" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Wednesday, December 12, 2012

27. Life is going On...

നിശബ്ദവും നിശ്ചലവുമാകുന്ന ഇരുട്ടില്‍ ആശ്രയിക്കുന്നവര്‍ക്കെല്ലാം വെട്ടം പകര്‍ന്നുനില്‍ക്കുന്ന മെഴുകുതിരി കാണുമ്പോഴോക്കെ ഞാനോര്‍ക്കും പണ്ടോരിക്കല്‍ ഒരു സര്‍വ്വെ റിപ്പോര്‍ട്ടില്‍ വായിച്ച ആ വരികള്‍... "സ്വയം ഉരുകിതീരുന്ന മെഴുകുതിരികളെന്നപോലെ പ്രവാസികള്‍..." അന്നത് വായിക്കുമ്പോള്‍ സത്യത്തില്‍ എനിക്കറിയില്ലായിരുന്നു ആരാണ്, എന്താണ് ഈ പ്രവസിയെന്ന്... എന്നാല്‍ ഇപ്പോ ഞാനറിയുന്നു... ശരിക്കും അറിയുന്നു... കാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാനും ഒരു പ്രവാസിയാണ്... പ്രവാസികള്‍ എന്ന അനേകായിരങ്ങള്‍ക്കിടയില്‍ ഒരാളായനാള്‍ മുതല്‍ അങ്ങനെ അറിയാതിരുന്ന ഒത്തിരി അര്‍ത്ഥങ്ങള്‍ ഞാന്‍ മനസ്സിലാക്കി... അവിടെ സ്വന്തം അനുഭവങ്ങളില്‍നിന്നും പഠിക്കുകയായിരുന്നു ജീവിതത്തിലെ പലകാര്യങ്ങളും...

എന്തിനും ഏതിനും ആവശ്യമായ "പണം" അതിനുവേണ്ടിമാത്രം പ്രിയപ്പെട്ടതും, സ്വന്തമെന്ന്‍ പറയാവുന്നതുമായ എല്ലാത്തിനെയും പിരിഞ്ഞ്, ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം അന്ന്യനാട്ടില്‍ ആര്‍ക്കോവേണ്ടി ജോലിചെയ്ത് ജീവിക്കേണ്ടിവരുന്നവര്‍... 'എന്‍റെ നഷ്ട്ടങ്ങള്‍' ഏന്നെറെ കണക്കുകള്‍ പറയാനുള്ളവര്‍... ഏതൊരു അവസ്ഥയിലും, തനിച്ചാണ് എന്ന തോന്നലിലും പ്രതീക്ഷകളോടെ കേരള ലോട്ടറിയുടെ പരസ്യംപോലെ നാളെ... നാളെ... നാളെ എന്നുമാത്രം സ്വപ്നം കാണുന്നവര്‍... പക്ഷെ നാളെ...നാളെ... നീളെ...നീളെയാകുന്നു പലപ്പോഴും... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലലോ... അതിങ്ങനെ ഒന്നിനുപുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരിക്കും...

ഇന്ന് രാവിലെ പുറത്തുപോയപ്പോ അവിചാരിതമായി പരിജയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഒരു ഭായി... ഞങ്ങള്‍ തമ്മില്‍ ചിലവഴിച്ച കുറച്ചു സമയം... പറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍... അതാണ് ഇന്ന് ഇതിങ്ങനെ എഴുതാനുണ്ടാക്കിയ പ്രേരണ... അദ്ദേഹത്തെ 'കണ്ടാല്‍ തോന്നിക്കുന്ന പ്രായം' എന്ന കണക്ക്‌ എനിക്കവിടെ തെറ്റി... അദ്ദേഹംപറഞ്ഞു "വരുന്ന മാസം 60 തികയും, അതിനിടയില്‍ ഇത് പ്രവാസത്തിന്‍റെ 36 മത്തെ വര്‍ഷം"... അതുകേട്ടതും ഞാനൊന്നു സ്തംഭിച്ച്നിന്നു... 36 വര്‍ഷങ്ങള്‍ ഇവിടെയെങ്ങനെ... ആ ഒരു അവിശ്വസനീയതയെ തുടര്‍ന്നുള്ള നിശബ്ദ്തയില്‍ ഞാന്‍ കുറച്ചുസമയം എന്തൊക്കെയോ ചിന്തിച്ചുപോയി... ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു "മതിയായില്ലേ ഭായി ഇവിടുത്തെ ഈ ജീവിതം?" ഒരു പൊട്ടിച്ചിരിയോടെ എന്‍റെ ആ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി ഇങ്ങനെയായിരുന്നു...

"ഗള്‍ഫില്‍ പോകണമെന്ന വലിയൊരു ആഗ്രഹം കൊണ്ട് വന്നതല്ല ഞാന്‍ ഇവിടെ... പണ്ട് വീട്ടിലെ കഷ്ട്ടപ്പാടുകളില്‍ സ്വയം കണ്ടെത്തിയൊരു വഴി... അല്ലെങ്കില്‍ അന്ന് ഉള്ളിലുണ്ടായ ഒരു പ്രേരണ അതാണ്‌ എന്നെ ഇവിടെയെത്തിച്ചത്... പക്ഷെ ഇവിടെവന്നപ്പോ അതിനേക്കാള്‍ വലിയ കഷ്ട്ടപ്പാടായിരുന്നുവെനിക്ക്... 2 വര്‍ഷം ഇവിടെനിന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമാകും അത് കഴിഞ്ഞ് നാട്ടില്‍ തന്നെ  നില്‍ക്കാമെന്ന കണക്കുകൂട്ടലില്‍ ആദ്യത്തെ 2 വര്‍ഷം പിടിച്ചുനിന്നു... പിന്നെതോന്നി ഒരു വര്‍ഷംകൂടി നില്‍കാം... അങ്ങനെ വീണ്ടും വീണ്ടും തോന്നിയപ്പോ ഇന്ന് വര്‍ഷം 36 ആയി... ഇനിയിപ്പോ നാട്ടില്‍ ചെന്ന് എന്തുചെയ്യാനാ? നല്ലകാലം മുഴുവനും ഇവിടെ തീര്‍ന്നിലെ... എങ്കില്‍ പിന്നെ ഓടുന്നിടത്തോളം ഇനി ഇവിടതന്നെ ഓടട്ടെയെന്നാ... അല്ലെങ്കിലും ഇനി ഇവിടുന്ന് അതികകാലം ഓടേണ്ടിവരുമെന്ന് തോന്നുന്നില്ല...ഹി..ഹി..ഹി..."

എല്ലാം ഒരു തമാശപോലെ അദ്ദേഹം നിര്‍ത്താതെ പറഞ്ഞു തീര്‍ത്തു... അതിനിടയില്‍ ഇടയ്ക്കിടെയുള്ള അദ്ദേഹത്തിന്‍റെ ആ നല്ല ചിരിയുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ഒത്തിരി സങ്കടങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു... അതൊരുപക്ഷേ അദ്ദേഹത്തിന്‍റെ ആരും ഇതുവരെ കണ്ടുകാണില്ല... ഒരിക്കലും കാണെണ്ടവര്‍ അതൊന്നും കാണില്ല അല്ലെങ്കില്‍ അവരെ കാണിക്കില്ല... ഇനി അത് കണ്ടവരാണെങ്കില്‍ അത് കണ്ടതായി ഭാവിക്കില്ല... അതാണ് പ്രവാസികളുടെ ഏറ്റവും വലിയ വേദന... എന്നെ അല്ലെങ്കില്‍ എന്‍റെ അവസ്ഥയെ ആരും മനസ്സിലാക്കുന്നില്ലലോ എന്നൊരു സങ്കടം എന്നും തോന്നിക്കും... പ്രവാസിയുടെ നിസഹായവസ്ഥകളും വേദനകളും മറ്റൊരു പ്രവാസിക്കെ അറിയാനാവൂ എന്നതും ഒരു സത്യമാണ്... അദ്ദേഹം പറഞ്ഞ വേറൊരു കാര്യംകൂടിയുണ്ട് "ഇത് എന്‍റെ മാത്രം അവസ്ഥയല്ലല്ലോ?" എന്ന്... അതാവും ഓരോരുത്തരും സ്വയം കണ്ടെത്തുന്നൊരു ആശ്വാസം... അദ്ദേഹത്തെപോലെ അങ്ങനെ എത്രയോ പ്രവാസികള്‍ ഉണ്ടാകും... ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കേണ്ടിവന്നവര്‍...

ഇവിടെ നില്ക്കുമ്പോള്‍ "നാട്" എന്ന നല്ലോര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍... അറിയാതെ നാടിനെ ഒത്തിരി സ്നേഹിച്ചുപോകും... നാട്ടിലുള്ളപ്പോഴോന്നും സ്വന്തം നാടിന് ഇത്രയേറെ ഭംഗി കണ്ടുകാണില്ല... അല്ലെങ്കിലും എന്തും ഓര്‍മ്മകളാകുമ്പോള്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ വരുമ്പോഴാണല്ലോ ഭംഗി കൂടുന്നതും അതിന്‍റെയെല്ലാം വിലയറിയുന്നതും... ഇവിടെയിരുന്ന് എന്നും ഓര്‍മ്മകളിലെ ആ പച്ചപ്പുനിറഞ്ഞ നാട്ടുവഴികളോര്‍ക്കും... അപ്പോഴോക്കെ "നാട്ടില്‍ ചെന്ന്" എന്ന ഒത്തിരി ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സില്‍ കൂട്ടിവെക്കും... അങ്ങനെ ഇഴഞ്ഞ് ഇഴഞ്ഞ് കടന്നുപോകുന്ന ദിവസങ്ങക്കും മാസങ്ങക്കും ഒടുവില്‍ നാളെണ്ണി നാളെണ്ണി കാത്തിരുന്ന ആ ഒരു ദിവസം വരുമ്പോള്‍ അതുവരെ കൂട്ടിവച്ച ഒരുപിടി സ്വപ്നങ്ങളുമായി നാട്ടിലേക്ക്‌ ഒരു പറക്കല്‍... അത് 30 ദിവസത്തെ അവധിക്കാണെങ്കില്‍ 60 ദിവസവും മതിയാകാത്തത്രയും പദ്ധതികളാകും അപ്പോ മനസ്സില്‍...

