" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Monday, May 2, 2016

40. രണ്ടാമൂഴത്തിലൂടെ...










പഠിക്കാന്‍ മടിയുള്ള ഒരാള്‍ക്ക് പുസ്തകങ്ങളോട് തോന്നുന്ന ഒരു വെറുപ്പ് അല്ലെങ്കില്‍ ആ ഒരു അലര്‍ജി അതെനിക്കും ഉണ്ടായിരുന്നു... അതങ്ങനെ ഒരു വിദ്യാര്‍ഥിയായിരുന്ന കാലമത്രയും... പഠിക്കാനുള്ള പുസ്തകങ്ങള്‍ വായിച്ചു തുടങ്ങുമ്പോഴേ ഉറക്കം വരുമായിരുന്നു... അത് പിന്നെ പുസ്തകം കാണുമ്പഴേ ഉറക്കം വരുന്നൊരു അവസ്ഥയിലെക്കെത്തി... തുറന്ന പുസ്തകവുമായി ഇരുന്നും കിടന്നും ഉറങ്ങുന്ന എന്നെ അമ്മ ഒരുപാട് തവണ കണ്ടുകാണും... പഠിക്കാനിരിക്കുന്ന മകനെ അത്താഴം കഴിക്കാന്‍ വിളിക്കാനുള്ള വരവിലാകും മിക്കവാറും ആ കാഴ്ച്ച!

അടുത്ത കൂട്ടുകാരും മോശമായിരുന്നില്ല... പഠിക്കുന്നുണ്ടെന്ന് ഉമ്മയെ വിശ്വസിപ്പിക്കാനെന്നോണം പുസ്തകം തുറന്നുവച്ച് ഉച്ചത്തില്‍ “ദിസ്‌ പാര്‍ട്ട്‌ ഓഫ് ദ ഫീച്ചര്‍ ഫിലിം വാസ് സ്പോണ്‍സെര്‍ട് ബൈ...” എന്നെക്കെ വെറുതെ വായിച്ചിരുന്ന ഒരു കൂട്ടുകാരന്‍ എനിക്ക് ഉണ്ടായിരുന്നു... അവന്‍റെ ഉമ്മ പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സൈന്‍ ചെയ്യാന്‍ സ്കൂളില്‍ വരുമ്പോ ഇംഗ്ലീഷ് ടീച്ചറോട് പറയുന്നത് കേട്ടിട്ടുണ്ട് “മാര്‍ക്ക്‌ കുറഞ്ഞത് എന്താനറിയില്ല ടീച്ചറെ, വീട്ടിലിരുന്ന് നല്ലോണം വായിക്കുന്നത് കേള്‍ക്കാറുണ്ട്!” എന്നൊക്കെ... ഒരു പ്രായത്തിന്‍റെ വികൃതികള്‍ കൂടിയായിരുന്നു അതെല്ലാം... ഇന്ന് ഓര്‍ത്തെടുത്താല്‍ ചിരിക്കാവുന്ന നല്ല ഓര്‍മകളും...

സത്യത്തില്‍ അന്നൊന്നും പഠിക്കുന്നത് ഒരു ആവശ്യമായിട്ടെ തോന്നിയിരുന്നില്ല... പഠിക്കുന്ന വിഷയങ്ങള്‍ പ്രത്യേകിച്ചും... അപ്പോപിന്നെ ആ പുസ്തകങ്ങളോട് എന്തുമാത്രം പ്രിയമുണ്ടാകും എന്ന് ഊഹിക്കാലോ... “ഇങ്ങനെ ഈ പഠിക്കുന്നതു കൊണ്ടൊക്കെ വല്ല കാര്യണ്ടോ? ഇതൊക്കെ അറിഞ്ഞിരുന്നിട്ട് എന്താ ഗുണം? സൈന്‍ തീറ്റ കോസ് തീറ്റ ഹോ! ഇത് വല്ലതും എന്നെങ്കിലും ഉപകാരപ്പെടോ?”... എന്നൊക്കെയുള്ള ചിന്തകള്‍ പഠിക്കാനുള്ള മടികൂട്ടിയിരുന്നു... എന്നിരുന്നാലും അത്യാവശ്യം എന്ന് തോന്നിയിരുന്നത് കുറച്ചോക്കെ ശ്രദ്ധിച്ചിട്ടുണ്ടാവണം അതുകൊണ്ട് മാത്രമാകും എങ്ങിനെയോ ആ കടബകള്‍ കടന്നു പോന്നത്... അങ്ങനെ ആ വഴിക്കെങ്ങാനും പുസ്തകങ്ങളോട് ഒരു ചെറിയ അടുപ്പം ഉണ്ടായിട്ടുണ്ടെങ്കിലെ ഉള്ളൂ... കാലങ്ങലായിട്ട്...

ഒരു മാറ്റം വരാന്‍ അധിക സമയമൊന്നും വേണ്ടല്ലോ... അടുത്തിടെ ഒരു ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ കിടക്കുമ്പോ ഡോക്ടര്‍ടെ ശാസനകൊണ്ട് മാത്രം കുറച്ചു ദിവസത്തേക്ക് ഫോണ്‍ ഉപയോഗം നിര്‍ത്തിയത്തോടെ വാട്സപ്പിന്നും ഫേസ്‌ബുക്കിന്നും പുറത്തേക്കിറങ്ങി... അപ്പോപിന്നെ ഒന്നും ചെയ്യാനില്ലാതെ മുകളിലേക്കും നോക്കിയുള്ള ആ കിടപ്പില്‍ നേരംപോകാന്‍ നന്നേ പാടായിരുന്നു... ആ ഒരു പരാതിയില്‍, അതിനൊരു പോംവഴിയായിട്ടാണ് കസിന്‍ ബ്രോ അന്നെന്നെ കാണാന്‍ വന്നത്... സത്യത്തില്‍ അന്ന് എനിക്ക് നേരെ നീട്ടിയ ഒരു പുസ്തകത്തിലൂടെ ആളെന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് പറഞ്ഞു വിടുകയായിരുന്നു...

എംടിയുടെ “രണ്ടാമൂഴം” അതാണ്‌ അന്നെന്റെ കയ്യില്‍ വന്ന പുസ്തകം... ആദ്യ കാഴ്ച്ചയില്‍ ഓറഞ്ച് നിറത്തിനിടയില്‍ ആരുടെതെന്ന് വ്യക്തമാകാത്ത രീതിയിലുള്ള ഒരു രേഖാ ചിത്രത്തോടെ ഒരു പുസ്തകം... “എന്താകും ഈ പുസ്തകത്തിന് പറയാനുണ്ടാവുക?” എന്നൊരു ചിന്ത എന്നിലൂടെ ആ ഒരു നിമിഷം  കടന്നുപോയി... തുറന്ന്‍ ആദ്യ പേജിലെ വിവരണങ്ങള്‍ക്കിടയില്‍ ഞാന്‍ ശ്രദ്ധിച്ചു “ഇത് ഞാന്‍ ജനിച്ച അതേ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകമാണ്”... എന്റെ പ്രായമുള്ള നോവല്‍... ആ കിടപ്പില്‍ കിടന്ന് ഞാനത് പതിയെ വായിച്ചു തുടങ്ങി... ““കടലിന് കറുപ്പ് നിറമായിരുന്നു...””

ഏറിവന്നിരുന്ന ആവേശത്തോടെയും ആകാംഷയോടെയും ദിവസങ്ങള്‍കൊണ്ട് ഞാനത് പൂര്‍ണമായും വായിച്ചു തീര്‍ത്തു... ആദ്യമായിട്ടായിരുന്നു ഒരു പുസ്തകം മുഴുവനായും വായിച്ച് അവസാനിപ്പിച്ചത്... അതില്‍ പറഞ്ഞ സംഭവങ്ങളെല്ലാം നേരില്‍കണ്ടറിഞ്ഞ ഒരാളുടെ മനസ്സികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍... അതിലെ ഓരോ വരികളിലൂടെ അറിഞ്ഞ കഥാപാത്രങ്ങളോട് തോന്നിയ അടുപ്പവും ഇഷ്ട്ടവും കൊണ്ടാവാം എല്ലാം കഴിഞ്ഞും അതി ശക്തനായ ഭീമസേനന്‍ പിന്നെയും കുറച്ചുനാള്‍ എന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു... അതേ രൂപത്തില്‍... അതേ ഭാവങ്ങളില്‍...

