" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Saturday, April 16, 2016

39. "orkut" എന്ന സ്മരണയില്‍...

“ഓര്‍ക്കുട്ട്”... അതുവരെ കേള്‍കാത്ത ഒരു പേരുപോലെ തന്നെ അതുവരെ കാണാത ഒരു ലോകമായിരുന്നു അത്...

പഠിപ്പൊക്കെ കഴിഞ്ഞ് പണിയൊന്നും ആകാതെ നടക്കുന്ന സമയത്ത് കടയില്‍ അച്ഛനെ സഹായിക്കലായിരുന്നു പണി... അതൊരു പണിയായിരുന്നില്ല നേരം പോക്കായിരുന്നു... അന്നൊരു ദിവസം കടയില്‍ പുതിയതായി വന്ന വനിത മറിച്ച് നോക്കുമ്പോ അതില്‍ അവസാന ഭാഗത്തായി “ഓര്‍ക്കുട്ട്” എന്നൊരു ട്ടോപ്പിക്ക് കണ്ടൂ... അവിടെ അതില്‍ വായിച്ചാണ് ഞാനാദ്യമായി “ഓര്‍ക്കുട്ട്” എന്നൊരു സംഭവത്തെക്കുറിച്ചറിഞ്ഞത്...

അത് എന്താണ്, എന്തിനാണ്, എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞപ്പോ അതിനോട് തോന്നിയ ഒരു താല്പര്യത്താല്‍ അന്നുതന്നെ വനിതയിലെ ആ പേജില്‍നിന്നും ഓര്‍ക്കുട്ടിന്‍റെ സ്പെല്ലിംഗ് നോക്കി ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു...

അവിടെ ഇളം നീല നിറത്തില്‍ എനിക്ക് മുന്നില്‍ തെളിഞ്ഞൊരു ജാലകം... അതില്‍ പിങ്ക് നിറത്തില്‍ “orkut” എന്നെഴുതിയിരിക്കുന്നു... ആവശ്യമായ വിവരങ്ങള്‍ നല്‍കിയപ്പോ തുറന്ന ആ ജാലകത്തിലൂടെ കയറിച്ചെന്നത് അതേ നീല നിറം നിറഞ്ഞ ഒരു ലോകത്തിലേക്കായിരുന്നു... ആദ്യമായി കാണുന്ന വ്യത്യസ്തമായ ഒരു പേജ്... അതും എനിക്കുവേണ്ടി ആരോ ഒരുക്കിയ പോലെ എന്‍റെ പേര് ചേര്‍ത്ത് വെല്‍ക്കം പറഞ്ഞുകൊണ്ട് നില്‍ക്കുന്നു...

ഫ്രണ്ട്സ്, റീസെന്‍റ് വിസിറ്റെര്‍ഴ്സ്, സ്ക്രാപ്പ്, സ്ക്രാപ്പ് ബുക്ക്‌, ഫാന്‍സ്‌, മെസ്സേജസ്, കമ്യുണിറ്റി... അങ്ങനെ പലതും എന്താനും എങ്ങയാനും പഠിക്കേണ്ടതായി ഉണ്ടായിരുന്നു അവിടെ... ആ ഇരുപ്പില്‍ ഞാനെന്‍റെ പ്രൊഫൈല്‍ എന്‍റെതായ രീതിയില്‍ ഒന്ന് ഒരുക്കിയെടുത്തു... സമയം പോകുന്നത് വളരെ വേഗത്തിലാണ് എന്ന് ആദ്യമായി തോന്നിയത് അന്നാണ്... ഓര്‍ക്കുട്ടില്‍ ചിലവഴിച്ച ആ നിമിഷങ്ങളില്‍...