ചെന്നിറങ്ങുമ്പോള്‍ സ്വീകരിക്കുന്നത് ഒട്ടേറെ മാറ്റങ്ങള്‍ നിറഞ്ഞൊരു നാടാകും... അവിടെ കാണുന്ന ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍തന്നെ 2 ദിവസം വേണം... പിന്നെ ചൂടിനും ഖുബൂസിനുമിടയില്‍ നിന്നും കിട്ടിയ മോചനത്തില്‍ നാട്ടിലിറങ്ങി ഓരോരോ ആശകള്‍ തീര്‍ത്തു നടക്കുമ്പോള്‍ നാട്ടുകാര്‍ക്കത് "ഗള്‍ഫുകാരന്‍റെ ജാഡ"... അത് വീട്ടിലുള്ളവര്‍ കാണുമ്പോള്‍ "ഹോ! ഇവന്‍ അവിടെയും ഇങ്ങനെയാവും ജീവിക്കുന്നേ, കൊള്ളാം ഗള്‍ഫ് അപ്പോ ഒരു സ്വര്‍ഗ്ഗം തന്നെ"... അത് തിരുത്താനാകാത്ത വീട്ടുകാരുടെ തെറ്റിദ്ധാരണ... മൊത്തത്തില്‍ ഒരു സെറ്റപ്പും ലുക്കും കാണുമ്പോള്‍ അനിയന്മാരുടെയും ചങ്ങാതിമാരുടെയും മനസ്സില്‍ "എങ്ങനെയെങ്കിലും എനിക്കും പോണം ഗള്‍ഫില്‍" അത് അറിയാത്ത പിള്ള ചൊറിയുമ്പോഴെ അറിയൂ എന്ന് പറയുംപോലെ... അങ്ങനെ അങ്ങനെ എല്ലാതവണയും കാണുന്ന അതേ സംഭവങ്ങളുമായി ദിവസങ്ങള്‍ വേഗത്തില്‍ പോയ്മറയും...

അറിയാതെ രാത്രിയും പകലും മാറിമാറയുമ്പോള്‍ അവസാനദിവസം വന്നതുമാത്രം ശരിക്കും അറിയും... അന്ന് കഴിഞ്ഞ അവധി ദിവസങ്ങള്‍ ഇത്രവേഗം എവിടെപോയെന്ന്‍ തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ല... ഒടുവില്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ സ്വയം പ്രാകികൊണ്ട് തിരിച്ചു പറക്കും... ആ യാത്രയില്‍ മുഖഭാവം മാറും... ചിരിയും കളിയും പോകും... ഒരു ഉറക്കമുണരുമ്പോള്‍ കടലും കടന്ന്‌ വീണ്ടും വിജനമായ ആ മണലാരണ്യത്തിനു മുകളിലെത്തിയിട്ടുണ്ടാകും... പിന്നെ അടുത്ത അവധിക്കായുള്ള കാത്തിരിപ്പിന്‍റെ നാളുകളുമായി അങ്ങനെ ജീവിതം മുന്നോട്ട്... ചിലപ്പോഴൊക്കെ തോന്നും "ഇതെന്തൂട്ട് ജീവിതിഷ്‌ട്ടാ? എല്ലാം ഇട്ടെറിഞ്ഞു പോക്കൂടെ?"യെന്ന്... പക്ഷെ ഓരോരോ ആവശ്യങ്ങള്‍ ഓര്‍ക്കുമ്പോള്‍...... ഹാ... ഒരുവര്‍ഷംകൂടി കഴിയട്ടെ!.

Saturday, November 10, 2012

26. Someone...











"ആരോ ഒരാള്‍" ഒരു കാലഘട്ടമത്രയും ചോദ്യചിഹ്നങ്ങളാല്‍ ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നൊരു വാക്കായിരുന്നു അത്... ആദ്യമായി മനസ്സിലേക്ക് അസ്വസ്ഥതകള്‍ കയറിക്കൂടിയ കാലം... "Someone... Somewhere..."എന്ന പ്രയോഗം ഒരു ജീവിതാനുഭവമായി മാറിയ നിമിഷങ്ങള്‍... അന്നോരിക്കല്‍ വീട്ടില്‍ കയറിചെന്നപ്പോള്‍ " ടാ നിനക്കൊരു കത്തുണ്ട്!" എന്ന അമ്മയുടെ ആ വാക്കുകളില്‍നിന്നായിരുന്നു അതിന്‍റെ തുടക്കം... അന്നത് കേട്ടപ്പോ എനിക്ക് വലിയ അതിശയമായിരുന്നു... "കത്തോ? എനിക്കോ? ആരുടെ? "എന്നീ ചോദ്യങ്ങള്‍ക്കൊപ്പം അന്നേറെ ആകാംക്ഷയോടെയാണ് അമ്മയുടെ കയ്യില്‍നിന്നും ഞാനതുവാങ്ങിയത്... 

നല്ല ഭംഗിയുള്ള ഒരു ഗ്രീറ്റിംഗ് കാര്‍ഡായിരുന്നു അത്... "എന്‍റെ മനസ്സില്‍ വിരിയുന്ന പൂക്കളെന്നും നിനക്കായ് മാത്രം" എന്നൊരു കുറിപ്പല്ലാതെ അയച്ച ആളെ തിരിച്ചറിയാവുന്നതരത്തില്‍ യാതൊന്നും ഇല്ലാത്ത ഒരു കാര്‍ഡ്‌... അതാരോ എനിക്കുതന്നൊരു പണിയായി തോന്നി... ആരീതിയിലെ ഞാനതിനെ കണ്ടുളൂ... പക്ഷെ ആദ്യാനുഭവമായതുകൊണ്ടോ എന്തോ എനിക്കതയച്ച ആളെ കണ്ടെത്തണം എന്നോരാഗ്രഹമുണ്ടായിരുന്നു... എന്നാലെനിക്ക് ആ കാര്‍ഡിന്‍റെ കവറിലെ പോസ്റ്റ്‌ഓഫീസ് സീലില്‍ നിന്നുകിട്ടിയ സ്ഥലപേരല്ലാതെ വേറൊന്നും അറിയില്ലായിരുന്നു... 

കിട്ടിയ സമയങ്ങളിലെല്ലാം പലരീതിയിലും പലവട്ടം ശ്രമിച്ചിട്ടും എനിക്ക് ആരെയും കണ്ടെത്താനായില്ല... ഒരുതരത്തില്‍ ഞാനവിടെയെല്ലാം തോല്‍ക്കുകയായിരുന്നു... എങ്കിലും ഞാനാകാര്‍ഡ്‌ സൂക്ഷിച്ചുവെച്ചു എന്നെങ്കിലും ആ ഒരാളെ കണ്ടെത്താനാവും എന്നൊരു വിശ്വാസത്തില്‍... അവിടുന്ന് കാലങ്ങള്‍ പിന്നിട്ടപ്പോഴും മനസ്സില്‍ ആ കാര്‍ഡ്‌ മായാതെകിടന്നിരുന്നു...

അങ്ങനെ നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം... ഇന്നലെ രാവിലെ ചാറ്റ് ബോക്സ്സില്‍ അവിചാരിതമായിവന്ന ഒരാള്‍ എന്നോട് "ഹായ്" എന്ന് പറഞ്ഞു... അവിടെ അയാള്‍ ഒരുപാട് പഴയ പരിജയം പറഞ്ഞുതുടങ്ങിയ ചാറ്റിംഗ്... ആളെ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ഒത്തിരി പാടുപെട്ടുവെങ്കിലും തിരിച്ചറിഞ്ഞപ്പോ ഞാനും സംസാരിച്ചുതുടങ്ങി... വിശേഷങ്ങള്‍ പറഞ്ഞു...

അങ്ങനെ കുറച്ചു സമയം നീണ്ടുനിന്ന ആ ചാറ്റിംഗില്‍ പെട്ടെന്ന് എന്‍റെ മറുപടികള്‍ക്ക് തെല്ലും കാത്തുനില്‍ക്കാതെ അവരവിടെ ടൈപ്പ് ചെയ്തുകൂട്ടിയ ആ വരികളില്‍ ഞാന്‍ ആ ഒരാളെ കണ്ടൂ... കാലങ്ങളായി എന്‍റെ ഉള്ളിലുള്ള ഒരു ചോദ്യത്തിന്‍റെ ഉത്തരമായിരുന്നു അത്... ഒട്ടും പ്രതീക്ഷിക്കാത്ത ആളാണലോ അതെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ "അത് നീയായിരുന്നോ?" എന്നൊരു അവിശ്വാസതയില്‍ ഒന്നിനും യാതൊരു മറുപടിയുമില്ലാതെ സ്തംഭിച്ചിരിക്കുകയായിരുന്നു ഞാന്‍...

ആവരികളിലൂടെ അവള്‍ പറഞ്ഞ "അന്ന് ഞാന്‍ തിരിച്ചറിയാതെപോയ അവളുടെ സ്നേഹം" അതെന്‍റെ കഴിവുകേടായി ഇന്നെനിക്കുതോന്നി... ഏറെ പറഞ്ഞ നഷ്ടസ്വപ്നങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊടുവില്‍ ഒരു യാത്രപറച്ചിലെന്നപോലെ "വൈകിയാണെങ്കിലും
 ഈ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍മതിയെനിക്ക്... ഇനി നമ്മളെവിടെയും കാണില്ല, എങ്കിലും എന്‍റെ സ്നേഹമുണ്ടാകും ഈ ജന്മംമുഴുവനും..." എന്നും പറഞ്ഞവള്‍ എവിടേക്കോ മാറിമറഞ്ഞുപോയി... ഒന്നും ഒന്നും ഉള്‍ക്കൊള്ളനാവാതെ ഒരു വിസ്മയലോകതെന്നപോലെ ആ വരികളില്‍ നോക്കിയിരുന്നു ഞാനാ നിമിഷങ്ങളിലെല്ലാം... കാലങ്ങളായുള്ള മനസ്സിലെ ഒരു കാത്തിരിപ്പിന്‍റെ അവസാനമായിരുന്നു അത്... അതവിടെ അവസാനിച്ചപ്പോ സത്യത്തില്‍ ഒരു വിഷമമായിരുന്നു...

അവള്‍ പറഞ്ഞപോലെ അന്നോരിക്കെപോലും അവളില്‍ അങ്ങനെ ഒരു ഭാവം ഞാന്‍ കണ്ടില്ല... ഒരു സൂചനപോലും എവിടെയും ഉണ്ടായില്ല... ചിലപ്പോഴോക്കെ ചില പ്രണയങ്ങള്‍ ഇങ്ങനെയുമാകും... അല്ലെങ്കിലും
 ഒരു അട്ട്രാക്ഷനുമപ്പുറത്തേക്ക് തോന്നുന്ന ആ ഒരു വികാരം അതാര്‍ക്ക് ആരോട് എപ്പോതോന്നും എന്നൊന്നും ആര്‍ക്കും പറയാനാവില്ലലോ... അപ്പോചിലപ്പോ നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മുടെ സ്നേഹം കണ്ടെന്നുവരില്ല... നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും... അങ്ങനെ അര്‍ത്ഥമില്ലാതെ പോകുന്ന പ്രണയങ്ങള്‍ എത്രയോകാണും... ഇനിയൊരു ജന്മമുണ്ടെങ്കിലെന്നു കൊതിച്ച മനസ്സുകളും കാണും... കാണാതിരിക്കില്ല!... അല്ലെ?.

Wednesday, October 17, 2012

25. He is the One...

"ആരോ ഏറിവരുന്ന പ്രായവും, കണ്ടുവളരുന്നചുറ്റുപാടുകളും മനസ്സിലെന്നും ഓരോരോ ആഗ്രഹങ്ങള്‍ ജനിപ്പിക്കും... എല്ലാം ഏറെയേറെ വ്യത്യസ്തമായ ആഗ്രഹങ്ങള്‍... അതിലെന്നും ദാ ഇപ്പോ സാധിക്കാവുന്ന കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മുതല്‍, കയ്യെത്താദൂരെയുള്ള വലിയ ആഗ്രഹങ്ങളും, ഒരിക്കലും നടക്കിലെന്നുറപ്പുള്ള ആഗ്രഹങ്ങളും, പിന്നെ കുറേയേറെ അത്യാഗ്രഹങ്ങളും കാണും... മനസ്സങ്ങിനെയാണ് വേണ്ടതും വേണ്ടാത്തതുമെല്ലാം എന്നും മോഹിക്കും... കണ്ണില്‍ കാണുന്ന പലതും സ്വന്തമാക്കാന്‍ കൊതിപ്പിക്കും... പലപ്പോഴും ഒരു അനുസരണയില്ലാത്ത കുട്ടിയെപോലെ പെരുമാറും...