അവിടുന്നങ്ങനെ ആ ഒരു പുതിയ ശീലത്തിന്‍റെ ഭാഗമായി പുസ്തകങ്ങളെ അറിയുന്നവരോടും, അതിനെ സ്നേഹിക്കുന്നവരോടും ഞാന്‍ അറിയാതെ അടുത്തു... അവരിലൂടെ നല്ല നല്ല പുസ്തകങ്ങളെ അറിഞ്ഞു... ഒരിക്കലെങ്കിലും ഒന്ന് വായിച്ചിരിക്കെണ്ടുന്നവ... കേട്ടറിഞ്ഞ ആ പുസ്തകങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി... അതില്‍ പലതും സ്വന്തമാക്കി... ഓരോന്നും വായിച്ചുള്ള അഭിപ്രായങ്ങള്‍ അവരോടെല്ലാം പങ്കുവച്ചു... അവിടെയാണ് പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ എനിക്കുചുറ്റും ഒരുപാട് ഉണ്ടെന്നറിഞ്ഞത്... അവരോടൊക്കെ എനിക്ക് സംസാരിക്കാന്‍ ഒരു നല്ല വിഷയമാവുകയായിരുന്നു “പുസ്തകങ്ങള്‍”...

വളരെ യാദ്രിശ്ചികമായാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് കടന്നു വന്നതെങ്കിലും ഇന്ന് അതിനോട് ഒരു ഇഷ്ട്ടമുണ്ട്... രണ്ടാമൂഴത്തിലൂടെ തുടങ്ങിയ ആ ഇഷ്ട്ടം പിന്നെ കെ ആര്‍ മീരയുടെ “കഥകള്‍”... ബെന്യാമിന്‍ന്‍റെ “ആടുജീവിതം”... ഒ വി വിജയന്‍റെ “ഖസാക്കിന്‍റെ ഇതിഹാസം”... ബെന്യാമിന്‍ന്‍റെ “മഞ്ഞവെയില്‍ മരണങ്ങള്‍”... എം മുകുന്ദന്‍റെ “മയ്യഴിപ്പുഴയുടെ തീരങ്ങളില്‍”... കെ ആര്‍ മീരയുടെ “ആ മരത്തെയും മറന്നു മറന്നു ഞാന്‍”... അങ്ങനെ അങ്ങനെ നീളുന്ന നല്ല നല്ല പുസ്തകങ്ങളിലൂടെ വളര്‍ന്നു...

ഓരോ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോഴും മറ്റൊരു ലോകത്ത് അതുവരെ കാണാത്ത കാഴച്ചകളിലൂടെയുള്ള ഒരു യാത്രയാണ്... അവിടെ ആ എഴുത്തുകാരെയും, മനസ്സിനെ തൊട്ടുണര്‍ത്തുന്ന അവരുടെ ശൈലികളെയും തിരിച്ചറിയാനാവുന്നു... അതുകൊണ്ടാകാം അവരുടെ വേറെ പുസ്തകങ്ങള്‍ ഏതെന്നു കണ്ണുകള്‍ വീണ്ടും വീണ്ടും തിരയുന്നത്...

“പുസ്തകങ്ങളോടൊപ്പം എന്നും ഒരിത്തിരി നേരം” എന്നത് ഇന്നൊരു ശീലമായിരിക്കുന്നു... അവിടെ എന്നിലെ ഒരു വലിയ മാറ്റം ഞാന്‍ തിരിച്ചറിയുന്നു... “മലയാള ഭാഷയുടെ സുന്ദരമായ വാക്കുകളും വരികളും നിറഞ്ഞ ഈ ലോകത്തേക്ക് കടന്നുവരാന്‍ നീയെന്തേ ഇത്ര വൈകി?” എന്നാരോ ഇന്നെന്നോട് ചോദിക്കുന്നുണ്ട്... അത് ചിലപ്പോ എന്നെ നന്നായി അറിയാവുന്ന എന്നോട് ഞാന്‍ തന്നെയാകാം...

Saturday, April 16, 2016

39. "orkut" എന്ന സ്മരണയില്‍...

“ഓര്‍ക്കുട്ട്”... അതുവരെ കേള്‍കാത്ത ഒരു പേരുപോലെ തന്നെ അതുവരെ കാണാത ഒരു ലോകമായിരുന്നു അത്...

പഠിപ്പൊക്കെ കഴിഞ്ഞ് പണിയൊന്നും ആകാതെ നടക്കുന്ന സമയത്ത് കടയില്‍ അച്ഛനെ സഹായിക്കലായിരുന്നു പണി... അതൊരു പണിയായിരുന്നില്ല നേരം പോക്കായിരുന്നു... അന്നൊരു ദിവസം കടയില്‍ പുതിയതായി വന്ന വനിത മറിച്ച് നോക്കുമ്പോ അതില്‍ അവസാന ഭാഗത്തായി “ഓര്‍ക്കുട്ട്” എന്നൊരു ട്ടോപ്പിക്ക് കണ്ടൂ... അവിടെ അതില്‍ വായിച്ചാണ് ഞാനാദ്യമായി “ഓര്‍ക്കുട്ട്” എന്നൊരു സംഭവത്തെക്കുറിച്ചറിഞ്ഞത്...

അത് എന്താണ്, എന്തിനാണ്, എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞപ്പോ അതിനോട് തോന്നിയ ഒരു താല്പര്യത്താല്‍ അന്നുതന്നെ വനിതയിലെ ആ പേജില്‍നിന്നും ഓര്‍ക്കുട്ടിന്‍റെ സ്പെല്ലിംഗ് നോക്കി ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു...

അവിടെ ഇളം നീല നിറത്തില്‍ എനിക്ക് മുന്നില്‍ തെളിഞ്ഞൊരു ജാലകം... അതില്‍ പിങ്ക് നിറത്തില്‍ “orkut” എന്നെഴുതിയിരിക്കുന്നു... ആവശ്യമായ വിവരങ്ങള്‍ നല്‍കിയപ്പോ തുറന്ന ആ ജാലകത്തിലൂടെ കയറിച്ചെന്നത് അതേ നീല നിറം നിറഞ്ഞ ഒരു ലോകത്തിലേക്കായിരുന്നു... ആദ്യമായി കാണുന്ന വ്യത്യസ്തമായ ഒരു പേജ്... അതും എനിക്കുവേണ്ടി ആരോ ഒരുക്കിയ പോലെ എന്‍റെ പേര് ചേര്‍ത്ത് വെല്‍ക്കം പറഞ്ഞുകൊണ്ട് നില്‍ക്കുന്നു...

ഫ്രണ്ട്സ്, റീസെന്‍റ് വിസിറ്റെര്‍ഴ്സ്, സ്ക്രാപ്പ്, സ്ക്രാപ്പ് ബുക്ക്‌, ഫാന്‍സ്‌, മെസ്സേജസ്, കമ്യുണിറ്റി... അങ്ങനെ പലതും എന്താനും എങ്ങയാനും പഠിക്കേണ്ടതായി ഉണ്ടായിരുന്നു അവിടെ... ആ ഇരുപ്പില്‍ ഞാനെന്‍റെ പ്രൊഫൈല്‍ എന്‍റെതായ രീതിയില്‍ ഒന്ന് ഒരുക്കിയെടുത്തു... സമയം പോകുന്നത് വളരെ വേഗത്തിലാണ് എന്ന് ആദ്യമായി തോന്നിയത് അന്നാണ്... ഓര്‍ക്കുട്ടില്‍ ചിലവഴിച്ച ആ നിമിഷങ്ങളില്‍...

അവിടെ സെര്‍ച്ച്‌ ഒപ്ഷനില്‍ അന്ന് വെറുതെ ഒന്ന് ട്രൈ ചെയ്തതിലൂടെ ആ പേരില്‍ എനിക്ക് എന്റെ പഴയ ഒരു സുഹൃത്തിനെ കണ്ടെത്താന്നായി... അവനിലൂടെ മറ്റൊരു സുഹൃത്തിനെയും... അങ്ങനെ അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം പഴയ മിത്രങ്ങളെ കാണാനും വിശേഷങ്ങള്‍ അറിയാനും വഴിയൊരുക്കിയ ഓര്‍ക്കുട്ട് എനിക്കും ഏറെ പ്രിയപ്പെട്ട ഒന്നായിമാറി... ഓരോരുത്തരേം കണ്ടെത്തിയ നിമിഷങ്ങളില്‍ അനുഭവിച്ചറിഞ്ഞ അതിയായ സന്തോഷത്തില്‍ മനസ്സ് പറഞ്ഞു “ഓര്‍ക്കുട്ട് കൊള്ളാലോ... അടിപൊളി..”  

