത്യത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒരു സാങ്കല്പിക ലോകം മനസ്സില്‍ ജനിക്കുകയാണ്... അവര്‍ക്കുമാത്രം അറിയുന്ന, അവരുടെതുമാത്രമായ ആ ഒരു ലോകത്തില്‍ നിന്നുകൊണ്ട് പലതും കാണാനും, പലരീതിയില്‍ ചിന്തിക്കാനും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കുന്നു... അതുകൊണ്ട് തന്നെ അതിമനോഹരമായ സൃഷ്ട്ടികള്‍ക്ക് രൂപം കൊടുക്കാനും അവര്‍ക്ക് എളുപ്പം കഴിയുന്നു... അതൊരു ഗാനമാകാം... ഒരു ചിത്രമാകാം... ഒരു ശില്പ്പമാകാം... എന്ത് തന്നെയായിരുന്നാലും അവരുടെ ആ സൃഷ്ട്ടികളിലെല്ലാം പ്രാണയാര്‍ദ്രമായ ഒരു ഭാവം ഉണ്ടാവും...

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം എന്ന ആ അനുഭൂതി അനുഭവിച്ചറിയാന്‍ കഴിഞ്ഞുവെങ്കില്‍... ഒരു രാധയോ, ഒരു മാധവനോ ആകാന്‍ കഴിഞ്ഞുവെങ്കില്‍... എന്നും ഓര്‍ക്കാന്‍ നല്ല ഓര്‍മ്മകള്‍ തന്നെയായിരിക്കും ആ ഓരോ നിമിഷങ്ങളും... ഈ ലോകത്തോട്‌ വിടപറയുന്നതിനു തൊട്ടു മുമ്പുവരെ ഉള്ളില്‍ ഓര്‍മ്മകളായി അവശേഷിക്കുന്ന ആ നിമിഷങ്ങള്‍ തന്നെയാകാം ഒരുപക്ഷെ ഒരു പുഞ്ചിരിയോടെ അന്നും മനസ്സില്‍ തെളിയുന്നത്... ആ പ്രണയം സത്യമയിരുന്നുവെങ്കില്‍ മാത്രം...

Sunday, October 17, 2010

14. Evergreen Moments of...

നിനച്ചിരിക്കാതെ ഇന്ന് മരുഭൂമിയില്‍ വീണ്ടും "മഴ"... ഒരുപാട് കാലങ്ങള്‍ക്ക് ശേഷമെങ്കിലും ഇന്നിവിടെ ഈ പെയ്യുന്ന മഴയും എന്നില്‍ "നീ" യെന്ന ഓര്‍മ്മകള്‍ നിറക്കുന്നു... മനസ്സില്‍ എവിടെയോ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്ന ഒരുപിടി നല്ല ഓര്‍മ്മള്‍... ആ ഓര്‍മ്മകളിലെന്നും ഇതുപോലെ മഴയാണ്... അരികില്‍ എന്‍റെ എല്ലാമെല്ലാമായി നീയും... അനശ്വരമായ പ്രണയം തളിരിട്ട ആ നാളുകളിലെല്ലാം ഒരു പശ്ചാത്തല സംഗീതം പോലെ... ഹൃദ്യമായ ഒരു സിംഫണി പോലെ... മഴയെന്നും നിറഞ്ഞു നിന്നിരുന്നു...

മഴയെ ഞാനിത്രയേറെ സ്നേഹിച്ചിരുന്നില്ല, അന്നാദ്യമായി ആ പുതുമഴയില്‍ നിന്നെ കാണും വരെ... ഇരുളിന്‍റെ നിശബ്ദതയില്‍ പെയ്യ്‌തിറങ്ങുന്ന രാത്രിമഴ ഞാന്‍ അറിഞ്ഞിരുന്നേയ്യില്ല, അന്നുനിന്‍ പുഞ്ചിരിയെന്നില്‍ പതിയുംവരെ... പിന്നെ എനിക്കായി പെയ്യുന്നതായിരുന്നു ഓരോ മഴയും... അന്നെന്‍റെ സ്വപ്നങ്ങളിലും മഴ ഒരു താരമായിരുന്നു... പലരൂപത്തിലും, പല ഭാവത്തിലും അവിടെയും മഴ നിറഞ്ഞു നിന്നിരുന്നു... എന്നിലേക്ക് പുതിയ പുതിയ ശീലങ്ങള്‍ കടന്നുവന്ന കാലമായിരുന്നു അത്...

വെറുതെ മഴ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍... വിദൂരതയില്‍ പെയ്യ്‌തോഴിയുന്ന മഴയെ അറിയാതെ നോക്കിനിന്നുപോയ നിമിഷങ്ങള്‍... മഴയില്ലെങ്കിലും പുറത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... ഉറക്കമില്ലാത്ത രാത്രികളില്‍ മഴയുടെ കുളിരില്‍ ചൂടു ചായക്കൊപ്പം രാത്രിമഴയെ പ്രണയിക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍... എനിക്ക് വട്ടാണെന്ന് എനിക്കുതന്നെ തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... അങ്ങനെ അങ്ങനെ എല്ലാ രീതിയിലും പ്രണയം തലക്ക്‌ പിടിച്ച നാളുകള്‍...