തനിച്ചിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഗഗനചാരിയാകുന്ന മനസ്സിന്‍റെ ലാളനയേറ്റ് ഉള്ളിലെ ആഗ്രഹങ്ങള്‍ വീണ്ടും വീണ്ടും വളരും... എന്നെങ്കിലും പൂക്കുമെന്ന പ്രതീക്ഷനല്‍കികൊണ്ട് കണ്മുന്നില്‍ വളരുന്നൊരു മരം പോലെ... വളര്‍ച്ചയെത്തിനില്‍ക്കുന്ന സാഹജര്യങ്ങളില്‍ അതില്‍ ചില ആഗ്രഹങ്ങള്‍ അതിയായ പ്രേരണകള്‍ ഉണ്ടാക്കും... അത്തരം സാഹജര്യങ്ങളില്‍ സ്വന്തം കഴ്ച്ചപാടുകളില്‍ നിന്നുകൊണ്ടെടുക്കുന്ന തീരുമാനങ്ങളും, ഏതൊരു പ്രതിസന്ധിയും തരണംചെയ്യാന്‍ സജ്ജമാക്കുക മനസ്സും ആ ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള വഴിയൊരുക്കും...

അമാനുഷികശക്തികളെ കൊണ്ടല്ല, ഒരു സാദാരണക്കാരനായ മനുഷ്യന്‍റെ കഴിവുകളിലൂടെ, അവന്‍റെയൊരു ചങ്കുറപ്പുകൊണ്ടുമാത്രം സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വയം സഫലമാക്കുമ്പോള്‍ അവന്‍ സ്വയം ഒരു താരംപോലെ തിളങ്ങും... അതിനുദാഹരണമാണ് നമ്മള്‍കണ്ട കഥാപാത്രങ്ങളായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും, മുന്തിരിതോപ്പുകളിലെ സോളമനുമെല്ലാം... ആ കഥാപാത്രങ്ങളോട് നമുക്ക്‌ തോന്നിയ അടുപ്പവും സ്നേഹവും ആരാധനയും മറ്റൊന്നുംകൊണ്ടല്ലെന്ന് എനിക്ക് തോന്നുന്നു... ഏതൊരു തലമുറക്കും അവര്‍ ഒരു താരമായിതന്നെ നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാവാം...

എന്നിലുമുണ്ട്‌ ഒരുപിടി ആഗ്രഹങ്ങള്‍... അതെന്തുമാകട്ടെ... അതില്‍ പലതും എന്നാല്‍ സാധിക്കാനാവാതെവരുന്ന നിമിഷങ്ങളില്‍... കണ്മുന്നില്‍ മറ്റൊരാള്‍ അയാളുടെ അത്തരം ആഗ്രഹങ്ങള്‍ സാധിച്ചുകാണുമ്പോള്‍ എനിക്ക് അയാളോട് തോനുന്ന വികാരം എന്താകും?... അസൂയയാണോ?... സ്നേഹകൂടുതലാണോ?... ആരധനയാണോ?... അതോ മറ്റെന്തെങ്കിലുമാണോ എന്നെനിക്കറിയില്ല... അതെന്തുതന്നെയായാലും ഇന്നെന്‍റെ ഒരു സുഹൃത്തിനോട് അതെനിക്ക് തോന്നി... അവന്‍ തിളങ്ങുന്നൊരു താരമായി ഞാനിന്ന് കണ്ടൂ... അവനോടിന്ന് സംസാരിച്ച നിമിഷങ്ങളില്‍ സ്വന്തം ആഗ്രഹം സ്വയം പൂവണിയിച്ചവന്‍റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി ഞാനടുത്തറിഞ്ഞു...

"ആരായിരുന്നാലും കഴിവുള്ളവനാണെങ്കില്‍ അവന്‍റെ കഴിവിനെ അംഗീകരിക്കണം... പ്രശംസിക്കണം... അതിനൊരിക്കലും ഒട്ടും മടികാണിക്കരുത്." (ഒരുയാത്രയില്‍ അടുത്തുവന്നിരുന്നൊരു പ്രായംചെന്ന കലാകാരന്‍ വേദനയോടെ പറഞ്ഞ വാക്കുകളാണ്) ഇന്ന് അതുപോലൊരു പ്രശംസ അവനും അര്‍ഹിക്കുന്നു... ജീവിതത്തില്‍ ഇനിയും ജയങ്ങളും നേട്ടങ്ങളും ഉണ്ടാവട്ടെയെന്ന് ഞാനാശംസിക്കുന്നു... എന്തായാലും നീയെന്ന സുഹൃത്തില്‍ ഞാനിന്ന് അഭിമാനിക്കുന്നു സനല്‍...

Saturday, August 11, 2012

24. It will be...










ഇന്ന് അതിരാവിലെ ഫോണ്‍റിംഗ് കേട്ട് ഞാനുണര്‍ന്നു... ജിത്തുവിന്‍റെ കോളായിരുന്നു... "നീ വരുന്നിലെ?" എന്ന അവന്‍റെ ചോദ്യം കേട്ടപ്പോഴാ ഇന്നത്തെ പരിപാടികളെ കുറിച്ചോര്‍മ്മവന്നത്... സമയം നോക്കിയപ്പോ 9:30... ചാടിയെഴുന്നേറ്റു... കുളിച്ച് റെഡിയായി കാറിന്‍റെ കീയെടുത്തിറങ്ങാനേരം അവള്‍ ചോദിച്ചൂ "എപ്പോഴാ വരാ? വയ്‌കോ? ഇന്നും കള്ളുകുടിമത്സരം ഉണ്ടാവോ?" അവളുടെ ആ ചോദ്യങ്ങള്‍ക്കെല്ലാം ഒരു കൊച്ചു ചിരിയോടെ "ഹേയ്...വേഗം വരാം" എന്ന് മറുപടി പറഞ്ഞ് ഞാനിറങ്ങി... കാറിലിരുന്ന് ശങ്കര്‍നെ വിളിച്ചു... നേരെപോയി അവനെ വീടിനരികില്‍ നിന്നും പിക്ക് ചെയ്ത്, അവിടെന്നിന്നും അവനോടൊപ്പം ഒരു കൊച്ചു യാത്ര...

കാലപഴക്കംവന്ന ഒരാല്‍ബം പുറകിലേക്ക് മറിക്കുമ്പോള്‍ അതിലെ ഓരോ ഫോട്ടോയില്‍ നിന്നും ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനാവുന്ന പോലെയായിരുന്നു എനിക്ക് ആ യാത്ര... പണ്ടൊരുകാലത്ത് ഞങ്ങള്‍ക്കൊത്തിരി സൗഹൃദങ്ങള്‍ സമ്മാനിച്ച ആ ഒരു ലോകം... ഞങ്ങള്‍ പഠിച്ച സ്കൂള്‍... അവിടെക്കായിരുന്നു ഞങ്ങള്‍ പോയത്‌... വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടന്ന് SSLC പരീക്ഷയും കഴിഞ്ഞ് പിരിഞ്ഞതാ എല്ലാവരും... 

പ്രിയപ്പെട്ട ആ ചങ്ങാതിമാരെ വീണ്ടും കാണാന്‍ പോകുന്നതിന്‍റെ ഒരു ത്രിലുണ്ടായിരുന്നു ആ യാത്രയില്ലെ ഓരോ നിമിഷങ്ങളിലും... അതിനിടയില്‍ "എവിടെയെത്തി" എന്നറിയാന്‍ വിളിച്ച സനലിനോട്‌ "ദാ വരുന്നെടാ...എത്താറായി...ഒരു 5മിനിറ്റ്..." എന്നുപറഞ്ഞ് ഏതാനും  നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളാ സ്കൂള്‍ഗേറ്റ്നു മുന്നിലെത്തി... അവിടന്നങ്ങോട്ട് എന്തൊക്കെയാ, ആരോക്കെയാ കാണാന്‍ പോകുന്നെ എന്ന ആകാംഷയായിരുന്നു അപ്പോ മനസ്സുമുഴുവന്‍...

ആ ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് കടന്നുചെല്ലവേ അവിടെ ഒരു ഭാഗത്തായി ഒത്തിരി കാറുകളും ബൈക്കുകളും കണ്ടൂ... ഞാന്‍ വണ്ടി അവിടത്തെ ആ പഴയ സ്റ്റേജ്നരികിലെ മരതണലില്‍ ഒതുക്കിയിട്ട് ഇറങ്ങിനടക്കാനേരം മുണ്ടിന്‍റെ കരയോക്കെ നേരെയാക്കി ഞാന്‍ അവനോടു ചോദിച്ചൂ..."ഡാ ഒന്ന് നോക്കിയേ ലുക്കിന് കുറവൊന്നും ഇല്ലലോ" യെന്ന്... "ഓ പിന്നെ പെണ്ണുകാണാന്‍ പോവല്ലേ... നീയിങ്ങുവന്നെ, നമ്മ കീറിയ നിക്കര്‍ ഇട്ടുനടന്ന കാലത്ത് കണ്ടവരെയാ വീണ്ടും ഈ കാണാന്‍ പോകുന്നെ അവരടുത്ത് ജാഡ കാണിച്ചിട്ട് ഒരു കാരില്ല്യാട്ടാ..." അവനൊരു തമാശയായിട്ടാ അത് പറഞ്ഞതെങ്കിലും അതൊരു സത്യാണെന്ന് എനിക്ക് തോന്നി... ഒന്നുമില്ലാത്ത ഒരുകാലത്ത് കളങ്കമിലാത്ത മനസ്സോടെ തമ്മില്‍ കണ്ടറിഞ്ഞവരാ എല്ലാവരും, അവയെല്ലാം ഇന്നും അതുപോലെ കാണാനും സംസാരിക്കാനും കഴിയണം എങ്കിലേ ആ ബാല്യകാലസുഹൃത്ത് എന്ന ബന്ധതിന്ന് അര്‍ത്ഥമുള്ളുവെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു... 