പിന്നെ ഓര്‍മ്മയില്‍ നിന്നും ഓര്‍ത്തെടുത്ത് പഴയ സുഹൃത്തുക്കളുടെയും സഹാപാഠികളുടെയും പേരുകള്‍ സെര്‍ച്ച്‌ ചെയ്തു... ചിലരെ കിട്ടി... ചിലരെ കാണാതായപ്പൊ ഒരു നിരാശ തോന്നി... പിന്നെ കൂടെ പഠിച്ചതും അറിയാവുന്നതുമായ സകല പെണ്‍പിള്ളേരേം സെര്‍ച്ച് ചെയ്തുനോക്കി...;-) രക്ഷയില്ലാ... ആരും ഇല്ല... അവളും... :-(

പിന്നീടുള്ള പകലുകളില്‍ അധിക സമയവും ഓര്‍ക്കുട്ടില്‍ തന്നെയായിരുന്നു... അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പുതിയതായി പലരെയും പരിചയപ്പെട്ടു... അങ്ങനെ ഓര്‍ക്കുട്ട് ഫ്രണ്ട്സ് എന്നൊരുകൂട്ടം ഫ്രണ്ട്സ് തന്നെ ഉണ്ടായി... എല്ലാം എവിടെയൊക്കെയോ ഉള്ളവര്‍... അവരില്‍ ചിലരെല്ലാം ഫോണില്‍ വിളിച്ച് സംസാരിച്ചിടുണ്ട്... ചിലരെ നേരിട്ട് കാണാന്‍ സാധിച്ചു... എന്തായാലും ഒരു കാര്യമുള്ള കാര്യമല്ലായിരുന്നു എങ്കിലും ഞാന്‍ അതിലൂടെ വളരെ ബിസിയായിരുന്നു...

രാത്രിയില്‍ എന്തോക്കെ അവിടെ സംഭവിച്ചുകാണും... ആരായിരിക്കും ഒരു സര്‍പ്രൈസ് തന്നുകൊണ്ട് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടാവുക... ഞാന്‍ അയച്ച റിക്വസ്റ്റുകള്‍ ആരെങ്കിലും സ്വീകരിച്ചു കാണുമോ?... എത്ര പുതിയ സ്ക്രാപ്പുകള്‍ വന്നു കാണും?... അതെല്ലാം ആരില്‍ നിന്നാകും?... ഇനി ഇന്നെന്താണ് അവിടെ ചെയ്യേണ്ടത്?... അങ്ങനെ ഒരു നൂറ് ചിന്തകളിലൂടെ ആയിരുന്നു ഓരോ ദിവസവും ഉറക്കം എണീറ്റിരുന്നത്...  

എന്നും എപ്പോഴും സ്ക്രീനില്‍ ഓര്‍ക്കുട്ടിന്‍റെ ലോഗിന്‍ പേജ് തെളിയുമ്പോഴെല്ലാം മനസ്സും തെളിയുമായിരുന്നു... പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുമ്പോ വലാത്ത ആകാംഷയായിരുന്നു... പ്രൊഫൈല്‍ പേജ് ഒന്ന് തുറന്നു കാണാന്‍ കണ്ണുകള്‍ ഉറ്റുനോക്കും... ഓര്‍ക്കുട്ട് എല്ലാരീതിയിലും ദിനചര്യയുടെ ഒരു ഭാഗം പോലെയായി... അങ്ങനെ ഒരുതരത്തില്‍ ആര്‍മാദിച്ച് നടന്ന നാളുകള്‍... അത്രക് ത്രില്‍ ഒന്നും ഫേസ്‌ബുക്കിന് തരാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...

ഒരു സമയമായപ്പോ പല കാരങ്ങളാല്‍ ഓരോ രാജ്യങ്ങളും ഓര്‍ക്കുട്ടിനെ തടഞ്ഞു... പല കമ്പനികളും... ഒരു വലിയ മരത്തിന്‍ ചില്ലകള്‍ വെട്ടും പോലെയായിരുന്നു അത്.... അതോടെ ആ വഴിയിലൂടെ ഉണ്ടായിരുന്ന ബന്ധങ്ങള്‍ എല്ലാം പോയി... അങ്ങനെ നിരാശ നിറച്ചുകൊണ്ട് ഓര്‍ക്കുട്ടില്‍ പലരും അപ്രത്യക്ഷമായി... ആവേശങ്ങള്‍ കെട്ടടങ്ങി... വൈകാതെ അതൊരു അനക്കമില്ലാത്ത മരുഭൂമിയായി... ആ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കിയിരുന്നു.... “നിങ്ങള്‍ ഇല്ലാതെ പിന്നെ ഞാന്‍ മാത്രമായിട്ട് എന്തിന് ഇവിടെ” എന്ന് പലരും ചിന്തിച്ചു തുടങ്ങിയിരിക്കണം... കൂടെ ഞാനും... അതൊരു വിടപറയലായിരുന്നു... എന്‍റെയും...

ഒടുവില്‍ സെപ്റ്റംബര്‍ 30, 2014ല്‍ ആ നീല ജാലകം എന്നെനേക്കുമായി അടഞ്ഞു... ആര്‍ക്കും വേണ്ടാതായ ആരും തിരിഞ്ഞുനോകാന്നിലാതായ ഒരു വൃദ്ധന്‍റെ മരണം പോലെ... ജീവന്‍ കൊടുത്തവര്‍ തന്നെ അതെടുത്തതോടെ അതങ്ങനെ പൂര്‍ണമായും അവസാനിച്ചു!. ഇന്ന് “orkut” ഒരു ഓര്‍മ്മ മാത്രം... അകന്നു പോയ പലതും തിരികെ അടുപ്പിച്ചുതന്ന ഒരാള്‍ എന്ന ആ നല്ല സ്മരണയില്‍ നില്‍ക്കുന്നു "orkut"...

Tuesday, April 5, 2016

38. സര്‍ട്ടിഫിക്കറ്റ്


പത്താം തരത്തിൽ പരീക്ഷ എഴുതിയ വകയില്‍ കിട്ടിയ “സെക്കന്‍ട്രി സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്‌ (എസ് എസ് എൽ സി )” മേഴ്‌സി ടീച്ചറിൽ നിന്നും വാങ്ങിയത് ഇന്നും ഞാനോർക്കുന്നു. അതാണ് എന്‍റെ പേരിൽ എനിക്ക് കിട്ടിയ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ്. അതങ്ങനെ കിട്ടിയതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെ ചെന്നാലും പറയുന്നതും കേള്‍ക്കുന്നതും "സര്‍ട്ടിഫിക്കറ്റ്‌, സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ്‌.." എന്നുമാത്രമായിരുന്നു...


ചെല്ലുന്നിടത്തെല്ലാം അര്‍ഹത തെളിയിക്കാന്‍ അനിവാര്യം എന്നപോലെ വരുമാന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌..  ഓരോയിടത്തും വേണമെന്ന് പറഞ്ഞ അങ്ങനെ കുറെയെണ്ണത്തിന് വേണ്ടി അപേക്ഷകളും, തെളിവുകളും, ഫോട്ടോകോപ്പികളുമായി അലഞ്ഞു തിരിഞ്ഞ്‌ വെറുത്തുപോയ നിമിഷങ്ങളും ദിവസങ്ങളും ഞാനിന്ന് വീണ്ടും ഓർത്തുപോയി...


മടിയായിരുന്നു, മടിയനായിരുന്നു എങ്കിലും തുടര്‍ന്ന് പഠിക്കേണ്ടത് അന്ന് വീട്ടുകാരുടെ ആവശ്യമായിരുന്നു അതുകൊണ്ട് എഴുതി ഒരുക്കിയ അപേക്ഷയോടെ “എനിക്കിവിടെ ഒരു അഡ്മിഷന്‍ തരുമോ?” എന്ന് ചോദിച്ച് ചെന്നിടത്തെല്ലാം തിരിച്ച് ഇങ്ങോട്ട് നൂറ് ചോദ്യങ്ങളും, ഓരോരോ ആവശ്യങ്ങളുമായിരുന്നു...


യോഗ്യത കാണിക്കുന്ന മാര്‍ക്ക്‌ലിസ്റ്റ് പോരാഞ്ഞിട്ട് കൂടെ നിര്‍ബന്ധമായും ആ സര്‍ട്ടിഫിക്കറ്റ് വേണം, ഇതിന്‍റെ സര്‍ട്ടിഫിക്കറ്റ് എവിടെ?... ജാതി, മതം, വരുമാനം, ജനനം, സ്വഭാവം... ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിനും വേണ്ടിവരുമോ? എന്നുവരെ തോന്നിച്ച നിമിഷങ്ങളുണ്ടായിരുന്നു അന്ന്...