അവിടെ സെര്‍ച്ച്‌ ഒപ്ഷനില്‍ അന്ന് വെറുതെ ഒന്ന് ട്രൈ ചെയ്തതിലൂടെ ആ പേരില്‍ എനിക്ക് എന്റെ പഴയ ഒരു സുഹൃത്തിനെ കണ്ടെത്താന്നായി... അവനിലൂടെ മറ്റൊരു സുഹൃത്തിനെയും... അങ്ങനെ അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം പഴയ മിത്രങ്ങളെ കാണാനും വിശേഷങ്ങള്‍ അറിയാനും വഴിയൊരുക്കിയ ഓര്‍ക്കുട്ട് എനിക്കും ഏറെ പ്രിയപ്പെട്ട ഒന്നായിമാറി... ഓരോരുത്തരേം കണ്ടെത്തിയ നിമിഷങ്ങളില്‍ അനുഭവിച്ചറിഞ്ഞ അതിയായ സന്തോഷത്തില്‍ മനസ്സ് പറഞ്ഞു “ഓര്‍ക്കുട്ട് കൊള്ളാലോ... അടിപൊളി..”  

പിന്നെ ഓര്‍മ്മയില്‍ നിന്നും ഓര്‍ത്തെടുത്ത് പഴയ സുഹൃത്തുക്കളുടെയും സഹാപാഠികളുടെയും പേരുകള്‍ സെര്‍ച്ച്‌ ചെയ്തു... ചിലരെ കിട്ടി... ചിലരെ കാണാതായപ്പൊ ഒരു നിരാശ തോന്നി... പിന്നെ കൂടെ പഠിച്ചതും അറിയാവുന്നതുമായ സകല പെണ്‍പിള്ളേരേം സെര്‍ച്ച് ചെയ്തുനോക്കി...;-) രക്ഷയില്ലാ... ആരും ഇല്ല... അവളും... :-(

പിന്നീടുള്ള പകലുകളില്‍ അധിക സമയവും ഓര്‍ക്കുട്ടില്‍ തന്നെയായിരുന്നു... അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പുതിയതായി പലരെയും പരിചയപ്പെട്ടു... അങ്ങനെ ഓര്‍ക്കുട്ട് ഫ്രണ്ട്സ് എന്നൊരുകൂട്ടം ഫ്രണ്ട്സ് തന്നെ ഉണ്ടായി... എല്ലാം എവിടെയൊക്കെയോ ഉള്ളവര്‍... അവരില്‍ ചിലരെല്ലാം ഫോണില്‍ വിളിച്ച് സംസാരിച്ചിടുണ്ട്... ചിലരെ നേരിട്ട് കാണാന്‍ സാധിച്ചു... എന്തായാലും ഒരു കാര്യമുള്ള കാര്യമല്ലായിരുന്നു എങ്കിലും ഞാന്‍ അതിലൂടെ വളരെ ബിസിയായിരുന്നു...

രാത്രിയില്‍ എന്തോക്കെ അവിടെ സംഭവിച്ചുകാണും... ആരായിരിക്കും ഒരു സര്‍പ്രൈസ് തന്നുകൊണ്ട് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടാവുക... ഞാന്‍ അയച്ച റിക്വസ്റ്റുകള്‍ ആരെങ്കിലും സ്വീകരിച്ചു കാണുമോ?... എത്ര പുതിയ സ്ക്രാപ്പുകള്‍ വന്നു കാണും?... അതെല്ലാം ആരില്‍ നിന്നാകും?... ഇനി ഇന്നെന്താണ് അവിടെ ചെയ്യേണ്ടത്?... അങ്ങനെ ഒരു നൂറ് ചിന്തകളിലൂടെ ആയിരുന്നു ഓരോ ദിവസവും ഉറക്കം എണീറ്റിരുന്നത്...  