ഓരോന്നു പറഞ്ഞും അവിടത്തെ ഓരോ മാറ്റങ്ങള്‍ നോക്കി കണ്ടും ഞങ്ങള്‍ പയ്യെ നടന്നു...  സണ്‍‌ഡേ ആയതുകൊണ്ടാകാം പഠിക്കാന്‍ വരുന്ന ഒരൊറ്റ കുട്ടിപോലും അവിടെ ഉണ്ടായിരുന്നില്ല... തീര്‍ത്തും വിജനമായ സ്കൂള്‍... പെട്ടെന്നാ അവന്‍ അവിടെ ആ ഒരു വാതില്‍ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞത് "ദേടാ നമ്മുടെ ക്ലാസ്‌..." ആ കാഴ്ച്ചയെന്നില്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിന് തുടക്കമിട്ടു... കഴിയുമെങ്കില്‍ തിരിച്ച് പോകും മുമ്പ് അതില്‍ കയറി കുറച്ചുനേരം ഇരിക്കണം എന്നെനിക്ക്‌ ഒരു ആഗ്രഹം തോന്നി... അവിടെനിന്നും പിന്നീടുള്ള നടത്തം യാന്ത്രികമായായിരുന്നു കാരണം മനസ്സ് പഴയ ഓര്‍മ്മകള്‍തേടി എവിടേക്കോ പോയി... ഒടുവില്‍ ആ ഓഡിറ്റോറിയത്തിന്‍റെ മുന്നിലെത്തിയപ്പോഴാ സുബോധം വന്നത്ത്‌...

ഓഡിറ്റോറിയത്തിന്‍റെ ആ വലിയ വാതിലിലൂടെ ഞങ്ങള്‍ കയറിചെന്നത് വേറൊരു ലോകത്തിലെക്കായിരുന്നു... ആകെയൊരു ബഹളമായിരുന്നു അവിടെ... എനിക്ക് എന്തോ ഒരു വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു... മടിച്ച് മടിച്ച് ആ ആള്‍ക്കൂട്ടതിലേക്ക് നടന്നെത്തിയപ്പോ ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു... കുറെ കുട്ടികളും അമ്മമാരും അച്ഛന്മാരും... സത്യത്തില്‍ ഒരു കല്ല്യാണഹാളിലേക്ക്‌ കയറിചെന്നപോലെയ എനിക്ക് തോന്നിയത്‌... ഞാനവിടെ എന്‍റെ അടുത്തുനിന്നിരുന്ന ഓരോരുത്തരേയും തിരിച്ചറിയാന്‍ ശ്രമിച്ചൂ... ആ ശ്രമത്തിനിടയില്‍ തമ്മില്‍ കണ്ട ചില മുഖങ്ങളില്‍ ഒരു ചിരിവിടരുന്നതും, ആ ചുണ്ടുകളില്‍ എന്‍റെ പേര് വരുന്നതും ഞാന്‍ കണ്ടൂ... പിന്നെ എവിടുന്നോ ആരുടോക്കെയോ "അളിയാ" എന്നുള്ള വിളിയും... ആരെ നോക്കണം, എവിടേക്ക്‌ നോക്കണമെന്നറിയാതെ ഞാനാകെ പരിഭ്രാന്തിയില്‍ നിന്ന നിമിഷങ്ങളായിരുന്നു അത്...

അവിടെ ഞാന്‍ തിരിച്ചറിഞ്ഞ ഓരോ മുഖങ്ങളും സത്യത്തിലെന്നെ ഞെട്ടിക്കുകയായിരുന്നു... പണ്ട് കുട്ടിപാവാട ഇട്ടുവന്നിരുന്ന പെണ്‍പിള്ളേരിപ്പോ വലിയ പെണ്ണുങ്ങളായി... സാരിയോക്കെ ഉടുത്ത് ഒന്നും രണ്ടും കുട്ടികളോക്കെയായുള്ള ആ നില്‍പ്പ് കണ്ടതും താടിയില്‍ കയ്യും വെച്ചുനിന്നു ഞാന്‍... കുടവയരന്മാരും, താടികാരും, കള്ളരിക്കുന്ന മീശകാരും മറ്റൊരു ഭാഗത്ത്‌... എല്ലാവരും തമ്മില്‍ തമ്മില്‍ കളിയാക്കുവായിരുന്നു... ആരും സ്വന്തം മാറ്റങ്ങള്‍ സ്വയം സമ്മതിച്ചില്ല... പക്ഷെ കാലം വരുത്തിയ മാറ്റങ്ങള്‍ ഓരോന്നും മറ്റുള്ളവരുടെ കണ്ണിലൂടെ എല്ലാവരും കണ്ടറിഞ്ഞു... എല്ലാവരിലും പണ്ടത്തെ ആ ഒരു മുഖച്ചായ മാത്രമേ അവശേഷിച്ചിരുന്നുളൂ ബാക്കിയെല്ലാം മാറി... ഒത്തിരി മാറി... കുറച്ചോക്കെ മാറ്റങ്ങള്‍ ഞാനും പ്രതീക്ഷിച്ചിരുന്നു പക്ഷെ അതില്‍ ഇത്രയും കുട്ടികളെ ഞാനോട്ടും പ്രതീക്ഷിച്ചില്ല... സത്യത്തില്‍ അവിടെ കണ്ട ആ കുട്ടികളെല്ലാം അടുത്തൊരു തലമുറയാണ്... അവരുടെ ആ സ്റ്റയിലന്‍ പേരുകളില്‍തന്നെ ഉണ്ടായിരുന്നു ആ ഒരു ഓര്‍മ്മപെടുത്തല്‍...

സംഭാഷണങ്ങള്‍ നിറഞ്ഞു നിന്ന നിമിഷങ്ങള്‍... "എത്രകാലായി അല്ലേ", "ഇങ്ങനെ വീണ്ടും കാണാന്‍ കഴിയും എന്നോട്ടും വിചാരിച്ചതല്ല", "നീയെത്ര മാറിപോയി"... എന്നീവാചകങ്ങളവിടെ എല്ലാവരും മാറി മാറി ഉപയോഗിക്കുന്നുണ്ടായിരുന്നു... കാണുന്നവരോടൊക്കെ ഞാനും സംസാരിച്ചു... വിശേഷങ്ങള്‍ തിരക്കി... അവര്‍ തിരിച്ചും... വൈഫ്‌ എവിടെ? വൈഫ്‌ എവിടെ? എന്നായിരുന്നു എല്ലാവരുടേം ചോദ്യം... "റെസ്റ്റ്ലാ യാത്ര ചെയ്യാന്‍ പാടില്ല" എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് മതിയായി... 

അവിടെയങ്ങനെ ഓരോരുത്തരോടും മാറി മാറി സംസാരിച്ച് നടക്കുമ്പോഴും എന്‍റെ കണ്ണുകളവിടെ മറ്റൊരു മുഖം തിരഞ്ഞിരുന്നു... ആ തിരച്ചിലിനിടയില്‍ ഞാന്‍ മേഴ്സി ടീച്ചറെ കണ്ടൂ... എല്ലാതവണയും നാട്ടില്‍ വരുമ്പോള്‍ വന്നുകാണം, പുതിയ വീടുകാണാന്‍ വരാം എന്നോക്കെ ടീച്ചര്‍ക്ക് വാക്കുകൊടുക്കുന്നതല്ലാതെ ഇതുവരെ ഒന്നുപോയി കാണാന്‍ പറ്റിയിട്ടില്ല... ഒടുവില്‍ ലീവ് കഴിയുമ്പോപറയും "അടുത്ത തവണ എന്തായാലും വരാം"... അങ്ങനെ പറഞ്ഞ് എനിക്കും, കേട്ട് ടീച്ചര്‍ക്കും ശീലയി... അതിന്‍റെയൊരു പരിഭവം പ്രതീക്ഷിച്ച് ഞാന്‍ ടീച്ചടെ അടുത്തേക്ക്‌ ചെന്നൂ....

മാറ്റങ്ങളുണ്ട് എന്നാലും കഴിഞ്ഞ നീണ്ട വര്‍ഷങ്ങള്‍ ടീച്ചറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി എനിക്ക് തോന്നിയില്ല... എന്നാല്‍ എനിക്ക് ഒത്തിരി മാറ്റങ്ങള്‍ വന്നുവെന്നാ ടീച്ചറു പറയുന്നേ... കാലങ്ങളായിട്ട് മറ്റുപലരോടും എന്നപോലെ ഫോണിലൂടെയുള്ള സംസാരം മാത്രേ ടീച്ചറോടും ഉണ്ടായിരുന്നുള്ളൂ അതാവാം ഇന്ന് നേരില്‍ കണ്ടപ്പോ വലിയ മാറ്റങ്ങള്‍ തോന്നിയത്‌... അങ്ങനെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ പങ്കിട്ട് ടീച്ചര്‍ടെ കൂടെ കുറച്ചുനേരം ചിലവഴിച്ചു... അപ്പോഴേക്കും "ടീച്ചറെ" എന്നുവിളിച്ച് ഓരോരുത്തര്‍ വരാന്‍ തുടങ്ങിയപ്പോ ഞാന്‍ അവിടുന്ന് മാറിനിന്നു... പിന്നെ ഇനിയും ആരെയോക്കെയാ കാണാനുള്ളതെന്ന് നോക്കി ഞാന്‍ മെല്ലെ നടന്നു... 

ആ നടത്തത്തിനിടയില്‍ അവിടെ ഒരു  മൂലയില്‍ മാറിനില്‍ക്കുന്ന ഒരു ആള്‍കൂട്ടം ഞാന്‍ കണ്ടു... ഒന്ന് ശ്രദ്ധിച്ചപ്പോള്‍ അടുത്തറിയാവുന്നവരുണ്ടായിരുന്നു അതില്‍... കള്ള്കുടിയന്മാര്‍ ഇന്നെങ്ങനെ ആഘോഷിക്കാം എന്ന് പ്ലാന്‍ ചെയ്യാണോ? എന്നെനിക്ക് സംശയം തോന്നി... എന്‍റെ കൂടെവന്നവന്‍ അതിന്‍റെ നടുക്ക് നില്‍ക്കുന്നത്‌ കണ്ടപ്പോ ഞാന്‍ വെറുതെ ഊഹിച്ചതാ... എന്തായാലും എന്‍റെ ആ ഊഹം തെറ്റിയിലെന്ന്‍ കുറച്ച് കഴിഞ്ഞ് അവന്‍ വന്നോരു സ്വകാര്യം പറഞ്ഞപ്പോ മനസ്സിലായി... കൂട്ടത്തില്‍ എല്ലാവരുടേം നാളും പേരും ഇന്നും തെറ്റാതെ ഓര്‍മ്മയുള്ളത് അവനുമാത്ര... അതുമാത്രല്ല പണ്ടത്തെ ഓരോ സംഭവങ്ങള്‍, ഓരോ ടീച്ചേഴ്സ്, അവരുടെ സ്റ്റയിലുകള്‍ എല്ലാം അവനിന്നും നല്ല ഓര്‍മ്മയാ... അന്നത്തെ ഓരോ സംഭവങ്ങള്‍ പറഞ്ഞിന്ന് അവന്‍ ഞങ്ങളെ ഒത്തിരി കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി... എല്ലാം ഒത്തിരി ചിരിക്കാനുള്ള വകയുണ്ടായിരുന്നു...