അവർക്ക് വേണ്ടതെല്ലാം കുറിച്ചെടുത്തശേഷം ഇതൊക്കെ ഇനി എവിടെ നിന്നും കിട്ടും? ആര് തരും? എന്നൊക്കെ അന്വേഷിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായിരുന്നു. ഒരു ഫുട്ബോളിന്‍റെ അവസ്ഥ എന്താണെന്ന് അന്ന് ഞാൻ ശരിക്കും മനസ്സിലാക്കി. ആ അലച്ചിലിനൊടുവില്‍ പച്ച ഒപ്പും, നീല സീലും പതിച്ച ഓരോ കടലാസ്സുകൾ കയ്യില്‍ കിട്ടുമ്പോള്‍ വല്ലാത്തൊരു ആശ്വാസമായിരുന്നു. “ഹോ ഇതിനാണല്ലോ ഇത്രയും കിടന്നോടിയത്.. ഹാ.. എന്തായാലും കിട്ടിയല്ലോ” എന്ന വലിയ ആശ്വാസം...


പിന്നീട് ഒരു തുടര്‍ച്ചയെന്ന പോലെ പഠിച്ചിറങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം മുറപോലെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. പഠിച്ചതിനും, പങ്കെടുത്തതിനുമെല്ലാം.. എല്ലാം സ്വന്തം മുറിയിലെ അലമാരയിൽ സൂക്ഷിച്ചു വെച്ചു. ഒരു സമ്പാദ്യം പോലെ..


ഒരു ദിവസം പെട്ടെന്നുണ്ടായൊരു തോന്നലിൽ വേഗം പോയി ചെറിയൊരു ഫയല്‍ വാങ്ങി അതുവരെ കിട്ടിയ ആ സർട്ടിഫിക്കറ്റുകളെല്ലാം 'ആദ്യം കിട്ടിയത് ആദ്യം' എന്ന രീതിയിൽ ഭംഗിയായി അതിനുള്ളിലാക്കി. ആ നേരത്ത് ഓരോന്നും കയ്യിലെടുക്കുമ്പോൾ അതിലെ എഴുത്തും, അതിന്‍റെ ഭംഗിയും ഞാനാസ്വദിച്ചു. എല്ലാം നല്ല ഭംഗിയുള്ള കൈയ്യക്ഷരങ്ങളായിരുന്നു...


ആ ഫയലില്‍ ആത്യാവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളായി എന്നുള്ള തോന്നലിലാണ് “മതി.. ഇത്രയും മതി” എന്ന് ഞാൻ തീരുമാനിച്ചത്. അതോടെ പഠിപ്പ് മതിയാക്കി. കയ്യിലുള്ളതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? എന്നറിയാനുള്ള ശ്രമമായിരുന്നു പിന്നെ...


ആ ശ്രമങ്ങൾക്കിടയിൽ എന്‍റെ കയ്യിലുള്ളതൊന്നും ഒന്നുമല്ല എന്നൊക്കെ തോന്നിക്കുകയും, അനുഭവങ്ങളിലൂടെ അതങ്ങനെ സ്വയം തിരിച്ചറിയുകയും ചെയ്ത നിമിഷങ്ങളുണ്ടായി. അപ്പോഴെല്ലാം എനിക്ക് ഇനിയും പഠിക്കണം എന്നൊക്കെ തോന്നിച്ചു...


ചില സ്ഥലങ്ങളിൽ ഇന്റെർവ്യൂന് ഇരിക്കുമ്പോള്‍ അടുത്ത് ഇരുന്നിരുന്ന ഓരോരുത്തന്‍മാരുടെ കയ്യില്‍ ഓരോ കെട്ടായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍. കൂടെ അതിന്‍റെ ഗമയും, നല്ല അഹങ്കാരവും... കണ്ടപാടെ “ഇവന്മാര്‍ക്കെല്ലാം ഇതെവിടുന്ന് ഇതിനുംമാത്രം” എന്നൊക്കെ തോന്നിച്ചു. അൽപസ്വൽപ്പം കുശുമ്പും ദേഷ്യവുമൊക്കെ തോന്നിയെങ്കിലും തളർന്നില്ല. “എന്നെകൊണ്ടാവുന്നതല്ലേ എനിക്ക് പൊക്കാന്‍ പറ്റൂ” എന്നോര്‍ത്ത് അവിടെയിരുന്ന് സ്വയം സമാധാനിച്ചു...


അങ്ങനെ അന്വേഷണത്തിന്‍റെ അവസാനം കയ്യിലുള്ളത് ഉപകാരപ്പെട്ട് മാസാവസാനം ചെറിയൊരു ശമ്പളം വാങ്ങാന്‍ തുടങ്ങി. മാറ്റമില്ലാതെ തുടർന്ന ആ വരുമാനത്തിലൂടെ മാസങ്ങളും വർഷങ്ങളും പിന്നിട്ടപ്പോൾ ആ കിട്ടണത് പോരെന്നും, ഒന്നിനും തികയുന്നില്ലെന്നും തോന്നി തുടങ്ങിയതോടെ ആ ജോലി ചെയ്യാനുള്ള ആവേശം അങ്ങുപോയി...


പിന്നെ അധികം വൈകാതെ അതവസാനിപ്പിച്ചു! അപ്പോഴും കിട്ടി ഒരു സര്‍ട്ടി... “എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്‌” എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അവിടത്തെ സേവനത്തിന്. ആ പേരിൽ അങ്ങനെ ഒന്ന് ആദ്യമായി കിട്ടുകയായിരുന്നു. വളരെ സന്തോഷത്തോടെ അതും വാങ്ങികൊണ്ടുപോയി ആ ഫയലില്‍ പ്രതിഷ്ഠിച്ചു...


പിന്നീടുണ്ടായ തൊഴില്‍ രഹിതവും, അലസതയും നിറഞ്ഞ പകലുകളൊന്നിൽ അപ്രതീക്ഷിതമായി കണ്ണില്‍പ്പെട്ട പത്രപരസ്യം ചെന്നവസാനിച്ചത്‌ വിദേശ രാജ്യത്ത് ജോലിക്ക് പോകുവാനുള്ള ഒരു അവസരത്തിലാണ്. അന്ന് അവിടേക്ക് പോകുവാൻ എനിക്ക് മറ്റൊരു സര്‍ട്ടിഫിക്കറ്റുകൂടി ആവശ്യമായി വന്നു. നിര്‍ത്താതെയുള്ള ഒട്ടതിനൊടുവില്‍ ഒരുകണക്കിന് അതും ഒപ്പിച്ചു “പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്”. അങ്ങനെ അതും കയ്യിലുണ്ടായിരുന്നതുമെല്ലാം എടുത്തുകൊണ്ട് നാടിനോട് യാത്ര പറഞ്ഞു.. പറന്നു...


അവിടെ ചെന്നപ്പോൾ ഈ സര്‍ട്ടിഫിക്കറ്റ്‌ എന്ന് പറയുന്നതിനൊന്നും വലിയ പ്രാധാന്യമുള്ളതായി ഞാൻ കണ്ടില്ല. ജോലിക്ക് അര്‍ഹതയുണ്ടോ? എന്നറിയാൻ അതൊന്ന് കാണണം എന്നോ അല്ലെങ്കിൽ അങ്ങനെ ഒന്ന് കൈയിലുണ്ടോ? എന്ന അന്വേഷണം പോലും അവിടെ ആരിൽനിന്നും ഉണ്ടായില്ല...


അന്ന് കൂടെ ജോലി ചെയ്യുന്നവർ കൂടുതല്‍ അടുത്തപ്പോഴുണ്ടായ സംസാരത്തിനിടയില്‍ ഒരുത്തന്‍ പറഞ്ഞു “നാട്ടില്‍ പൈസ കൊടുത്താല്‍ ഏത് സര്‍ട്ടിഫിക്കറ്റ്‌ വേണമെങ്കിലും കിട്ടും.. എന്തിന്‍റെ വേണമെന്ന്‍ പറഞ്ഞാമതി.” ആ കേട്ടത് എനിക്കപ്പോൾ അത്രക്ക് വിശ്വാസമായില്ല...


ആ വിശ്വാസകുറവ് പറഞ്ഞപ്പോൾ “നീ വാ.. കാണിച്ചുതരാം” എന്നു പറഞ്ഞുകൊണ്ട് അവന്‍ അവന്‍റെ കയ്യിലുള്ള സർട്ടിഫിക്കറ്റുകൾ എനിക്ക് കാണിച്ചു തന്നു. എന്‍റെ കയ്യിലുള്ളതാണോ ഡ്യൂപ്ലിക്കേറ്റ്‌ എന്ന് സംശയം തോന്നിപ്പിക്കും വിധം അത്രക്ക് തികഞ്ഞതായിരുന്നു ആ വ്യാജ സർട്ടിഫിക്കറ്റുകളെല്ലാം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ എന്ന് ഞാനതുവരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ...