സത്യത്തില്‍ പെയ്യ്‌തിറങ്ങുന്ന മഴയിലൂടെ ഞാന്‍ എന്നും പ്രണയിച്ചത് നിന്നെത്തന്നെയായിരുന്നു... നിന്‍റെ ചിരി... നിന്‍റെ സ്നേഹം... നിന്‍റെ വാശികള്‍... നിന്‍റെ പിണക്കങ്ങള്‍... അങ്ങനെ നിന്‍റെതായ എല്ലാ ഭാവങ്ങളും ഞാനന്ന് മഴയിലും കണ്ടു... ഒരു പക്ഷെ അതാകാം ഞാന്‍ മഴയെ ഇത്രയേറെ സ്നേഹിക്കാന്‍ കാരണം... ഇന്ന് നിന്‍റെ അഭാവത്തിലും ഒരു സാന്ത്വനം നിറഞ്ഞ തലോടലായി മഴയെന്‍റെ അടുത്തെത്തുന്നു... ആ നിമിഷങ്ങളിലെല്ലാം നിന്‍റെ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്...

ഇന്നും ഓരോ മഴയും എന്നിലെ നീയെന്ന ആ പ്രണയത്തിനെന്നും പുതുജീവന്‍ നല്‍കുന്നു... ഇന്ന് ഈ പെയ്യുന്ന മഴയിലും ഉള്ളില്‍ എവിടെയോ പ്രണയത്തിന്‍ നാമ്പുകള്‍ വീണ്ടും തളിര്‍ക്കുന്നതും ഞാനറിയുന്നു... ഇനിയും ഇങ്ങനെ മഴകാണാന്‍ കഴിയുന്ന കാലമത്രയും ആ പ്രണയം ഇതുപോലെ നിലനില്‍ക്കുമായിരിക്കും... മാറ്റങ്ങള്‍ക്ക് വഴിമാറാതെ... എന്നെന്നും നിത്യഹരിതമായി...

Saturday, September 18, 2010

13. Moments with Cronies...

ജീവിതത്തിലെ ചില നിമിഷങ്ങള്‍ നമുക്കെന്നും പ്രിയങ്കരമാണ്... അതില്‍ ഏറ്റവും മനോഹരം നമ്മുടെ അടുത്ത ഫ്രണ്ട്സിനൊപ്പം ചിലവഴിക്കുന്ന ആ നല്ല നിമിഷങ്ങള്‍ തന്നെയാണ്... എന്നും എപ്പോഴും നമ്മുക്കുചുറ്റും ഒരു പോസ്സിറ്റീവ് എനര്‍ജി ക്രിയേറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ് അവരെല്ലാം... അല്ലെങ്കില്‍ അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മാജിക്കാണ് അത്...

ഈ ലോകത്തില്‍ എവിടെ ചെന്നാലും നമ്മള്‍ അറിയുന്ന, നമ്മളെ അറിയുന്ന ഒത്തിരി ഫ്രണ്ട്സ് ഉണ്ടായിരുന്നുവെങ്കില്‍... അതൊരു വലിയ നേട്ടമായിരിക്കും എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... അത്രക്കൊന്നും ഇല്ലെങ്കിലും നാളിന്നുവരെ ഓരോ യാത്രയും, ഓരോ ജീവിത സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ച ഒത്തിരി സൗഹൃദങ്ങളുണ്ട്... എല്ലാം നല്ല ഫ്രണ്ട്സ്...

എനിക്ക് ഏറ്റവും നല്ല ഫ്രണ്ട്സ്സിനെ കിട്ടിയത് എന്‍റെ സ്കൂള്‍ ലൈഫില്‍ നിന്നാണ്... ചിലപ്പോ എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കാം... ലൈഫില്‍ ആരും ഒന്നും ആയിട്ടിലാത്ത ആ ഒരു പ്രായം... അന്ന് കണ്ടെത്തിയ സൗഹൃദങ്ങളാണ് കാലാനുശ്രിതമായി എല്ലാം മാറിയിട്ടും ഇന്നും ഒരു മാറ്റമില്ലാതെ നിലനില്‍ക്കുന്നത്... അവര്‍ തന്നെയാ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട്സ്... എനിക്ക് ആരോടെങ്കിലും ഒന്ന് മനസ്സുതുറന്ന് സംസാരിക്കമെങ്കില്‍ അത് അവരോടുമാത്രമാണ്... അവരോടുമാത്രം എന്തും തുറന്നു പറയാം... ഈ ലോകത്തിലെ എന്തിനെ കുറിച്ചും...

ഇന്ന് എത്ര അകലെയാണെങ്കിലും അവരെ ഓര്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ്... PEARS സോപ്പിന്‍റെ മണമുള്ള കൂട്ടുകാരനും, മുല്ലപൂ മണക്കുന്ന കൂട്ടുകാരിയും, എപ്പോഴും നഖം കടിക്കുന്ന കൂട്ടുകാരനും, എന്നെ കണ്ടാല്‍ പേടിയാകും എന്നു പറഞ്ഞ കൂട്ടുകാരിയും, കുസൃതി വിട്ടുമാറാത്ത കൂട്ടുകാരനും... അങ്ങനെ ആ ഓരോ മുഖങ്ങളും എന്നും ഓര്‍ക്കാന്‍ ഓരോരോ കാരണങ്ങള്‍...