കാലങ്ങളായി മനസ്സിലുള്ള ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇങ്ങനെ എല്ലാവരെയും വീണ്ടും ഒരുമിച്ച് കാണണമെന്നത്... പലതവണ ഞാനത് സ്വപ്നം കണ്ടിട്ടുണ്ട്... അപ്പോഴോക്കെ ഞാന്‍ ഇവന്മാരെ വിളിച്ചുപറയും "എന്നെങ്കിലും ഒരിക്കല്‍ നമുക്ക്‌ ഇങ്ങനെ കൂടണം" എന്ന്... എന്തായാലും ഇന്നാ ആഗ്രഹം സാധിച്ചുവെന്നുപറയാം... എല്ലാവരുംവന്നില്ല എങ്കിലും വന്നവരെയോക്കെ കണ്ടൂ, ഒത്തിരി സംസാരിച്ചു... പഴയ കൂട്ടുകാരെയെല്ലാം വീണ്ടും കണ്ടതിലുള്ള സന്തോഷം ഇന്നെല്ലാവരുടെ മുഖത്തും നിറഞ്ഞുനിന്നിരുന്നു... ഒടുവില്‍ സമയം വൈകിതുടങ്ങിയപ്പോള്‍ തിരക്കുകള്‍ പറഞ്ഞുകൊണ്ട് "നമുക്കിനിയും കാണാം", "വിളിക്കാം" എന്നീ വാക്കുകളില്‍ ഓരോരുത്തരും യാത്ര പറഞ്ഞുതുടങ്ങി... "എന്നാപോകുന്നെ? എന്നായാലും തിരിച്ച് പോകുംമുംമ്പ് വൈഫ്‌നേം കൊണ്ട് ഒരുദിവസം വീട്ടിലേക്ക്‌വാ" എന്നുപറഞ്ഞ് ടീച്ചറും യാത്രപറഞ്ഞു...

എന്നും പ്രിയപ്പെട്ടവര്‍ അരികില്‍നിന്നും യാത്രപറഞ്ഞകന്ന്‍ പോകുമ്പോള്‍ എന്തെന്നില്ലാത്ത ഒരു അസോസ്ഥതയാ... അതൊരു വേദനയാ... ഇന്നും അങ്ങനെയോരു വേദന തോന്നിയപ്പോ മരുന്നിനായി ഞാന്‍ ശങ്കര്‍നെ തിരക്കി... അവനെകണ്ട് കാര്യം പറഞ്ഞപ്പോള്‍ അതിനുള്ള മരുന്നവന്‍ തന്നു... അത് കഴിച്ച് വന്നപ്പോഴേക്കും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ഒഴികെ മറ്റെല്ലാവരും പോയി കഴിഞ്ഞിരുന്നു... ആളെണ്ണി നോക്കിയപ്പോ ഞങ്ങള്‍ 5 പേര്‍ മാത്രം... "ഇനിയെന്താ മക്കളെ പരിപാടി?" യെന്ന് ചോദിച്ചതും "വാ നമുക്ക്‌ നമ്മുടെ ക്ലാസ്സില്‍ കയറി കുറച്ചുനേരം ഇരിക്കാം... ഇവിടെവരെ വന്നിട്ട് ഒന്ന് കേറിലെങ്കില്‍ അത് മോശല്ലേ?" എന്ന് ശങ്കര്‍ പറഞ്ഞു... ബോധം ഉണ്ടായിട്ടുപറഞ്ഞതായി തോന്നിയില്ല എങ്കിലും പറഞ്ഞത്‌ കാര്യയതുകൊണ്ട് അവിടുന്ന് നേരെ ആ ക്ലാസ്സ്‌റൂമിലേക്ക്‌ നടന്നു... ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ 10B യിലേക്ക്...

ആ പടികള്‍ കയറി കോറിഡോറിലൂടെ ആ വാതിലിനുനേരെ നടക്കുംനേരം "ഒരിക്കല്‍ ഞാന്‍  ഇവിടെ തനിച്ച് വന്നിരുന്നു" എന്ന് ഞാന്‍ അവരോടു പറഞ്ഞു... "അറിയാം നീ അതോരിക്കെ പറഞ്ഞിട്ടുണ്ട്..." "ഈ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നത്‌ വലിയ കുടിയന്മാരുടെ ലക്ഷണാ" ന്നാ അതുകേട്ട സനലു പറഞ്ഞെ... അവന്‍ ചുമ്മാ തമാശക്ക് പറഞ്ഞതാണെങ്കിലും അതു കേട്ടെപ്പിന്നെ ശങ്കര്‍ വാതുറന്നിട്ടില്ല ഇനി അവനെയാരും തെറ്റിദ്ധരിക്കണ്ടാ എന്ന് കരുതിയാവും... അങ്ങനെ ഓരോന്നും പറഞ്ഞുചെന്ന്‍ ഞാനാ ക്ലാസ്സിന്‍റെ വാതിലുകള്‍ മെല്ലെ തുറന്നു... അകത്തുകയറിയപ്പോ അതിനുള്ളിലെ ആ മണം എവിടെയോ നല്ല പരിജയം തോന്നിപ്പിച്ചു... 

അവിടെ മുന്‍നിരയിലെ ആ ടെസ്ക്കിലൂടെ വിരലോടിച്ച് ഞാന്‍ മുന്നോട്ടു നടന്നു... ക്ലാസ്സിനു നടുവിലെത്തിയപ്പോ അവിടെ ഇടതുവശത്ത് കിടന്നിരുന്ന മൂന്നാമത്തെ ബെഞ്ചും ടെസ്ക്കും നോക്കി ഞാനോന്നു ചിരിച്ചു... അവിടെ എന്‍റെ ഓര്‍മ്മയില്‍ ഒരു കൊച്ചു ഞാനിരുന്ന്‍ പഠിച്ചിരുന്നെ... ക്ലാസ്സിലേക്ക് വെളിച്ചം കടന്നുവരുന്ന അവിടത്തെ ജനലുകളിലെ ഒരുപാളി അടഞ്ഞ് കിടന്നിരുന്നത് ഷഫീക്ക്‌ മെല്ലെ തുറന്നു... അപ്പോ അവനൊരു സംശയം "ഇപ്പോഴും ഈ ജനലിലൂടെ പുറത്തേക്ക് ചാടാന്‍ പറ്റോ?" എന്ന്... അതുകേള്‍ക്കണ്ട താമസം ശങ്കര്‍ അവന്‍റെ സംശയം തീര്‍ത്തുകൊടുത്തു... പക്ഷെ തിരിച്ച് കയറാന്‍ ആ സ്പീഡ്‌ കണ്ടില്ല... ചിരിച്ച് ചിരിച്ച് ഓരോരുത്തരും അവിടെ ഓരോ ബഞ്ചിലും കിടപ്പായി...

അന്നോരിക്കെ ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍ ഞാന്‍ ഇനിയും ഇവിടെവരാമെന്ന് പറഞ്ഞപോലെ ദാ ഞാന്‍ വീണ്ടും വന്നിരിക്കുന്നുവെന്ന് ഞാന്‍ ആ ക്ലാസ്സ്‌റൂമിനോട്‌ പറഞ്ഞു... ഏറെ നാളുകള്‍ക്ക്‌ ശേഷം ഇന്നേറെ കൊതിയോടെ ഞാനെന്‍റെ ആ പഴയ സീറ്റില്‍ ഒന്നിരുന്നുനോക്കി... ആ ഇരിപ്പില്‍ നേരെയാ ബ്ലാക്ക്‌ബോര്‍ഡിലേക്ക് നോക്കിയതും അവിടെ വിജയലക്ഷ്മി ടീച്ചര്‍ ക്ലാസ്സെടുക്കുന്നപോലെ തോന്നി... മനസ്സ് മെല്ല ആ ഒരു കുട്ടിയിലേക്ക് പോവുകയായിരുന്നു... പെട്ടെന്നാ ഞാന്‍ എന്‍റെ തൊട്ട് മുന്നിലെ ആ ബെഞ്ചും ടെസ്ക്കും ശ്രദ്ധിച്ചത്... അവിടെയിരുന്ന് എപ്പോഴും എന്നെ തിരിഞ്ഞു നോക്കിയിരുന്ന ആ ഒരാളെ ഓര്‍മ്മവന്നു... കണ്ണടവച്ച ഒരു സുന്ദരി കുട്ടി... 

മനോഹരമായിരുന്നു അവള്‍ അടുത്തുണ്ടായിരുന്ന ആ നിമിഷങ്ങള്‍... പിണങ്ങി മുഖത്ത് പോലും നോകാതെ മിണ്ടാതെ നടന്ന ആ ദിവസങ്ങളും... പാവമായിരുന്നു അവള്‍ ഒരു പച്ചപാവം... അതെല്ലാം ഓര്‍ത്തപ്പോ എന്നോകഴിഞ്ഞുപോയ ആ ഒരുകാലം ഇന്നെനിക്ക് തന്നത് സങ്കടം നിറഞ്ഞ ഒരു കൊച്ചു ചിരിമാത്രമായിരുന്നു... ആ ചിരികണ്ട് ശങ്കര്‍ ചോദിച്ചു "എന്താടാ?... അവളെ ഇന്ന് കാണാന്‍ പറ്റാത്തതില്‍ വിഷമുണ്ടോ നിനക്ക്?"... "ഹേയ്... ഇല്ല... അവളിന്നു വരാഞ്ഞത് നന്നായി, കണ്ടിരുന്നുവെങ്കില്‍ ഇന്നും മനസ്സില്‍  മായാതെകിടക്കുന്ന ആ മുഖം എനിക്ക് നഷ്ടമായേനെ... നിങ്ങളുടെയെല്ലാം അന്നത്തെ മുഖം ഇന്നെനിക്ക് ഓര്‍മ്മയില്ല അതുപോലെ അതും പോയേനെ..." ആ ബഞ്ചില്‍ കിടന്നുകൊണ്ട് ഞാനോരോന്ന് ഓര്‍ത്ത് പറയാന്‍തുടങ്ങി...

"10-20 വര്‍ഷായികാണില്ലെടാ നമ്മളിവിടുന്നുപോയിട്ട്, വര്‍ഷങ്ങള്‍ എത്രപെട്ടെന്ന കടന്നുപോകുന്നത്... പിന്നിട്ട ജീവിതത്തിലെ നല്ലൊരു കാലഘട്ടമാരിരുന്നു ഞാന്‍ അന്നിവിടെ ചിലവഴിച്ചത്... പക്ഷെ ഇപ്പഴാ അതോക്കെ മനസ്സിലാക്കുന്നത്... അന്നോക്കെ പഠിക്കാനുള്ള മടികൊണ്ട് അച്ഛനോടും അമ്മയോടും തലവേദന, വയറുവേദന എന്നൊക്കെ കള്ളം പറഞ്ഞ് ക്ലാസ്സില്‍ വരാതിരുന്ന ആ ഓരോ ദിവസങ്ങളും ഇന്നെനിക്ക് വന്‍ നഷ്ടങ്ങളായി തോനുന്നു... അവളെ പരിജയപെട്ട ശേഷമാ ഞാന്‍ ക്ലാസ്സില്‍ റെഗുലറായി വരാന്‍ തുടങ്ങിയത്... കുറച്ചൊക്കെ പഠിക്കാനും... എനിക്ക് മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ തന്ന ക്ലാസ്സ്‌റൂമണിത്... 