"ദൈവമേ.. എന്നാലും ഇത് കിട്ടാന്‍വേണ്ടിമാത്രം ഞാന്‍ എത്ര വര്‍ഷങ്ങളാ കഷ്ടപ്പെട്ട് പഠിക്കാന്‍ പോയത്.." കഷ്ട്പ്പെട്ടില്ലെങ്കിലും പോയില്ലേ എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോടുതന്നെ അന്ന് പുച്ഛം തോന്നിച്ചു. അവിടെ ആ നിമിഷം സോമന്‍ ഊളയായി...


"സംഗതി ഇതിപ്പോൾ ഒറിജിനല്‍ ആയാലും ഡ്യൂപ്ലിക്കേറ്റ്‌ ആയാലും അതിലല്ല.. കാര്യം നമ്മുടെ ആത്മവിശ്വാസത്തിലാണ്, ജോലിക്കാര്യങ്ങളെല്ലാം ചെയ്യേണ്ടിടത്ത് ചെയ്യേണ്ട സമയത്ത് ചെയ്യാനുള്ള കഴിവിലാണ്.." എന്നൊക്കെ ഞാൻ തിരിച്ചറിഞ്ഞതും മനസ്സിലാക്കിയതും അന്നാണ്...


അതെനിക്കൊരു പുതിയ തിരിച്ചറിവായിരുന്നു. എന്നാലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി പഠിക്കുവാൻ ഓടിയിരുന്നവരുടെ കൂട്ടത്തിലെ ഒരു മണ്ടനായിരുന്നു ഞാനും. പഠിക്കേണ്ടത് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാവരുത്! എന്ന് ചിന്തിക്കാനും മനസ്സിലാകാനും "ത്രീ ഇടിയറ്റ്സ്" എന്ന സിനിമ കാണേണ്ടിവന്നു എന്നതും ഒരു സത്യമാണ്...


എന്തായാലും നാട്ടില്‍ ഇന്നും ജനനം മുതൽ ഓരോരുത്തർക്കും സര്‍ട്ടിഫിക്കറ്റ്‌ ഉണ്ട്. പിന്നെ തുടർന്ന് കാട്ടികൂട്ടുന്നതിനെല്ലാം വേറെ കിട്ടും. എന്നിട്ടും പോരായ്മ ഉണ്ടെങ്കില്‍ വേണ്ടത് വാങ്ങാനും കിട്ടും. അതെല്ലാം  ഒന്ന് ചേര്‍ത്തുവെച്ചാല്‍ അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവായിരിക്കും ആ ഒരു കെട്ട് കടലാസ്സുകൾ. ജനനം മുതലുള്ളത് ഓരോന്നായി മറിച്ചു നോക്കിയാല്‍ ജീവചരിത്രമായും കാണാം...


ഈ കൂട്ടത്തിൽ മറ്റൊരു സര്‍ട്ടിയുടെ കാര്യം കൂടി പറയട്ടെ.. ഒരിക്കല്‍ അടുത്തുള്ള പഞ്ചായത്തിൽ അപേക്ഷ കൊടുത്തത് പ്രകാരം അവിടെ നിന്നും “ഇത് രണ്ടുപേര്‍ക്കും കൂടിയാണ് ” എന്നു പറഞ്ഞുകൊണ്ട് അവർ ഒരു സർട്ടിഫിക്കറ്റ് തന്നു. അതാണ് “മാര്യേജ് സര്‍ട്ടിഫിക്കറ്റ്‌” പറയുമ്പോൾ എല്ലാം പറയണോലോ, അതും ഒരു സര്‍ട്ടിഫിക്കറ്റാണല്ലോ അതുകൊണ്ട് പറഞ്ഞുന്നെയുള്ളൂ. പങ്കിട്ടെടുത്തതായി അത് മാത്രമേ ഉള്ളൂ ബാക്കി എല്ലാം സ്വന്തം പേരില്‍ മാത്രമാണ്...


എന്‍റെ പേരിലുള്ള അവസാനത്തെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുവാൻ ഞാനുണ്ടാകില്ല. എന്‍റെ അച്ഛന്റേത് ഞാൻ വാങ്ങിച്ചത് പോലെ എന്‍റെ ആ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുക ചിലപ്പോൾ എന്‍റെ മകനായിരിക്കും. മരണ സര്‍ട്ടിഫിക്കറ്റ്‌ മാത്രം ബന്ധുക്കൾക്കല്ലേ കിട്ടൂ. ഹാ... ഇനിയിപ്പോൾ ഇവിടുന്നു പോകുമ്പോൾ ഇവരും തരും ഒരു സര്‍ട്ടിഫിക്കറ്റ്. മറ്റൊരു ഫോറിന്‍ സര്‍ട്ടിഫിക്കറ്റ്!. അതുകൂടി വെക്കാന്‍ ആ ഫയലില്‍ ഇടം കാണുമോ എന്തോ.

Saturday, March 19, 2016

37. അമ്മേടെ നാട്ടീന്ന്...










ഇന്നലത്തെ അവധി ദിവസം കൊണ്ടോന്നും ഉറക്കം മതിയായില്ല... ഇന്ന് രാവിലെ കമ്പനിയുടെ മുന്നില്‍ ചെന്നുനിന്ന കാറില്‍നിന്ന് ഇറങ്ങുമ്പോഴും അത് തോന്നിയിരുന്നു... പാതി അടഞ്ഞ കണ്ണുകളോടെ മടിച്ച് മടിച്ച് നടന്ന് നീങ്ങുമ്പോഴും ഉറങ്ങാനുള്ള ആവേശം അതീവമായിരുന്നു...

അടുത്ത് കണ്ടവരോടൊക്കെ മോര്‍ണിംഗ് പറഞ്ഞ് ആ ചെയറില്‍ ചെന്നിരുന്ന് ടേബിളില്‍ തലചായ്ച്ചു... ഇത്തിരിനേരം... പിന്നെ എഴുന്നേറ്റിരുന്ന്‍ ഒരു തുടക്കം എന്നത് ഇന്നിനി എങ്ങനാ എന്നാലോചിക്കുമ്പോ ദാ ടേബിളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന RFIകള്‍... അതെടുത്ത് ഓരോന്നും നോക്കിയപ്പോ “ഇന്ന് നിനക്ക് നല്ല പണിയുണ്ട്” എന്ന് മനസ്സുപറഞ്ഞു...

എന്തായാലും വെയില്‍ ചൂടെറും മുന്നേ കഴിയുമെങ്കില്‍ എല്ലാം ചെയ്തു തീര്‍ക്കാം എന്ന ബുദ്ധിപരമായ തീരുമാനത്തോടെ എല്ലാ RFIയും ഒരു ഫയലില്‍ എടുത്ത് വേണ്ട മാര്‍ക്കര്‍ പെന്നുകള്‍ പോക്കറ്റിലും തിരുകി ഞാന്‍ ഇറങ്ങി നടന്നു... രാത്രിയുടെ തണുപ്പ് അപ്പോഴും അന്തരീക്ഷത്തില്‍ നിന്നും വിട്ടുപോയിട്ടില്ലായിരുന്നു അതുകൊണ്ടാവാം ഉറങ്ങാനുള്ള കൊതി പിന്നെയും അടുത്തുവന്നു...

തണുപ്പും ആസ്വദിച്ച് നടന്ന് നടന്ന് പ്ലാന്റിന്റെ ഗേറ്റ് എത്താന്‍ നേരം അവിടെ ആരെയോ കാത്തുനില്‍ക്കുന്ന പോലെ ഒരാളെ കണ്ടൂ... അയാള്‍ അടുത്തുവന്ന് ഹിന്ദിയില്‍ എന്‍റെ പേരുചോദിച്ച് ആളെ ഉറപ്പുവരുത്തിയ ശേഷം കാര്യം പറഞ്ഞു.. “Sir am from “RISAL”… Yesterday I was send a RFI to you.” കേട്ടപാടെ ഞാന്‍ ഫയലിലെ RFIകള്‍ പരിശോധിച്ചു... ഉണ്ട് “RISAL” എന്നൊരു കമ്പനിയുടെ റിക്വസ്റ്റ് ഉണ്ട്... ആ ഉറപ്പില്‍ ഞാന്‍ അയാള്‍ടെ കൂടെ പോകാന്‍ തയ്യാറായി...

“ബിന്‍ ഹസാല്‍” എന്ന് പേരുപറഞ്ഞ അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നിലും തൊട്ടു പുറകില്‍ അയാള്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ട് എന്ന്‍ തോന്നുംവിധം ഓരോ മൂളലുകളോടെ മറ്റെന്തോക്കെയോ ആലോചിച്ച് ഞാനും,  എന്‍റെ പുറകെ കുറച്ച് മുന്നേ ഞാന്‍ നിര്‍ത്തിവച്ച എന്‍റെ ഉറക്കവും... ഞങ്ങള്‍ അങ്ങനെ ഒരു വരിയായി ലൈവ് പ്ലാന്റിലെ പ്രഭാതത്തിലൂടെ നടന്നു...