എന്നും എപ്പോഴും സ്ക്രീനില്‍ ഓര്‍ക്കുട്ടിന്‍റെ ലോഗിന്‍ പേജ് തെളിയുമ്പോഴെല്ലാം മനസ്സും തെളിയുമായിരുന്നു... പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുമ്പോ വലാത്ത ആകാംഷയായിരുന്നു... പ്രൊഫൈല്‍ പേജ് ഒന്ന് തുറന്നു കാണാന്‍ കണ്ണുകള്‍ ഉറ്റുനോക്കും... ഓര്‍ക്കുട്ട് എല്ലാരീതിയിലും ദിനചര്യയുടെ ഒരു ഭാഗം പോലെയായി... അങ്ങനെ ഒരുതരത്തില്‍ ആര്‍മാദിച്ച് നടന്ന നാളുകള്‍... അത്രക് ത്രില്‍ ഒന്നും ഫേസ്‌ബുക്കിന് തരാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...

ഒരു സമയമായപ്പോ പല കാരങ്ങളാല്‍ ഓരോ രാജ്യങ്ങളും ഓര്‍ക്കുട്ടിനെ തടഞ്ഞു... പല കമ്പനികളും... ഒരു വലിയ മരത്തിന്‍ ചില്ലകള്‍ വെട്ടും പോലെയായിരുന്നു അത്.... അതോടെ ആ വഴിയിലൂടെ ഉണ്ടായിരുന്ന ബന്ധങ്ങള്‍ എല്ലാം പോയി... അങ്ങനെ നിരാശ നിറച്ചുകൊണ്ട് ഓര്‍ക്കുട്ടില്‍ പലരും അപ്രത്യക്ഷമായി... ആവേശങ്ങള്‍ കെട്ടടങ്ങി... വൈകാതെ അതൊരു അനക്കമില്ലാത്ത മരുഭൂമിയായി... ആ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കിയിരുന്നു.... “നിങ്ങള്‍ ഇല്ലാതെ പിന്നെ ഞാന്‍ മാത്രമായിട്ട് എന്തിന് ഇവിടെ” എന്ന് പലരും ചിന്തിച്ചു തുടങ്ങിയിരിക്കണം... കൂടെ ഞാനും... അതൊരു വിടപറയലായിരുന്നു... എന്‍റെയും...

ഒടുവില്‍ സെപ്റ്റംബര്‍ 30, 2014ല്‍ ആ നീല ജാലകം എന്നെനേക്കുമായി അടഞ്ഞു... ആര്‍ക്കും വേണ്ടാതായ ആരും തിരിഞ്ഞുനോകാന്നിലാതായ ഒരു വൃദ്ധന്‍റെ മരണം പോലെ... ജീവന്‍ കൊടുത്തവര്‍ തന്നെ അതെടുത്തതോടെ അതങ്ങനെ പൂര്‍ണമായും അവസാനിച്ചു!. ഇന്ന് “orkut” ഒരു ഓര്‍മ്മ മാത്രം... അകന്നു പോയ പലതും തിരികെ അടുപ്പിച്ചുതന്ന ഒരാള്‍ എന്ന ആ നല്ല സ്മരണയില്‍ നില്‍ക്കുന്നു "orkut"...

Tuesday, April 5, 2016

38. സര്‍ട്ടിഫിക്കറ്റ്


പത്താം തരത്തിൽ പരീക്ഷ എഴുതിയ വകയില്‍ കിട്ടിയ “സെക്കന്‍ട്രി സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്‌ (എസ് എസ് എൽ സി )” മേഴ്‌സി ടീച്ചറിൽ നിന്നും വാങ്ങിയത് ഇന്നും ഞാനോർക്കുന്നു. അതാണ് എന്‍റെ പേരിൽ എനിക്ക് കിട്ടിയ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ്. അതങ്ങനെ കിട്ടിയതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെ ചെന്നാലും പറയുന്നതും കേള്‍ക്കുന്നതും "സര്‍ട്ടിഫിക്കറ്റ്‌, സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ്‌.." എന്നുമാത്രമായിരുന്നു...


