" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Thursday, August 14, 2014

32. School days...

കാലംപോകുന്നത് വളരെ വേഗത്തിലാണ്... പഴയ സുഹൃത്തിനോട് സംസാരിക്കുമ്പോൾ അത് ശരിക്കും അറിയാനാവും... ആ കാലത്തിനനുസരിച്ച് ഏറിവരുന്ന പ്രായത്തിനൊപ്പം ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ധവും ഏറിവരുന്നു, അങ്ങനെ ഇന്ന് ഒന്നിനും സമയമില്ലാത്ത ഒരവസ്ഥയായി... ആ ഒരു അവസ്ഥയിലും പഴയ സുഹൃത്തിനോട് പഴങ്കഥകൾ പറഞ്ഞിരിക്കുമ്പോൾ എന്തെന്നിലാത്ത ഒരു സുഖമുണ്ട് അതിപ്പോ ഫോണിലൂടെയായാലും നേരിട്ടായാലും... ഇന്ന് അവനോട് സംസാരിക്കുമ്പോൾ ഞാനത് തിരിച്ചറിയുകയായിരുന്നു.

മറന്നുവെന്ന് കരുതിയ പലതും മറന്നിട്ടിലെന്ന് തിറിച്ചറിഞ്ഞ നിമിഷങ്ങൾ... സത്യത്തിൽ എല്ലാം ചിതലരിച്ചുപോയി എന്നുകരുതിയതാണ്, വെറുതെ ഒന്ന് പൊടിതട്ടിയെടുകേണ്ടിയെ വന്നുളൂ എല്ലാത്തിനും ഇന്നും ജീവനുണ്ടെന്നറിയാൻ... അല്ലെങ്കിലും സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾക്ക് കഴിഞ്ഞ ജീവിതത്തെ കുറിച്ച് സന്തോഷത്തോടെ ഓർത്ത് പറയാൻ സ്വന്തം നാടും, വീടും, കൂട്ടുകാരും, സ്കൂളും ഒരുകൊച്ചു നാടാൻ പ്രണയവുമൊക്കെ തന്നെയാണ്... ആ കൂട്ടത്തിൽ ഇന്ന് സ്കൂളായിരുന്നു ഞങ്ങൾക്ക് സംസാരവിഷയമായത്.

ഒരു സുവർണ്ണകാലം പോലെയാണ് ഇന്ന് സ്കൂൾ ലൈഫിനെ കാണാനാവുന്നത്, എന്നാൽ അന്ന് അത് ഏറ്റവും വെറുക്കപ്പെട്ട ഒരു കാലമായിരുന്നു പഠിക്കാനുള്ള മടികൊണ്ട് മാത്രം... ഓർക്കുമ്പോൾ അന്നത്തെ ഓരോ സാഹചര്യങ്ങൾ എനിക്കിന്ന് തീർത്തും അന്ന്യമായി തോന്നുന്നു... അങ്ങനെ ഒരു കാലഘട്ടം എൻറെ ജീവിതത്തിലൂടെ കടന്നുപോയോ? എന്നൊരു സംശയം പോലെ... അത്രമാത്രം മാറ്റങ്ങൾ വന്നിട്ടുണ്ടിന്ന്... എല്ലാരീതിയിലും.

ഇന്ന് ഓർമ്മകളിൽ അന്നത്തെ നീലയും വെള്ളയും യൂണിഫോം... 50 പൈസ്സ കൊടുത്തുകൊണ്ടുള്ള സ്കൂളിലേക്കുള്ള ബസ്‌യാത്ര... സ്കൂളിൽ ഒറ്റ നിരയിൽ ഒരുപോലെ ഇരിക്കുന്ന സൈക്കിളുകളെന്ന ആ കാഴ്ച്ച... കാതിൽ മുഴങ്ങുന്ന സ്കൂളിലെ ബെല്ലടി... ടീച്ചറില്ലാത്ത ക്ലാസ്സിലെ കുട്ടികളുടെ കലപില ശബ്ദം (ടീച്ചർമാരുടെ ഭാഷയിൽ പറഞ്ഞാൽ "കക്കാകൂട്ടിൽ കല്ലിട്ടപോലെ")... പിന്നെ ബാക്ക് ബെഞ്ചിലേക്ക് തിരിഞ്ഞിരുന്നുകൊണ്ടുള്ള കഥപറച്ചിൽ... ക്ലാസ്സിൽ വർത്താനം പറയുന്നവരുടെ പേരെഴുതാൻ നിയോഗിക്ക്യപ്പെട്ട അഹങ്കാരിയായ ക്ലാസ്സ്‌ ലീഡർ... എന്നും അവിടെയുള്ള "Black Board + White Chalk + Duster" പിന്നെ ഒരു ചൂരൽ... ക്ലാസ്സിലെ കാണാൻ കൊള്ളാവുന്ന പെണ്‍കുട്ടി സ്വപ്നത്തിലെ നായികയായത്... പേനകൊണ്ടും കൊമ്പസ്സുകൊണ്ടും മുന്നിലെ ഡെസ്ക്കിൽ കുത്തികുറിച്ച പേരും പടങ്ങളും.