ഒരു രാജ്യം പിടിച്ചടക്കി അവിടത്തെ രാജകുമായിരിയെ സ്വന്തമാക്കിയ ഒരു രാജകുമാരന്‍... ആ രാജകുമാരന് അപ്പോ എന്തുമാത്രം സന്തോഷം ഉണ്ടായികാണുമെന്ന് നിങ്ങള്‍ക്ക്‌ ഊഹിക്കാമോ?... അത്രയും സന്തോഷം ഞാന്‍ അനുഭവിച്ചിട്ടുണ്ട്... ഇവിടെ ഈ ക്ലാസ്സ്‌റൂമില്‍... അന്ന് ഒത്തിരി അസൂയയോടെ എന്നെ നോക്കിയിരുന്ന കണ്ണുകളും, കിട്ടാത്ത മുന്തിരിയെ കുറ്റംപറഞ്ഞവരുടെ വാക്കുകളുമായിരുന്നു എന്നിലെ ആ രാജകുമാരനെ എനിക്ക് കാണിച്ചുതന്നത്... അതൊന്നും അവരാരും അറിഞ്ഞിട്ടുണ്ടാവില്ല... ഇപ്പോ ഇവിടെകിടന്ന് ഓര്‍ക്കുമ്പോ അതെല്ലാം ഓരോ യോഗമായിരുന്നു വെന്ന് തോന്നുന്നു... പക്ഷെ ഇന്ന് ഇവിടെ പഠിക്കുന്ന പിള്ളേരെ കാണുമ്പോളെല്ലാം സത്യത്തിലൊരു ചമ്മലു തോന്നുവാ...""അയ്യേ!! ഈ കൊച്ചു പ്രായത്തിലാണോ ഇയാള് ആദ്യായി പ്രേമിക്കാന്‍ പോയെ????"" എന്ന് ചോദിച്ച് എന്നെ എന്‍റെ മനസ്സ്‌ കളിയാക്കുവാടാ... ഞാന്‍ പാവം എന്തറിഞ്ഞു എല്ലാം അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നില്ലേ..."

ആരും ഇഷ്ട്പെടുന്നൊരു ക്യാരക്ട്ടര്‍ ആയിരുന്നു അവള്‍... അന്ന് ആദ്യമായി എനിക്കൊരിഷ്ട്ടം തോന്നിയ നാള്‍മുതല്‍ എന്‍റെ സ്വപ്നങ്ങളിലെ നായിക... എന്ത് കണ്ടാണാവോ ആ കൊച്ചെന്നെ സ്നേഹിച്ചതെന്ന് എനിക്കറിയില്ല... പലപ്പോഴും ഞാനത് ആലോചിച്ചിട്ടുണ്ട്... ഇന്ന് നേരില്‍ കണ്ടിരുന്നുവെങ്കില്‍ ചോദിക്കായിരുന്നു..." എല്ലാം കേട്ടുകിടന്ന ചുള്ളന്മാരില്‍ നിന്നും ഇടക്കിടെ മൂളലുകള്‍ മാത്രേ ഞാന്‍കേട്ടുളൂ... പറഞ്ഞതൊക്കെ വെറുതെയായോ? എന്നൊരു സംശയത്തോടെ ഞാന്‍ ആ ബഞ്ചില്‍ നിന്നും എഴുന്നേറ്റു... "ഡാ... സമയം ഒരുപാടായി അവളിപ്പോ വിളിതുടങ്ങും നമുക്ക്‌ പോകാം..." അതുകേട്ടതും അവരോക്കെ എഴുന്നേറ്റു... 

ഇന്നോതിരി സന്തോഷം തന്ന ആ നിമിഷങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ് ഞാനും അവര്‍ക്കൊപ്പം അവിടെനിന്നും ഇറങ്ങി... എന്തോ ആ ക്ലാസ്സ്‌റൂമില്‍ വച്ചുമറന്നപോലെ... ആരോ അങ്ങോട്ട്‌ വിളിക്കുംപോലെ... തിരിഞ്ഞു നോക്കാന്‍ ഒരു പ്രേരണ... അങ്ങനെ ഓരോ തോന്നലുകള്‍... അതെല്ലാതവണയും പതിവായതുകോണ്ട് ഇത്തവണ മൈന്‍ഡ് ചെയ്തില്ല... "ഡാ ഞാന്‍ നെക്സ്റ്റ് വീക്ക്‌ പോകും അതിനുമുമ്പൊന്നു കാണണം... ഞാന്‍ വിളിക്കാം... എന്നാ നിങ്ങ വിട്ടോ" യെന്ന് ഞാന്‍ അവരോട് പറഞ്ഞു... "അപ്പോ ശരിയെടാ കാണാം...നീ വിളിക്ക്എന്നുപറഞ്ഞ് സനലും പ്രേംജിത്തും ഷഫീക്കുംപോയി... വണ്ടി ഞാനെടുക്കാം എന്നുപറഞ്ഞ് കീയുംവാങ്ങി ശങ്കറും... കാറില്‍ കയറുംമുമ്പ് പുറകിലേക്ക് തിരിഞ്ഞ് ഞാന്‍ ആ സ്കൂലളിന് ചുറ്റും ഒന്ന് കണ്ണോടിച്ചു... ഒരു യാത്രപറച്ചിലെന്നപോലെ...

കാറില്‍ കയറിയതും മൊബൈല്‍ റിംഗ്ചെയ്തു... അവളായിരുന്നു... അവള്‍ എന്താ ചോദിക്കാന്‍ പോകുന്നെ എന്നെനിക്ക് നന്നായി അറിയായിരുന്നു എങ്കിലും ഞാന്‍ കോളെടുത്ത് "ഹലോ" എന്നുപറഞ്ഞു... എന്നിട്ടും മൊബൈല്‍ റിംഗ്ചെയുന്നു... ഞാന്‍ വീണ്ടും കോള്‍ ബട്ടന്‍ പ്രസ്‌ചെയ്തുനോക്കി എന്നിട്ടും റിംഗ് ചെയുന്നു... എന്ത് ചെയ്തിട്ടും റിംഗ്ടോണ്‍ നില്‍ക്കുന്നില്ല... വല്ലാത്തൊരു അസോസ്ഥതയോടെ ഞാന്‍ പെട്ടെന്ന് ഉണര്‍ന്നൂ... ഇരുട്ട് നിറഞ്ഞ റൂമില്‍ അലാറം അടിക്കുന്ന മൊബൈല്‍ കണ്ടൂ... നേരം വെളുത്തൂ... എഴുനേല്‍ക്കാന്‍ സമയമായി... ഇന്ന് ഡ്യൂട്ടിഡേ ആണ്... എന്നോകെ തിരിച്ചറിയാന്‍ പിന്നെയും ഒത്തിരി സമയയെടുത്തു...

((( ഓര്‍മ്മയില്‍ ഇതാദ്യമായാണ് ഞാനോരു ഡ്രീം കമ്പ്ലീറ്റ്‌ കാണുന്നത്... അതിന്‍റെയൊരു സന്തോഷം ഇന്നുമുഴുവന്‍ എന്നിലുണ്ടായിരുന്നു... ഇന്ന് ഓണ്‍ലൈനില്‍ വന്ന ഫ്രണ്ട്സിനോടെല്ലാം ഞാന്‍ പറഞ്ഞു... "ഡാ ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടൂ" വെന്ന്... നിങ്ങളിപ്പോ ഇത് ഇത്രയും വായിച്ചറിഞ്ഞപോലെ എന്തായിരുന്നു എന്‍റെ ആ ഡ്രീംമെന്ന് ഇവിടെ എന്‍റെ ഈ ബ്ലോഗിലൂടെ അറിയാനായിരുന്നു അവര്‍ക്ക്‌ താത്പര്യം... അങ്ങനെ അവര്‍ക്ക്‌ വേണ്ടിയാണ് ഞാനിന്ന് ഇതെഴുതിയത്... "It will be..."എന്‍റെ ആ നല്ല സുഹൃത്തുക്കള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു...)))

Thursday, July 12, 2012

23. കാത്തിരിപ്പ്...

നിമിഷങ്ങളിലൂടെ ദിവസങ്ങളും... ദിവസങ്ങളിലൂടെ മാസങ്ങളും... മാസങ്ങളിലൂടെ വര്‍ഷങ്ങളും കടന്നുപോയപ്പോള്‍ മാറിവന്ന മാറ്റങ്ങളില്‍ പ്രായവും മാറി... ഇപ്പോ ഒരു ഫാമിലിയെ എല്ലാരീതിയിലും സംരക്ഷിക്കാനാവും എന്ന ഒരു ആത്മവിശ്വാസവും അതിലുപരി സാഹചര്യങ്ങളുടെ വല്ലാത്തോരു സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ ജീവിതത്തില്‍ ഇനിയൊരു പങ്കാളിയാവാം എന്ന് തീരുമാനിച്ചു... ബാച്ച്ലര്‍ ലൈഫ്നോട്‌ വിടപറയാന്‍ വലിയ മടിയുണ്ടായിരുന്നു എങ്കിലും ജീവിതത്തില്‍ അങ്ങനെ ഒരു മാറ്റം അനിവാര്യമായി തോന്നി... അങ്ങനെ അന്നാണ് ആദ്യമായി ഒരു വിവാഹം എന്നതിനെകുറിച്ച് ആലോചിച്ചു തുടങ്ങുന്നത്...

പ്രണയിച്ച് വിവാഹിതനാവുക എന്നത് എന്നോ ഉള്ളില്‍ തോന്നിയ ഒരു ആഗ്രഹമായിരുന്നു... പക്ഷെ ആദ്യമായി പ്രണയിച്ച പെണ്ണുള്‍പ്പടെ എന്തോകെയോ ഒരു ആകര്‍ഷണീയത തോന്നിപ്പിച്ച മുഖങ്ങളും, പരിജയപ്പെട്ടനാള്‍ മുതല്‍ ഒരുപാട് പ്രതീക്ഷകള്‍ ജനിപ്പിച്ച  സ്വഭാവങ്ങളുമെല്ലാം ആരോക്കെയോ എവിടുന്നൊക്കെയോ വന്ന് കൊത്തികൊണ്ടുപോയി... ഒടുവില്‍ ആ പേരുകളും നിരാശയും മാത്രമായിരുന്നു ബാക്കി... ചുരുക്കി പറഞ്ഞാല്‍ സമയവും സാഹചര്യവും ഒത്തുവന്നപ്പോ ജീവിതത്തിലേക്ക് ക്ഷണിക്കാനായി അറിയാവുന്നവരാരും ഇല്ലായിരുന്നു... പറ്റിയ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു പിന്നെ... ബന്ധുക്കളിലൂടെ... സുഹൃത്തുക്കളിലൂടെ... ബ്യുറോകളിലൂടെ... അങ്ങനെ അങ്ങനെ പലവഴിക്കും തിരഞ്ഞു... എന്‍റെ കൊച്ചുവീടും വീട്ടുകാരുമായി ഇണങ്ങിപോകുന്ന സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയെ...