ചെല്ലുന്നിടത്തെല്ലാം അര്‍ഹത തെളിയിക്കാന്‍ അനിവാര്യം എന്നപോലെ വരുമാന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌..  ഓരോയിടത്തും വേണമെന്ന് പറഞ്ഞ അങ്ങനെ കുറെയെണ്ണത്തിന് വേണ്ടി അപേക്ഷകളും, തെളിവുകളും, ഫോട്ടോകോപ്പികളുമായി അലഞ്ഞു തിരിഞ്ഞ്‌ വെറുത്തുപോയ നിമിഷങ്ങളും ദിവസങ്ങളും ഞാനിന്ന് വീണ്ടും ഓർത്തുപോയി...


മടിയായിരുന്നു, മടിയനായിരുന്നു എങ്കിലും തുടര്‍ന്ന് പഠിക്കേണ്ടത് അന്ന് വീട്ടുകാരുടെ ആവശ്യമായിരുന്നു അതുകൊണ്ട് എഴുതി ഒരുക്കിയ അപേക്ഷയോടെ “എനിക്കിവിടെ ഒരു അഡ്മിഷന്‍ തരുമോ?” എന്ന് ചോദിച്ച് ചെന്നിടത്തെല്ലാം തിരിച്ച് ഇങ്ങോട്ട് നൂറ് ചോദ്യങ്ങളും, ഓരോരോ ആവശ്യങ്ങളുമായിരുന്നു...


യോഗ്യത കാണിക്കുന്ന മാര്‍ക്ക്‌ലിസ്റ്റ് പോരാഞ്ഞിട്ട് കൂടെ നിര്‍ബന്ധമായും ആ സര്‍ട്ടിഫിക്കറ്റ് വേണം, ഇതിന്‍റെ സര്‍ട്ടിഫിക്കറ്റ് എവിടെ?... ജാതി, മതം, വരുമാനം, ജനനം, സ്വഭാവം... ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിനും വേണ്ടിവരുമോ? എന്നുവരെ തോന്നിച്ച നിമിഷങ്ങളുണ്ടായിരുന്നു അന്ന്...


അവർക്ക് വേണ്ടതെല്ലാം കുറിച്ചെടുത്തശേഷം ഇതൊക്കെ ഇനി എവിടെ നിന്നും കിട്ടും? ആര് തരും? എന്നൊക്കെ അന്വേഷിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായിരുന്നു. ഒരു ഫുട്ബോളിന്‍റെ അവസ്ഥ എന്താണെന്ന് അന്ന് ഞാൻ ശരിക്കും മനസ്സിലാക്കി. ആ അലച്ചിലിനൊടുവില്‍ പച്ച ഒപ്പും, നീല സീലും പതിച്ച ഓരോ കടലാസ്സുകൾ കയ്യില്‍ കിട്ടുമ്പോള്‍ വല്ലാത്തൊരു ആശ്വാസമായിരുന്നു. “ഹോ ഇതിനാണല്ലോ ഇത്രയും കിടന്നോടിയത്.. ഹാ.. എന്തായാലും കിട്ടിയല്ലോ” എന്ന വലിയ ആശ്വാസം...


പിന്നീട് ഒരു തുടര്‍ച്ചയെന്ന പോലെ പഠിച്ചിറങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം മുറപോലെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. പഠിച്ചതിനും, പങ്കെടുത്തതിനുമെല്ലാം.. എല്ലാം സ്വന്തം മുറിയിലെ അലമാരയിൽ സൂക്ഷിച്ചു വെച്ചു. ഒരു സമ്പാദ്യം പോലെ..


ഒരു ദിവസം പെട്ടെന്നുണ്ടായൊരു തോന്നലിൽ വേഗം പോയി ചെറിയൊരു ഫയല്‍ വാങ്ങി അതുവരെ കിട്ടിയ ആ സർട്ടിഫിക്കറ്റുകളെല്ലാം 'ആദ്യം കിട്ടിയത് ആദ്യം' എന്ന രീതിയിൽ ഭംഗിയായി അതിനുള്ളിലാക്കി. ആ നേരത്ത് ഓരോന്നും കയ്യിലെടുക്കുമ്പോൾ അതിലെ എഴുത്തും, അതിന്‍റെ ഭംഗിയും ഞാനാസ്വദിച്ചു. എല്ലാം നല്ല ഭംഗിയുള്ള കൈയ്യക്ഷരങ്ങളായിരുന്നു...