ഇനിയെല്ലാവരും വീണ്ടും ഒത്തുചേരുന്ന "ഒരു ദിവസം" അതൊരു സ്വപ്നമാണ്... അത് സംഭവിക്കുന്ന ആ ഒരു ദിവസം ഇനിയും എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും... ആ നല്ല നിമിഷങ്ങളില്‍ എല്ലാവരുടെയും പ്രായം വീണ്ടും 15നു താഴെയായിരിക്കും... അന്ന് കാലം വരുത്തിയ മാറ്റങ്ങളെല്ലാം വഴിമാറും... കാരണം ബാല്യകാലം തിരിച്ചു കിട്ടുന്നത് ബാല്യകാല സുഹൃത്തിനെ കാണുമ്പോള്‍ മാത്രമല്ലേ???

Monday, August 16, 2010

12. Longing Moments...











ഇന്നാണ് ഈ പ്രവാസ ജീവിതത്തോട് എനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നിയ ദിവസം... ഉറക്കമുണരുമ്പോള്‍ അമ്മയെ കാണാതെ കരയുന്ന ഒരു കൊച്ചു കുട്ടിയുടെ മനസ്സുമായാണ് ഞാന്‍ ഇന്ന് രാവിലെ എഴുന്നേറ്റത്ത്... ഉറ്റവരെ ഒന്നുകാണാന്‍ മനസ്സാഗ്രഹിക്കുമ്പോ അതിനു കഴിയാതെ വരുന്ന ഒരവസ്ഥ... അയ്യോ അതൊരു വലാത്ത അവസ്ഥതന്നെയാണ്‌... 

ഇനി എന്നാ എല്ലാവരേം ഒന്നു കാണാന്‍ പറ്റുക???... അതിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കണം... അടുത്തെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഓടിച്ചെന്ന് കാണാമായിരുന്നു... പക്ഷെ ഇത് ഒരുപാട് അകലെയല്ലേ... ഒരു പക്ഷെ അതുകൊണ്ടാകാം ഉള്ളില്‍ എന്തോ ഒരു വലാത്ത വിഷമം... ഒന്നും മറ്റൊനിന്നു പകരമാവില്ലെന്ന ആ സത്യം ഇന്ന് വീണ്ടും എന്‍റെ മുന്നില്‍ വന്നു... എന്തും നമ്മളില്‍ നിന്ന് അകലുമ്പോഴാണല്ലോ "അതിത്രയും കാലം നമ്മുടെ കൂടെ ഉണ്ടായിരുന്നുവെന്നു" നമ്മള്‍ തിരിച്ചറിയുന്നത്... അപ്പോഴാ അതിന്‍റെയെല്ലാം വിലയറിയുന്നതും...  

ഇന്ന് അരികില്‍ ഇല്ലാത്തതിനോടെല്ലാം എനിക്കെന്തോ ഒരു വല്ലാത്ത കൊതിയാണിപ്പോ... അമ്മയെ കാണാന്‍ എപ്പോഴും ഒരു കൊതിയുണ്ട്... ചില ദിവസങ്ങളില്‍ അമ്മയുണ്ടാക്കുന്ന ദോശ തിന്നാന്‍ ഒത്തിരി കൊതി തോന്നാറുണ്ട്... പിന്നെ എന്‍റെ പള്‍സര്‍ ഓടിക്കാന്‍... ഫ്രണ്ട്സ്സിനോപ്പം കറങ്ങിനടക്കാന്‍... ചില സമയങ്ങളില്‍ നാട്ടില്‍ ഒരു കല്യാണം കൂടാന്‍ കൊതിതോന്നും... നല്ലൊരു സദ്യ കഴിക്കാം, ഒരുപാട് നിറങ്ങള്‍ ഒരുമിച്ചു കാണാം... നല്ല ചുരിദാറിട്ട പിള്ളേരെ കണ്ട കാലം മറന്നു... ഹാ... എല്ലാം വന്‍ നഷ്ട്ടങ്ങള്‍...

പിന്നെയുമുണ്ട് ഒത്തിരി കാര്യങ്ങള്‍... അച്ഛന്‍... അനിയന്‍... ഫ്രണ്ട്സ്... അങ്ങനെ എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്... അനിയനോട് വഴക്കിടാന്‍ നല്ല രസായിരുന്നു... ഇപ്പോ അതും പറ്റുന്നില്ല... എല്ലാം സ്വന്തമായുള്ളവനോട് "ഒന്നും ഉപയോഗിക്കരുത്" എന്നു പറഞ്ഞു വിലക്കിയപോലാ എന്‍റെ ഇപ്പോഴത്തെ ഒരവസ്ഥ... ഇവിടിങ്ങനെ എന്തോക്കെ സൗകര്യങ്ങളുണ്ടായിട്ടും എന്താ കാര്യം... ഒന്നും മറ്റൊന്നിനു പകരമാവില്ലല്ലോ?.....