കറികൾ പരസ്പ്പരം പങ്കുവച്ചുകൊണ്ടുള്ള ഉച്ചഭക്ഷണം... ടീച്ചറുടെ ശബ്ദവും പഠിപ്പിക്കുന്ന വിഷയവും തരുന്ന ബോറടിയിൽ ഇരുന്നുള്ള ഉറക്കം തൂങ്ങൽ... കയ്യിലെ പേന തെളിയാതാകുമ്പോൾ വേറെ പേന അന്വേഷിക്കലും, കടം വാങ്ങലും... അത് മിക്കവാറും ഏതെങ്കിലും പെണ്‍കുട്ടിയിൽ നിന്നെ കിട്ടൂ... പിന്നെ ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ എന്ന പാരകൾ... ഹോംവർക്ക്‌ എന്ന തലവേദന... അത് ചെയ്യാതെ വരുമ്പോഴുള്ള ക്ലാസ്സിലെ എഴുനേറ്റുനിൽക്കലും, അടിവാങ്ങളും... അത് കണ്ടു ചിരിക്കുന്ന പെണ്‍കുട്ടികളെ കാണുമ്പോ തോന്നിയിരുന്ന ഒരു ചമ്മൽ... കാതോർത്തിരുന്നു കേൾക്കുന്ന 4 മണിക്കുള്ള കൂട്ട മണിയടി... കളർ ഡ്രെസ്സിൽ വരാവുന്ന സ്പെഷ്യൽ ക്ലാസ്സുകൾ... കൂട്ടുകാരനോടൊപ്പം സൈക്കിളിലെ യാത്ര...

പിന്നെ ഓണം ക്രിസ്മസ് എന്നൊക്കെ പേരിട്ട പരീക്ഷാകാലം... അത് ഓർക്കുമ്പോതന്നെ "അവ്"... അങ്ങനെ സ്കൂൾ പാതി ഉറങ്ങിയപോലുള്ള പരീക്ഷാ ദിവസങ്ങൾ... നിശബ്ദത നിറഞ്ഞ പരീക്ഷാഹാളിലിരിക്കുമ്പോൾ ഇടക്കിടെ കേൾക്കുന്ന കാക്കയുടെ ശബ്ദം... ടീച്ചർടെ കണ്ണുവെട്ടിച്ച് കോപ്പിയടിക്കാനുള്ള ശ്രമങ്ങൾ... മാനംകാക്കാൻ വേണ്ടി പരീക്ഷാ ഹാളിലിരുന്ന് ആൻസർ പേപ്പറിന്റെ എണ്ണം കൂട്ടാനുള്ള പെടാപാട്... ചോദ്യങ്ങൾക്ക്‌ ഉത്തരം അതെ ചോദ്യങ്ങളൊക്കെ തന്നെ എഴുതി ഒരു കണക്കിന് ഒപ്പികുന്ന 2 അല്ലെങ്കിൽ 3 ഷീറ്റ് പേപ്പർ... അതിപ്പോ 10 മിനിറ്റുകൊണ്ട് തീരുമാനമാകുന്ന പരീക്ഷയാണെങ്കിൽ പേപ്പറുകൾ കൂട്ടികെട്ടുന്ന നൂൽ ആവശ്യം വരാറില്ല... എന്നാലും നാണം മറക്കാൻ എന്നപോലെ വെറുതെ ഒരു പേപ്പർകൂടെ വാങ്ങി ചേർത്തുവച്ച് ഒറ്റകെട്ട്...