ഈ സൈറ്റില്‍ പുതിയതായതുകൊണ്ട് “RISAL”ന്‍റെ Inspection തീരാന്‍ 3 മണിക്കൂറിലധികം സമയമെടുത്തു... ഇനി ഇല്ല!... എല്ലാം കഴിഞ്ഞു എന്ന ആ ഉറപ്പില്‍ അവര്‍ എനിക്ക് തിരിച്ച് പോക്കാന്‍ ഗേറ്റില്‍ ഒരു കാര്‍ അറേഞ്ച് ചെയ്തു തന്നു... അവിടെന്ന് അവരുടെ നന്ദി വാക്കും സ്വീകരിച്ച് ഞാന്‍ തിരിച്ച് നടന്നു..

അവിടെ ഗേറ്റില്‍ “RISAL” എന്നെഴുതിയ ഒരു കാര്‍ കാത്ത് കിടപ്പുണ്ടായിരുന്നു... ഞാന്‍ ചെന്ന് അതില്‍ കയറിയതും ഡ്രൈവര്‍ ചോദിച്ചു...

“ഭായ് ഓഫീസിലേക്കാണോ?”

(അത് കേട്ടപാടെ എന്‍റെ മനസ്സില്‍ “മലയാളി” എന്നൊരു ബള്‍ബ്‌ തെളിഞ്ഞു...)

“അതെ” എന്ന മറുപടിയോടെ “താന്‍ മലയാളി ആണല്ലേ? നാട്ടില്‍ എവിടെയാ?” എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു...

“ആലത്തൂര്‍... പാലക്കാട്”

ആലത്തൂര്‍... അത് ചെറുപ്ലശ്ശേരി അടുത്താണോ?”

“അല്ല... ചെറുപ്ലശ്ശേരി കുറച്ച് പോണം...”

“ഉം... അവിടെ ചെറുപ്ലശ്ശേരിയില്‍ എനിക്ക് ഒന്നുരണ്ട് ഫ്രണ്ട്സ് ഉണ്ട്... "ആലത്തൂര്‍" എന്ന് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്... ഞങ്ങള്‍ടെ നാട്ടില്‍ ഈ മീനമാസം ആകുമ്പോള്‍ ആലത്തൂര്‍ നിന്നെല്ലാം ഒരുപാട് വണ്ടികള്‍ വരും... അതില്‍ ബസ്സുകല്ടെ പുറകിലെ അഡ്രെസ്സില്‍ കാണാം ആലത്തൂര്‍, പാലക്കാട് എന്നൊക്കെ സ്ഥലപേരുകള്‍...”

“അപ്പൊ ഭായിടെ നാട് എവിടാ?”

“തൃശ്ശൂര്‍... കൊടുങ്ങല്ലൂര്‍... കേട്ടിടുണ്ടോ?”

“ഭായീ... ഞാന്‍ വരാറിണ്ട് കൊടുങ്ങല്ലൂര്‍ ഭരണിക്ക്...”

“ആണോ?... അമ്പലത്തിന്‍റെ അടുത്താ എന്‍റെ വീട്..”

“എന്നാലും ഭായീ..”

“എന്തെ?”

“ഏയ്‌”

പുറകിലെ സീറ്റില്‍ ഇരുന്ന് എനിക്ക് അവന്‍റെ മുഖം കാണാനാവുന്നില്ലായിരുന്നു എങ്കിലും അവന്‍റെ ശബ്ദം എന്തോ ഒരു അത്ഭുതം കേട്ടതുപോലെ ആയിരുന്നു..

ഒഫീസിനു മുന്നില്‍ ഞാന്‍ ഇറങ്ങുബോള്‍ അവനും ഇറങ്ങി എന്‍റെ നേരെ വന്നു... അപ്പോഴാണ് ഞാന്‍ അവനെ ശരിക്കും കാണുന്നത്... ഒരു പയ്യന്‍... അവന്‍റെ കണ്ണുകളില്‍ കൗതുകം നിറഞ്ഞു നിന്നിരുന്നു... അവന്‍ എന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു...

“എന്നാലും ഭായി... ഭായി അമ്മേടെ നാട്ടിന്നാല്ലേ... വിശ്വാസാവണില്ല... കണ്ടത്തില്‍ ഏറെ സന്തോഷം”

ഞാന്‍ പകച്ചുപോയി... അടിമുടി ഒരു തരിപ്പോടെ എന്തോന്ന് ഇവനീ പറയണത് എന്നായി എന്‍റെ ചിന്ത... ഇവന് എന്‍റെ നാടിനോടും ആ നാടുകാരനോടും ഇത്രക്ക് സ്നേഹോ? ഒരു ഭ്രാന്ത് പോലെ... അത്രക്കും പ്രിയപെട്ടതാണോ അതെല്ലാം... എനിക്കാണെങ്കില്‍ ആദ്യായിട്ടാ ഒരാള് ഇത്രയും വിലതരുന്നെ... ഒന്നും ഒന്നും മനസ്സിലാക്കാനാവാതെ അങ്ങനെ ഇത്തിരി നേരം നിന്നുപോയി...

യാത്ര പറഞ്ഞ് തിരിച്ച് പോകുന്ന അവനെ നോക്കി ഇവിടെ കൊണ്ടുവിട്ടത്തില്‍ ഒരു നന്ദി എന്നോണം ഒരു പുഞ്ചിരിയോടെ കയ്യുയര്‍ത്തി കാണിച്ചു... തിരിച്ച് അവനും... 

തിരിഞ്ഞ് നടക്കുമ്പോള്‍ നിറയെ ആല്‍മരങ്ങള്‍ ഉള്ള ഒരു അമ്പലം എന്‍റെ ഉള്ളില്‍ നിറഞ്ഞു കണ്ടൂ... മീനമാസത്തില്‍ മഞ്ഞള്‍ മണക്കുന്ന ഭരണികാവ്... ഏറെ പരിചിതമായ അമ്മയുടെ തട്ടകം... ഒരു കൊടുങ്ങലൂര്‍കാരനായി ജനിച്ചതില്‍ അഭിമാനം തോന്നുകയായിരുന്നു... കൂടെ അവന്‍റെ സ്നേഹത്തോട് ഒരു ബഹുമാനവും അവന്‍റെ വിശ്വാസത്തോട് ഒരു ആദരവും.

Friday, March 4, 2016

36. ബസ്സ്‌ യാത്ര...











ഒരുപാട് കാലങ്ങള്‍ക്കു ശേഷമാണ് ഇന്നൊരു യാത്രയുടെ ഭാഗമായി വീണ്ടും ബസ്സില്‍ കയറിയത്... സ്റ്റോപ്പില്‍നിന്നും പതിയെ ഓടിതുടങ്ങിയ ബസ്സില്‍ നിലയുറപ്പിക്കാന്‍ അവിടവിടെ പിടിച്ചുകൊണ്ട് ആളൊഴിഞ്ഞൊരു സൈഡ് സീറ്റില്‍ ചെന്നിരുന്നപ്പൊ ഞാനോര്‍ത്തു “എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഈ ഒരു അനുഭവം...”

കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ടുള്ള ആ യാത്ര ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തി... മുന്നിലൂടെയും പിന്നിലൂടെയും ഹോണ്‍ മുഴക്കിയെത്തുന്ന വാഹനങ്ങളെ പേടിച്ചും, വളവും തിരിവും, കുണ്ടും കുഴിയും സിഗ്നലുകളും ശ്രദ്ധിച്ച് കണ്ച്ചിന്മാതെയുള്ള സെല്‍ഫ് ഡ്രൈവിങ്ങില്‍നിന്നും ഒരു മോചനം! അത് തന്നെ വലിയ ആശ്വാസമായി തോന്നി...

സ്വതന്ത്രനായിരുന്ന്‍ കാഴ്ച്ചകള്‍ കാണാനും, ചിന്തിക്കാനും, പാട്ടുകേള്‍ക്കാനും, പകല്‍കിനാവുള്‍ കാണ്ടാസ്വദിക്കാനും, ഏറെ അനുയോജ്യമായതുകൊണ്ടുതന്നെ ബസ്സ്‌യാത്രകള്‍ പണ്ടും ആസ്വാദ്യമായിരുന്നു... കൈപിടിച്ച് നടക്കുന്ന പ്രായത്തില്‍ അമ്മയുടെ വീട്ടിലേക്കുള്ള യാത്ര അതാണ്‌ ഓര്‍മ്മയില്‍ ആദ്യത്തെ ബസ്സ്‌യാത്ര... ആദ്യമായി തനിച്ച് യാത്ര ചെയ്തത് സ്കൂളില്‍ പഠിക്കുന്ന കാലത്തും, “ഒന്ന് ഒതുങ്ങി നില്ക്ക്... അങ്ങട്ട് കേറി നില്ക്ക്” എന്നീ ശകാരങ്ങള്‍ അന്ന് സ്ഥിരം കേട്ടിരുന്നു... 