Monday, July 12, 2010

11. Moments of Reminiscence...

ഉത്തരവാദിത്തങ്ങള്‍ എന്തെന്നറിഞ്ഞിട്ടില്ലാത്ത, സ്വപ്നങ്ങളെ മാത്രം സ്നേഹിച്ചിരുന്ന ഒരു പ്രായത്തിലാണ് ഞാന്‍ അവളെ കാണുന്നതും പരിജയപ്പെടുന്നതും... ഒരുപാട് ഇഷ്ടടമായിരുന്നെനിക്ക് അവളെ... ഒരു നല്ല സൗഹൃദത്തിനപ്പുറം പ്രണയം എന്ന വികാരത്തെ ഞാന്‍ അടുത്തറിയുന്നത് അവളിലൂടെയായിരുന്നു... ഒരു പക്ഷെ അതുകൊണ്ടാകാം വര്‍ഷങ്ങള്‍ കടന്നുപോയിട്ടും മനസ്സില്‍ എവിടെയോ ഇപ്പോഴുമുണ്ട് അവള്‍... അതെ രൂപത്തില്‍... അതെ ഭാവങ്ങളില്‍...

എന്നാല്‍ ഇന്ന് യാഥാര്‍ത്യങ്ങള്‍ക്ക് നടുവില്‍ അവയോടു മല്ലിട്ടാണെന്‍റെയും ജീവിതം, അതിനിടയില്‍ ഇതിനൊന്നും യാതൊരു പ്രസക്തിയും ഇല്ലായിരിക്കാം... എങ്കിലും എന്തോ ആ ഓര്‍മ്മകളോട് അങ്ങനെ തീര്‍ത്തും ഗുഡ്ബൈ പറയാനാവുന്നില്ല... ഇന്നും ചില നിമിഷങ്ങളില്‍ അവള്‍ എന്ന ആ നല്ലോര്‍മ്മകള്‍ എന്നെ തേടിയെത്താറുണ്ട്... പ്രവാസത്തിലെ ഉറക്കമിലാത്ത രാത്രികളില്‍ പലപ്പോഴും അവ എന്നെ വേട്ടയാടുന്നു...

എന്നിരുന്നാലും ഒരു സുഖം തന്നെയാണ് പണ്ടെന്നോ മരുഭൂമിയില്‍ പെയ്തൊഴിഞ്ഞ ആ നല്ലൊരു മഴയെകുറിച്ചോര്‍ക്കാന്‍... അതിനുമപ്പുറം നല്ലൊരു പ്രജോദനമാണ് കള്ളുകുടിക്കാന്‍... അവള്‍ എന്ന എന്നിലെ ഒരു നഷ്ട്ടബോധവും, അവള്‍ എന്ന എന്‍റെ നടക്കാതെപോയ സ്വപ്നവും... ഒരു പാവം നിരാശാകാമുകന്‍റെ റോള്‍... ഹി..ഹി...ഹി...കാലം എത്ര മാറിയാലും ആര്‍ക്കായാലും എപ്പോഴായാലും വെള്ളമടിക്കാന്‍ ഇതിലും നല്ലൊരു പ്രജോദനം വേറെ എന്താടോവേ?

Saturday, June 5, 2010

10. Lovely Moments in Rain...











ഒരു ജൂണ്‍ ഫസ്റ്റ്... നല്ല മഴ... പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണമായിരുന്നു അന്നു ചുറ്റും... മഴയുടെ കുളിരുന്ന തണുപ്പും ആസ്വദിച്ച്, ആരവത്തോടെ പെയ്യ്തിറങ്ങുന്ന ആ മഴയെ ഏറെ കൗതുകത്തോടെ നോക്കി നില്‍ക്കവേ... ആ നനുത്ത മഴത്തുള്ളികള്‍ക്കിടയിലൂടെ അന്ന് ഞാന്‍ അവളെ ആദ്യമായി കണ്ടു... കൂട്ടുകാരിക്കൊപ്പം ഒരു കുടക്കീഴില്‍ മഴനനയാതെ വരികയായിരുന്നു അവള്‍...

ഒരു റെഡ് ബാഗും കെട്ടിപ്പിടിച്ച്, കൊറിഡോറിലൂടെ കണന്‍കാലിലെ കൊലുസ്സുകളുടെ മൃദുതാളവുമായി അവള്‍ അന്നെന്‍റെ അരികിലൂടെ കടന്നുപോയി... ചന്ദനകുറിയിട്ട, മുല്ലപൂച്ചൂടിയ ഒരു സുന്ദരിക്കുട്ടി... ആ ചിരിയോ "ഹോ" എന്നാ സ്റ്റൈലായിരുന്നു... അവളറിയാതെ ഞാന്‍ പോലുമറിയാതെ ഒരു രാത്രി മഴപോല്‍ അവള്‍ അന്നെന്‍റെ ഉള്ളില്‍ പെയ്യ്തിറങ്ങി...