എന്നില്‍ "വധു" എന്ന വലിയ സൗന്ദര്യ സങ്കല്പങ്ങളൊന്നും ഇല്ലെന്നറിഞ്ഞപ്പോള്‍ "ആണോ... എങ്കില്‍ നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയ" എന്നുപറഞ്ഞ് ഒത്തിരി ആളുകള്‍ വന്നു... അവരെ ആരെയും പിണക്കിയില്ല... അവര്‍ "ഒന്നുപോയി കാണൂ " എന്ന് പറഞ്ഞിടതെല്ലാം പോയി... അങ്ങനെകണ്ട ചില കുട്ടികള്‍ തെറ്റില്ല എന്നുതോന്നിയെങ്കിലും കാര്യണ്ടായില്ല...കാരണം എനിക്ക് മാത്രം ഇഷ്ട്ടപ്പെട്ടാപോരലോ?... എന്തായാലും ഞാന്‍ പോയികാണുന്ന പെണ്‍കുട്ടികളുടെയെല്ലാം കല്ല്യാണം വേഗം വേഗം ശരിയാകുന്നുണ്ടായിരുന്നു... അതിനിടയില്‍ മുമ്പ്കണ്ട രണ്ടുമൂന്നു കുട്ടികള്‍ ആരുടെയോകൂടെ  ഒളിച്ചോടിപോയെന്ന് കേട്ടപ്പോപിന്നെ പേടിയായി... കല്ല്യാണകാര്യത്തില്‍ തെറ്റാതെ ഒരോറ്റ തീരുമാനം അങ്ങനെ ഒരാളെ തിരഞ്ഞെടുക്കുക എന്നത് എത്രമാത്രം റിസ്കാണെന്ന് അപ്പോഴാ മനസ്സിലായത്...
  
ശ്രമങ്ങള്‍ ഒത്തിരിയായിട്ടും എന്‍റെ  കാര്യങ്ങള്‍ ഒന്നും ഒന്നും ശരിയാകുന്നില്ലലോയെന്ന  അസ്വസ്ഥതയില്‍ ഇരിക്കുമ്പോഴെല്ലാം " ഈ കുരിശ് ഇതെവിടെയാണോ എന്തോ?" എന്ന് ഞാനെപ്പോഴും ചിന്തിച്ചിരുന്നു... കല്ല്യാണം എന്ന കണക്കുകൂട്ടലുമായി അവധിക്കുവന്ന എന്‍റെ ഓരോദിവസങ്ങള്‍ തിരച്ചിലും അലച്ചിലുമായി പിന്നിട്ടപ്പോള്‍ എന്നിലെ ആത്മവിശ്വാസം കൈവിട്ടുപോകാന്‍ തുടങ്ങിയിരുന്നു... പെണ്ണുകാണല്‍ എന്ന ചടങ്ങുതന്നെ അന്ന് വെറുത്തുപോയി...ഹോ!... അന്നെനിക്ക് പ്രൊഫൈല്‍ മാച്ച് നോക്കി മടുത്ത മാര്യേജ് ബ്യൂറോയിലെ മാനേജര്‍ പറഞ്ഞു " സര്‍ന് മാര്യേജ്ന് ടൈം ആയിലെന്നു തോന്നുന്നു... ഇനി പറ്റിയ പ്രൊഫൈല്‍ ഒന്നും ഇല്ല, പുതിയത് വല്ലതും വന്നാല്‍ വിളിക്കാം..." എല്ലാം അവിടെ അവസാനിച്ചു, ഇനി ഇത്തവണ ഒന്നും നടക്കില്ല... പെട്ടെന്ന് തിരിച്ച് പറക്കുന്നതാവും നല്ലത് എന്നോക്കെ അപ്പോ എനിക്ക് തോന്നി...

എല്ലാരീതിയിലും ഒരു ഭ്രാന്ത് പിടിച്ചപോലുള്ള അവസ്ഥയായിരുന്നു... അങ്ങനെ എന്നിലെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്ഥമിച്ച നിമിഷങ്ങളിലെ  ഒരു യാത്രകിടയില്‍വന്ന ഒരു കോള്‍... അങ്ങനെയാണ് ഞാന്‍ അവളെ പോയി കാണുന്നത്... ആ ആദ്യകാഴ്ച്ചയില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞില്ല അവളാണ് എന്‍റെ പെണ്ണെന്ന്... ആ വിരലില്‍ ഒരു മോതിരം അണിയിച്ചപ്പോഴും   വിശ്വാസം വരുന്നില്ലായിരുന്നു ഞാന്‍ എന്‍റെ ജീവിത പങ്കാളിയെ കണ്ടെത്തി കഴിഞ്ഞുവെന്ന സത്യം...

Saturday, June 16, 2012

22. Once a-gain...

അമ്മയുടെ തണലില്‍നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയ ആ കൊച്ചു പ്രായത്തില്‍  "അറിവ്" എന്നത് ഉള്ളില്‍ ഒന്നുമില്ലാത്ത ഒരു കുടമായിരിക്കെ, "അറിവിന്‍റെ നിറകുടമായിതീരണേ" എന്ന പ്രാര്‍ത്ഥനയോടെയാവും അന്ന് വീട്ടുകാര്‍ പഠിക്കാന്‍ വിട്ടത്... അങ്ങനെ വിദ്യഭ്യാസത്തിനിറങ്ങി അറിവാകും മഹാസാഗരത്തില്‍ നിന്നും എന്തോക്കെ കോരിയെടുത്തു? എന്ന് ചോദിച്ചാല്‍ പറയാനും മാത്രം ഒന്നും  ഇല്ല... എന്തായാലും അന്നോത്തിരിപേര്‍ എന്നിലേക്കായി ഒത്തിരി കാര്യങ്ങള്‍ പകര്‍ന്നുതന്നു... പക്ഷെ എന്നിലെ അലസതയും അശ്രദ്ധയും ഒന്നും പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സമ്മതിച്ചില്ല... ഒരുകണക്കിനത് നന്നായി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ബുദ്ധിജീവിയോ മറ്റോ ആയിപോയെനെ...

ആദ്യാക്ഷരങ്ങള്‍ പറഞ്ഞ് പഠിപ്പിച്ചുതന്ന അമ്മതന്നെയാണ് ആദ്യത്തെ ടീച്ചര്‍... പിന്നെ കാലാനുശ്രിതമായി പലസ്ഥലങ്ങളിലായി പലപേരില്‍ ഒത്തിരി ടീച്ചര്‍മാര്‍... അവരെല്ലാം എനിക്ക് ചുറ്റും എനിക്ക് അറിയാതിരുന്ന ഒത്തിരി കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു, പഠിപ്പിച്ചുതന്നു... അതില്‍ പലകാര്യങ്ങളും എന്തിന് പഠിക്കുന്നുവെന്നോക്കെ അന്ന് തോന്നിയിരുന്നുവെങ്കിലും ഒന്ന് പാസ്സാകാന്‍ വേണ്ടി മാത്രമുള്ള പഠനമായിരുന്നു അന്നെല്ലാം... ഈ പഠിപ്പോന്നു കഴിഞ്ഞെങ്കില്‍ എന്നെപ്പോഴും ആശിച്ചിരുന്നോരു മനസ്സും, ഹോം വര്‍ക്ക്‌ ചെയ്യ്തു സഹായിക്കാന്‍ ഒരു കൂട്ടുകാരിയും കൂടിയായപ്പോള്‍ ഒരു കുഴിമടിയന്‍റെതായ എല്ലാ ലക്ഷണവും എന്നില്‍ തികഞ്ഞു...

പഠിപ്പിന്‍റെ ഒരു ഘട്ടം എത്തിയപ്പോ ഫിസിക്സ്‌ ആയിരുന്നു ഇഷ്ട്ട വിഷയം... അത് പഠിക്കാന്‍ എളുപ്പമായതുകൊണ്ടല്ലട്ടോ... അന്ന് എന്തോ മനസ്സില്‍ ടെക്നിക്ക്സിനോട്‌ തോന്നി തുടങ്ങിയ ഒരു താത്പര്യം, കാഴ്ച്ചയില്‍ കൗതുകം തോന്നിപ്പിച്ച എല്ലാത്തിനു പുറകിലെയും ടെക്നിക്കല്‍ വശങ്ങള്‍ അറിയാനുള്ള മനസ്സിന്‍റെ അതിയായ ഒരു ഒരു ആഗ്രഹത്തിന്‍റെ ഭാഗമായരുന്നു അത്... ആ ശ്രമങ്ങള്‍ക്കിടയില്‍ പലപ്പോഴും മനസ്സില്‍ ജനിച്ച സംശയങ്ങള്‍കെല്ലാം അന്ന് ഫിസിക്സില്‍ ഞാന്‍ ഉത്തരം കണ്ടു... ഇന്ന് എന്ത്കാര്യവും Wiki how പറഞ്ഞുതരും പോലെ... എന്തായാലും ആ വിഷയത്തോടുള്ള താത്പര്യം ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു...

ഇന്ന് കുറച്ചുമുമ്പ് ചെയ്ത ഒരു എസ്റ്റിമേറ്റില്‍ പലസ്ഥലങ്ങളിലും Ohm's Law യും Power Calculation സും ഉപയോഗിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു... പണ്ട് ഫിസിക്സ്‌ ക്ലാസ്സില്‍ അതെല്ലാം ആദ്യമായി പഠിച്ചതും, പഠിപ്പിച്ചുതന്ന ടീച്ചറെയും,   ക്ലാസ്സ്‌റൂമും എല്ലാം... പിന്നീടും പല ടീച്ചര്‍മാരും അതെല്ലാം വീണ്ടും പഠിപ്പിച്ചുതന്നുവെങ്കിലും അന്ന് ആദ്യമായി "ദീപ" ടീച്ചര്‍ പഠിപ്പിച്ചുതന്നതാ ഇന്നും ഓര്‍മ്മയില്‍... ടീച്ചര്‍ടെ "എടോ ലീഡറെ" എന്നുള്ള ആ വിളിയും, അന്നൊരിക്കല്‍ ബോര്‍ഡില്‍ Power Calculation ചെയ്യിച്ചപ്പോള്‍ തെറ്റിയതിനു അടികൊള്ളാന്‍ പോയതും എല്ലാം ഇന്നൊരു നിമിഷം ഞാനോര്‍ത്തുപോയി...

എന്തായാലും പണ്ട് പഠിച്ച പലകാര്യങ്ങളും വെറുതെയായിലെന്ന് ഞാനിന്നും തിരിച്ചറിഞ്ഞു... എനിക്ക് തോന്നുന്നു ചെറുപ്പത്തില്‍ എന്തെങ്കിലും ഒരു വിഷയത്തോട് തോന്നുന്ന അതീവ താത്പര്യം, അല്ലെങ്കില്‍ എന്തെങ്കിലും ഒന്നിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാനുള്ള ശ്രമങ്ങള്‍ അതിനെല്ലാം പിന്നീട് എന്നെങ്കിലും ഒരു അര്‍ത്ഥമുണ്ടാകും... അങ്ങനെ ജീവിതത്തില്‍ അതെല്ലാം ഉപകാരപെടുന്ന ആ നിമിഷങ്ങളില്‍ മനസ്സില്‍ ഇതുപോലെ പഴയകാല ഓര്‍മ്മകള്‍ തെളിയും... 

ഒരു സുഖമാണ് അത്തരം സഹാചര്യങ്ങള്‍ സമ്മാനിക്കുന്ന  ഓര്‍മ്മകള്‍ നിറഞ്ഞ നിമിഷങ്ങളില്‍...