തോള്ളില്‍ ബാഗും തൂക്കിയിട്ട് ഓരോ സീറ്റിലെയും പുറകിലെ കമ്പികളില്‍ രണ്ടു കൈയ്യും മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍ മുകളില്‍ കാണുന്ന വലിയ കമ്പി അന്ന് കൈയെത്താ ദൂരത്തെ ഒരു ലക്ഷ്യമായിരുന്നു... “എന്നാ വലിയ ആളുകളെപോലെ അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാ... അതിനിയെന്നാ...” എന്ന ചിന്തകള്‍ അന്നെല്ലാം ഒരു ദീര്‍ഘ നിശ്വാസത്തിലാണ് അവസാനിച്ചിരുന്നത്...

പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ പഠിക്കാനും ജോലിക്കായും വേണ്ട യാത്രകള്‍ക്കായി എന്നും ആശ്രയിച്ചിരുന്ന ബസ്സുകള്‍... അതിന്‍റെ സമയം നോക്കി ഓടിപിടഞ്ഞ്‌ സ്റ്റോപ്പിലെത്തുബോള്‍ എന്നും കാണാറുള്ള മുഖങ്ങള്‍... അവിടെ ബസ്സിന്‍റെ വരവും പ്രതീക്ഷിച്ചുള്ള കാത്തുനില്‍പ്പ്... നേരം കഴിഞ്ഞും കാണാതാകുമ്പോള്‍ തോന്നിയിരുന്നൊരു ടെന്‍ഷന്‍... അകലേന്നു വരുന്നുണ്ടോ എന്നറിയാനായി ആ ശബ്ദത്തിനായുള്ള കാതോര്‍ക്കല്‍... ദൂരെ ബസ്സിന്‍റെ മുഖം കണ്ടുതുടങ്ങുബോള്‍ തോന്നുന്ന ഒരു ഉണര്‍വും അതില്‍ കയറാനുള്ള തയ്യാറെടുപ്പും... ആ ശീലങ്ങളെല്ലാം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു...

പണ്ട് ഏകദേശം ഒരുവര്‍ഷത്തോളം എന്നും രാവിലെ PA ട്രാവല്‍സില്‍ ചലക്കുടിയിലെക്കുള്ള യാത്ര ഇന്ന് നല്ല ഓര്‍മ്മകളായെത്തി... ഒരുപാട് നല്ല സുഹൃത്തുക്കളെ തന്നതാണ് ആ യാത്ര... കണ്ടക്ടര്‍ ടോമിചേട്ടന്‍ ഇന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍പ്പുണ്ട്... അങ്ങനെ പലരും... അന്നൊക്കെ KSRTC  ബസ്സില്‍ കയറിയാല്‍ പെട്ടെന്ന് ഉറങ്ങിപോകുമായിരുന്നു ഒരുപക്ഷെ ഇന്നും... വായു സഞ്ചാരം കൂടുതലായതുകൊണ്ടുള്ള നല്ല കാറ്റും പിന്നെ TATA എന്‍ജിന്‍റെ താരാട്ട് പോലുള്ള ശബ്ദവും.. എപ്പോ ഉറങ്ങി എന്നറിയാനാവില്ലായിരുന്നു...

M S മേനോന്‍, S N ട്രാവെല്‍സ്, K K മേനോന്‍, ശ്രീകൃഷ്ണ, വീണാമോള്‍... എല്ലാം ഒരുകാലത്തെ ചെറുതും വലുതുമായ എല്ലാ യാത്രകളുടെയും ഭാഗമായ ബസ്സുകളായിരുന്നു... കാഴ്ച്ചയിലെ അവയുടെ നിറങ്ങളും ആ നിറങ്ങളാല്‍ അവയില്‍ തീര്‍ത്ത ഡിസൈന്‍കളും ഇന്നും ഒരു പഴയ ചിത്രംപോലെ മനസ്സില്‍ മായാതെ കിടക്കുന്നു... പിന്നെ ആ കണ്ടക്ടര്‍മാരുടെ കയ്യിലെ പല നിറത്തിലുള്ള ടിക്കറ്റ്സ്, അതില്‍നിന്നും തുപ്പല്‍ തൊട്ട് ഓരോന്ന് കീറി തന്നപ്പോഴൊക്കെ വാങ്ങാന്‍ അറച്ചതും, ചില്ലറ ഇല്ലെന്നും പറഞ്ഞ് ടിക്കറ്റ്നു പുറകില്‍ എഴുതി തന്നതുമെല്ലാം ഇന്നൊര്‍ത്തുപോയി...

അങ്ങനെ ഇന്നത്തെ യാത്രയുടെ അവസാനം എന്നപോലെ ആ സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ എന്നെ ഇറക്കിവിട്ട് അകന്നുപോയ ആ ബസ്സിനെ ഞാന്‍ കുറച്ചു സമയം നോക്കിനിന്നു... ബസ്സുകള്‍ പണ്ടത്തേക്കാള്‍ കൂടുതല്‍ സുന്ദരികളായിരിക്കുന്നു... പുതിയ ടെക്നോളജി ബസ്സിലും കുറെയേറെ മാറ്റങ്ങള്‍ വരുത്തി കണ്ടുവെങ്കിലും ബസ്സ്‌യാത്രിയില്‍ ഇന്നും ഒരു സുഖംതോന്നി... കണ്മുന്നില്‍ നിന്നും മറയും മുന്നേ അതിനൊരു നന്ദി ഞാന്‍ ആ ബസ്സിനോട്‌ പറഞ്ഞു....

മാറ്റങ്ങള്‍ എന്ന ഒറ്റ കാരണത്താല്‍ ഇങ്ങനെ ഓരോ കാലഘട്ടങ്ങളിലായി അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഒരു ഒഴുക്കിലെന്നപോലെ അകന്നുപോയിട്ടുണ്ട്... അതില്‍ പലതും ഒരിക്കലും തിരിച്ചു വരാത്തവിധം ഏറെ പുറകിലേക്ക് പോയികഴിഞ്ഞിരിക്കുന്നു... ഒരു കാലഘട്ടത്തിന്‍റെ ഭാഗമായി ഇനി ശേഷിക്കുന്ന ഓര്‍മ്മകളെന്നപോലെ എല്ലാം ചെറിയ ഓര്‍മ്മകള്‍ മാത്രമാക്കികൊണ്ട് അങ്ങു ദൂരെക്ക്...

Tuesday, January 5, 2016

35. കണ്ണാടിയിലൂടെ...


ശ്രദ്ധിച്ചിട്ടുണ്ടോ? ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നമ്മള്‍ അഭിമുഖീകരിച്ച അപരിചിതരായ ചിലരെ... എവിടെയോ കണ്ടൊരു പരിജയം തോന്നിപ്പിച്ച മുഖമുള്ളവര്‍... അവിചാരിതമായി കണ്ട അവരില്‍ ചിലര്‍ നമ്മളെ ഏറെ സ്വാധീനിച്ചവരായി മാറിയ നിമിഷങ്ങള്‍... ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തവരായി മാറിയവര്‍... അങ്ങനെ ചിലരില്ലേ നമുക്കിടയില്‍?... ഉണ്ട്.
 
തളര്‍ന്നു കിടകുന്ന ഒരാള്‍ക്ക് എഴുന്നേറ്റ് നില്‍കാന്‍ വേണ്ടുന്നത്ര പോസിറ്റീവ് എനര്‍ജിയാണ് അവര്‍... ഒരിക്കലും മടിച്ചു നില്‍ക്കാത്ത സഹായ ഹസ്തങ്ങള്‍... അവര്‍ ചിലനേരം വഴികാട്ടിയായി എവിടുന്നോ വന്നുപോകുന്നു... ചില അപകട ഘട്ടങ്ങളില്‍ ഒരു കൈതാങ്ങായും തണലായും എത്തുന്നു... അങ്ങനെ അവിടം മുതല്‍ എന്നും ഒരു നന്ദിയോടെ ഓര്‍ക്കേണ്ടുന്ന വ്യക്തികളുണ്ട്...