പിന്നെ പിന്നെ അവളെ കാണാന്‍ വേണ്ടിയായിരുന്നു എന്‍റെ ഓരോ പകലും... എന്നും എപ്പോഴും എവിടെയും അവളെ തിരയുകയായിരുന്നു എന്‍റെ കണ്ണുകള്‍... കാണുന്ന ഓരോ നിമിഷവും അവള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാവുകയായിരുന്നു... അരികില്‍ വന്നപ്പോഴെല്ലാം ആ കഥപറയുന്ന കണ്ണുകളോട് ഞാന്‍ എന്തൊകെയോ പറയാന്‍ ശ്രമിച്ചിരുന്നു... അങ്ങനെ അങ്ങനെ അടുത്തറിയും മുമ്പേ... അടുത്തു സംസാരിക്കും മുമ്പേ... ആരാരുമറിയാതെ കണ്ണുകള്‍ തമ്മില്‍ പറഞ്ഞു എല്ലാം... എല്ലാം...

പിന്നീട് ആ ഭാവങ്ങളില്‍... ആ ചിരിയില്‍... ആ കണ്ണുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു മാറ്റം അത് എന്‍റെ പ്രണയമായിരുന്നു... ഒരു മഴക്കാലം എനിക്ക് സമ്മാനിച്ച, മഴയെക്കാള്ളും സുന്ദരമായ പ്രണയം... My First Love...

Sunday, May 9, 2010

9. Annual Moments of...














ഇന്ന് വാര്‍ഷികമാണ്... ഈ മരുഭൂമിയിലേക്ക് ഒത്തിരി സ്വപ്നങ്ങളുമായ് ഞാന്‍ പറന്നിറങ്ങിയ ദിവസം... അങ്ങനെ ഒട്ടകങ്ങളുടെയും ഈന്തപ്പനകളുടെയും സ്വന്തം നാട്ടില്‍ ഞാന്‍ വീണ്ടുമൊരു വര്‍ഷംകൂടി പിന്നിടുന്നു...

എന്നും ഒരേ ടൈം ടേബിള്‍ ഫോളോ ചെയ്യുന്ന ഈ ലൈഫിനോട്‌ എനിക്ക് എന്തോ ഒരു വെറുപ്പ് തോന്നാന്‍ തുടങ്ങിയിട്ടുണ്ട്... അമ്മ പറയാറുള്ളപോലെ ഞാന്‍ ഇപ്പോ ഒരു കുഴിമടിയനായി മാറിയിട്ടുണ്ടോ? എന്നൊരു സംശയവും ഇല്ലാതില്ല... കാരണം ഈയിടെയായി പലപ്പോഴും പിക് ചെയ്യാന്‍ വരുന്ന കാറിന്‍റെ ഹോണ്‍ ആയിട്ടുണ്ട് എന്‍റെ ഉണര്‍ത്തുപാട്ട്...

ഈ എണ്ണ പാടങ്ങളുടെ നടുവില്‍ ഇരുപതും, മുപ്പതും വര്‍ഷങ്ങള്‍ ജീവിച്ച പ്രവാസികളെ സമ്മതിക്കണം... എന്നും ഒരേ ടൈമില്‍ എഴുനേല്‍ക്കുന്നു... ഒരേ വാഹനം... ഒരേ വഴികള്‍... ഒരേ മുഖങ്ങള്‍... ഒരേ ജോബ്‌... "ഹോ" എനിക്ക് മതിയായി... സ്വന്തം നാടിന്‍റെയും വീടിന്‍റെയും വിലയറിയുന്നത് ശരിക്കും ഇപ്പോഴാ... ഹരിതാഭമായ നമ്മുടെ നാടുതന്നാ ഏറ്റവും സുന്ദരം... പക്ഷെ അതുതിരിച്ചറിയണമെങ്കില്‍ ഇവിടെ വരണം...

എന്തായാലും ഇവിടെ വന്ന ശേഷം ആ ഒരു സത്യം ഞാന്‍ അനുഭവിച്ചറിഞ്ഞു... "Gods Own Country" അത് നമ്മുടെ കൊച്ചു കേരളം തന്നാണെ... അതിനിനി ആരൊക്കെ എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും അത് അതുതനാ.....

Tuesday, April 20, 2010

8. Cute Moments of...














പലപ്പോഴും ജീവിതത്തിന്‍റെ ഇന്നലെകളിലേക്ക് തിരികെ പോകാന്‍ തോന്നാറുണ്ട്... ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെവരെയെത്തിയതെങ്കിലും മനസ്സിലോരാഗ്രഹം എല്ലാം ഒന്നു തിരികെ വന്നെങ്കില്‍... മനസ്സിലെ ആ ഒരു ആഗ്രഹത്തിന് തീവ്രതയേറുമ്പോ മനസ്സിലൂടെ തന്നെ ഒരു മടക്കയാത്ര... അല്ലാതെ അതിന് വേറൊരു വഴിയില്ലലോ...