Tuesday, April 17, 2012

21. Moments Comes true...

തനിച്ചായെന്ന തോന്നലുണ്ടാക്കിയ പ്രവാസത്തിന്‍റെ ആദ്യ നാളുകള്‍... പുതിയ ജീവിതശൈലികള്‍ തുടങ്ങിയ നിമിഷങ്ങള്‍... സ്വപ്നങ്ങളില്‍ ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയ കാലം... മള്‍ട്ടി നാഷണല്‍ കമ്പനികളെ അടുത്തറിയാന്‍ തുടങ്ങിയ കാലം... പുതിയ പുതിയ മോഹങ്ങള്‍ മനസ്സിലുദിച്ചു തുടങ്ങിയ കാലം... ഇനിയും പഠിക്കണം എന്നാദ്യമായി തോന്നാന്‍ തുടങ്ങിയ കാലം...

അന്ന് പലപ്പോഴും അതിരാവിലെ ഡ്യൂട്ടിക്ക് പോകാന്‍ റെഡിയായി ഇറങ്ങുമ്പോള്‍ സെമി സ്ലീപ്പര്‍ വോള്‍വോ കോച്ചുകളില്‍ QP സ്‌റ്റാഫുകള്‍ ഡ്യൂട്ടിക്ക് പോകുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്... വല്ലാത്ത ഒരു അസൂയയായിരുന്നു അന്നെനിക്ക് അവരോട്... അവരുടെ ആ പോസിഷനോട്... QP ലോഗോ പ്രിന്‍റ് ചെയ്യ്ത പെര്‍ഫെക്റ്റ്‌ യുണിഫോം... ദി മോസ്റ്റ്‌ വാല്യൂഡ് ഐടെന്‍ടിറ്റി ബാഡ്ജ്... സ്റ്റാന്‍ടെഡ് ഫെസിലിറ്റിസ്‌... അതെല്ലാം എല്ലാം എന്നെ ഏറെ കൊതിപ്പിച്ചിരുന്നു... അത് ചിലപ്പോ കയ്യില്‍ ഉള്ളതിനേക്കാള്‍ വലുത് അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ വേണമെന്ന മനുഷ്യ മനസ്സിന്‍റെ അടങ്ങാത്ത ആത്യാഗ്രഹമായിരുന്നിരിക്കാം...

അന്ന് വെറുതെയിരിക്കുമ്പോഴെല്ലാം QP യില്‍ ഒരു ജോലി കിട്ടാന്‍ എന്താ ചെയ്യ? എന്നായിരുന്നു ചിന്ത... "QP യില്‍ ഒരു ജോലി" അതെന്‍റെ ഉള്ളില്‍ ഒരു ആഗ്രഹമായി വളരുകയായിരുന്നു... പലരോടും ഞാന്‍ അവിടത്തെ അവസരങ്ങളെ പറ്റി അനേഷിച്ചു... ഇനിയും പഠിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ QP പോലെ ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്ന് അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു... ശ്രമങ്ങള്‍ക്കൊടുവില്‍ ഒന്നും നടക്കില്ലെന്നു മനസ്സിലായപ്പോള്‍ ആ ആഗ്രഹം മെല്ലെ ഉപേക്ഷിച്ചു... അതോടെ മനസ്സില്‍നിന്നും QP മായാന്‍ തുടങ്ങി...

നാളുകള്‍ കടന്നുപോയി... മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടപ്പോള്‍ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നു... സാഹചര്യങ്ങള്‍ മാറി... ജോലിയും ജോലിചെയ്യുന്ന നാടും കമ്പനിയും മാറി... ഇന്ന് രാവിലെ ഞങ്ങള്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ വഴിയരികില്‍ ഞങ്ങളെ വല്ലാതെ നോക്കിനില്‍ക്കുന്ന മറ്റു കമ്പനി സ്‌റ്റാഫുകളെ ഞാന്‍ ശ്രദ്ധിച്ചു... പണ്ട് QP സ്‌റ്റാഫുകളെ ഞാന്‍ നോക്കിനിന്ന അതേ നില്‍പ്പിലായിരുന്നു അവര്‍... ആ കണ്ണുകളിലൂടെ അവരുടെ മനസ്സ് അപ്പോ എനിക്ക് എളുപ്പം വായിക്കാന്‍ കഴിഞ്ഞിരുന്നു... സത്യത്തില്‍ ആ കൂട്ടത്തില്‍ ഒരു നിമിഷം ഞാന്‍ എന്നെ കണ്ടൂ... പണ്ട് എനിക്ക് തോന്നിയ അതേ ആഗ്രഹം ഇന്ന് അവര്‍ക്കും തോന്നിയിരികാം എന്നെനിക്ക് തോന്നി...

കാലം വരുത്തിയ മാറ്റങ്ങളാല്‍ ഞാന്‍ ഇന്ന് ഒരു മള്‍ട്ടി നാഷണല്‍ EPC കമ്പനിയിലെ സ്‌റ്റാഫാണെന്നും, പണ്ട് ഞാന്‍ ഇതുപോലൊരു ജോലി സ്വപ്നം കണ്ടിരുന്നുവെന്നും വര്‍ഷങ്ങള്‍ക്കുശേഷം ഇന്നത്‌ സംഭവി ച്ചിരിക്കുന്നു എന്നെല്ലാം അവരുടെ ആ ഒറ്റനോട്ടം ഇന്നെനിക്ക് മനസ്സിലാക്കിതന്നു... ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ് മനസ്സില്‍ നിന്ന് മഞ്ഞാലും കാലങ്ങള്‍ക്ക് ശേഷം അതെല്ലാം സഫലമാകും... അത് കാത്തിരുന്നാല്‍ കാണാം...

Friday, March 16, 2012

20. Trip to...

സ്കിക്ക്ദ... മഞ്ഞും മഴയും ഒരുപോലെ പെയ്യ്തിറങ്ങുന്ന ഒരു താഴ്വര... നോര്‍ത്ത് ആഫ്രിക്കയുടെ ഒരറ്റത്ത് മെഡിറ്ററെനിയന്‍ സീയെ ചുംബിച്ചുകിടക്കുന്ന ഒരു തീരം... ചുറ്റും മേഘപാളികള്‍ തഴുകി തലോടുന്ന മലനിരകള്‍... പച്ച പുല്‍മേടുകളും, പൂക്കളും, പഴങ്ങളും നിറഞ്ഞ ഒരു നാട്... കഴിഞ്ഞ ജനുവരിയില്‍ 18 മണിക്കൂര്‍ നീണ്ട എന്‍റെ ഒരു യാത്രയുടെ അവസാനം ഇവിടെയായിരുന്നു...

അന്ന് സൂര്യകിരണങ്ങള്‍ "Silver Mountains" എന്ന പ്രയോഗത്തെ സത്യമാക്കുന്നത് ഞാനിവിടെ കണ്ടൂ... മഞ്ഞു മൂടിയ മലനിരകള്‍ ആദ്യമായി നേരില്‍ കാണുകയായിരുന്നു ഞാന്‍... ആ കാഴ്ച എന്‍റെ കണ്ണുകളില്‍ ഏറെ കൗതുകം നിറച്ചു... മഞ്ഞുകണങ്ങള്‍ കയ്യില്‍ വാരിയെടുക്കുമ്പോഴും, മഞ്ഞുവീണ പാതയോരങ്ങളിലൂടെ നടക്കുമ്പോഴും ഞാന്‍ സ്വപ്നം കാണുകയാണോ? എന്നൊരു തോന്നലും... ഓറഞ്ച് തോട്ടങ്ങളും, പൂത്തു നില്‍ക്കുന്ന മുന്തിരി വള്ളികളും ഇവിടത്തെ സര്‍വ്വസാധാരണമായ കാഴ്ച്ചയായി എനിക്ക് തോന്നി... ഒട്ടുമിക്ക വീടിന്‍റെ മുന്നിലും മുന്തിരി വള്ളികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു...

സ്പെയിനും, പോര്‍ചുഗ്ഗലും, ഇറ്റലിയും, ഫ്രാന്‍സും, ജെര്‍മ്മനിയുമെല്ലാം ഇവിടെ വളരെ അടുത്താണ്... എല്ലാം ഫുട്ബാള്‍ രാജാക്കമാരുടെ സാമ്രാജ്യങ്ങള്‍... പണ്ട് ഇവിടം ഒരു ഫ്രഞ്ച് കോളനിയായിരുന്നു, അതുകൊണ്ടു തന്നെ ഇന്നും ഇവിടത്തുകാര്‍ ഒരു ഫ്രഞ്ച് സ്റ്റൈലിലാണ് ജീവിക്കുന്നത്... സംസാരവും ഫ്രഞ്ച് തന്നെ കൂടെ ഇത്തിരി അറബിക്കും... ഇവിടത്തെ കൊച്ചു കുട്ടികളാണ് ഏറ്റവും സുന്ദരം...  കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല അത്ര ഭംഗിയ... ചെബന്‍ മുടിയുള്ള പാവക്കുട്ടികളെ പോലെ... ഇനി ഇവരെ കണ്ടാണോ അതെല്ലാം ഡിസൈന്‍ ചെയ്തത് എന്നുവരെ തോന്നിപോയി... പത്ത് അക്കങ്ങള്‍ ഉള്ളതായിരുന്നു എല്ലാ വണ്ടികളുടെയും നമ്പര്‍ എന്നതും ഒരു കൗതുകമായിരുന്നു...

ലോകത്തിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നും അത് നേരില്‍ കാണാന്‍ കഴിയുമെന്നും ഞാന്‍ ഒരിക്കല്‍പോലും പ്രതീക്ഷിച്ചതല്ല... ഈ നാട്ടിലേക്ക് ഒരു ജോബ്‌ ഓഫര്‍ കിട്ടി വരുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ കണ്ട ഈ നാട് ഇങ്ങനെ അല്ലായിരുന്നു... ആഫ്രിക്ക- കറുത്ത വര്‍ഗ്ഗക്കാര്‍- കാട്- മൃഗങ്ങള്‍ അതോകെയായിരുന്നു മനസ്സില്‍... എന്നാല്‍ ഇവിടെ വന്നിറങ്ങിയ ആ നിമിഷം മുതല്‍ അതെല്ലാം മാറി മറയാന്‍ തുടങ്ങി...  അന്നെനെ ആദ്യം ഇവിടേക്ക് സ്വാഗതം ചെയ്ത ആ നല്ല തണുത്ത കാറ്റ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...

നാടിന്‍റെ ശാപമായ ദാരിദ്ര്യം അതെനിക്ക് തെറ്റിയില്ല... കാഴ്ച്ചയില്‍ തോന്നില്ല എങ്കിലും ഇവിടത്തുകാര്‍ ദരിദ്രരാണ്... ആ ദാരിദ്ര്യം കൊണ്ടാവാം മോഷ്ട്ടിക്കാനുള്ള പ്രവണത ഇവരുടെ ജന്മവാസനയാണ്... നാട്ടില്‍ വികസനം ഇഴഞ്ഞു നീങ്ങുന്നതുകൊണ്ട് ടെക്നോളജിയുടെ കാര്യത്തിലായാലും മറ്റേതു കാര്യത്തിലായാലും ഇവര്‍ പുറകിലാണ്... എന്നാലും പ്രകൃതി സൗന്ദര്യംകൊണ്ട് ഈ നാടൊരു സുന്ദരി തന്നെ...