പണ്ടത്തെ കലണ്ടറിലോക്കെ കണ്ടിട്ടിലെ ഒരു ചെറുപുഞ്ചിരിയോടെ നമ്മളെ നോക്കിയിരിക്കുന്ന ദൈവങ്ങളുടെ പടങ്ങള്‍.. ആ ഒരു മുഖച്ഛായയാണ് അവരില്‍ മിക്കവര്‍ക്കും എന്നെനിക്ക് തോന്നിയിട്ടുണ്ട്... അതൊരുപക്ഷെ അവരുടെ ഉള്ളിലെ നന്മയുള്ള പ്രതിഫലനമാകാം.
  
ഒരു അനുഭവത്തിലൂടെ നമ്മള്‍ അറിയുന്ന “അവര്‍” നമ്മുടെ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാനാവില്ല... അറിയാം എന്നതിനപ്പുറത്തേക്ക് പറയത്തക്ക ഒരു റിലെഷന്‍ അവിടെ കാണില്ലെന്നതാണ് കാരണം... എന്നിരുന്നാലും ഒരടുപ്പം തോന്നും നമ്മുടെ ഒരു ബന്ധുവിനോടോ സുഹൃത്തിനോടോ തോന്നുന്നത്ര അല്ലെങ്കില്‍ അതിലേറെ... നമ്മള്‍ ഈ “മുന്‍ജന്മ ബന്ധം” എന്നൊക്കെ പറഞ്ഞുപോകുന്ന നിമിഷങ്ങള്‍... അവരിലെ നന്മയോടുള്ള ഒരു ആകര്‍ഷണമാകാം അത്.

എന്നാല്‍ ആയാള്‍ എതിര്‍ലിംഗത്തില്‍ പെടുന്ന ഒരാളാണെങ്കില്‍ “ആണും പെണ്ണും” എന്ന് കേട്ടാല്‍ സെക്സ് എന്നുമാത്രം ചിന്തിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്, എവിടെയും അവിഹിതം കേള്‍ക്കാന്‍ കാതോര്‍ത്തും കണ്ണുനട്ടും നില്‍ക്കുന്ന ഒരു വലിയ കൂട്ടര്‍ക്ക് മുന്നിലാണ് നിക്കുന്നതെന്നൊക്കെയുള്ള തിരിച്ചറിവുകളില്‍ അയാളെകുറിച്ച് മറ്റൊരാളോട് പറയാനും അയാളെ വേണ്ടപോലെ പരിഗണിക്കാനും മടിക്കേണ്ടിവരുന്നു.

എല്ലാവര്‍ക്കും എല്ലാ ബന്ധങ്ങളെയും അതിന്‍റെ യഥാര്‍ത്ഥരൂപത്തില്‍ കാണാനും ഉള്‍ക്കോള്ളാനുമാവുന്നില്ല എന്നതാണ്‌ കാരണം, അതിന്‍റെ കാരണം നമ്മുടെയൊക്കെ ചിന്തകള്‍ അത്ര വെടിപ്പല്ല എന്നത് തന്നെ.. നല്ല ചിന്തകള്‍ വളര്‍ത്താന്‍ അധികം ആരും ശ്രമിക്കാറില്ല, അതിന് താല്‍പര്യം കാണിക്കാറില്ല എന്നതാണ്‌ സത്യം... അങ്ങനെ വേറൊരാളറിയാതെ സ്വന്തം ഉള്ളില്‍ ഒതുങ്ങുന്ന ബന്ധങ്ങള്‍... അത്തരം ബന്ധങ്ങള്‍ക്ക് പറയാന്‍ ഒരു പേര് പോലുമില്ല.

“ജീവിതം എങ്ങനെയെന്ന്‍ ആരും ആര്‍ക്കും പറഞ്ഞു പഠിപ്പിച്ചുതരില്ല! അത് സ്വന്തം ചുറ്റുപാടില്‍ നിന്ന് സ്വയം കണ്ടുപഠിക്കണം.” എന്നെനിക്ക് പറഞ്ഞുതന്നയാളും... പകച്ചുനിന്ന നിമിഷങ്ങളില്‍ മുന്നോട്ടുള്ള വഴി ചൂണ്ടികാണിച്ചുതന്നയാളും... ജീവിതത്തില്‍ എന്തിനെകാളും മൂല്യം എന്തിനായിരിക്കണം എന്ന് മനസ്സിലാക്കിതന്നയാളും എന്‍റെ ആരുമല്ലായിരുന്നു... അവിടെ ആ നിമിഷങ്ങളില്‍ ആ വ്യക്തികളെയല്ല ആ നല്ല വ്യക്തിത്വത്തെ തിരിച്ചറിയുകയായിരുന്നു ഞാന്‍...

ഒരു പേരിനും അപ്പുറത്തേക്ക് അവരില്‍ പലരും ആരാണെന്ന് എനിക്കിന്നും അറിയില്ല... ഞാന്‍ അന്വേഷിച്ചിട്ടില്ല!  കാരണം പേരിലും പ്രായത്തിലും, ഭംഗിയിലും ഭാവങ്ങളിലും ഒരു വ്യക്തിയെ കാണുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ആ വ്യക്തിതിത്വത്തെമാത്രം കണ്ടറിയുന്നത് എന്ന് തോന്നിയതുകൊണ്ടാണ്... അല്ലെങ്കിലും "എനിക്കറിയാത്ത എന്നെ അറിയുന്ന ഒരാള്‍ എന്നെപറ്റി എവിടെനിന്നോ എന്നോട് സംസാരിക്കുന്നു" അതൊരു ത്രില്ലിംഗ് കോണ്‍സെപ്റ്റ് അല്ലെ? അങ്ങനെയുള്ള ഒരാള്‍ പറയുന്ന കൊച്ചു വാക്കുകള്‍ മതിയാവും ഏതൊരു സഹാചര്യതിലും ഒരു ഉണര്‍വെകാന്‍ വലിയ സ്വന്തനമേകാന്‍... വലാത്തൊരു ശക്തിപോലെയാണ് അത്.

മറ്റുളവര്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുകളെ ഇന്ന് കണ്ടുകിട്ടാനേ പാടാ... അങ്ങനെയുള്ളവരില്‍ ഒരാളാകണമെങ്കില്‍ ഒരു നല്ല മൈന്‍ഡ് ക്വാളിറ്റി തന്നെ വേണം... ജീവിതത്തില്‍  എപ്പോഴേങ്കിലും അതുപോലുള്ളവരെ നമ്മള്‍ ഓരോരുത്തര്‍ക്കും കാണാനായെക്കും... അന്ന് അവരെയൊന്ന് ശ്രദ്ധിച്ചുവെങ്കില്‍, ഒരുനിമിഷം അവരോട് അസൂയ തോന്നിയെങ്കില്‍ അതുവരെ ഇലാത്ത നന്മയുടെ ചിന്തകള്‍ നമ്മളില്‍ വന്നുതുടങ്ങും... നല്ല നല്ല കാഴ്ച്ചപാടുകള്‍ ജനിക്കും.

ആരോടെന്നില്ല നല്ല ആളുകളെ നല്ല ബന്ധങ്ങളെ എപ്പോഴും നല്ലതുപോലെ സൂക്ഷിക്കാന്‍ പഠിക്കാം... അത് മറ്റുള്ളവരെ കാണിക്കാനല്ല! അവരിലൂടെ നമ്മളില്‍ വരുന്ന മാറ്റങ്ങളാല്‍ നമ്മളെ അറിഞ്ഞു തുടങ്ങുന്നവര്‍ പറഞ്ഞുപോകും “അയാള്‍ നല്ലൊരു മനുഷ്യനാണ്”... അവിടെ യഥാര്‍ത്ഥത്തില്‍ നമ്മളും അപൂര്‍വ്വം ചിലരില്‍ ഒരാളായി മാറിയിട്ടുണ്ടാകും.

നിങ്ങള്‍ നല്ലൊരു വ്യക്തിയായാല്‍ നാളെ നിങ്ങള്‍ അറിയാതെ നിങ്ങളെ മാതൃകയാക്കി നിങ്ങളിലൂടെ നിങ്ങളെകാല്‍ നല്ലൊരു വ്യക്തിയും വ്യക്തിത്വവും ഉണ്ടാക്കും... അത് ചിലപ്പോ സ്വന്തം മകനോ മകളോ ആയെക്കാം... അതാരായാലും ആ നല്ല വ്യക്തിത്വത്തിന് നിങ്ങള്‍ കാരണമായെങ്കില്‍ അഭിമാനിക്കാം... കാരണം മനസ്സിന്‍റെ നന്മതന്നെയാണ് ഏറ്റവും വലിയ ഹ്യുമണ്‍ ക്വാളിറ്റി അത് നിങ്ങള്‍ക്കും ഉണ്ടെന്ന ആ തിരിച്ചറിവില്‍... ആ ഒരു ഉറപ്പില്‍.