ആ യാത്ര ചെന്നുനില്‍ക്കുന്നത് ഞാന്‍ എന്ന ഒരു കൊച്ചു വാവയിലാണ്... അമ്മ എന്നെ എടുത്തു നടന്നിരുന്ന ആ ഒരു പ്രായം... നിലത്തു വയ്ക്കാതെ അമ്മ എന്നെ ലാളിച്ചും കൊഞ്ചിച്ചും കൊണ്ടുനടന്ന കാലം... അന്ന് അച്ഛന്‍റെ വിരല്‍ തുമ്പില്‍ പിടിച്ച് ആദ്യമായി പിച്ചവച്ച നാളുകള്‍... ഇടറി വീണ നിമിഷങ്ങള്‍... അച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍... അമ്മയുടെ സാരിതുമ്പില്‍ പിടിച്ചു നടന്ന വഴികള്‍...

മുട്ടിലിഴയാന്‍ തുടങ്ങിയ പ്രായത്തില്‍ LIFEBOUY സോപ്പ് എനിക്ക് വലിയ ഇഷ്ടടമായിരുന്നുവെന്ന്‌ അമ്മ പറയാറുണ്ട്... കണ്ണുതെറ്റിയാല്‍, അപ്പോ സോപ്പ് എടുത്തു തിന്നുമായിരുന്നത്രേ... സോപ്പ് മാത്രമല്ല, എന്നാലും സോപ്പായിരുന്നു ഏറ്റവും ഇഷ്ട്ടം... അതുകൊണ്ടുതന്നെ അന്ന് അമ്മ എപ്പോഴും എന്‍റെ പുറകെയായിരുന്നു... ആ കുസൃതി ചെക്കനെകൊണ്ട് അമ്മ തോറ്റുകാണും... എന്തായാലും "LifeBouy is the secret of my energy"... ഒരുപാട് കഴിച്ചിട്ടുണ്ടെന്നാ പറഞ്ഞുകേട്ടത്...

ഇന്നും ആ പ്രായത്തിലെ എന്‍റെ ഫോട്ടോ കാണുമ്പോള്‍ കൊതിയാകും... "ഈശ്വര ഇത് ഞാന്‍ തനെയാണോ" എന്നു മനസ്സു ചോദിക്കുമെങ്കിലും അസൂയ തോന്നാറുണ്ട് ആ എന്നോട്... എന്നും എപ്പോഴും അമ്മ അരികിലുണ്ടാകും... നേരാ നേരത്തിനു ഭക്ഷണം അതും അമ്മ വാരി വായില്‍ വച്ചുതരും... പിന്നെ സുഖനിദ്ര... അപ്പോഴും ആരും ശല്യം ചെയ്യാതെ അമ്മ നോക്കും... അങ്ങനെ എന്നും എപ്പോഴും അമ്മയുടെ അരികില്‍... ആ തണലില്‍...

അന്നാദ്യമായി ഗുരുവായൂരില്‍ എനിക്ക് ചോറുതരാന്‍ പോയപ്പോ അമ്മ എന്‍റെ കൊച്ചു കൈകള്‍ കൊണ്ട് മഞ്ചാടി വാരിച്ചു... അന്നുരാത്രി എന്‍റെ ഉറക്കത്തില്‍ നിവര്‍ന്നിട്ടില്ലാത്ത എന്‍റെ കൊച്ചു കൈ അമ്മ നിവര്‍ത്തിനോക്കിയപ്പോ രാവിലെ വാരിയ മഞ്ചാടിയില്‍ ഒരെണ്ണം അപ്പോഴും എന്‍റെ ഉള്ളം കയ്യിലുണ്ടായിരുന്നുവെന്ന്‌ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്... അറിയാതെ കയ്യില്‍ പെട്ടുപോയതാവും എന്നാലും എത്ര അതിശയതോടെയ അമ്മ അതിപോഴും പറയുന്നെ... അത് കേട്ടിരിക്കാനും ഒരുസുഖാ...

അന്നെനിക്ക് സ്നേഹം വാരികോരിതരാനും ലാളിക്കാനും ചുറ്റിലും ഒരുപാടു പേരുണ്ടായിരുന്നു... എല്ലാം ഓര്‍ക്കുമ്പോ വലുതാവേണ്ടിയിരുന്നില്ല എന്നു തോന്നും... അങ്ങനെയെങ്കില്‍ അച്ഛനും അമ്മയും ഇന്നും ചെറുപ്പമായിരുന്നെനെ... ഇന്ന് കൊതിതോനുന്നു എന്‍റെ ആ പ്രായത്തോട്... ശരിക്കും.....

Saturday, March 20, 2010

7. Weak Moments of Weekend...














ഒരേ അച്ചില്‍ വാര്‍ത്തപോലുള്ള ദിവസങ്ങള്‍ക്കുശേഷം ഇന്നലെ വീണ്ടും ഒരു വീക്ക്‌-എന്‍ഡ്... പ്രവാസികളുടെ ഉറക്കമിലാത്ത ഒരു രാത്രികൂടി കടന്നുപോയി... പ്രിയപ്പെട്ട "ബാകാര്ടി" ആയിരുന്നു ഇന്നലത്തെ താരം... കളിയും, ചിരിയും, കഥയും, കഥനകഥയും, പിന്നെ ഇത്തിരി ഫീലിങ്ങ്സും, ഒടുവില്‍ ഒരു കരച്ചിലും... അങ്ങനെ പതിവുപോലെ നേരം പുലരുവോളം നീളുന്ന ആഘോഷം... ഒരു കമ്പനിക്ക് ശകലം ഞാനും കഴിച്ചു... പിന്നെ കഴിക്കാവുന്നത്രയും കഴിച്ചു... ഇന്നലെ ആ നല്ല മൂഡില്‍ പറഞ്ഞ കഥകളും, പാടിയ പാട്ടുമെല്ലാം ബാകാര്ടി സ്പോണ്‍സര്‍ ചെയ്യ്തതായിരുന്നു...