ആ ഫയലില്‍ ആത്യാവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളായി എന്നുള്ള തോന്നലിലാണ് “മതി.. ഇത്രയും മതി” എന്ന് ഞാൻ തീരുമാനിച്ചത്. അതോടെ പഠിപ്പ് മതിയാക്കി. കയ്യിലുള്ളതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? എന്നറിയാനുള്ള ശ്രമമായിരുന്നു പിന്നെ...


ആ ശ്രമങ്ങൾക്കിടയിൽ എന്‍റെ കയ്യിലുള്ളതൊന്നും ഒന്നുമല്ല എന്നൊക്കെ തോന്നിക്കുകയും, അനുഭവങ്ങളിലൂടെ അതങ്ങനെ സ്വയം തിരിച്ചറിയുകയും ചെയ്ത നിമിഷങ്ങളുണ്ടായി. അപ്പോഴെല്ലാം എനിക്ക് ഇനിയും പഠിക്കണം എന്നൊക്കെ തോന്നിച്ചു...


ചില സ്ഥലങ്ങളിൽ ഇന്റെർവ്യൂന് ഇരിക്കുമ്പോള്‍ അടുത്ത് ഇരുന്നിരുന്ന ഓരോരുത്തന്‍മാരുടെ കയ്യില്‍ ഓരോ കെട്ടായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍. കൂടെ അതിന്‍റെ ഗമയും, നല്ല അഹങ്കാരവും... കണ്ടപാടെ “ഇവന്മാര്‍ക്കെല്ലാം ഇതെവിടുന്ന് ഇതിനുംമാത്രം” എന്നൊക്കെ തോന്നിച്ചു. അൽപസ്വൽപ്പം കുശുമ്പും ദേഷ്യവുമൊക്കെ തോന്നിയെങ്കിലും തളർന്നില്ല. “എന്നെകൊണ്ടാവുന്നതല്ലേ എനിക്ക് പൊക്കാന്‍ പറ്റൂ” എന്നോര്‍ത്ത് അവിടെയിരുന്ന് സ്വയം സമാധാനിച്ചു...


അങ്ങനെ അന്വേഷണത്തിന്‍റെ അവസാനം കയ്യിലുള്ളത് ഉപകാരപ്പെട്ട് മാസാവസാനം ചെറിയൊരു ശമ്പളം വാങ്ങാന്‍ തുടങ്ങി. മാറ്റമില്ലാതെ തുടർന്ന ആ വരുമാനത്തിലൂടെ മാസങ്ങളും വർഷങ്ങളും പിന്നിട്ടപ്പോൾ ആ കിട്ടണത് പോരെന്നും, ഒന്നിനും തികയുന്നില്ലെന്നും തോന്നി തുടങ്ങിയതോടെ ആ ജോലി ചെയ്യാനുള്ള ആവേശം അങ്ങുപോയി...


പിന്നെ അധികം വൈകാതെ അതവസാനിപ്പിച്ചു! അപ്പോഴും കിട്ടി ഒരു സര്‍ട്ടി... “എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്‌” എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അവിടത്തെ സേവനത്തിന്. ആ പേരിൽ അങ്ങനെ ഒന്ന് ആദ്യമായി കിട്ടുകയായിരുന്നു. വളരെ സന്തോഷത്തോടെ അതും വാങ്ങികൊണ്ടുപോയി ആ ഫയലില്‍ പ്രതിഷ്ഠിച്ചു...