10 ദിവസത്തെ അവധികാലം... അത് കഴിഞ്ഞെത്തുമ്പോൾ മാർകൊക്കെ ഇട്ട ഉത്തരകടലാസിന്റെ കെട്ടുമായി ക്ലാസ്സിൽ വരുന്ന ടീച്ചർ... അത് കണ്ട് ടെൻഷൻ ആകുന്ന പഠിപ്പിസ്റ്റുകൾ... പേരുവിളിച്ച് തോറ്റ മാർക്കും വിളിച്ചുപറഞ്ഞ്‌ ടീച്ചർ ആ പേപ്പർ തരുമ്പോഴുള്ള നാണക്കേട്‌... കുറെയേറെ പേപ്പറിൽ എഴുതികൂട്ടി അതുമുഴുവൻ ടീച്ചറെകൊണ്ട് നോക്കിച്ച് ഞങ്ങൾ ബുദ്ധിമുട്ടിച്ചില്ലലോ എന്ന ആശ്വാസത്തോടെ ബാക്ക് ബെഞ്ചെന്ന ഒരു കൂട്ടം... പിന്നെ പതിവുപോലെ നേരം കിട്ടുമ്പോഴൊക്കെയുള്ള ടീച്ചർടെ ശകാരം, ഉപദേശം... വീട്ടിൽനിന്ന് ആളെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കേറിയാമതിയെന്ന പറച്ചിൽ... അങ്ങനെ അങ്ങനെ എന്തൊക്കെയായിരുന്നു... ഇപ്പോഴും ഈവക സമ്പ്രദായങ്ങളൊക്കെ ഉണ്ടോ ആവോ?

എന്തായാലും ആ കാലമത്രയും ഇന്ന് കടലിന്നക്കരെയായി... ഇന്ന് ഇതോരോന്നും ഓർത്തപ്പോ ശരിക്കും ചിരിവന്നിരുന്നു അന്നത്തെ മാനസികാവസ്ഥ അല്ലലോ ഇന്ന് അതുകൊണ്ടാകാം... എന്തായാലും സ്കൂൾ എന്ന ഈ ഓർമ്മകൾ ഇന്നെന്നിൽ ഒരു ഉണർവും സന്തോഷവും നിറച്ചു... ഇന്നിതെല്ലാം ഓർക്കാനും പറയാനും ഇങ്ങനെ എഴുതാനും സാഹചര്യമൊരുക്കിയ പ്രിയസുഹൃത്തും സഹപാഠിയുമായ ഷെഫീക്കിന് നന്ദി...

Monday, August 4, 2014

31. ഞാന്‍...











ഇന്ന് ഈ ഒരു നിമിഷം എന്നിൽ നിന്നും "ഞാൻ" എന്ന "അച്ഛനെ" ഒന്ന് മാറ്റി നിർത്തിയാൽ... 
ഞാൻ എന്ന "മകനെ" മാറ്റി നിർത്തിയാൽ...
കൂടെ ഞാനെന്ന "ഭർത്താവിനെയും"... ഞാനെന്ന "സുഹൃത്തിനെയും"... ഞാനെന്ന "സഹോദരനെയും" മാറ്റിനിർത്തിയാൽ പിന്നെ അവശേഷിക്കുന്നത് കുറച്ചറിവും, കൊച്ചു സ്വപ്നങ്ങളും മാത്രമുള്ള പച്ചയായ "ഞാൻ" എന്ന ഒരു ഞാൻ മാത്രമാണ്... 

അവിടെ പതിരെന്നപോലെ അസൂയയും അന്ധവിശ്വാസവും അഹങ്കാരവും കള്ളത്തരവുമെല്ലാം എന്നിൽ നിന്നും വേറിട്ടുനിൽക്കുന്നു... വെറുതെ അങ്ങനെയൊന്ന് സങ്കല്പ്പികുമ്പോൾ ഞാൻ കാണുന്ന എന്നെ എനിക്ക്  മുൻപരിജയമില്ല... എന്നിരുന്നാലും ആ "ഞാൻ" എന്ന എന്നോട് എനിക്കിന്നൊരു ചെറിയ ഇഷ്ട്ടം തോന്നുന്നുണ്ട്... അതെന്തുകൊണ്ടാകും???