എല്ലാം പറഞ്ഞും കേട്ടും സമയം പാതിരാത്രി പിന്നിട്ടപ്പോഴേക്കും പലരും ഉറക്കത്തിലേക്ക്‌ വീണു തുടങ്ങിയിരുന്നു... അങ്ങനെ നേരം പുലരാറായപ്പോഴേക്കും പാട്ടും, കഥകളും, ഒപ്പം ബാകാര്ടിയും തീര്‍ന്നു... പിന്നെ അവിടന്നങ്ങോട്ട്‌ കത്തിവക്കാന്‍ ആരെയും കിട്ടാതായപ്പോ ഞാന്‍ മെല്ലെ മൊബൈലിലെ എന്‍റെ ഇഷ്ട്ടഗാനങ്ങളെ ശരണം പ്രാപിച്ചു... അതില്‍നിന്നും ഒഴുകിയെത്തിയ ഓരോ പാട്ടിനും, ഓരോ വരികള്‍ക്കും കാതോര്‍ത്ത്, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി ഞാന്‍ അങ്ങനെ അവിടെ കിടന്നു...

ആ മിന്നിമറയുന്ന താരങ്ങള്‍ എന്നോടെന്തോക്കെയോ ചോദിച്ചു... അതിനെല്ലാം ഞാന്‍ എന്തോക്കെയോ മറുപടിയും പറഞ്ഞു... അതിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ആ ഒരു പാട്ട് എന്‍റെ തലക്കടിച്ചു... അതോടെ മനസ്സിടറി... വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടതും, പിന്നിട്ട വഴികളില്‍ എന്നോ മറന്നുവെന്നു ഞാന്‍ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ അവളുടെ മുഖമായിരുന്നു പിന്നെ മനസ്സില്‍... ആ ശബ്ദം... ആ ചിരി... ആ കണ്ണുകള്‍... ആ ഭാവങ്ങള്‍... എല്ലാം മനസ്സില്‍ അങ്ങനെ നിറഞ്ഞു നിന്നു...

പെട്ടെന്നൊരു മിസ്സ്‌കോള്‍... ബോസ്സായിരുന്നു... "പോയി കിടന്നുറങ്ങടാ" എന്നാ ഈ മിസ്സ്‌കോളിന്‍റെ അര്‍ത്ഥം... "ഈശ്വര ഇയാള്‍ക്കും ഉറക്കമില്ലേ" എന്നു ഞാന്‍ മനസ്സിലോര്‍ത്തു... ഫിറ്റാകുമ്പോ മാത്രം കാടുകയറുന്ന ഓര്‍മ്മകളോട് വീണ്ടും ഗുഡ്ബൈ പറഞ്ഞു കൊണ്ട്, പുലരാന്‍ തുടങ്ങുന്ന വേളയില്‍ ഉറങ്ങാന്‍ ഞാന്‍ റൂമിലേക്ക്‌ നടന്നു...

Sunday, February 14, 2010

6. Colourful Moments of...














എന്‍റെ കയ്യില്‍ ഒരു PEARL ഉണ്ടായിരുന്നു... വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതോ ഒരു സുന്ദരനിമിഷം എനിക്ക് സമ്മാനിച്ച ഒരു PRECIOUS PEARL... മറ്റെവിടെയും കണ്ടിട്ടിലാത്ത എന്തോക്കെയോ പ്രത്യേകതകള്‍ ഞാന്‍ അതില്‍ കണ്ടു... അതുകൊണ്ട് തന്നെ എന്‍റെ എല്ലാമെല്ലാമായി ഞാന്‍ അതിനെ എന്‍റെ ഉള്ളംകയ്യില്‍ സൂക്ഷിച്ചു... കുട്ടിക്കാലത്ത് പുസ്തകതാളിനിടയില്‍ സൂക്ഷിച്ചുവച്ച ഒരു മയില്‍പീലിയെന്നപോലെ ഒരുപാട് ലാളിച്ചും, കൊഞ്ചിച്ചും ഒരു നിധിപോലെ കാത്തു... കാരണം ഞാന്‍ അതിനെ അത്രയേറെ സ്നേഹിച്ചിരുന്നു...

ഒരുകാലത്തെ എന്‍റെ സ്വപ്നങ്ങളുടെ നിറക്കൂട്ടായിരുന്നു അത്... അതിലൂടെയാണ് ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചത്... നിറങ്ങളെ ശ്രദ്ദിക്കാനും സ്നേഹിക്കാനും പഠിച്ചു... പാട്ടുകളുടെ ജീവന് കാതോര്‍ക്കാനും, അവയെ മനസ്സില്‍ താലോലിക്കാനും പഠിച്ചു... മുല്ല പൂവിന്‍റെ സുഗന്ധം അടുത്തറിഞ്ഞതും, പൂക്കള്‍ക്കാണ്‌ ഈ ഭൂമിയില്‍ ഏറ്റവും സൗന്ദര്യം എന്നു തിരിച്ചറിഞ്ഞതും അന്നാണ്...