പിന്നീടുണ്ടായ തൊഴില്‍ രഹിതവും, അലസതയും നിറഞ്ഞ പകലുകളൊന്നിൽ അപ്രതീക്ഷിതമായി കണ്ണില്‍പ്പെട്ട പത്രപരസ്യം ചെന്നവസാനിച്ചത്‌ വിദേശ രാജ്യത്ത് ജോലിക്ക് പോകുവാനുള്ള ഒരു അവസരത്തിലാണ്. അന്ന് അവിടേക്ക് പോകുവാൻ എനിക്ക് മറ്റൊരു സര്‍ട്ടിഫിക്കറ്റുകൂടി ആവശ്യമായി വന്നു. നിര്‍ത്താതെയുള്ള ഒട്ടതിനൊടുവില്‍ ഒരുകണക്കിന് അതും ഒപ്പിച്ചു “പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്”. അങ്ങനെ അതും കയ്യിലുണ്ടായിരുന്നതുമെല്ലാം എടുത്തുകൊണ്ട് നാടിനോട് യാത്ര പറഞ്ഞു.. പറന്നു...


അവിടെ ചെന്നപ്പോൾ ഈ സര്‍ട്ടിഫിക്കറ്റ്‌ എന്ന് പറയുന്നതിനൊന്നും വലിയ പ്രാധാന്യമുള്ളതായി ഞാൻ കണ്ടില്ല. ജോലിക്ക് അര്‍ഹതയുണ്ടോ? എന്നറിയാൻ അതൊന്ന് കാണണം എന്നോ അല്ലെങ്കിൽ അങ്ങനെ ഒന്ന് കൈയിലുണ്ടോ? എന്ന അന്വേഷണം പോലും അവിടെ ആരിൽനിന്നും ഉണ്ടായില്ല...


അന്ന് കൂടെ ജോലി ചെയ്യുന്നവർ കൂടുതല്‍ അടുത്തപ്പോഴുണ്ടായ സംസാരത്തിനിടയില്‍ ഒരുത്തന്‍ പറഞ്ഞു “നാട്ടില്‍ പൈസ കൊടുത്താല്‍ ഏത് സര്‍ട്ടിഫിക്കറ്റ്‌ വേണമെങ്കിലും കിട്ടും.. എന്തിന്‍റെ വേണമെന്ന്‍ പറഞ്ഞാമതി.” ആ കേട്ടത് എനിക്കപ്പോൾ അത്രക്ക് വിശ്വാസമായില്ല...


ആ വിശ്വാസകുറവ് പറഞ്ഞപ്പോൾ “നീ വാ.. കാണിച്ചുതരാം” എന്നു പറഞ്ഞുകൊണ്ട് അവന്‍ അവന്‍റെ കയ്യിലുള്ള സർട്ടിഫിക്കറ്റുകൾ എനിക്ക് കാണിച്ചു തന്നു. എന്‍റെ കയ്യിലുള്ളതാണോ ഡ്യൂപ്ലിക്കേറ്റ്‌ എന്ന് സംശയം തോന്നിപ്പിക്കും വിധം അത്രക്ക് തികഞ്ഞതായിരുന്നു ആ വ്യാജ സർട്ടിഫിക്കറ്റുകളെല്ലാം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ എന്ന് ഞാനതുവരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ...


"ദൈവമേ.. എന്നാലും ഇത് കിട്ടാന്‍വേണ്ടിമാത്രം ഞാന്‍ എത്ര വര്‍ഷങ്ങളാ കഷ്ടപ്പെട്ട് പഠിക്കാന്‍ പോയത്.." കഷ്ട്പ്പെട്ടില്ലെങ്കിലും പോയില്ലേ എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോടുതന്നെ അന്ന് പുച്ഛം തോന്നിച്ചു. അവിടെ ആ നിമിഷം സോമന്‍ ഊളയായി...


"സംഗതി ഇതിപ്പോൾ ഒറിജിനല്‍ ആയാലും ഡ്യൂപ്ലിക്കേറ്റ്‌ ആയാലും അതിലല്ല.. കാര്യം നമ്മുടെ ആത്മവിശ്വാസത്തിലാണ്, ജോലിക്കാര്യങ്ങളെല്ലാം ചെയ്യേണ്ടിടത്ത് ചെയ്യേണ്ട സമയത്ത് ചെയ്യാനുള്ള കഴിവിലാണ്.." എന്നൊക്കെ ഞാൻ തിരിച്ചറിഞ്ഞതും മനസ്സിലാക്കിയതും അന്നാണ്...