"ഞാൻ" എന്ന ഈ ഞാൻ പെർഫെക്റ്റ്‌ അല്ലാത്തതു കൊണ്ടാകാം...

Friday, July 4, 2014

30. യാത്ര...

നിശബ്ദവും ഒരു യാത്രയിലാണ് ഞാൻ... ദിനരാത്രങ്ങളെ അറിയാതെ, ദിശയറിയാതെ, എവിടെക്കെന്നറിയാതെയുള്ള ഒരു യാത്രയിൽ... കൂടെയുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് തെല്ലും ക്ഷീണമറിയിക്കാതെ ഇന്നും മുന്നിലേക്ക് നയിക്കുന്നത്... 

ഒരുനാൾ നാളും സമയവും കുറിച്ചിറങ്ങിയ  യാത്രക്കിടയിൽ ഇന്നിപ്പോ ഇതെഴുതുമ്പോഴും കൂടെ ആരൊക്കെയുണ്ട് എന്നെനിക്ക് അറിയാനാവുന്നില്ല... പലപ്പോഴും തോന്നും തനിച്ചാണെന്ന്... ചിലപ്പോഴൊക്കെ തനിച്ചാവാൻ കൊതിച്ചിട്ടുമുണ്ട്... ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ പൂർണ്ണ സ്വതന്ത്രനായ് പറക്കുന്ന ഒരു പക്ഷിയെ പോലെയാകാൻ...

കാലം മായ്ച്ചതുകൊണ്ടോ, ശ്രദ്ധയില്ലാഞ്ഞിട്ടോ അതോ യാത്രക്ക് വേഗതകൂടിയതുകൊണ്ടോ എന്നറിയില്ല പിന്നിട്ട ഓരോ വഴികളിലായ് കണ്ടുമുട്ടിയ പല  മുഖങ്ങളും എൻറെ ഓർമ്മയിൽ ഇന്നില്ല... എന്നാൽ എനിക്ക് അടുത്തറിയാവുന്ന, ഞാൻ എന്ന പേരിനെയും വ്യക്തിയെയും അറിയുന്ന പ്രിയപ്പെട്ട പലരും അവരവരുടെ യാത്രകൾ അവസനിച്ചും, അവസാനിപ്പിച്ചും അകന്നു പോയിരിക്കുന്നു... വേർപാട് എന്ന ആ തിരിച്ചറിവ് എപ്പോഴും എനിക്കൊരു വേദന സമ്മാനിക്കാറുണ്ട്...

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിപ്പൊക്കെ കഴിഞ്ഞ് വെറുതെ നടക്കുന്ന മുതിർന്ന ചേട്ടൻമാരെ കാണുമ്പോഴൊക്കെ ഉള്ളിൽ തോന്നിയിരുന്ന ഒരു കാര്യമാണ് "അവൻമാർ ഭാഗ്യവാൻമാർ ഇനി പഠിക്കണ്ടലോ" യെന്ന്... അതുപോലെ എല്ലാം നേരത്തെ കഴിയുന്നവർ ഭാഗ്യവാൻമാരാണെന്ന് തോന്നും...

ചിലപ്പോ അവരെല്ലാം അവരുടെ യാത്രയുടെ അവസാന നിമിഷങ്ങളിൽ ഒരുപക്ഷെ ഒന്ന് മോഹിച്ചിട്ടുണ്ടാകാം കവി കൊതിച്ചപോലെ "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...".

എൻറെ  യാത്ര അതിപ്പോ എവിടെയെത്തിനിൽകുന്നു  എന്നെനിക്കറിയില്ല... എത്ര ദൂരം പിന്നിട്ടു എന്നും അറിയില്ല... എനിക്കിനി എത്ര ദൂരം താണ്ടുവാനുണ്ടെന്നും അറിയില്ല... എന്നാൽ ഒന്ന്‌ ഉറപ്പല്ലെ എൻറെ യാത്രക്കും ഒരു അവസാനം ഉണ്ടെന്നത്... ഒരു ദീർഘ നിശ്വാസത്തിൽ അവസാനിക്കുന്ന ആയൊരു യാത്ര... എന്‍റെ സ്വന്തം ജീവിതയാത്ര...