മഴക്ക് ഇത്രയേറെ ഭംഗിയുണ്ടെന്നറിയുന്നതും, രാത്രി മഴയെ പ്രണയിക്കാന്‍ തുടങ്ങിയതും അന്നുതന്നെ... ചില കാര്യങ്ങള്‍ പറഞ്ഞറിയിക്കാനാവില്ലെന്നും, എന്നാല്‍ കണ്ണുകള്‍ക്ക്‌ മറ്റാരുമറിയാതെ തമ്മില്‍ സംസാരിക്കാന്‍ കഴിവുണ്ടെന്നും അന്നുഞാന്‍ മനസ്സിലാക്കി... നിറമാര്‍ന്ന ഒരുപാട് നിമിഷങ്ങള്‍ അതെനിക്ക് സമ്മാനിച്ചു... കൂടെ ഒത്തിരി സ്വപ്നങ്ങളും... ഒടുവില്‍ ഒരുനാള്‍ "വിരഹം" എന്താണെന്നും അതിലൂടെ ഞാന്‍ അറിഞ്ഞു...

എന്നാല്‍ ഇന്ന് അതെല്ലാം എന്നോകണ്ട ഒരു നല്ല സ്വപ്നംപോലെ തോന്നുന്നു... ഓര്‍മ്മയില്‍ എവിടെയോ മായാതെ കിടക്കുന്ന എന്‍റെതു മാത്രമായ ഒരു പിടി സ്വപ്നങ്ങള്‍... എങ്കിലും നീ അറിയുന്നുവോ... ഇന്ന് ഈ ദിവസം ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു... ഒരുപാട്... Because today "Valentine's Day".....

Saturday, January 16, 2010

5. Crazy Moments of...














ഇന്നലെ ആദ്യ സിപ്പില്‍ ഞാന്‍ എന്നെ ഓര്‍ത്തൊന്ന് ചിരിച്ചു. കാരണം കഴിഞ്ഞ ദിവസം ഞാന്‍ എല്ലാം നിർത്തിയതായിരുന്നു എന്നിട്ട് ദാ ഇപ്പോ വീണ്ടും... "നീ നന്നാവില്ല" എന്ന് മനസ്സ് പറഞ്ഞു...

ചെറുതോരണ്ണം ഫിനിഷ് ചെയ്തപ്പോൾ പരിചയമില്ലാത്ത ആ നീല ബോട്ടിലിന്‍റെ ലേബല്‍ നോക്കി ഞാന്‍ പറഞ്ഞു "കൊള്ളാം"... 

2nd ഫിനിഷ് ചെയ്തപ്പോൾ പെട്ടെന്ന് നാട്ടിലെ ഫ്രണ്ട്സിനെ ഓര്‍മ്മ വന്നു.. എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു എന്നൊരു തോന്നല്‍.. അതങ്ങനെ ആത്മാവിന് പുക കൊടുക്കുവാൻ പ്രേരിപ്പിച്ചു, അതിനു വേണ്ടത് ചുണ്ടിൽ വെച്ച് തീ പകര്‍ന്നു...

3rd ഫിനിഷ് ചെയ്തപ്പോൾ ഞാന്‍ അറിയാതെ അവളെ ഓര്‍ത്തു.. മനസ്സില്‍ എവിടെയോ ആ മുഖം മിന്നിമറയാന്‍ തുടങ്ങി..

4th ഫിനിഷ് ചെയ്തപ്പോൾ എന്തോ വല്ലാത്തൊരു വിഷമം.. എല്ലാം ഒരിക്കല്‍ക്കൂടി അരികില്‍ വന്നെങ്കിലെന്ന് വെറുതേ ആശിച്ചു..

5th ഫിനിഷ് ചെയ്തപ്പോൾ വല്ലാത്ത ഒരു നഷ്ടബോധം.. സങ്കടം.. ആരൊക്കെയോ എന്നെ കുറ്റപ്പെടുത്തും പോലെ ഒരു തോന്നല്‍...

6th ഫിനിഷ് ചെയ്തപ്പോൾ എരിഞ്ഞമരുന്ന സിഗ്ഗരറ്റ് നോക്കി നെടുവീര്‍പ്പിട്ടു.. ഒന്നും തിരിച്ചു വരില്ലെന്ന തിരിച്ചറിവ്..

7th ഫിനിഷ് ചെയ്തപ്പോൾ സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു "മതി മച്ചൂ.. ഞാന്‍ നിർത്തി..."

8th ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചു പറ്റിയില്ല.. ഞാന്‍....... പിന്നെ ഒന്നും ഓര്‍മ്മയില്ല...

* നിയമ പ്രകാരമുള്ള അറിയിപ്പ് :  "മദ്യപാനം ആരോഗ്യത്തിന് ഹാനീകരം"