അതെനിക്കൊരു പുതിയ തിരിച്ചറിവായിരുന്നു. എന്നാലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി പഠിക്കുവാൻ ഓടിയിരുന്നവരുടെ കൂട്ടത്തിലെ ഒരു മണ്ടനായിരുന്നു ഞാനും. പഠിക്കേണ്ടത് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാവരുത്! എന്ന് ചിന്തിക്കാനും മനസ്സിലാകാനും "ത്രീ ഇടിയറ്റ്സ്" എന്ന സിനിമ കാണേണ്ടിവന്നു എന്നതും ഒരു സത്യമാണ്...


എന്തായാലും നാട്ടില്‍ ഇന്നും ജനനം മുതൽ ഓരോരുത്തർക്കും സര്‍ട്ടിഫിക്കറ്റ്‌ ഉണ്ട്. പിന്നെ തുടർന്ന് കാട്ടികൂട്ടുന്നതിനെല്ലാം വേറെ കിട്ടും. എന്നിട്ടും പോരായ്മ ഉണ്ടെങ്കില്‍ വേണ്ടത് വാങ്ങാനും കിട്ടും. അതെല്ലാം  ഒന്ന് ചേര്‍ത്തുവെച്ചാല്‍ അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവായിരിക്കും ആ ഒരു കെട്ട് കടലാസ്സുകൾ. ജനനം മുതലുള്ളത് ഓരോന്നായി മറിച്ചു നോക്കിയാല്‍ ജീവചരിത്രമായും കാണാം...


ഈ കൂട്ടത്തിൽ മറ്റൊരു സര്‍ട്ടിയുടെ കാര്യം കൂടി പറയട്ടെ.. ഒരിക്കല്‍ അടുത്തുള്ള പഞ്ചായത്തിൽ അപേക്ഷ കൊടുത്തത് പ്രകാരം അവിടെ നിന്നും “ഇത് രണ്ടുപേര്‍ക്കും കൂടിയാണ് ” എന്നു പറഞ്ഞുകൊണ്ട് അവർ ഒരു സർട്ടിഫിക്കറ്റ് തന്നു. അതാണ് “മാര്യേജ് സര്‍ട്ടിഫിക്കറ്റ്‌” പറയുമ്പോൾ എല്ലാം പറയണോലോ, അതും ഒരു സര്‍ട്ടിഫിക്കറ്റാണല്ലോ അതുകൊണ്ട് പറഞ്ഞുന്നെയുള്ളൂ. പങ്കിട്ടെടുത്തതായി അത് മാത്രമേ ഉള്ളൂ ബാക്കി എല്ലാം സ്വന്തം പേരില്‍ മാത്രമാണ്...


എന്‍റെ പേരിലുള്ള അവസാനത്തെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുവാൻ ഞാനുണ്ടാകില്ല. എന്‍റെ അച്ഛന്റേത് ഞാൻ വാങ്ങിച്ചത് പോലെ എന്‍റെ ആ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുക ചിലപ്പോൾ എന്‍റെ മകനായിരിക്കും. മരണ സര്‍ട്ടിഫിക്കറ്റ്‌ മാത്രം ബന്ധുക്കൾക്കല്ലേ കിട്ടൂ. ഹാ... ഇനിയിപ്പോൾ ഇവിടുന്നു പോകുമ്പോൾ ഇവരും തരും ഒരു സര്‍ട്ടിഫിക്കറ്റ്. മറ്റൊരു ഫോറിന്‍ സര്‍ട്ടിഫിക്കറ്റ്!. അതുകൂടി വെക്കാന്‍ ആ ഫയലില്‍ ഇടം കാണുമോ എന്തോ.